പാക് ദേശീയ മരിയൻ തീർഥാടനകേന്ദ്രമായ മരിയാമാബാദിലെപരിശുദ്ധകന്യാമറിയത്തിന്‍റെപള്ളി
wikipedia
ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മരിയൻ തീർഥാടക സംഘത്തിനു നേരെ നടന്ന വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അഫ്സൽ മസിഹ് എന്ന നാൽപത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. വെടി വയ്പിൽ ഇദ്ദേഹത്തിന്‍റെ മകനും പരിക്കേറ്റു.പഞ്ചാബ് പ്രവിശ്യയിലെ ലാഹോറിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള മരിയാമാബാദിലെ ദേശീയ മരിയൻ തീർഥാടന കേന്ദ്രത്തിൽ തിരുനാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയ സംഘത്തിനു നേരെയാണ് വെടിവയ്പ് ഉണ്ടായത്.
തീർഥാടകർ സഞ്ചരിച്ച വാഹനം ഇന്ധനം നിറയ്ക്കുന്നതിനായി തീർഥാടക കേന്ദ്രത്തിനു 19 കിലോമീറ്റർ അകലെയുള്ള പെട്രോൾ പമ്പിൽ നിർത്തിയപ്പോഴാണ് അക്രമി വെടിയുതിർത്തത്. അഫ്സൽ മസിഹ് ഉൾപ്പടെ പതിനഞ്ചോളം തീർഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 1893ൽ കപ്പൂച്ചിൻ മിഷനറിമാരാണ് മരിയമാബാദിലെ ലൂർദ് ഗ്രോട്ടോ സ്ഥാപിച്ചത്. ഇത് 1949ൽ ലാഹോർ അതിരൂപതയുടെ കീഴിലുള്ള ദേശീയ മരിയൻ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു.
എല്ലാ വർഷവും പ്രധാന തിരുനാളിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി വൻ തോതിൽ തീർഥാടകർ ഇവിടേയ്ക്ക് എത്താറുണ്ട്. ഈ വർഷം ഈ തീർഥാടനകേന്ദ്രം അതിന്‍റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്നു എന്ന സവിശേഷതയുമുണ്ട്. എല്ലാ വർഷവും സെപ്റ്റംബർ 5 -8 വരെ നടത്തി വരുന്ന ദേശീയ മരിയൻ തീർഥാടനത്തിൽ ലക്ഷങ്ങൾ പങ്കെടുക്കാറുണ്ട്. ഇത്തവണ മൂന്നു ദിവസം നീണ്ട ഈ തീർഥാടനത്തെ തടസപ്പെടുത്തുകയും തീർഥാടകരെ ആക്രമിക്കുകയും ചെയ്ത നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അഫ്സൽ മാസിഹിനെ യാതൊരു കാരണവുമില്ലാതെ വാഹനത്തിൽ നിന്നു വലിച്ചിറക്കി കഴുത്തിൽ വെടി വച്ച് കൊന്ന അക്രമി മുഹമ്മദ് വഖാസ് ആണെന്നു സ്ഥിരീകരിച്ചു. അഫ്സലിന്‍റെ പുത്രൻ പതിനാറുകാരനായ ഹാരിസ് മാസിഹിന്‍റെ കയ്യിലും അക്രമി വെടി വച്ചു .കൃത്യ സമയത്ത് ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകിയിരുന്നു എങ്കിൽ നാലു മക്കളുടെ പിതാവായ അഫ്സലിനു ജീവൻ തിരിച്ചു കിട്ടിയേനെ എന്ന് തീർഥാടന സുരക്ഷാ ചുമതല ഉള്ള വൈദികൻ ആബിദ് ആൽബർട്ട് മാധ്യമങ്ങളോടു പറഞ്ഞു. ഇതു കൂടാതെ ദേശീയ മരിയൻ തീർഥാടനത്തിന് എത്തിയ ചില തീർഥാടകരെ ഒരു ട്രക്ക് ഇടിച്ചു തെറിപ്പിച്ചിരുന്നു.കേവലം 1.4 ശതമാനം മാത്രമാണ് പാക്കിസ്ഥാനിലെ ക്രൈസ്തവ ജനസംഖ്യ.