ഖാബി ലാം
വാഷിങ്ടൻ: ജനപ്രിയ ടിക് ടോക് താരം ഖാബി ലാമിനെ യുഎസ് ഇമിഗ്രേഷൻ കസ്റ്റംസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയതിനെ തുടർന്നാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ഐസിഇ) ലാമിനെ അറസ്റ്റ് ചെയ്തത്.
ഇമിഗ്രേഷൻ ലംഘനങ്ങൾ ആരോപിച്ച് ജൂൺ 6 നാണ് ലോസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഐസിഇ ഉദ്യോഗസ്ഥർ ലാമിനെ കസ്റ്റഡിയിലെടുത്തത്.
"ഏപ്രിൽ 30 നാണ് അദ്ദേഹം രാജ്യത്ത് പ്രവേശിച്ചത്. എന്നാൽ വിസ കാലാവഘധി കഴിഞ്ഞിട്ടും തങ്ങിയതു കൊണ്ടായിരുന്നു നടപടികൾ. 'സ്വമേധയാ നാടുകടത്താൻ' അനുമതി നൽകിയ ശേഷം അതേ ദിവസം തന്നെ അദ്ദേഹത്തെ വിട്ടയച്ചു"- മുതിർന്ന ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു.
കൊവിഡ് സമയത്താണ് പരിഹാസരൂപത്തിലുള്ള നിശബ്ദമായ പ്രതികരണ ശൈലിയിലൂടെ ഖാബി ലാം ജനപ്രിയനായത്. സെനഗൽ സ്വദേശിയായ ഇദ്ദേഹത്തിന്‍റെ യഥാർഥ പേര് സെറിംഗെ ഖബാനെ ലാം എന്നാണ്.
ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തിന് എട്ടു കോടിയും ടിക് ടോക്കിൽ 16 കോടിയും ഫോളോവേഴ്‌സുണ്ട്.