വാഷിങ്ടൺ ഡിസി: യുഎസ്എയുടെ നാൽപ്പത്തിയേഴാമത്തെ പ്രസിഡന്‍റായി അധികാരമേറ്റതിനു പിന്നാലെ അതിപ്രധാന ഉത്തരവുകളില്‍ ഒപ്പുവച്ച് ഡോണൾഡ് ട്രംപ്. ഇരുനൂറോളം എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ട്രംപ് ഒപ്പുവച്ചിരിക്കുന്നത്. ഇതിൽ ലോകാരോഗ്യസംഘടനയില്‍നിന്ന് യുഎസ് പിന്മാറുമെന്നതാണ് പ്രധാന പ്രഖ്യാപനം. സംഘടനയ്ക്ക് ഇനി മുതൽ സാമ്പത്തിക സഹായം നൽകില്ലെന്നും അറിയിച്ചു.
അമെരിക്കയുടെ പിന്‍മാറ്റം വലിയ തിരിച്ചടിയാണ് സംഘടനയ്ക്ക് നൽകുക. 2021ൽ ട്രംപ് അധികാരത്തിലായിരുന്നപ്പോൾ കൊവിഡിനെതിരേ ലോകാരോഗ്യസംഘടന കാര്യമായി പ്രവർത്തിച്ചില്ലെന്ന് വിമർശനമുയർന്നിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് നീക്കം.
കാലാവസ്ഥാ സംരക്ഷണത്തിനുള്ള പാരിസ് കരാറിൽനിന്ന് അമെരിക്ക വീണ്ടും പിന്മാറിയിട്ടുമുണ്ട്. കരാറിൽ നിന്നു പിന്മാറുന്നതറിയിച്ച് ഐക്യരാഷ്ട്ര സഭയ്ക്ക് നൽകുന്ന ഔദ്യോഗിക കത്തിൽ ട്രംപ് ഒപ്പുവച്ചു. കൂടാതെ, സ്ത്രീ- പുരുഷൻ എന്നീ രണ്ട് ലിംഗങ്ങളെ മാത്രമേ യുഎസ് സർക്കാർ അംഗീകരിക്കൂ എന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ ട്രാൻസ്ജെൻഡർ വ്യക്തികൾ അമെരിക്കയുടെ ഔദ്യോഗിക രേഖകളിൽ നിന്നു പുറത്താകും.
2021ൽ ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് കലാപമുണ്ടാക്കിയ 1600 പേർക്ക് മാപ്പ് നൽകിയതാണ് മറ്റൊരു പ്രധാന ഉത്തരവ്. ക്യാപിറ്റോൾ ഹിൽ ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉപേക്ഷിക്കാൻ നീതിന്യായ വകുപ്പിന് നിർദേശം നൽകി. ഉടൻ തന്നെ അവർക്ക് പുറത്തിറങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് അനുകൂലികളും പൊലീസുകാരും ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു കലാപത്തിൽ ട്രംപ് കുറ്റക്കാരനാണെന്ന് അമെരിക്കൻ നീതിന്യായ വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, അദ്ദേഹം വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതു കണക്കിലെടുത്ത് ഇതിനു ശിക്ഷ വിധിച്ചിരുന്നില്ല.
ഊർജ അടിയന്തരാവസ്ഥാ പ്രഖ്യാപനമാണ് മറ്റൊന്ന്. എണ്ണ ഖനനം ചെയ്യാൻ ആർട്ടിക് മേഖല തുറക്കുമെന്നും ആഭ്യന്തര ഊർജ ഉത്പാദനം പ്രോത്സാഹിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. മെക്‌സിക്കോ അതിർത്തിയിലെ അനധികൃത കുടിയേറ്റം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ക്രിമിനൽ സംഘങ്ങളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുകയും ചെയ്തു.
പാനമ കനാലിന്‍റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. കനാൽ വഴിയുള്ള ചൈനയുടെ വ്യാപാരം തടയുകയാണ് ലക്ഷ്യമെന്ന് വിലയിരുത്തൽ. വിദേശ പൗരൻമാർക്ക് ഉൾപ്പെടെ യുഎസിൽ ജനിക്കുന്ന എല്ലാവർക്കും ഓട്ടോമാറ്റിക്കായി പൗരത്വം ലഭിക്കുന്ന നിയമം ഭേദഗതി ചെയ്യാനും തീരുമാനമായി.
പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരം ഉപയോഗിക്കുന്ന എക്സിക്യൂട്ടിവ് ഉത്തരവുകൾ ആയതിനാൽ ഇതിനൊന്നും യുഎസ് കോൺഗ്രസിന്‍റെയോ സെനറ്റിന്‍റെയോ അംഗീകാരം ആവശ്യമില്ല. എന്നാൽ, ഭരണഘടനാവിരുദ്ധമാണെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കും.