അമെരിക്കൻ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി. കുടിയേറ്റ വേരുകളുള്ള ഹാരിസിനോടാണ് ട്രംപിന്‍റെ കൊമ്പു കോർക്കൽ. അതാകട്ടെ അത്ര പ്രതീക്ഷാജനകവുമല്ല ഇത്തവണ. തികഞ്ഞ കുടിയേറ്റ വിരുദ്ധനായ ട്രംപ് സീറോ ടോളറൻസിന്‍റെ വക്താവു കൂടിയാണ്. എന്നാൽ വേണ്ടത്ര രേഖകളില്ലാതെ അമെരിക്കയിലേയ്ക്കു കുടിയേറുന്നവർക്കാണ് ട്രംപിന്‍റെ ഈ പ്രഖ്യാപനം തലവേദനയാകുന്നത് എന്നതാണ് വാസ്തവം. നിയമ വിരുദ്ധ കുടിയേറ്റക്കാരെ അവരവരുടെ രാജ്യങ്ങളിലേയ്ക്ക് നാടുകടത്തുമെന്നാണ് ട്രംപ് പറയുന്നത്.
ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് അദ്ദേഹം അത് നടപ്പാക്കിയതുമാണ്. അമെരിക്കയുടെ തെക്കൻ അതിർത്തിയിൽ മതിൽ പണിയുന്നതിനും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനും ശക്തമായ നടപടികളാണ് ട്രംപ് അന്നു സ്വീകരിച്ചത്. ആദ്യ ഭരണകാലയളവിൽ ഡിഎസിഎ പദ്ധതി അവസാനിപ്പിക്കാൻ അദ്ദേഹത്തിന്‍റെ ഭരണകൂടം ശ്രമിച്ചത് വിവാദമായിരുന്നു.ചെറു പ്രായത്തിൽ യുഎസിൽ പ്രവേശിച്ച ഇപ്പോഴും രേഖകളില്ലാത്ത കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള ഒരു പദ്ധതിയാണ് ഡിഎസിഎ.
കുടിയേറ്റക്കാരെ യുഎസിലേക്കു വരുന്നതിൽ നിന്നു തടയുന്നതിനായി അതിർത്തിയിൽ കുട്ടികളെ മാതാപിതാക്കളിൽ നിന്നു വേർപെടുത്തുന്ന നയം ആദ്യ ഭരണകാലയളവിൽ അദ്ദേഹം കൊണ്ടു വന്നിരുന്നു.അതാണ് സീറോ ടോളറൻസ് എന്ന പേരിൽ അറിയപ്പെട്ടത്.ഇത്രയധികം കുടിയേറ്റ വിരുദ്ധനായിട്ടു പോലും അടുത്തയിടെ അമെരിക്കൻ സർവകലാശാലകളിലെ വിദേശികളിൽ ജനിച്ച ബിരുദധാരികൾക്ക് ഗ്രീൻ കാർഡ് നൽകുന്നതിനെ പിന്തുണച്ചു രംഗത്തു വരികയും ചെയ്തു എന്നത് ശ്രദ്ധേയമാണ്.
രേഖകളില്ലാത്ത കുടിയേറ്റക്കാർ അമെരിക്കയിലെ മിക്ക സംസ്ഥാനങ്ങളുടെയും മെഡികെയ്ഡ് പ്രോഗ്രാമുകളിൽ ഉൾപ്പെടുന്നില്ല എന്നത് ഒരു വസ്തുതയാണ്.ഇതിനെ മെഡികെയ്ഡ് ഫണ്ടിങിലെ അപര്യാപ്തകളായിട്ടാണ് വിമർശിക്കപ്പെടുന്നത്. തന്‍റെ നാടുകടത്തൽ പരിപാടി മെഡികെയ്ഡ് ഫണ്ടിംഗിലെ ഈ കുറവുകൾ പരിഹരിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.
അനധികൃത കുടിയേറ്റം അമെരിക്കയുടെ സമ്പദ് വ്യവസ്ഥയിൽ എമ്പാടും വൻ തോതിലുള്ള പണപ്പെരുപ്പത്തിനുള്ള സമ്മർദ്ദമാണ് സൃഷ്ടിക്കുന്നതെന്നാണ് അദ്ദേഹത്തിന്‍റെ മറ്റൊരു വാദം.
അനധികൃത കുടിയേറ്റക്കാരെ ശല്യക്കാരായാണ് വാൻസും വിവരിക്കുന്നത്. അയൽവാസികളുടെ വളർത്തു മൃഗങ്ങളെ മോഷ്ടിച്ചു ഭക്ഷിക്കുന്നവരാണ് തന്‍റെ സംസ്ഥാനത്തെ കുടിയേറ്റക്കാരെന്നാണ് വാൻസ് പറയുന്നത്.
അമെരിക്കയുടെ നിലവാരത്തോടു ചേർന്നു പോകാത്ത ഒരു അനധികൃത കുടിയേറ്റക്കാരെയും അവർ ഇനി അനുവദിക്കില്ല എന്നതാണ് വാൻസിന്‍റെയും ട്രംപിന്‍റെയും വിശദീകരണങ്ങളിലൂടെ വ്യക്തമാക്കുന്നത്.വിജയം അത്ര എളുപ്പമല്ല ട്രംപിന് ഇത്തവണ. എങ്കിലും ട്രംപ് ഭരണകൂടം വന്നാലേ അമെരിക്കയിലേയ്ക്കുള്ള യോഗ്യതയില്ലാത്ത കുടിയേറ്റം നിയന്ത്രണ വിധേയമാകൂ എന്നാണ് ട്രംപ് പറഞ്ഞു വയ്ക്കുന്നത്.