റിയാദിൽ സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷറയുമായി ഡൊണാൾഡ് ട്രംപ്ഹസ്തദാനം ചെയ്യുന്നു
Photograph: Bandar Al-Jaloud/Saudi Royal Palace/AFP/Getty Images
റിയാദ്: ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ജിസിസി ഉച്ചകോടി സമാപിച്ചു. സിറിയയ്ക്ക് മേലുള്ള ഉപരോധം പിൻവലിക്കുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉറപ്പും ലഭിച്ചു. ട്രംപിന്‍റെ ഈ വാഗ്ദാനം സൗദി കിരീടാവകാശി ഉൾപ്പടെയുള്ള സദസ് എഴുന്നേറ്റു നിന്നു കൈയടിച്ചാണ് സ്വീകരിച്ചത്. സിറിയയിലെ പുതിയ സർക്കാർ രാജ്യത്തെ നന്നായി നയിക്കുമെന്ന പ്രതീക്ഷയും ഈ അവസരത്തിൽ ട്രംപ് പങ്കു വച്ചു.
സ്ഥിരവും സമാധാനപരവും സമ്പന്നവുമായ ഒരു മിഡിൽ ഈസ്റ്റ് സൃഷ്ടിച്ചതിന് ഗൾഫ് രാജ്യങ്ങളെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രശംസിച്ചു. ജിസിസി-യുഎസ് ഉച്ചകോടിക്കിടെ ട്രംപ് സിറിയൻ പ്രസിഡന്‍റ് അഹമ്മദ് അൽ-ഷറയുമായി കൂടിക്കാഴ്ച നടത്തി. കാൽ നൂറ്റാണ്ടിനിടെ ഇതാദ്യമായാണ് ഒരു അമെരിക്കൻ പ്രസിഡന്‍റ് സിറിയൻ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തുന്നത്.
സിറിയയ്ക്കെതിരായ ഉപരോധങ്ങൾ പിൻ വലിക്കുന്നതായി യുഎസ് പ്രസിഡന്‍റ് പ്രഖ്യാപിച്ചതിന് ഒരു ദിവസം കഴിഞ്ഞായിരുന്നു ഇത്. ട്രംപിന്‍റെ ഈ പ്രഖ്യാപനം ഡമാസ്കസിനെ ആഹ്ലാദത്തിലാറാടിച്ചു. ട്രംപിന്‍റെ യാത്രയുടെ ആദ്യ ദിവസമായ ചൊവ്വാഴ്ച സൗദി അറേബ്യയിൽ ട്രംപിന് അത്യാഡംബര പൂർണമായ വരവേൽപാണ് ലഭിച്ചത്.
അമെരിക്കയിൽ 600 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയുടെ ഭാഗമായ ഇരു രാജ്യങ്ങളും 142 ബില്യൺ ഡോളറിന്‍റെ പ്രതിരോധ വിൽപന കരാറിൽ ഒപ്പു വച്ചു. ട്രംപിന്‍റെ നാലു ദിവസത്തെ ഗൾഫ് മേഖലാ സന്ദർശനത്തിന്‍റെ ഭാഗമായി ഇന്ന്(ബുധനാഴ്ച) ഖത്തറിലേയ്ക്കും തുടർന്ന് വ്യാഴാഴ്ച യുണൈറ്റഡ് അറബ് എമിറേറ്റ്സിലേയ്ക്കും പോകും.