യുഎസിലെ സാൻ ഡീഗോ തീരത്തുണ്ടായ ബോട്ട് ദുരന്തത്തിൽ ഇന്ത്യൻ ബാലൻ ഉൾപ്പെടെ മൂന്ന് അനധികൃത കുടിയേറ്റക്കാർ മരിച്ചതായി സ്ഥിരീകരിച്ചു.
Photo Reuters
കാലിഫോർണിയ: കാലിഫോർണിയയിലെ സാൻഡീഗോ തീരത്ത് മനുഷ്യക്കടത്ത് ബോട്ട് മറിഞ്ഞതിനെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള കുടുംബത്തിലെ രണ്ടു കുട്ടികളടക്കം മൂന്നു പേർ മരിച്ചു. മേയ് അഞ്ചിന് രാവിലെ കപ്പൽ മറിഞ്ഞതിന് തൊട്ടു പിന്നാലെ 14 വയസുള്ള ഒരു ആൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പത്തു വയസുള്ള സഹോദരിയെയും കാണാതായിട്ടുണ്ട്. ഈ കുട്ടി മുങ്ങി മരിച്ചതായി കരുതപ്പെടുന്നു. അവരുടെ മാതാപിതാക്കളെ അടിയന്തര സംഘങ്ങൾ തിരമാലകളിൽ നിന്നു രക്ഷപെടുത്തി. പിതാവ് ഇപ്പോഴും കോമയിലാണ്. മാതാവ് ആശുപത്രിയിലും.
പംഗ-സ്റ്റൈൽ ബോട്ടിൽ അനധികൃതമായി അമെരിക്കയിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ ഒരു വലിയ കൂട്ടത്തിൽ ഉണ്ടായിരുന്ന കുടുംബമാണിത്. കള്ളക്കടത്ത് പ്രവർത്തനങ്ങളിൽ പലപ്പോഴും ഉപയോഗിക്കുന്ന ഒരു ചെറിയ തുറന്ന കപ്പൽ ആണിത്. ഡെൽമാറിന് സമീപം ബോട്ട് മറിഞ്ഞത് വലിയ തോതിലുള്ള രക്ഷാപ്രവർത്തനത്തിനും അന്വേഷണത്തിനും തുടക്കമിട്ടു. തുടക്കത്തിൽ ഏഴു പേരെ കാണാനില്ലെന്ന് യുഎസ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ വിശ്വസിച്ചിരുന്നു.
മേയ് ഏഴ് ആയപ്പോഴേയ്ക്കും കടലിൽ നഷ്ടപ്പെട്ടതായി കരുതിയിരുന്ന എട്ടു കുടിയേറ്റക്കാരെ ജീവനോടെ കണ്ടെത്തി. യുഎസ് ബോർഡർ പട്രോൾ ഏജന്‍റുമാർ അവരെ ഒരു ഉൾനാടന്‍ ഗതാഗത കേന്ദ്രത്തിൽ കണ്ടെത്തി.
കള്ളക്കടത്ത് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അഞ്ച് മെക്സിക്കൻ പൗരന്മാർക്കെതിരെ സാൻ ഡീഗോയിലെ ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തിയിട്ടുണ്ട്. വധ ശിക്ഷ നൽകാവുന്ന കുറ്റം, സാമ്പത്തിക നേട്ടത്തിനായി കള്ളക്കടത്ത് എന്നീ കുറ്റങ്ങൾ അവർക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും ഇവർക്കെതിരെ വധശിക്ഷ നടപ്പാക്കാൻ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെടുമെന്നും യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു.