മുടിയഴിച്ചാടി ട്രംപിനെ സ്വീകരിച്ച് യുഎഇ; വൈറലായി 'അൽ അയ്യാല'
അബുദാബി: പരമ്പരാഗത നൃത്തത്തോടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ സ്വീകരിച്ച് യുഎഇ. മിഡിൽ ഈസ്റ്റ് സന്ദർശനത്തിന്‍റെ ഭാഗമായി വ്യാഴാഴ്ചയാണ് ട്രംപ് അബുദാബിയിലെത്തിയത്. യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. യുഎഇയുടെ പരമ്പരാഗത നൃത്തമായ അൽ അയ്യാലയോടു കൂടിയാണ് പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്ക് ട്രംപിനെ വരവേറ്റത്.
സ്ത്രീകൾ പരമ്പരാഗത വസ്ത്രം ധരിച്ച് രണ്ട് വരികളിലായി നിന്ന് അഴിച്ചിട്ട മുടി ഇരുവശങ്ങളിലേക്കും ആട്ടിയാണ് ഈ നൃത്തം ചെയ്യുന്നത്. ട്രംപിനെ വരവേൽക്കുന്നതിന്‍റെ വിഡിയോ എക്സിൽ ഹിറ്റാണ്. 5.3 മില്യൺ പേരാണ് വിഡിയോ കണ്ടത്.
കവിതകൾ ചൊല്ലിക്കൊണ്ടും ഡ്രം അടിച്ചു കൊണ്ടുമാണ് നൃത്തം. ഒരു പോരാട്ട വേദിയെ അനുസ്മരിക്കും വിധമാണിതിന്‍റെ ആവിഷ്കാരം. ഇരുപതോളം പേർ രണ്ട് വരികളിലായി പരസ്പരം അഭിമുഖമായി നിന്ന് കുന്തത്തിന് സമാനമായ മുളന്തണ്ടുകൾ ഉയർത്തിപ്പിടിക്കും. സാധാരണയായി യുഎഇയിലും ഒമാനിലും വിവാഹച്ചടങ്ങുകളിലും ആഘോഷങ്ങളിലുമാണ് ഈ നൃത്തം അരങ്ങേറാറുള്ളത്.