2000 വ്യാജ വിസ അപ്പോയിന്‍റ്മെന്‍റുകൾ റദ്ദാക്കി ഇന്ത്യയിലെ യുഎസ് എംബസി

 
World

2000 വ്യാജ വിസ അപ്പോയിന്‍റ്മെന്‍റുകൾ റദ്ദാക്കി ഇന്ത്യയിലെ യുഎസ് എംബസി

കഴിഞ്ഞ വർഷം മേയ് മുതൽ ഓഗസ്റ്റ് വരെ നടത്തിയ ആഭ്യന്തര അന്വേഷണത്തിനൊടുവിലാണ് തട്ടിപ്പ് കണ്ടെത്തിയത്

നീതു ചന്ദ്രൻ

ന്യൂഡൽഹി: കൃത്രിമത്വം കണ്ടെത്തിയതിനെത്തുടർന്ന് 2000 വിസ അപ്പോയിന്‍റ്മെന്‍റുകൾ റദ്ദാക്കി ഇന്ത്യയിലെ യുഎസ് എംബസി. ബോട്ടുകളെ ഉപയോഗിച്ച് നിലവിലുള്ള ഔദ്യോഗിക ഷെഡ്യൂളിങ് നയങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് അനുവദിക്കാനാവില്ലെന്നും യുഎസ് എംബസി വ്യക്തമാക്കി. ബോട്ടുകൾ ഉപയോഗിച്ച് ബുക്ക് ചെയ്ത സ്ലോട്ടുകളും അതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും സസ്പെൻഡ് ചെയ്യുന്നുവെന്നും ഇത് അടിയന്തരമായി പ്രാബല്യത്തിൽ വരുമെന്നും എംബസി വ്യക്തമാക്കി.

കഴിഞ്ഞ വർഷം മേയ് മുതൽ ഓഗസ്റ്റ് വരെ നടത്തിയ ആഭ്യന്തര അന്വേഷണത്തിനൊടുവിലാണ് ബോട്ടുകളെ ഉപയോഗിച്ച് അനധികൃതമായി വിസ അപ്പോയിന്‍റ്മെന്‍റ് ഇന്‍റർവ്യൂവിനായുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നതായി കണ്ടെത്തിയത്. യഥാർഥ അപേക്ഷകർക്ക് ഈ സ്ലോട്ടുകൾ ബുക്ക് ആയതായി അറിയിപ്പ് ലഭിക്കും. നിശ്ചിത സമയത്തിനുള്ളിൽ യുഎസിൽ എത്തേണ്ടവർ വിസ ഏജന്‍റുമാർക്ക് വൻതുക നൽകി ഈ സ്ലോട്ടുകൾ സ്വന്തമാക്കേണ്ടി വരും.

35,000 രൂപ വരെ വിസ സ്ലോട്ടിനു വേണ്ടി എജന്‍റുമാർക്ക് നൽകിയവർ ഉണ്ട്. 30 ഏജന്‍റുകൾ അടങ്ങുന്ന ശൃംഖല ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പല ഐപി അഡ്രസുകളിലൂടെ വ്യാജ രേഖകൾ സമർപ്പിച്ചാണ് അപ്പോയിന്‍റ്മെന്‍റ് സ്ലോട്ടുകൾ ബുക്ക് ചെയ്തിരുന്നത്.വിസ കൺസൾട്ടന്‍റുമാർ, രേഖകൾ നിർമിക്കുന്നവർ, പാസ്പോർട്ട് ഡെലിവറി സർവീസ്, എജുക്കേഷൻ കൺസൾട്ടന്‍റ്സ് എന്നിവരുമായി തട്ടിപ്പുസംഘത്തിന് ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ച് യുഎസ് എംബസി വിവരം നൽകിയതിനു പിന്നാലെ ഫെബ്രുവരി 27ന് ഡൽഹി പൊലീസ് നിരവധി വിസ, പാസ്പോർട്ട് ഏജന്‍റുമാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

മാവേലിക്കരയിൽ മുൻ നഗരസഭാ കൗൺസിലറെ മകൻ മർദിച്ചു കൊന്നു

രണ്ടാമത്തെ ബലാത്സംഗക്കേസിലും രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; നിർബന്ധിത നിയമനടപടികൾ പാടില്ലെന്ന് കോടതി

ചാവാൻ ആവശ്യപ്പെട്ട് അച്ഛന്‍റെ മർദനം; സോപ്പു ലായനി കുടിച്ച് 14കാരി

ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ സംവിധായകൻ മോശമായി പെരുമാറി; പരാതിയുമായി ചലച്ചിത്രപ്രവർത്തക

മദ്യമില്ലാതെ അഞ്ച് ദിവസം | Video