യുഎസ് വ്യോമസേനയുടെ ബോയിങ് സി-17 ഗ്ലോബ്മാസ്റ്റർ സൈനിക വിമാനം
മോസ്കോ: യുഎസ് വ്യോമസേനയുടെ ബോയിങ് സി-17 ഗ്ലോബ്മാസ്റ്റർ സൈനിക വിമാനം റഷ്യയിലെ മോസ്കോയിലെ വ്നുക്കോവോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. എന്നാൽ വിമാനം എത്തിയതിനെക്കുറിച്ച് തങ്ങൾക്ക് വിവരമൊന്നുമില്ലെന്ന് റഷ്യൻ പ്രസിഡന്‍റിനെ ഓഫീസായ ക്രെംലിൻ അറിയിച്ചു.
ലാത്വിയയിലെ റിഗയിൽനിന്നാണ് വിമാനം മോസ്കോയിലേക്ക് എത്തിയതെന്നാണ് ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ വ്യക്തമാക്കുന്നത്. യുഎസ് രജിസ്ട്രേഷനുള്ള വിമാനമാണിത്. ഓഗസ്റ്റ് 23-ന് വാഷിങ്ടൺ ഡിസിക്ക് സമീപമുള്ള ക്യാംപ് സ്പ്രിങ്സ് വ്യോമതാവളത്തിൽനിന്ന് വിമാനം റിഗയിലെത്തിയിരുന്നു. അതിന് മുൻപ് മേരിലാൻഡിലെ യുഎസ് വ്യോമസേനയുടെ ജോയിന്‍റ് ബേസ് ആൻഡ്രൂസിൽനിന്നാണ് യാത്ര ആരംഭിച്ചത്.
യുഎസ് പ്രസിഡന്‍റും മുതിർന്ന ഉദ്യോഗസ്ഥരും ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിക്കുന്ന പ്രധാന സൈനിക കേന്ദ്രമാണ് ജോയിന്‍റ് ബേസ് ആൻഡ്രൂസ്. അതിനാൽ വിമാനത്തിന്‍റെ മോസ്കോയിലെ അപ്രതീക്ഷിത വരവ് കൂടുതൽ ശ്രദ്ധ നേടിയിട്ടുണ്ട്.
സൈനിക വിമാനത്തിന്‍റെ വരവിന് പിന്നിലെന്ത്?
സി-17 ഗ്ലോബ്മാസ്റ്റർ വലിയ തോതിൽ സൈനികരെയും സൈനിക ഉപകരണങ്ങളെയും ദീർഘദൂരത്തേക്ക് കൊണ്ടുപോകാൻ ശേഷിയുള്ള വിമാനമാണ്. ഇതിന്‍റെ അപ്രതീക്ഷിത മോസ്കോ സന്ദർശനം വിവിധ അഭ്യൂഹങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
നയതന്ത്ര നീക്കമോ തടവുകാരുടെ കൈമാറ്റമോ ഇതിന് പിന്നിലുണ്ടാകാമെന്നാണ് ചില വിലയിരുത്തൽ. റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ നിലവിൽ പ്രതിസന്ധിയിലാണെങ്കിലും, രഹസ്യ നയതന്ത്ര ചർച്ചകൾ നടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
യൂറോപ്പിൽനിന്ന് റഷ്യയിലേക്ക് നേരിട്ട് എത്തിയ അവസാന യുഎസ് രജിസ്ട്രേഷൻ വിമാനവും ജനുവരിയിലായിരുന്നു. അന്ന് യുക്രെയ്ൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി സമാധാന ചർച്ചകൾക്കായി യുഎസ് പ്രത്യേക പ്രതിനിധികളായ സ്റ്റീവൻ വിറ്റ്കോഫും ജാരഡ് കുഷ്നറും റഷ്യയിലെത്തിയിരുന്നു.
അതേസമയം, ഈ ആഴ്ച യുഎസ് ഭരണകൂടത്തിന്‍റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ പദ്ധതിയൊന്നുമില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.