അമെരിക്കയെ ലക്ഷ്യമിടാൻ പോന്ന മിസൈൽ എൻജിൻ പരീക്ഷിച്ച് ഉത്തര കൊറിയ

 

file photo

World

അമെരിക്കയെ ലക്ഷ്യമിടാൻ പോന്ന മിസൈൽ എൻജിൻ പരീക്ഷിച്ച് ഉത്തര കൊറിയ

നിർണായക നീക്കം ഇറാൻ-യുഎസ്-ഇസ്രയേൽ യുദ്ധസാഹചര്യത്തിൽ

Reena Varghese

പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യങ്ങൾ മുറുകുമ്പോൾ തങ്ങളുടെ സൈനിക ശേഷി ഒരിക്കൽ കൂടി ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് കിം ജോങ് ഉൻ. പുതിയ മിസൈൽ എൻജിൻ പരീക്ഷണം നടത്തിയാണ് ഉത്തര കൊറിയ തങ്ങളുടെ ശക്തി പ്രകടിപ്പിച്ചത്.അമെരിക്കൻ ഭൂഖണ്ഡത്തെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള അത്യാധുനിക എൻജിന്‍റെ പരീക്ഷണം കിമ്മിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടന്നതെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (KCNA) റിപ്പോർട്ട് ചെയ്തു.

രാജ്യത്തിന്‍റെ തന്ത്രപരമായ ആക്രമണ ശേഷി വർധിപ്പിക്കുന്നതിൽ ഈ പരീക്ഷണം നിർണായകമാണെന്ന് കിം പ്രശംസിച്ചു. കോമ്പോസിറ്റ് കാർബൺ ഫൈബർ മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമിച്ച ഈ എൻജിൻ ശത്രുക്കൾക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധം ചടുലമായ മിസൈലുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്.

രാജ്യത്തിന്‍റെ അഞ്ച് വർഷത്തെ ആയുധ നിർമ്മാണ പദ്ധതിയുടെ ഭാഗമായാണ് ഈ പരീക്ഷണം നടന്നതെങ്കിലും ഇത് എവിടെയാണ് നടന്നതെന്ന വിവരം ഉത്തര കൊറിയ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിൽ സമാനമായ ഖര-ഇന്ധന എൻജിൻ പരീക്ഷണം ഉത്തര കൊറിയ നടത്തിയിരുന്നു. അന്ന് അത് അവസാനഘട്ട പരീക്ഷണമാണെന്നാണ് അവകാശപ്പെട്ടിരുന്നതെങ്കിലും, പുതിയ പരീക്ഷണം നടന്നത് വികസന പരിപാടിയിൽ നേരിട്ട കാലതാമസമോ അല്ലെങ്കിൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ വരുത്തിയ മാറ്റങ്ങളോ കാരണമാകാം എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തര കൊറിയ സൈന്യത്തെ അയച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കിയിരുന്നു.

അതേസമയം, ഉത്തര കൊറിയയുടെ അവകാശവാദങ്ങൾ പൂർണ്ണമായും വിശ്വസിക്കാനാവില്ലെന്നാണ് ദക്ഷിണ കൊറിയൻ ഗവേഷകർ പറയുന്നത്. എൻജിന്‍റെ ജ്വലന സമയം ഉൾപ്പെടെയുള്ള സാങ്കേതിക വിവരങ്ങൾ വെളിപ്പെടുത്താത്തത് പരീക്ഷണത്തിന്‍റെ ആധികാരികതയിൽ സംശയമുണ്ടാക്കുന്നുണ്ട്. 2024-ൽ മൾട്ടിവാർഹെഡ് മിസൈൽ പരീക്ഷണം വിജയകരമെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടെങ്കിലും അത് പരാജയമായിരുന്നുവെന്ന് ദക്ഷിണ കൊറിയ നേരത്തെ തെളിയിച്ചിരുന്നു. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായിരിക്കെ ഉത്തര കൊറിയ നടത്തുന്ന ഇത്തരം നീക്കങ്ങൾ ആഗോളതലത്തിൽ വലിയ ആശങ്കയ്ക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്.

വൈദ്യുതി ഉപയോഗം വർധിച്ചു, നിയന്ത്രണം എത്രനാൾ തുടരേണ്ടി വരുമെന്ന് അറിയില്ല: സണ്ണി ജോസഫ്

പൂജാരിമാർക്കിനി പോക്കറ്റില്ലാത്ത കുർത്ത; ഹരിദ്വാർ ക്ഷേത്രത്തിൽ ഇനി മുതൽ പുതിയ ഡ്രസ് കോഡ്

സ്വിഗ്ഗിയിൽ ഇനി ഗ്യാസ് സിലിണ്ടറും കിട്ടും, വമ്പൻ പദ്ധതിയുമായി ഹിന്ദുസ്ഥാൻ പെട്രോളിയം

കൂടംകുളം ആണവ നിലയത്തിലെ സുപ്രധാന രേഖകൾ ചോർ‌ന്നു; 8.5 ലക്ഷം ഫയലുകൾ ഡാർക് വെബിൽ, അന്വേഷണം

രമേശ് ചെന്നിത്തലയ്ക്കൊപ്പം വിജയ്, ചിത്രം വൈറൽ