അദാനിക്കെതിരേയുള്ള കേസ് യുഎസ് കോടതി തള്ളി
വാഷിങ്ടൺ: ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരേയുള്ള തട്ടിപ്പു കേസുകൾ തള്ളി യുഎസ് കോടതി. കേസുകൾ പിൻവലിക്കണമെന്ന യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജഡ്ജി നിക്കൊളാസ് ഗരാഫിസാണ് കേസുകൾ തള്ളിയത്. ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റിന്‍റെ അന്വേഷണ രീതിക്കെതിരേ കോടതി വിമർശനം ഉന്നയിച്ചു.
കോടതി വിധിയിൽ സന്തോഷമുണ്ടെന്നും നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നെന്നും ഗൗതം അദാനി പ്രതികരിച്ചു. കേസ് അവസാനിപ്പിക്കുന്നതിനു മുമ്പ് പ്രോസിക്യൂട്ടർമാരിൽ നിന്ന് ജഡ്ജി വിശദീകരണം തേടി. യുഎസിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് അദാനി മുമ്പ് വാഗ്ദാനം ചെയ്തിരുന്നു. ഇത് കേസ് പിൻവലിക്കുന്നതിനെ സ്വാധീനിച്ചോ എന്ന് ജഡ്ജി ചോദിച്ചു.
ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥനായ ട്രെന്‍റ് മക്കോട്ടർ ഇത് നിഷേധിച്ചു. അദാനിയുടെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്.വിദേശ രാജ്യവുമായി ബന്ധപ്പെട്ട വിഷയം, തെളിയിക്കാനുള്ള ബുദ്ധിമുട്ട്, നിലവിലെ നിയമപരമായ മാറ്റങ്ങൾ എന്നിവയും കേസ് ഒഴിവാക്കാനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അദാനിയുടെ നിക്ഷേപ വാഗ്ദാനം കേസിനെ സ്വാധീനിച്ചിട്ടില്ലെന്ന വാദം കോടതി അംഗീകരിച്ചെങ്കിലും ട്രെന്‍റ് മക്കോട്ടർ വിഷയം കൈകാര്യം ചെയ്ത രീതിയെ കോടതി വിമർശിച്ചു.
കേസ് അന്വേഷിച്ച പ്രോസിക്യൂട്ടർമാരെയും അന്വേഷണോദ്യോഗസ്ഥരെയും ഒഴിവാക്കി അദാനിയുടെ അഭിഭാഷകരുമായി നേരിട്ടു ചർച്ച നടത്തിയത് ആശങ്കാ ജനകമാണ്.
കേസ് തള്ളിയത് ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റിന്‍റെ തീരുമാനത്തിനുള്ള അംഗീകാരമല്ലെന്നും കോടതി അറിയിച്ചു. കേസിലെ മറ്റു പ്രതികളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ വിവരങ്ങൾ നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു.