ഹരികൃഷ്ണ റെഡ്ഡി
file photo
ടെക്സസ്: ഇന്ത്യൻ വിദ്യാർഥിയെ യുഎസിൽ കാണാതായി. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ ഹരികൃഷ്ണ റെഡ്ഡി എന്ന 21 കാരനെയാണ് കാണാതായത്. അലാസ്കയിൽ ഒറ്റയ്ക്ക് വിനോദയാത്ര പോയ ഹരി കൃഷ്ണയെ കുറിച്ച് ഇപ്പോൾ ഒരു വിവരവുമില്ല. ഡിസംബർ 30 നാണ് അവസാനമായി വീട്ടുകാരുമായി ഹരി സംസാരിച്ചത്.
പത്തു ദിവസത്തിലധികമായി കാണാതായ ഇന്ത്യൻ വിദ്യാർഥിക്കായി തെരച്ചിൽ തുടരുകയാണ്. ടെക്സസിലെ ഹൂസ്റ്റണിൽ എംഎസ് വിദ്യാർഥിയായിരുന്നു ഹരി. ഡിസംബർ 22 ന് ക്രിസ്മസ് അവധിക്ക് ഒറ്റയ്ക്ക് യാത്ര ആരംഭിച്ചിരുന്നു. ഇതിനു ശേഷമാണ് ഹരിയെ കാണാതായത്. ജനുവരി മൂന്നിനാണ് ഹരിയെ കാണാനില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഡിസംബർ 31 ന് ഡെനാലിയിൽ വച്ചാണ് ഹരിയുടെ മൊബൈൽ സിഗ്നൽ അവസാനമായി ലഭിച്ചത്. അലാസ്കയിലെ ഡെനാലിയിൽ ഒരു ഹോട്ടലിൽ ഹരി താമസിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.