ഇനി പിൻഗാമിയല്ല; വഴികാട്ടി

 

representative image

Special Story

ഇനി പിൻഗാമിയല്ല; വഴികാട്ടി

സാങ്കേതികവിദ്യയാൽ സമ്പന്നമായ ഇന്ത്യയ്ക്ക് 'ഇഎസ്ടിഐസി' 2025

Aswin AM

ഡോ. ജിതേന്ദ്ര സിങ് (കേന്ദ്ര ശാസ്ത്ര- സാങ്കേതികവിദ്യാ

സഹമന്ത്രി (സ്വതന്ത്ര ചുമതല)

ആഗോള ശാസ്ത്ര നവോത്ഥാനത്തിന്‍റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ, സാങ്കേതികവിദ്യയാൽ സമ്പന്നമായ ഇന്ത്യ ഇന്ന് ആരെയും പിന്തുടരുകയല്ല; മറിച്ച്, മറ്റുള്ളവർക്കു വഴികാട്ടിയായി മുന്നേറുകയാണ്.

കഴിഞ്ഞ ദശകത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ രാജ്യം ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം എന്നിവയിൽ വൻ കുതിച്ചുചാട്ടത്തിനു സാക്ഷ്യം വഹിച്ചു. ഡിജിറ്റൽ ശാക്തീകരണം മുതൽ ബഹിരാകാശ പര്യവേഷണം വരെ, സ്വയംപര്യാപ്തവും സാങ്കേതികവിദ്യാ അധിഷ്ഠിതവുമായ ഇന്ത്യയുടെ, "ആത്മനിർഭർ ഭാരതി'ന്‍റെ, രൂപരേഖ വ്യക്തമാകുകയാണ്. ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ എന്നിവയുടെ വിജയം മുതൽ ശുചിത്വ ഭാരതം, ഏകാരോഗ്യം എന്നിവയുടെ വിജയം വരെ ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം എന്നിവയിലൂടെ വലിയ രിവർത്തനം സാധ്യമാക്കാൻ കഴിയുമെന്നു രാജ്യം തെളിയിച്ചു.

യുപിഐ വിപ്ലവം ആഗോളതലത്തിൽ ഡിജിറ്റൽ പണമിടപാടുകളെ പുനർനിർവചിച്ചു. ഇന്ത്യയുടെ ജൈവ സമ്പദ്‌വ്യവസ്ഥ 2014ലെ 10 ശതകോടി ഡോളറിൽ നിന്ന് 16 മടങ്ങു വർധിച്ച് 2024ൽ 165.7 ശതകോടി ഡോളറായി അതിവേഗ വളർച്ച കൈവരിച്ചു. ജൈവ ഇന്ധനങ്ങൾ, ജൈവ പ്ലാസ്റ്റിക്, ഹരിത രാസവസ്തുക്കൾ എന്നിവയ്ക്ക് ഇതു വഴിയൊരുക്കി. ചന്ദ്രയാൻ, ഗഗൻയാൻ ദൗത്യങ്ങൾ ബഹിരാകാശ യാത്രാ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിച്ചു. അതേസമയം 5ജി നടപ്പാക്കലും ഡിജിറ്റൽ നയതന്ത്രവും കണക്റ്റിവിറ്റിയും ശാക്തീകരണവും എല്ലാ കോണിലും എത്തിച്ചു.

കൃഷി മുതൽ ആരോഗ്യ സംരക്ഷണവും ഭരണനിർവഹണവും വരെ എല്ലാ മേഖലകളിലും വിജ്ഞാനവും നൂതനാശയങ്ങളും എത്തിച്ചേരുന്നു എന്ന് ഉറപ്പാക്കി, ഏവർക്കും വേണ്ടിയുള്ള നിർമിത ബുദ്ധിയിൽ ആഗോള നേതാവായി ഇന്ത്യ ഇപ്പോൾ ഉയർന്നുവരുന്നു. 100ലധികം യൂണികോണുകളും യുവാക്കളുടെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പുകളുടെ വളരുന്ന ആവാസവ്യവസ്ഥയും ഉള്ളതിനാൽ, രാജ്യത്തിന്‍റെ ശാസ്ത്രീയവും സംരംഭകത്വപരവുമായ മനോഭാവം സമാനതകളില്ലാത്തതാണ്.

ഹരിത ഹൈഡ്രജൻ, ക്വാണ്ടം ശാസ്ത്ര- സാങ്കേതികവിദ്യ, സെമികണ്ടക്റ്റർ നിർമാണം, സൂക്ഷ്മ കൃഷി എന്നിവയുടെ വളർച്ച, ഇന്ത്യയെ ലോകത്തിനൊപ്പം എത്താൻ മാത്രമല്ല, ഭാവിയെ നിർവചിക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നു വ്യക്തമാക്കുന്നു.

സ്വയംപര്യാപ്തമായ, ഭാവിയിലേക്കു നോക്കുന്ന ഇന്ത്യയുടെ, സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047ൽ വികസിത ഇന്ത്യയിലേക്ക് ആത്മവിശ്വാസത്തോടെ കുതിക്കുന്ന "ആത്മനിർഭർ ഭാരതി'ന്‍റെ കഥയാണിത്.

ഇഎസ്ടിഐസി: നേട്ടത്തിൽ

നിന്ന് അഭിലാഷത്തിലേക്ക്

പുരോഗതിയുടെ ഈ പശ്ചാത്തലത്തിൽ നവംബർ 3 മുതൽ 5 വരെ ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന "ഉയർന്നുവരുന്ന ശാസ്ത്ര- സാങ്കേതികവിദ്യ- നൂതനാശയ ഉച്ചകോടി' (ഇഎസ്ടിഐസി-2025) ധീരമായ പുതിയ കാൽവയ്പാണ്. 13 കേന്ദ്ര മന്ത്രാലയങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഇഎസ്ടിഐസി നേട്ടങ്ങളുടെ പ്രദർശനം മാത്രമല്ല; സഹകരണത്തിനും ദീർഘവീക്ഷണത്തിനും ദേശീയ തന്ത്രത്തിനും വേണ്ടിയുള്ള കളമൊരുക്കലുമാണ്.

പ്രധാനമന്ത്രി മോദിയാണ് ഇഎസ്ടിഐസിയുടെ ഉദ്ഘാടകൻ. സാങ്കേതിക വിദ്യകളുടെ ഭാവി ആലോചിക്കാൻ ശാസ്ത്രജ്ഞരെയും, നൂതനാശയ ഉപജ്ഞാതാക്കളെയും, നയരൂപീകരണ വിദഗ്ധരെയും, ആഗേള വിദഗ്ധരെയും ഇഎസ്ടിഐസി ഒരുമിച്ചുകൊണ്ടുവരും. വികസന മുൻഗണനകളുമായി ശാസ്ത്ര- സാങ്കേതികവിദ്യയെ സമന്വയിപ്പിക്കുന്ന വിടവുകൾ തിരിച്ചറിയാനും പങ്കാളിത്തങ്ങൾ രൂപപ്പെടുത്താനും ഇത് സഹകരണ പാതകൾ സൃഷ്ടിക്കും.

ഇതു വെറും പരിപാടി മാത്രമല്ല; ദേശീയ ഒത്തുചേരൽ വേദി കൂടിയാണ്. പൊതു ലക്ഷ്യത്തിനു കീഴിൽ അക്കാദമിക മേഖല, വ്യവസായം, ഗവണ്മെന്‍റ് എന്നിവയെ ഇത് ഒന്നിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികത്തോടെ പൂർണമായും വികസിതവും നൂതനാശയങ്ങളാൽ നയിക്കപ്പെടുന്നതുമായ രാജ്യമായി ഇന്ത്യയെ മാറ്റുന്നതിനുള്ള "വികസിത ഇന്ത്യ- 2047'എന്ന ലക്ഷ്യത്തിന് ഇതു കരുത്തേകും.

ശാസ്ത്ര- സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ സ്വയം പര്യാപ്തതയ്ക്കു നിർണായകമായ ഏകദേശം 11 പ്രധാന വിഷയ മേഖലകളെ കേന്ദ്രീകരിച്ച് സജ്ജമാക്കിയ ഇഎസ്ടിഐസി, തന്ത്രപരമായ സംഭാഷണത്തിനും സഹകരണത്തിനും ഇന്ത്യയുടെ മികവു പ്രദർശിപ്പിക്കാനുമുള്ള പ്രധാന കേന്ദ്രമായി പ്രവർത്തിക്കും.

കാതലായ ഭാഗത്ത്, ഇഎസ്ടിഐസി എന്നത് ആവാസ വ്യവസ്ഥയെ കൂട്ടിയിണക്കുന്ന ഒന്നാണ്. നയം രൂപകൽപ്പന ചെയ്യുന്ന മന്ത്രാലയങ്ങൾ, നൂതനാശയ ഉപജ്ഞാതാക്കൾ, ആശയങ്ങൾ വിപുലീകരിക്കുന്ന വ്യവസായങ്ങൾ, വിപ്ലവം സൃഷ്ടിക്കുന്ന സ്റ്റാർട്ടപ്പുകൾ എന്നിവ ഈ ആവാസ വ്യവസ്ഥയിൽ ഉൾപ്പെടുന്നു. ഇതുവരെയുള്ള നേട്ടങ്ങളെയും സുസ്ഥിരവും ഏവരെയും ഉൾക്കൊള്ളുന്നതും പരിവർത്തനാത്മകവുമായ വളർച്ചയിലേക്കുള്ള മുന്നോട്ടുള്ള പാതയെയും ഇത് ആഘോഷമാക്കുന്നു.

11 ട്രാക്കുകൾ, ഏക ദർശനം

ഇന്ത്യയുടെ സാങ്കേതികപരമായ അഭിലാഷങ്ങളെ ഉൾക്കൊള്ളുന്ന 11 വിഷയാധിഷ്ഠിത ട്രാക്കുകളെ ചുറ്റിപ്പറ്റിയാണ് ഇഎസ്ടിഐസി- 2025 പ്രവർത്തിക്കുക. ഈ ട്രാക്കുകളെല്ലാം ഒരുമിച്ച് ഇന്ത്യയുടെ സമഗ്രമായ നൂതനാശയ ഭൂപടത്തെ പ്രതിഫലിപ്പിക്കുന്നു. ശാസ്ത്രം, സംരംഭകത്വം, നയം എന്നിവ സംഗമിക്കുന്ന രൂപമാണിത്.

1. പ്രതിരോധം, ബഹിരാകാശം, വ്യവസായം എന്നിവയ്ക്ക് ഊർജം പകരാൻ ശക്തവും ഭാരം കുറഞ്ഞതും മികച്ചതുമായ വസ്തുക്കൾ നിർമിക്കാനുള്ള അത്യാധുനിക സാമഗ്രികളും നിർമാണവും.

2. ജീവിതങ്ങളെ പരിവർത്തനം ചെയ്യാനും ഭരണനിർവഹണം കൂടുതൽ മികച്ചതും ഉൾക്കൊള്ളുന്നതുമാക്കാനുമുള്ള നിർമിതബുദ്ധി.

3. സുസ്ഥിര ജൈവോൽപ്പന്നങ്ങളും ചാക്രിക പ്രതിവിധികളും ഉപയോഗിച്ച് ഹരിത സമ്പദ്‌വ്യവസ്ഥയെ വികസിപ്പിക്കുന്ന ജൈവനിർമാണം.

4. സമൃദ്ധിക്കും അതിജീവന ശേഷിക്കും വേണ്ടി സമുദ്ര വിഭവങ്ങളെ ഉത്തരവാദിത്വത്തോടെ ഉപയോഗപ്പെടുത്തുന്ന നീല സമ്പദ്‌വ്യവസ്ഥ.

5. വിനിമയ ക്ഷമതയെ 4ജി-യിൽ നിന്ന് 5ജി-യിലേക്കും ഇപ്പോൾ 6ജി-യിലേക്കും നയിക്കുന്ന ഡിജിറ്റൽ കമ്യൂണിക്കേഷൻസ് (ഇത് ഗ്രാമീണ ഇന്ത്യയെ ശാക്തീകരിക്കുകയും ആഗോള ഡിജിറ്റൽ നയതന്ത്രത്തിൽ നയിക്കുകയും ചെയ്യുന്നു).

6. ""മെയ്ക്ക് ഇൻ ഇന്ത്യ'' എന്ന കാഴ്ചപ്പാടിനെ സിലിക്കൺ കരുത്തേകുന്ന യാഥാർഥ്യമാക്കി മാറ്റുന്ന ഇലക്‌ട്രോണിക്സ്- സെമികണ്ടക്റ്റർ നിർമാണം.

7. നൂതനാശയം, കൃത്യത, സുസ്ഥിരത എന്നിവയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന വളർന്നുവരുന്ന കാർഷിക സാങ്കേതികവിദ്യ.

8. പുനരുപയോഗ ഊർജവും ഹരിത ഹൈഡ്രജനും ലോകത്ത് അവതരിപ്പിക്കുന്ന ഊർജവും പരിസ്ഥിതിയും കാലാവസ്ഥയും.

9. താങ്ങാനാകുന്ന നവീകരണം ഉറപ്പാക്കുന്ന ആരോഗ്യ- മെഡിക്കൽ സാങ്കേതികവിദ്യ.

10. സുരക്ഷിത ആശയവിനിമയം, സെൻസിങ്, കംപ്യൂട്ടിങ്, സാമഗ്രികൾ, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയിൽ കുതിച്ചുചാട്ടത്തിനുള്ള ക്വാണ്ടം ശാസ്ത്ര- സാങ്കേതികവിദ്യ.

11. തലമുറകളെ പ്രചോദിപ്പിക്കുകയും ശാസ്ത്രീയ ചക്രവാളങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്ന ബഹിരാകാശ സാങ്കേതികവിദ്യ.

വികസിത ഇന്ത്യ- 2047

ഇഎസ്ടിഐസി വിവിധ തലങ്ങളിൽ അറിവിന്‍റെയും നൂതനാശയത്തിന്‍റെയും ആഗോള നേതാവായി ഇന്ത്യ നേടിക്കൊണ്ടിരിക്കുന്ന ആത്മവിശ്വാസത്തിന്‍റെ പാഠ്യപദ്ധതിയെ പ്രതിനിധാനം ചെയ്യുന്നു. ഭാവനയെ ഉത്തേജിപ്പിക്കുക, യുവ മനസുകളെ പ്രചോദിപ്പിക്കുക, വരും നൂറ്റാണ്ടിനായി നവീകരിക്കുക എന്നിവയുടെ ദേശീയ ദൗത്യമാണിത്. ചിന്തകർ, നൊബേൽ സമ്മാന ജേതാക്കൾ, നയ രൂപകർത്താക്കൾ, വ്യവസായ മേഖലയിലെ വഴികാട്ടികൾ എന്നിവരെ ഒരുമിച്ചു കൊണ്ടുവരുന്നതിലൂടെ ഇഎസ്ടിഐസി- 2025 ഇന്ത്യയെ ശാസ്ത്രീയ മഹാശക്തിയെന്ന നിലയിലും നൂതനാശയാധിഷ്ഠിത വികസനത്തിനുള്ള ആഗോള കേന്ദ്രമായും ഉറപ്പിക്കുന്നു.

ഇന്ത്യ 2047ലേക്കു നീങ്ങുമ്പോൾ, ഇഎസ്ടിഐസി പ്രതീകമായും ഉത്തേജകമായും നിലകൊള്ളുന്നു. ഇന്ത്യയുടെ ശാസ്ത്രീയ നേട്ടങ്ങൾ വികസന അഭിലാഷങ്ങളുമായി കൂടിച്ചേരുന്ന ഇടമാണിത്. ഓരോ നൂതനാശയവും അതിജീവന ശേഷിയുള്ളതും സുസ്ഥിരവും ഉൾക്കൊള്ളുന്നതുമായ വികസിത ഇന്ത്യയ്ക്കു സംഭാവന നൽകുന്നുവെന്ന് ഉറപ്പാക്കുന്നു.

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി