ഡൽഹി അമൃത് ഉദ്യാനം

 

file photo

Special Story

കണ്ണിന് കുളിർമ പകർന്ന് ഡൽഹി അമൃത് ഉദ്യാനം

രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹി സഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്

Reena Varghese

വിജയ് ചൗക്ക്| സുധീര്‍നാഥ്

രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹി സഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. വൈവിധ്യ കാഴ്ചകളാണ് ഡല്‍ഹിയില്‍ എല്ലാവർക്കും കിട്ടുക. സ്ഥിരമായ കാഴ്ചകളും, മാറി മാറിയുള്ള കാഴ്ചകളും സമ്മാനിക്കുന്ന ഇടമാണ് ഡല്‍ഹി. ഒരിക്കൽ വന്നാൽ കാണുന്ന ഡൽഹിയാവില്ല പിന്നെ വരുമ്പോൾ! ഡല്‍ഹി എന്നും സഞ്ചാരികള്‍ക്കായി എന്തെങ്കിലുമൊക്കെ കരുതി വയ്ക്കും. ഓരോ സീസണിനും അനുസരിച്ച് അത് മാറുമെങ്കിലും എന്നും എന്തെങ്കിലുമൊക്കെ കൗതുക കാഴ്ചകള്‍ തലസ്ഥാനം നൽകും.

ഇപ്പോള്‍ ഇവിടുത്തെ കാഴ്ച അമൃത് ഉദ്യാനമാണ്. ഡല്‍ഹിയിലെ വലിയ വാർഷിക കാഴ്ചയാണ് രാഷ്‌ട്രപതി ഭവനിലെ അമൃത് ഉദ്യാനം. മുന്‍പ് മുഗള്‍ ഗാര്‍ഡന്‍ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 2023ലാണ് അത് അമൃത് ഉദ്യാനം എന്ന പേരിലേക്കു മാറിയത്. 15 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന അമൃത് ഉദ്യാനത്തെ പലപ്പോഴും രാഷ്‌ട്രപതി ഭവന്‍റെ ആത്മാവായി ചിത്രീകരിച്ചിട്ടുണ്ട്. രാഷ്‌ട്രപതിമാരായിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്‍റെയും രാംനാഥ് കോവിന്ദിന്‍റെയും കാലത്ത് ഹെര്‍ബല്‍ ഗാർഡൻ, ടാക്റ്റൈല്‍ ഗാര്‍ഡന്‍, ബോണ്‍സായ് ഗാര്‍ഡന്‍, ആരോഗ്യ വനം എന്നിങ്ങനെ കൂടുതല്‍ ഉദ്യാനങ്ങള്‍ അവിടെ വികസിപ്പിച്ചു.

എല്ലാ വര്‍ഷവും ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളില്‍ മുഗള്‍ ഗാര്‍ഡന്‍സ് വർണങ്ങളുടെ ഒരു കലവറയായി മാറുന്നു. 70ലേറെ ഇനം പൂക്കള്‍, 50 ഇനം മരങ്ങള്‍, കുറ്റിച്ചെടികള്‍, വള്ളികള്‍, സമൃദ്ധമായ പച്ചപ്പ്, ആഡംബരപൂർണമായ ജലധാരകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ തോട്ടം ഒരു മാസം നീണ്ടുനില്‍ക്കുന്ന ഉദ്യാനോത്സവത്തിന് പൊതുജനങ്ങള്‍ക്കായി തുറന്നിടുന്നു. ആയിരക്കണക്കിന് ആളുകള്‍ അതിന്‍റെ സൗന്ദര്യവും പ്രൗഢിയും ആസ്വദിക്കാന്‍ ഒഴുകിയെത്തുന്നു. നൂറുകണക്കിന് രാഷ്‌ട്രത്തലവന്മാരെയും അന്താരാഷ്‌ട്ര പ്രമുഖരെയും ഇത് ആതിഥേയത്വം വഹിച്ചിട്ടുണ്ട് എന്ന് മാത്രമല്ല, പൊതുജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും ഒരു പ്രസ്താവന നടത്താനും ഇത് മാറിയിരിക്കുന്നു.

1940കളില്‍ ഈ എസ്റ്റേറ്റ് വൈസ്രോയിയുടെ വസതിയായിരുന്നപ്പോള്‍ മുഗള്‍ ഗാര്‍ഡന്‍ ജനങ്ങള്‍ക്കായി ആദ്യം തുറന്നുകൊടുത്തു. രണ്ടാം ലോകമഹായുദ്ധ സമയത്ത് പൂക്കള്‍ ഏറ്റവും മികച്ചതായിരുന്ന ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഔപചാരിക ഉദ്യാനങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചു. ഉദ്യാനോത്സവ് അഥവാ ഉദ്യാനോത്സവം അന്നുമുതല്‍ ഒരു വാര്‍ഷിക ആചാരമാണ്.

രാഷ്‌ട്രപതി ഭവനിലെ വസന്തകാല കാഴ്ചകള്‍ സമ്മാനിക്കുന്ന അമൃത് ഉദ്യാന്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി ഇപ്പോള്‍ തുറന്നിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും മനോഹരമായതും കൃത്യതയോടെ പരിപാലിക്കുന്നതുമായ രാഷ്‌ട്രപതി ഭവനിലെ പൂന്തോട്ടം കാണാനുള്ള അവസരമാണിപ്പോള്‍. അമൃത് ഉദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് അപൂര്‍വമായ സീസണല്‍ പൂക്കള്‍ പൂർണ മഹത്വത്തില്‍ കാണാനാവും. ഓറഞ്ചും മുന്തിരിയും തുലുപ് പൂക്കളും റോസാ ഗാര്‍ഡനും വ്യത്യസ്ത നിറങ്ങളിലെ മറ്റു പൂക്കളും ആര്‍ക്കാണ് വിരസത ഉണ്ടാക്കുക.

മുഗള്‍ സാമ്രാജ്യത്തിന്‍റെ തുടക്കം മുതല്‍ ഉദ്യാനങ്ങളുടെ നിർമാണം ആ രാജാക്കന്മാരുടെ പ്രിയപ്പെട്ട വിനോദമായിരുന്നു. ആദ്യ മുഗള്‍ രാജാവായ ബാബര്‍ ലാഹോറിലും ധോല്‍പുരിലും ഉദ്യാനങ്ങള്‍ നിർമിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മകന്‍ ഹുമയൂണ്‍ തന്‍റെ പിതാവിന്‍റെ ഉദ്യാനങ്ങളില്‍ ധാരാളം സമയം ചെലവഴിച്ചു. അക്ബര്‍ നിരവധി ഉദ്യാനങ്ങള്‍ നിർമിച്ചു, ആദ്യം ഡല്‍ഹിയിലും പിന്നീട് അക്ബറിന്‍റെ പുതിയ തലസ്ഥാനമായ ആഗ്രയിലും.

അക്ബറിന്‍റെ മകന്‍ ജഹാംഗീര്‍ പ്രശസ്തമായ ഷാലിമാര്‍ ഉദ്യാനം നിർമിക്കാന്‍ സഹായിച്ചു, പൂക്കളോടുള്ള അദ്ദേഹത്തിന്‍റെ വലിയ സ്നേഹത്തിന് പ്രശസ്തനായിരുന്നു. ജഹാംഗീറിന്‍റെ മകന്‍ ഷാജഹാന്‍ മുഗള്‍ ഉദ്യാന വാസ്തുവിദ്യയുടെയും പുഷ്പ രൂപകല്‍പ്പനയുടെയും പരമോന്നത ശില്പിയാണ്. തന്‍റെ പ്രിയപ്പെട്ട ഭാര്യ മുംതാസ് മഹലിന്‍റെ സ്മരണയ്ക്കായി വിശാലമായ ശവസംസ്കാര പറുദീസയായ താജ്മഹലിന്‍റെ നിർമാണത്തിലൂടെ അദ്ദേഹം പ്രശസ്തനാണ്. ഡല്‍ഹിയിലെ ചെങ്കോട്ടയുടെയും ആഗ്രയിലെ യമുന നദിക്ക് കുറുകെ താജിന് എതിര്‍വശത്ത് സ്ഥിതിചെയ്യുന്ന രാത്രിയില്‍ വിരിഞ്ഞുനില്‍ക്കുന്ന മുല്ലപ്പൂവും മറ്റ് ഇളം പൂക്കളും നിറഞ്ഞ ഒരു രാത്രി ഉദ്യാനമായ മഹ്താബ് ബാഗം അദ്ദേഹം നിർമിച്ചതാണ്.

1911ലാണ് ബ്രിട്ടീഷുകാര്‍ കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തലസ്ഥാനം മാറ്റാന്‍ തീരുമാനിച്ചത്. ന്യൂഡല്‍ഹിയുടെ പിതാവ് എന്നറിയപ്പെടുന്ന വിഖ്യാത ബ്രിട്ടീഷ് എന്‍ജിനീയര്‍ സര്‍ എഡ്വിന്‍ ലുട്ട്യന്‍സിന്‍റെ നേത‌ത്വത്തിലാണ് ഈ നഗരം രൂപകല്‍പ്പന ചെയ്തത്. രാഷ്‌ട്രപതി ഭവനും ഇന്ത്യ ഗേറ്റും ചുറ്റുമുള്ള സ്മാരകങ്ങളും കെട്ടിടങ്ങളുമെല്ലാം നിർമിച്ചത് ലുട്ട്യന്‍സാണ്. രാഷ്‌ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ ജമ്മു കശ്മീരിലെ പ്രശസ്തമായ മുഗള്‍ ഗാര്‍ഡനുകളില്‍ നിന്നും താജ്മഹലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ്.

മുഗള്‍ ചക്രവര്‍ത്തിമാരുടെ വാസ്തുവിദ്യാ ശൈലിയുടെ മാതൃകയില്‍ ലുട്ട്യന്‍സ് ഡല്‍ഹിയിലെ മുഗള്‍ ഗാര്‍ഡന്‍ ലേഡി ഹാര്‍ഡിങ്ങിനായി 1917ല്‍ രൂപകല്‍പ്പന ചെയ്തതാണ്. എങ്കിലും 1928ല്‍ തോട്ടങ്ങള്‍ ആരംഭിച്ചു. രണ്ട് വ്യത്യസ്ത വാസ്തുവിദ്യാ ശൈലികള്‍- അതായത് ഇന്ത്യന്‍, പാശ്ചാത്യ ശൈലികള്‍ പ്രദര്‍ശിപ്പിക്കുന്ന രാഷ്‌ട്രപതി ഭവനെപ്പോലെ- സര്‍ എഡ്വിന്‍ ലുട്ട്യന്‍സ് മുഗള്‍ ശൈലിയെ ഇംഗ്ലീഷ് പുഷ്പ ഉദ്യാനവുമായി സംയോജിപ്പിച്ചു. ഒരു വശത്ത് മുഗള്‍ കനാലുകളും പൂക്കുന്ന കുറ്റിച്ചെടികളും ടെറസുകളും കാണുമ്പോള്‍, നിങ്ങള്‍ക്ക് യൂറോപ്യന്‍ പുഷ്പ കിടക്കകളും വേലികളും പുല്‍ത്തകിടികളും അവിടെ കാണാന്‍ കഴിയും. വ്യത്യസ്ത ഉദ്യാനകൃഷി പാരമ്പര്യങ്ങളുടെ തികഞ്ഞ സംയോജനമായ മുഗള്‍ ഗാര്‍ഡന്‍ കാഴ്ചയുടെ വസന്തം തീര്‍ക്കും.

അമൃത് ഉദ്യാനത്തില്‍ മൂന്ന് വ്യത്യസ്ത ഭാഗങ്ങളുണ്ട്. ചതുരാകൃതിയിലുള്ള ഉദ്യാനം (പേള്‍ ഗാര്‍ഡന്‍), നീണ്ട ഉദ്യാനം (ബട്ടര്‍ഫ്ലൈ ഗാര്‍ഡന്‍), വൃത്താകൃതിയിലുള്ള ഉദ്യാനം. ഉദ്യാനത്തിന്‍റെ നീളത്തിലും വീതിയിലും ചാലുകളാല്‍ ഗ്രിഡുകളായി വിഭജിച്ചിരിക്കുന്നു. ചുവന്ന മണല്‍ക്കല്ലില്‍ നിർമിച്ച താമരയുടെ ആകൃതിയിലുള്ള ജലധാരകളുള്ള 4 ജലപാതകളും ഉദ്യാനത്തിലുണ്ട്. 12 അടി ഉയരം വരെ ഉയരുന്ന ഈ ജലധാരകള്‍ സന്ദര്‍ശകരെ അദ്ഭുതപ്പെടുത്തുന്നു. അമൃത് ഉദ്യാനത്തില്‍ ഒരു സംഗീത ഉദ്യാനം, ഒരു ആത്മീയ ഉദ്യാനം, ഒരു ഔഷധ ഉദ്യാനം, ഒരു ജൈവവൈവിധ്യ ഉദ്യാനം എന്നിവയുണ്ട്.

ഇന്നും റോസാപ്പൂക്കള്‍ ഈ ഉദ്യാനത്തിന്‍റെ ഒരു പ്രധാന ആകര്‍ഷണമായി തുടരുന്നു. അഡോറ, മൃണാളിനി, സെന്‍റിമെന്‍റല്‍, ബ്ലാക്ക് റോസ് (ഒക്ക്‌ലഹോമ), ബെലാമി, ബ്ലൂ മൂണ്‍ എന്നിവയുള്‍പ്പെടെ ഏകദേശം 159 ഇനം റോസാച്ചെടികളും വിവിധ ഘട്ടങ്ങളിലായി വിരിയുന്ന 12 തരം തുലിപ് ഇനങ്ങളും, കോലിയസ്, ട്യൂബറോസ്, സെലോസിയ തുടങ്ങിയ അപൂര്‍വ ഇനം പൂക്കളും കാണാം. രസകരമെന്നു പറയട്ടെ, അന്താരാഷ്‌ട്ര പ്രശസ്തരായ ആളുകളുടെ പേരിലുള്ള റോസാപ്പൂക്കളും ഈ ഉദ്യാനത്തിലുണ്ട്. അതായത് മദര്‍ തെരേസ, ക്വീന്‍ എലിസബത്ത്, രാജാ റാം മോഹന്‍ റോയ്... അങ്ങനെ പലരും. റോസാപ്പൂക്കള്‍ക്ക് പുറമേ, ലില്ലി, ഡാഫഡില്‍സ്, ഡബിള്‍ പാന്‍സികള്‍, ട്യൂലിപ്സ്, 70ലധികം ഇനം സീസണല്‍ പൂക്കള്‍ തുടങ്ങിയ പൂക്കളും പൂന്തോട്ടത്തിന്‍റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. വൃത്താകൃതിയിലുള്ള ഉദ്യാനത്തിന് ചുറ്റുമുള്ള 2,500 ഇനം ഡാലിയകള്‍ പ്രധാന ആകര്‍ഷണമാണ്.

വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കള്‍, ഇലകള്‍ കൊണ്ട് സൗന്ദര്യം തീര്‍ക്കുന്ന ചെടികള്‍, സംഗീത ജലധാര തുടങ്ങി വിവിധ കാഴ്ചകള്‍ അമൃത് ഉദ്യാനത്തില്‍ കാണാം. വേറിട്ട അനുഭവം നല്‍കുന്ന ഒന്നാണ് അമൃത് ഉദ്യാന സന്ദര്‍ശനം എന്ന് അവിടുന്ന് ഇറങ്ങിയ പലരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. രാഷ്‌ട്രപതി ഭവനോട് ചേര്‍ന്നുള്ള ഭാഗത്ത് തയ്യാറാക്കിയ താമരപ്പൊയ്കയും ജലധാരകളും തട്ടുതട്ടായ നിര്‍മിതികളും വേറിട്ട അനുഭവം തന്നെയെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. വ്യത്യസ്തങ്ങളായ പക്ഷികളെയും നമുക്ക് അവിടെ കാണാന്‍ സാധിക്കും.

കുട്ടികളെ ആകര്‍ഷിക്കാൻ അമൃത് ഉദ്യാനിയില്‍ നിർമിച്ച ബാലവാടി എടുത്തു പറയേണ്ട ഒന്നാണ്. 225 വര്‍ഷം പഴക്കമുള്ള വടക്കേ ഇന്ത്യയുടെ വീട്ടി എന്നറിയപ്പെടുന്ന ശീഷം നമുക്കവിടെ കാണാം. നിരവധി അരയാല്‍ മരങ്ങളാല്‍ തണല്‍ നല്‍കുന്ന അമൃത് ഉദ്യാനത്തില്‍ അറിവുകള്‍ കൊണ്ടും ആനന്ദം കൊണ്ടും സന്ദര്‍ശകനെ സന്തോഷിപ്പിക്കുകയും മാനസിക ഉല്ലാസമുണ്ടാക്കുകയും ചെയ്യും എന്നതില്‍ ഒരു സംശയവുമില്ല.

ഉദ്യാനം സന്ദര്‍ശിക്കുന്നതിന് ബുക്കിങ്ങും പ്രവേശനവും സൗജന്യം. രാഷ്‌ട്രപതി ഭവന്‍റെ വെബ്സൈറ്റ് വഴി ബുക്കിങ് നടത്താം. നേരിട്ടെത്തുന്ന സന്ദര്‍ശകര്‍ക്ക് പ്രവേശന പോയിന്‍റിന് സമീപം സെല്‍ഫ് സര്‍വീസ് വിസിറ്റേഴ്സ് രജിസ്ട്രേഷന്‍ കിയോസ്കുകള്‍ വഴി സേവനം ലഭ്യമാകും. നിര്‍ദിഷ്ട മണിക്കൂര്‍ സ്ലോട്ടുകള്‍ക്ക് റിസര്‍വേഷന്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ക്ക് ഒരു മൊബൈല്‍ നമ്പര്‍ ആവശ്യമാണ്. ഒരു നമ്പറിന് ഒരു ബുക്കിങ് മാത്രമേ അനുവദിക്കൂ, അതില്‍ പരമാവധി 30 സന്ദര്‍ശകരെ മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ.

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭയായി അംഗീകരിക്കും

പത്മകുമാറിനെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി; നിര്‍ണായക നീക്കവുമായി സിപിഎം

കെ.ജി. സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ

പാലക്കാട്ട് കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്