പിയൂഷ് ഗോയൽ
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി
പതിറ്റാണ്ടുകളായി ഇന്ത്യയുടെ നിയന്ത്രണ സംവിധാനങ്ങൾ പൗരന്മാരെ തികഞ്ഞ അവിശ്വാസത്തോടെയാണ് വീക്ഷിച്ചിരുന്നത്. ചെറിയ നിയമ ലംഘനങ്ങളുടെയോ അധികാരത്തിലിരിക്കുന്നവരുടെ കേവല സംശയത്തിന്‍റെയോ പേരില്‍ അവരെ കുറ്റവാളികളായി കണക്കാക്കിയിരുന്നു. എന്നാൽ വലിയൊരു മാറ്റത്തിന് തുടക്കമിട്ട് സാധാരണക്കാരോട് വിശ്വാസവും കാരുണ്യവും പുലര്‍ത്തുന്ന സമീപനത്തിലൂന്നി പുതിയ നയങ്ങൾ രൂപീകരിച്ചിരിക്കുകയാണ് മോദി സർക്കാർ.
പൗരന്മാരെയും വ്യാപാരങ്ങളെയും പിന്തുണയ്ക്കാനും നിയമപാലനം ലളിതമാക്കാനും വ്യാപാര സംരംഭങ്ങള്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ തിരിച്ചറിയാനും ലക്ഷ്യമിട്ട് നിയമനിർമാണ രംഗം മെച്ചപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാന ചുവടുവയ്പ്പുകൾ നടത്തി. നിയമ പാലനത്തിന്‍റെ ഭാരം കുറച്ചും നടപടികള്‍ ഡിജിറ്റലാക്കിയും ഏകജാലക അനുമതികളിലൂടെയും ഭരണനിര്‍വഹണം കൂടുതൽ യുക്തിസഹവും കാര്യക്ഷമവുമാക്കുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് ഈ പരിവര്‍ത്തനം.
വിശ്വാസത്തിലും കാരുണ്യത്തിലും അധിഷ്ഠിതമായ ഭരണനിര്‍വഹണം സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് 2026ലെ ജനവിശ്വാസ നിയമത്തിലും 2023ലെ സമാന നിയമത്തിലും വ്യക്തമായി കാണാം.
നിയന്ത്രണ നടപടികള്‍ പൗരസൗഹൃദമാക്കാനും നിയമപാലനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ചെറിയ കുറ്റകൃത്യങ്ങളെ വ്യക്തമായ തത്വങ്ങളോടെയാണ് പുതിയ നിയമം കൈകാര്യം ചെയ്യുന്നത്. ശിക്ഷയ്ക്കു മുമ്പ് മുന്നറിയിപ്പു നൽകുക, കുറ്റത്തിന്‍റെ ഗൗരവത്തിന് ആനുപാതികമായി പിഴകൾ നിശ്ചയിക്കുക, വേഗമേറിയതും സുതാര്യവുമായ പരിഹാരം കാണുക എന്നിവയ്ക്കു പുറമെ, നിയമപാലനം കാലാനുസൃതമായി ഫലപ്രദവും പ്രസക്തവും പ്രതികരണാത്മകവുമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ കൃത്യമായ ഇടവേളകളിൽ പുതുക്കാവുന്ന പിഴ സംവിധാനം ഏർപ്പെടുത്താനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ സ്വപ്നങ്ങള്‍ കൊളോണിയൽ ഭരണോപാധികളിലൂടെ സാക്ഷാത്കരിക്കാനാവില്ലെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി നിയന്ത്രണ സമീപനത്തിലും നിയമപാലനത്തിലും നടപടികളുടെ നിര്‍വഹണത്തിലും വലിയൊരു മാറ്റത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.
ഈ പരിഷ്കരണത്തിന് അഭൂതപൂർവമായ വ്യാപ്തിയുണ്ട്. 23 മന്ത്രാലയങ്ങൾ കൈകാര്യം ചെയ്യുന്ന 79 കേന്ദ്ര നിയമങ്ങളിലെ 784 വ്യവസ്ഥകളിൽ ജനവിശ്വാസ നിയമം ഭേദഗതി വരുത്തുന്നു. ജീവിതം കൂടുതല്‍ സുഗമമാക്കാന്‍ 717 വ്യവസ്ഥകളെ കുറ്റവിമുക്തമാക്കുന്ന നിയമം 67 വ്യവസ്ഥകളെ കൂടുതല്‍ യുക്തിസഹമാക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ നിയമനിർമാണ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റവിമുക്ത നടപടിയാണിത്.
1,000ലേറെ കുറ്റകൃത്യങ്ങളെ യുക്തിസഹമാക്കി കാലഹരണപ്പെട്ടതും അനാവശ്യവുമായ വ്യവസ്ഥകൾ നീക്കം ചെയ്യുന്ന ഈ നിയമം കൊളോണിയൽ കാലഘട്ടത്തിലെ പഴയ കുറ്റകൃത്യങ്ങൾ ഒഴിവാക്കുകയും ക്രിമിനൽ കോടതികൾക്ക് പുറത്തെ തീര്‍പ്പുകല്‍പ്പിക്കലും അപ്പീൽ സംവിധാനങ്ങളും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
സൂര്യാസ്തമയത്തിനും സൂര്യോദയത്തിനുമിടയിൽ "തൃപ്തികരമായ വിശദീകരണം' നല്‍കാതെ ഏതെങ്കിലും വീട്ടിലോ കെട്ടിടത്തിലോ വാഹനത്തിലോ ഇരിക്കുന്ന ഒരാള്‍ക്ക് മുമ്പ് 3 മാസം തടവുശിക്ഷ ലഭിക്കുമായിരുന്നു. സാധാരണ നീക്കങ്ങള്‍ പോലും കുറ്റകൃത്യമായി കാണാൻ സാധ്യതയേറിയ കൊളോണിയൽ കാലഘട്ടത്തിലെ സംശയാസ്പദ സമീപനത്തിന്‍റെ പ്രതിഫലനമാണിത്. ഈ കുറ്റകൃത്യത്തെ പൂർണമായി ഇല്ലാതാക്കുന്ന പരിഷ്കാരം നിയമത്തെ ആധുനിക തത്വങ്ങള്‍ക്ക് ചേര്‍ന്നതാക്കി മാറ്റുന്നു.
മുൻ സംവിധാനത്തില്‍ ഒരാളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം റോഡിലിറങ്ങുമ്പോള്‍ ക്രിമിനൽ കുറ്റാരോപണങ്ങൾ നേരിടേണ്ടി വന്നിരുന്നു. പുതിയ നിയമം ഇതിന് 30 ദിവസത്തെ അധിക സമയം അനുവദിക്കുന്നു.
അപ്രന്‍റീസ് നിയമത്തിന് കീഴിൽ രജിസ്ട്രേഷൻ വിവരങ്ങൾ പുതുക്കുന്നതിൽ പരാജയപ്പെടുന്ന ചെറുകിട നിർമാതാവിന്‍റെ കാര്യമെടുത്താലും മുമ്പ് ഇതൊരു ക്രിമിനൽ വീഴ്ചയായി കണക്കാക്കിയിരുന്നു. എന്നാൽ ഇപ്പോൾ നിയമലംഘനങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് ശക്തമായ നടപടിയുണ്ടാകുക.
ഖനന കമ്പനിയുടെ രേഖകളിലെ നടപടിക്രവുമായി ബന്ധപ്പെട്ട വീഴ്ചകള്‍ മുമ്പു തടവു ശിക്ഷയ്ക്കു വഴിവച്ചിരുന്നു. ഇന്ന് അത്തരം കേസുകളിൽ സിവിൽ പിഴകളാണ് ഈടാക്കുന്നത്. അതേസമയം നിയമവിരുദ്ധ ഖനനം, വഞ്ചന, ബോധപൂർവം ചെയ്യുന്ന ഉപദ്രവം, ഗുരുതരമായ പൊതുതാല്പര്യ ലംഘനങ്ങൾ എന്നിവ ക്രിമിനൽ കുറ്റങ്ങളായി തുടരും. കടലാസുകളിലെ ചെറിയ പിഴവുകള്‍ ഇതിലുള്‍പ്പെടുന്നില്ല.
പൗരന്മാരുടെയെല്ലാം ജീവിതം സുഗമമാക്കാന്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ശ്രമങ്ങളുടെ പ്രതീകമാണ് ജനവിശ്വാസ നിയമ നിർമാണം. പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ 12 വർഷത്തെ രാജ്യസേവനത്തിലും അതിനു മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തും അദ്ദേഹത്തിന്‍റെ ദൗത്യം ഇതു തന്നെയായിരുന്നു.
സുപ്രധാന അടിത്തറയിലൂന്നിയാണ് 2026ലെ ജനവിശ്വാസ നിയമം കെട്ടിപ്പടുത്തിരിക്കുന്നത്. 2023ൽ ആദ്യ ജനവിശ്വാസ നിയമത്തിലൂടെ 42 നിയമങ്ങളിലെ 183 വ്യവസ്ഥകൾ ഇന്ത്യ കുറ്റവിമുക്തമാക്കിയിരുന്നു. നിയമപാലനം ദുർബലപ്പെടുത്താതെ തന്നെ കുറ്റവിമുക്ത നടപടികൾക്ക് ഭരണനിർവഹണം മെച്ചപ്പെടുത്താനാവുമെന്ന് ആ ശ്രമം തെളിയിച്ചു. കുറ്റവിമുക്ത നടപടികള്‍ 4 മടങ്ങായി വിപുലീകരിക്കുന്ന 2026ലെ നിയമ നിർമാണം ഇതൊരു ഒറ്റത്തവണ സംരംഭമല്ലെന്നും തുടർച്ചയായ പരിഷ്കരണ ദിശയാണെന്നും സൂചന നൽകുന്നു.
പുതിയ നിയമം പൗര ജീവിതം മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രി മോദിയുടെ വിപുലമായ ദൗത്യത്തിന്‍റെ ഭാഗമാണ്. ഓരോ പൗരനും ഭക്ഷണവും വസ്ത്രവും പാർപ്പിടവും ലഭ്യമാക്കാൻ ഈ ദൗത്യത്തിലൂടെ പ്രയത്നിച്ച പ്രധാനമന്ത്രി ക്ഷേമാനുകൂല്യങ്ങള്‍ നേരിട്ട് ഗുണഭോക്താക്കളിലേക്ക് കൈമാറുന്നുവെന്ന് ഉറപ്പാക്കി. ക്ഷേമപ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്ന പണത്തിന്‍റെ 15 ശതമാനം മാത്രമാണ് യഥാർഥത്തിൽ പാവപ്പെട്ടവരിലേക്ക് എത്തുന്നതെന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞിരുന്ന കോൺഗ്രസ് ഭരണകാലത്തെ സാഹചര്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണിത്.
ഗൗരവതരമല്ലാത്ത കുറ്റങ്ങളിലെ ക്രിമിനൽ വ്യവസ്ഥകൾക്ക് പകരം ഭരണപരവും സാമ്പത്തികവുമായ ചട്ടക്കൂടുകൾ കൊണ്ടുവരുന്നത് സാധാരണ പൗരന്മാരെ മാത്രമല്ല, ചെറുകിട വ്യാപാരികളെയും സഹായിക്കുന്നു. അതിനാല്‍ പരിഷ്കാരം സ്വാഗതാര്‍ഹമാണ്. ഗുരുതര നിയമലംഘനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് നിയമനിര്‍വഹണ സംവിധാനങ്ങള്‍ക്ക് അവസരമൊരുക്കുന്നു. നീതിന്യായ ഇടപെടൽ ആവശ്യമായ കേസുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കോടതികൾക്ക് ഇതിലൂടെ സാധിക്കുന്നു.
ഈ പരിഷ്കാരങ്ങളുടെ ഗുണങ്ങൾ ഭരണനിർവഹണത്തിനപ്പുറം വ്യാപിക്കുന്നു. ശക്തമായ മത്സരം നടക്കുന്ന ആഗോള സമ്പദ്‌വ്യവസ്ഥയിൽ നിയന്ത്രണ സംവിധാനങ്ങളുടെ വിശ്വാസ്യതയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. സാങ്കേതിക വീഴ്ചകളുടെ പേരിലെ ക്രിമിനൽ നടപടികള്‍ സംബന്ധിച്ച ആശങ്കകളായിരുന്നു നിക്ഷേപങ്ങളെ തടയുന്ന ഘടകങ്ങളെന്ന നിലയില്‍ ഏറ്റവുമധികം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. 2014നും 2025നും ഇടയിൽ ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 143% വർധനയുണ്ടായി. വര്‍ധന ഇപ്പോഴും തുടരുകയാണ്. നിയന്ത്രണ പരിഷ്കാരം ഈ വളർച്ചയുടെ സുപ്രധാന ഭാഗമായിരുന്നു. ഇന്ത്യയെ നിക്ഷേപങ്ങൾക്കും സംരംഭങ്ങൾക്കും കൂടുതൽ പ്രവചനീയവും വിശ്വസനീയവുമായ കേന്ദ്രമാക്കി മാറ്റിയ വളര്‍ച്ചയ്ക്ക് കരുത്തേകാനാണ് 2026ലെ ജന വിശ്വാസ നിയമം രൂപകല്പന ചെയ്തിരിക്കുന്നത്.
നീതിന്യായ വ്യവസ്ഥയ്ക്കും ഈ പരിഷ്കാരം വലിയ ആശ്വാസം പകരുന്നു. ജില്ലാ- കീഴ്ക്കോടതികളിലെ ഏകദേശം 4.9 കോടി കേസുകൾ ഉൾപ്പെടെ കെട്ടിക്കിടക്കുന്ന 5.5 കോടിയിലധികം കേസുകളിൽ പലതും ഇപ്പോൾ കുറ്റവിമുക്തമാക്കപ്പെട്ട നിസാര നിയന്ത്രണ ലംഘനങ്ങളുമായി ബന്ധപ്പെട്ടതാണ്. അത്തരം കേസുകളില്‍ കോടതിക്കു പുറത്തു ഭരണപരമായി തീര്‍പ്പു കൽപ്പിക്കുന്നത് വ്യാപാരസംബന്ധിയായ പരിഷ്കാരം മാത്രമല്ല. കോടതികളുടെ പരിമിതമായ സമയവും വിഭവങ്ങളും ഗുരുതര തർക്കപരിഹാരങ്ങള്‍ക്കും നീതിനിര്‍വഹണത്തിനും വേണ്ടി ഫലപ്രദമായി വിനിയോഗിക്കാന്‍ വഴിയൊരുക്കുന്ന നീതിന്യായ പരിഷ്കാരം കൂടിയാണ്.
ഗുരുതര നിയമലംഘനങ്ങൾക്ക് കടുത്ത പ്രത്യാഘാതങ്ങൾ തുടർന്നുമുണ്ടാകും. ദൃഢത ആവശ്യമായ ഇടത്ത് നിയമം സുദൃഢമായി തന്നെ നിലകൊള്ളുന്നു. ഇവിടെ മാറുന്നത് സമീപനമാണ്. ഭരണ നിര്‍വഹണം സംശയത്തിൽ നിന്ന് വിശ്വാസത്തിലേക്കും, കുറ്റവിചാരണയിൽ നിന്ന് തിരുത്തലുകളിലേക്കും, ഭയത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കും മാറിയിരിക്കുന്നു.