ഫാ. പ്രെയ്സ് തൈപ്പറമ്പിൽ

 

file photo

Special Story

അന്നത്തെ സ്ഥാനാർഥി ഇന്നത്തെ വൈദികനായി വിരമിക്കാനൊരുങ്ങുന്നു

തന്‍റെ കന്നിവോട്ട് തനിക്കു തന്നെ രേഖപ്പെടുത്താൻ കഴിഞ്ഞു എന്ന പ്രത്യേകതയും അന്നുണ്ടായിയെന്നും ഫാ. പ്രെയ്സ് തൈപ്പറമ്പിൽ

MV Desk

അങ്കമാലി: 1987ൽ ആലുവ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച സ്ഥാനാർഥി കേരളം ഇപ്പോൾ മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് ഫലത്തിനായി കാത്തിരിക്കുമ്പോൾ വൈദികനായി വിരമിക്കാനൊരുങ്ങുന്നു. ഒരു കാലത്ത് കേരള രാഷ്‌ട്രീയത്തിലെ ശ്രദ്ധേയനായ കർഷക തൊഴിലാളി പാർട്ടിയുടെ (കെടിപി) ചെയർമാനായിരുന്ന ഫാ. ജോസഫ് വടക്കൻ നേതൃത്വം നൽകിയിരുന്ന പ്രതികരണ വേദിയുടെ സ്ഥാനാർഥി എന്ന നിലയിലാണ് പ്രെയ്സ് തൈപറമ്പിൽ നിയമസഭാ മത്സര രംഗത്തെത്തുന്നത്. അന്നത്തെ ബിരുദ വിദ്യാർഥിയും സാമൂഹിക പ്രവർത്തകനുമായിരുന്ന അദ്ദേഹം ആലുവയിൽ സ്ഥാനാർഥിയായി കളത്തിലിറങ്ങുമ്പോൾ അന്ന് അദ്ദേഹം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു. 987 വോട്ടുകൾ നേടി മറ്റു സ്വതന്ത്രന്മാരേക്കാൾ മുന്നിലെത്തി.

അന്ന് ആലുവ നിയോജക മണ്ഡലം ഇന്നത്തെ കളമശേരി മണ്ഡലം കൂടി ഉൾപ്പെട്ട പ്രദേശങ്ങളായിരുന്നു. വൈദികനാകാൻ ചെറുപ്പം മുതൽ നിശ്ചയിച്ചുറപ്പിച്ച ഇദ്ദേഹം സാമൂഹിക പ്രവർത്തനത്തിന്‍റെ ആദ്യ ചുവടുവയ്പായിട്ടാണ് അക്കാലത്തെ ഇലക്‌ഷനെ കണ്ടത്. ചിഹ്നം ത്രാസ് ആയതുകൊണ്ട് പലരും അന്ന് വ്യാപാരി- വ്യവസായികളുടെ സ്ഥാനാർഥിയാണെന്നു വരെ തെറ്റിദ്ധരിച്ചിരുന്നു.

തന്‍റെ കന്നിവോട്ട് തനിക്കു തന്നെ രേഖപ്പെടുത്താൻ കഴിഞ്ഞു എന്ന പ്രത്യേകതയും അന്നുണ്ടായിയെന്നും ഫാ. പ്രെയ്സ് തൈപ്പറമ്പിൽ പറയുന്നു. വൈദിക പട്ടം ലഭിച്ച് മാനന്തവാടിയിൽ എത്തിയപ്പോഴും ആദിവാസികളുടെ ക്ഷേമപ്രവർത്തനങ്ങളിലും മുൻപത്തെ രാഷ്‌ട്രീയ പ്രവർത്തനം ഏറെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈദികനാകുന്നതിന് മുൻപ് "നമ്മുടെ ശബ്ദം' മാസികയുടെ പത്രാധിപരായിരുന്ന പ്രെയ്സ് കൊച്ചിയിൽ നിന്ന് ഇറങ്ങിയിരുന്ന "കേരള ടൈംസ് ' ദിനപത്രത്തിന്‍റെ റിപ്പോർട്ടറുമായിരുന്നു. ഏകദേശം 35 വർഷത്തോളം സിഎസ്ഐ ഉത്തര കേരള മഹായിടവകയിലും ശേഷം സിഎസ്ഐ കൊച്ചിൻ മഹായിടവകയിലും സേവനമനുഷ്ഠിച്ച അദ്ദേഹം പെരിന്തൽമണ്ണ സിഎസ്ഐ ചർച്ചിലാണ് ശുശ്രൂഷാ ജീവിതം ആരംഭിച്ചത്.

മാനന്തവാടി, അടിമാലി, ഫോർട്ടുകൊച്ചി, തൃശൂർ മണ്ണുത്തി, എളംകുളം, മൂന്നാർ, ആലുവ, കളമശേരി, ചാലക്കുടി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച് ഇദ്ദേഹം ഈ ഏപ്രിൽ 30ന് ചാലക്കുടി സെന്‍റ് ജോൺസ് സിഎസ്ഐ ദേവാലയത്തിൽ നിന്ന് വിരമിക്കുകയാണ്. ഇതിനിടെ കൊച്ചിൻ മഹായിടവക സോഷ്യൽ ബോർഡ് ഡയറക്റ്റർ, വൈദിക സെക്രട്ടറി, ബിഷപ്പ്സ് കമ്മിസറി, സിഎസ്ഐ സിനഡ് എക്സിക്യൂട്ടീവ് അംഗം, സിഎസ്ഐ സഭയുടെ വിവിധ മഹായിടവകകളിലെ അഞ്ച് ബിഷപ്പുമാരെ തെരഞ്ഞെടുക്കുന്ന സമിതി അംഗം എന്നീ ഉന്നത പദവികൾ വഹിച്ചു.

ഇദ്ദേഹത്തിന്‍റെ സഹധർമിണി ഡോ. ജിജി ജോർജ് പെരുമ്പാവൂർ മാർത്തോമ വിമൻസ് കോളെജിന്‍റെ പ്രിൻസിപ്പൽ ഇൻ ചാർജ് ആയി റിട്ടയർ ചെയ്തു. ഏകമകൾ സ്നേഹ, ഭർത്താവ് കെവിൻ എന്നിവർ കുഞ്ഞുമകൾ എസ്റ്റെലയുമായി ജർമനിയിലാണ്.

വളരെ മുമ്പ് ഒരു നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ വൈദിക സെമിനാരിയിലേക്ക് പോയ ഇദ്ദേഹം ഇപ്പോൾ മറ്റൊരു നിയമസഭാ തെരത്തെടുപ്പു കഴിഞ്ഞ് ഫലം കാത്തിരിക്കവേ റിട്ടയർ ചെയ്യുന്നു എന്നത് യാദൃശ്ചികമാകാം. ഇപ്പോൾ പെരുമ്പാവൂരിൽ സ്ഥിരതാമസമാക്കിയ ഇദ്ദേഹം ശേഷിച്ച കാലം മത- ജാതി- വർഗ- വർണ വിഭാഗങ്ങൾക്ക് അതീതമായി സകല ജനങ്ങൾക്കും വേണ്ടി സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനാണ് ആഗ്രഹിക്കുന്നത്.

സ്കൂൾ പൂട്ടിയത് ആഘോഷിക്കാനിറങ്ങി; 13ാം വളവിൽ നിന്ന് ട്രാവലർ പതിച്ചത് 9ാം വളവിലേക്ക്, നൊമ്പരമായി ചിത്രം

ഹോർമൂസ് പൂർണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

"രാഹുലിന്‍റെ സംസാരം കേട്ടാൽ തലവേദനയെടുക്കും, എന്തൊരു ശല്യമാണ്": പരിഹസിച്ച് കങ്കണ

വാൽപ്പാറയിൽ വാഹനാപകടം: ഒൻപത് മലയാളികൾ മരിച്ചു

മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ല, വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ പരാജയപ്പെട്ടു