ബംഗാളിൽ പുതിയ പ്രഭാതം
രാജ്യരക്ഷാ മന്ത്രി
"ഹേ നൂതൻ, ദേഖാ ദിക്കാർ ബാർ, ജന്മരൊ പ്രഥമ ശുഭക്ഷണം'- ഹേ നവ ജന്മമേ, മംഗളകരമായ ശുഭവേളയിൽ ഒരിക്കൽ കൂടി സ്വയം വെളിപ്പെടുത്തിയാലും.
ബംഗാളിന്‍റെ നിരന്തരം നവീകരിക്കപ്പെടുന്ന ചൈതന്യത്തോടുള്ള ഒരാഹ്വാനമായി - ഒരു പ്രാർഥനയായി - ഗുരുദേവ് രവീന്ദ്രനാഥ ടാഗോറാണ് ഈ വരികൾ എഴുതിയത്. അദ്ദേഹത്തിന്‍റെ ജന്മവാർഷികത്തിൽ അദ്ദേഹത്തെ ആദരിക്കാനും ഒരു ജന്മദിനം അർഥമാക്കുന്ന ഉണർവിന്‍റെയും നവീകരണത്തിന്‍റെയും ആനന്ദം ആഘോഷിക്കാനുമാണ് ഇത് പരമ്പരാഗതമായി പാടുന്നത്. ഈ മണ്ണ് കേവലം മാറുകയല്ല, മറിച്ച് നിരന്തരം പുനർജനിക്കുകയാണെന്ന് ഗുരുദേവ് മനസിലാക്കിയിരുന്നു.
ഗുരുദേവ് ടാഗോറിന്‍റെ 165ാം ജന്മവാർഷികത്തിന് ഒരാഴ്ച തികയും മുമ്പ് ചരിത്രപരമായ ഒരു മാറ്റത്തിന് അദ്ദേഹത്തിന്‍റെ ജന്മനാടായ പശ്ചിമ ബംഗാൾ സാക്ഷ്യം വഹിച്ചു എന്നത് സന്തോഷകരമായ ഒരു യാദൃച്ഛികതയാണ്. മെയ് 4ന് പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി ചരിത്രവിജയം നേടി. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഈ തെരഞ്ഞെടുപ്പ് ഒരിക്കലും കേവലമൊരു രാഷ്‌ട്രീയ മത്സരമായിരുന്നില്ല. ഈ മഹത്തായ ഭൂമിയുടെ നഷ്ടപ്പെട്ട ചൈതന്യം, തെരഞ്ഞെടുപ്പു പരിഗണനകൾക്ക് അതീതമായ സംസ്കാരം പുനഃസ്ഥാപിക്കാനുള്ള അവസരമായിരുന്നു.
ഇന്ന്, രാഷ്‌ട്രീയത്തിന്‍റെ ആരവങ്ങൾ മാറ്റിവച്ച് ആഴമേറിയ ഒരു ചോദ്യം ഉന്നയിക്കുന്നത് മൂല്യവത്തായിരിക്കും: യഥാർഥത്തിൽ എന്താണ് ബംഗാൾ? ബംഗാളിനെ പുനഃസ്ഥാപിക്കുക എന്നതിന്‍റെ അർഥമെന്താണ്? ബംഗാളിന്‍റെ വർത്തമാനകാലം മനസിലാക്കാൻ, ആദ്യം ബംഗാളിന്‍റെ ഭൂതകാലത്തെ തിരിച്ചറിയണം- പതിറ്റാണ്ടുകളുടെയല്ല; മറിച്ച്, നൂറ്റാണ്ടുകളുടെ ഭൂതകാലത്തെ മനസിലാക്കണം.
ബംഗാൾ ബൗദ്ധിക പരിഷ്കരണത്തിന്‍റെ ഒരു പര്യായമായി മാറുന്നതിന് വളരെ മുമ്പുതന്നെ ഒരു പുണ്യഭൂമിയായിരുന്നു. 15ാം നൂറ്റാണ്ടിൽ, നബ ദ്വീപിലെ ഗംഗാതീരത്ത് നിമായ് എന്ന ചെറുപ്പക്കാരൻ (ലോകം അദ്ദേഹത്തെ ചൈതന്യ മഹാപ്രഭു എന്ന് വിളിക്കുന്നു) ഗാനാലാപനം നടത്തി. ആ കീർത്തനം വെറും സംഗീതമായിരുന്നില്ല, ഭക്തിയെ ഉൾക്കൊണ്ട ഒരു സാമൂഹിക പരിഷ്കരണ പ്രസ്ഥാനമായിരുന്നു. അദ്ദേഹം തൊട്ടുകൂടാത്തവരെ കൂട്ടത്തിൽച്ചേർത്തു, പണ്ഡിതരോടൊപ്പം നൃത്തം ചെയ്തു, ദൈവിക സ്നേഹം പ്രത്യേകം കൽപ്പിച്ചു നൽകിയവർക്കല്ല എല്ലാവർക്കുമാണെന്ന് പ്രഖ്യാപിച്ചു. അദ്ദേഹം ജ്വലിപ്പിച്ച വൈഷ്ണവ വാദം ബംഗാളിന്‍റെയും ഇന്ത്യയുടെയും സന്തോഷകരവും സമഗ്രവുമായ ആത്മീയ അന്തഃസത്തയായി മാറി.
രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം, അതേ അന്തഃസത്ത അതിന്‍റെ ലൗകിക പൂരകത്തെ ബാവുൾ പാരമ്പര്യത്തിൽ കണ്ടെത്തി- ജാതി ഇല്ലാത്ത, വേദഗ്രന്ഥം വഹിക്കാത്ത, "മൊനേർ മാനുഷ് ' (ആദർശ വ്യക്തി) പാടി അലഞ്ഞുതിരിയുന്ന മിസ്റ്റിക്കുകൾ. അവരിൽ ഒരു മതത്തിനും അവകാശപ്പെടാൻ കഴിയാത്ത, എല്ലാ പാരമ്പര്യങ്ങളെയും സ്വീകരിച്ച ലാലൻ ഫക്കീറിനെക്കാൾ തേജസുള്ള മറ്റാരുമില്ല. ഹിന്ദുവോ മുസ്‌ലീമോ? ആർക്കും അറിയില്ല, എന്നാൽ അത് ആരെയും അലട്ടിയതുമില്ല. ആ അസാമാന്യ പ്രതിഭ ഒരു ബംഗാളിയായിരുന്നു.
കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളിൽ ബംഗാൾ ഇന്ത്യയുടെ ധാർമിക ഉണർവിൽ പങ്കുചേരുക മാത്രമല്ല, അതിനെ ഊട്ടിയുറപ്പിക്കുകയും ചെയ്തു. കർക്കശവും ദുഷിച്ചതുമായ ആചാരങ്ങൾ നിറഞ്ഞ ഒരു സമൂഹത്തെ രാജാ റാംമോഹൻ റോയ് കണ്ടു. ആ സമൂഹം പാരമ്പര്യം ഉപേക്ഷിക്കാനോ അന്ധമായി അതിനു കീഴടങ്ങാനോ തീരുമാനിച്ചിരുന്നില്ല. അദ്ദേഹം ആ സമൂഹത്തെ പരിഷ്കരിച്ചു, സതി നിർത്തലാക്കലിനായി പോരാടുകയും സ്വയം ഉയിർത്തെഴുന്നേൽക്കാൻ സ്വന്തം മനഃസാക്ഷിയിലേക്കു നോക്കാൻ സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഈശ്വരചന്ദ്ര വിദ്യാസാഗർ ആ ചൈതന്യത്തെ മുന്നോട്ടു വഹിച്ചു. വിദ്യാഭ്യാസത്തെ, പ്രത്യേകിച്ച് സ്ത്രീകൾക്ക് ലഭ്യമാക്കിക്കൊണ്ട് ഒരു വിമോചന പ്രവർത്തനമാക്കി മാറ്റി.
ബങ്കിം ചന്ദ്ര ചതോപാധ്യായ രാജ്യത്തിന് ആദ്യത്തെ മഹത്തായ നോവൽ സമ്മാനിച്ചു; അതിൽ വന്ദേമാതരം ഉൾപ്പെടുന്നു. ഒരു നൂറ്റാണ്ടോളം സ്വാതന്ത്ര്യസമര സേനാനികളുടെ അധരങ്ങളിൽ നിന്ന് പ്രതിധ്വനിക്കുകയും ഇന്നും എല്ലാ ഇന്ത്യക്കാരും ആലപിക്കുകയും ചെയ്യുന്ന ഒരു സമരാഹ്വാനം. സ്ത്രീകളെ സ്വയംപര്യാപ്തത നേടുന്നതിനും സ്വാതന്ത്ര്യത്തിലേക്കും പ്രചോദിപ്പിച്ച ഇന്ത്യയിലെ പ്രഥമ വനിതാ ഡോക്റ്റർ ഡോ. കാദംബിനി ഗാംഗുലിയെയും ബംഗാൾ ഇന്ത്യയ്ക്കു നൽകി. അടിയുറച്ച ദേശീയവാദിയായ ഡോ. ശ്യാമപ്രസാദ് മുഖർജി ഇന്ത്യയുടെ ഐക്യത്തിനായി തന്‍റെ ജീവൻ ബലിയർപ്പിച്ചു.
ബംഗാൾ ജന്മം നൽകിയ അസാമാന്യ പ്രതിഭകളിലും മഹാത്മാക്കളിലും, ഒരുപക്ഷേ, സ്വാമി വിവേകാനന്ദൻ ഏറ്റവും പ്രബുദ്ധതയോടെയും തേജസോടെയും നിലകൊള്ളുന്നു. 1893ലെ ചിക്കാഗോ ലോക മത പാർലമെന്‍റിലെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിൽ സ്വാമി ഹിന്ദുമതത്തിന്‍റെ മഹത്വം ലോകത്തിനു പരിചയപ്പെടുത്തുകയും മതഭ്രാന്ത് അവസാനിപ്പിക്കാനും മതസഹിഷ്ണുത സ്വീകരിക്കാനും ആഹ്വാനം നടത്തുകയും ചെയ്തു. എന്നാൽ അദ്ദേഹം സ്വന്തം നാട്ടിൽ തിരിച്ചെത്തിയപ്പോൾ സ്വന്തം ജനതയോട് ഒരു കാര്യം പറഞ്ഞു:
'കരുത്തില്ലാത്ത ആത്മീയത വൈകാരികതയാണ്, വിശക്കുന്ന മനുഷ്യനെ തത്ത്വചിന്ത പഠിപ്പിക്കാൻ കഴിയില്ല. ദേവതയെ ക്ഷേത്രത്തിൽ മാത്രമല്ല, സ്ത്രീയിലും ദരിദ്രരിലും രാഷ്‌ട്രത്തിൽ തന്നെയും കാണണമെന്നും ആരാധിക്കണ"മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതാണ് ബംഗാൾ. ബംഗാൾ എപ്പോഴും ഇങ്ങനെയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിനെ കാണുന്നത് ഇപ്രകാരമാണ്; കഴിഞ്ഞുപോയ കാലത്തെ തിരിഞ്ഞുനോക്കുന്നില്ല; തീർച്ചയായും മറ്റൊരു അന്യഗ്രഹ ഭൂമിയായി ഈ പ്രദേശത്തെ മാറ്റുന്നില്ല, മറിച്ച് ബംഗാളിനെ അതിന്‍റെ നാഗരിക ആലസ്യത്തിൽ നിന്നും ഉണർത്താനും അതിന്‍റെ പൂർണ ശേഷി തിരികെ എത്തിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.
വളരെക്കാലമായി, ബംഗാളിലെ ബൗദ്ധിക- രാഷ്‌ട്രീയ വിഭാഗത്തിലെ ചില ആളുകൾ സ്വന്തം നാഗരിക പാരമ്പര്യത്തെ ഒരു നാണക്കേടായി കണക്കാക്കി. അത് മറികടക്കേണ്ടതോ കൊളോണിയൽ പ്രത്യയശാസ്ത്രങ്ങൾ ഉപയോഗിച്ച് പുനഃസ്ഥാപിക്കേണ്ടതോ ആയ ഒന്നായി അവർ കണക്കാക്കി. പതിറ്റാണ്ടുകളായി മുരടിച്ച വികസനം, സ്ഥാപനപരമായ തകർച്ച, ബംഗാളിന്‍റെ ബഹുസ്വര ആത്മാവിനെ എതിർക്കാതെ ധർമത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും സംസാരിക്കാൻ ധൈര്യപ്പെട്ടവരെ നിശബ്ദരാക്കൽ എന്നിവയായിരുന്നു അതിന്‍റെ ഫലം.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തെ കേവലമൊരു ജനവിധിയായി മാത്രം കാണരുത്. ബംഗാളിനെ അതിന്‍റെ വേരുകളിൽ നിന്നും മൂല്യങ്ങളിൽ നിന്നും അകറ്റി നിർത്തിയവർക്കെതിരായ പൊതുജനാഭിപ്രായത്തെ ഇത് പ്രതിനിധാനം ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഒരിക്കലും അധികാരത്തിനായുള്ള പോരാട്ടമായിരുന്നില്ല. അതൊരു പവിത്രമായ ശ്രമമായിരുന്നു - നഷ്ട പ്രതാപം വീണ്ടെടുക്കാനുള്ള "യജ്ഞം'.
പ്രധാനമന്ത്രിക്ക് ബേലൂർ മഠത്തോടുള്ള ആഴമായ അടുപ്പവും സ്വാമി വിവേകാനന്ദനോടുള്ള ആദരവും സദ്ഭരണത്തെ സേവനമായി, സേവനത്തെ ഒരു ആരാധനാരീതിയായി രൂപപ്പെടുത്തിയതിൽ കാണാം. ഇവ രാഷ്‌ട്രീയ പ്രസ്താവനകളല്ല. ബംഗാളിന്‍റെ ഗതകാല പ്രതാപം വീണ്ടെടുക്കാനും മഹത്വപൂർണവും സുരക്ഷിതവുമായ ഭാവിയിലേക്ക് മുന്നേറാനുമുള്ള പ്രചോദനം അവ നൽകുന്നു. തന്‍റെ "പ്രധാന ധർമം' നിർവഹിക്കുന്ന ഒരു "പ്രധാന സേവകന്‍റെ' ഉദാഹരണമാണിത്.
ബംഗാളിനെ പുനഃസ്ഥാപിക്കുക എന്നാൽ ചൈതന്യ മഹാപ്രഭു പാടിയ ഘാട്ടുകളുടെ തീരത്ത് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുക എന്നതാണ്; ഈശ്വര ചന്ദ്ര വിദ്യാസാഗർ സ്വപ്നം കണ്ട സ്കൂളുകൾക്ക് ധനസഹായം നൽകുക എന്നതാണ്; നൂറ്റാണ്ടുകളായി ഇന്ത്യയെ വിദ്യാഭ്യാസ മേഖലയിൽ നയിച്ച നാട്ടിൽ ഉന്നത സർവകലാശാലകൾ നിർമിക്കുക എന്നതാണ്; എല്ലാ ഗോത്ര സഹോദരീസഹോദരന്മാർക്കും അന്തസ് സമ്മാനിക്കുക എന്നതാണ്. ബംഗാളിലെ ഭരണകക്ഷികളുടെ ഇടപെടലിൽ വളരെക്കാലമായി ചിറ്റമ്മ നയം നേരിടേണ്ടിവന്ന പർവത പ്രദേശങ്ങളിലെ ജനങ്ങളുടെ അഭിലാഷങ്ങളോട് പ്രതികരിക്കുക എന്നതാണ് ഇത് അർഥമാക്കുന്നത്.
ഹേ നൂതൻ, അല്ലയോ നവജന്മമേ, ഒരിക്കൽ കൂടി സ്വയം വെളിപ്പെടുത്തുക. പ്രധാനമന്ത്രി മോദിയുടെ മാർഗനിർദേശപ്രകാരം ബംഗാളിലെ ഓരോ പുത്രീപുത്രന്മാരുടെയും അനുഗ്രഹത്താൽ, ബംഗാളിലെ ആദ്യത്തെ ബിജെപി ഗവൺമെന്‍റ് ഇനി മുതൽ അവരുടെ "സേവനം' നിർവഹിക്കുന്നതിനുള്ള പ്രാർഥനയാണിത്. കഴിഞ്ഞ അരനൂറ്റാണ്ടിൽ ബംഗാളിന്‍റെ മികച്ച ദിനങ്ങൾ അസ്തമിച്ചതായി തോന്നി. ഇന്ന് സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും ഊർജസ്വലമായ ഒരു പുതിയ ജീവിത വാഗ്ദാനത്തിനു മുന്നിൽ ബംഗാൾ പുനർജനിച്ചിരിക്കുന്നു.