#എം. ബി. സന്തോഷ്
"മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി' എന്ന് കെ.എസ്. ചിത്ര പാടുമ്പോൾ "മഞ്ഞക്കുറിമുണ്ടു ചുറ്റി മുറ്റത്തുവന്നു ചിരിതൂകി' നിന്ന ആ പൊന്നോണപ്പൂവിനെ മലയാളമറിയുന്നവരെല്ലാം നേരിട്ടു കാണുകയാണ്! "നഖക്ഷതങ്ങൾ' സിനിമ കണ്ടവർക്ക് ആ ചിരി ഒരുപക്ഷേ, മോനിഷ എന്ന നായികയുടേതായി തോന്നുമെന്നു മാത്രം. ആ സിനിമ കാണാത്തവരുടെ മനസിലും "നെഞ്ചിലെ മൈനയുടെ തേങ്ങൽ' അനുഭവിപ്പിച്ചതായിരുന്നു ആ ആലാപനം.
"ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി'യെക്കുറിച്ച് "വൈശാലി'യ്ക്കായി ചിത്ര പാടുമ്പോൾ "ചന്ദനപ്പൂം പുടവ ചാർത്തിയ രാത്രി' നമ്മുടെ മുന്നിലേക്കു വരികയാണ്. "പൂവല്ല പൂനിലാവിൻ കിരണമല്ലോ നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ' എന്ന് ഗാനാസ്വാദകർ അറിയുകയാണ്, ആനന്ദിക്കുകയാണ്...
ഈ രണ്ടു പാട്ടുകളുടെയും സവിശേഷത ഒ.എൻ.വി. കുറുപ്പ് രചിച്ച് ബോംബെ രവി ഈണം നൽകി കെ.എസ്. ചിത്ര ആലപിച്ചു എന്നതു മാത്രമല്ല, രണ്ട് സിനിമകളുടെയും രചന നിർവഹിച്ചത് എം.ടി. വാസുദേവൻ നായരുമായിരുന്നു! ഈ പ്രിയ ഗായികയ്ക്ക് 6 തവണ ദേശീയ അവാർഡ് ലഭിച്ചപ്പോൾ മലയാളത്തിന് അർഹതപ്പെട്ട ആ 2 പാട്ടുകളും ഈ ടീമിന്റേതായിരുന്നു!
ചിത്രയ്ക്ക് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത് 1986ൽ പുറത്തിറങ്ങിയ "പാടറിയേൻ പഠിപ്പറിയേൻ' എന്ന ഗാനത്തിനായിരുന്നു. "സിന്ധുഭൈരവി' എന്ന ഹിറ്റ് ചിത്രത്തിലെ ഈ പാട്ട് ഇളയരാജയുടെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായാണ് വിലയിരുത്തുന്നത്. നാടൻ പാട്ടിന്റെ ഈണത്തിൽ വളരെ മെല്ലെയാരംഭിക്കുന്ന പാട്ട് അടിമുടി കർണാടക സംഗീതമായാണ് പിന്നീടു മാറുന്നത്. ചിത്ര എന്ന ഗായികയെ ദേശീയതലത്തിൽ ആദ്യമായി അടയാളപ്പെടുത്തിയ പാട്ടായി അത് മാറി. "മാനാ മദുരൈ' (1996- മിൻസാരക്കനവ്, തമിഴ്), "പായലേം ചൻമൻ' (1997-വിരാസത്, ഹിന്ദി), "ഒവ്വരു പൂക്കളുമേ' (2004- ഓട്ടോഗ്രാഫ്, തമിഴ്) എന്നിവയാണ് ചിത്രയ്ക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത മറ്റ് പാട്ടുകൾ.
ഇതിത്രയും ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്. ചിത്രയ്ക്ക് ഇന്ന് ഷഷ്ടിപൂർത്തിയാണ്. മലയാളിയുടെ മാത്രമല്ല, ഇന്ത്യൻ ഗാനാസ്വാദകരുടെ മനസിലെ വസന്ത കോകിലത്തിന് നിത്യയൗവനമാണ്. യേശുദാസ് എന്ന ഗന്ധർവ വിസ്മയത്തിന്റെ നാട്ടിലെ മറ്റൊരു സുന്ദര വിസ്മയം. മലയാളത്തിന്റെ വാനമ്പാടിയാണ് ഈ ഗായിക. ആന്ധ്രക്കാർക്ക് "സംഗീത സരസ്വതി', തമിഴ് നാട്ടുകാർക്ക് "ചിന്നക്കുയിൽ', കർണാടകക്കാർക്ക് "കന്നഡ കോകില', മറാത്തികൾക്ക് "പിയ ബസന്തി'... അങ്ങനെ പാടിയ ഇടത്തെല്ലാം പ്രിയങ്കരിയായിത്തീർന്ന ഗായികയാണ് ചിത്ര.
മലയാളത്തിനു പുറമെ, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ആയിരക്കണക്കിന് പാട്ടുകളാണ് ആലപിച്ചത്. 25,000ലേറെ എന്ന കണക്ക് പലേടത്തും കണ്ടു. അത് ശരിയാണെന്ന് തോന്നുന്നില്ല. 20 വയസിനു ശേഷമാണ് ചിത്രയുടെ പിന്നണി ഗാന ജീവിതം സജീവമായത്. 40 വർഷം പ്രതിദിനം ഒരു പാട്ടുവച്ച് റെക്കോർഡ് ചെയ്യപ്പെട്ടു എന്നാണെങ്കിൽ പോലും അത് 15,000ത്തിൽ താഴെയേ വരൂ. എണ്ണത്തിലല്ലല്ലോ കാര്യം.
ഏത് ഭാഷയിലായാലും എത്ര കൊടിയ വിഷാദത്തെയും അലിയിച്ചുകളയുന്ന ആർദ്രമധുരമായ ഇളംതെന്നലിന്റെ പേരാണ് കെ.എസ്. ചിത്ര. അതുതന്നെയാണ് ഭാഷാതീത പുരസ്കാരങ്ങളായി ഈ ഗായികയെ തേടിയെത്തിയത്. ചിത്രയ്ക്ക് ലഭിച്ച ബഹുമതികൾ നോക്കൂ: ദേശീയ അവാർഡ് 6 പ്രാവശ്യം കിട്ടിയതിനു പുറമെ 2005ൽ പദ്മശ്രീ, 2021ൽ പദ്മവിഭൂഷൺ...
യുകെയിലെ ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസ് അംഗീകരിച്ച ആദ്യത്തെ ഇന്ത്യൻ വനിതയാണ് ചിത്ര. 2005ലായിരുന്നു ഇത്. 2009ൽ കിംഗ്ഹായ് ഇന്റർനാഷണൽ മ്യൂസിക് ആൻഡ് വാട്ടർ ഫെസ്റ്റിവലിൽ ചൈന സർക്കാരിന്റെ ബഹുമതി നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക ഗായികയുമാണ്. 2001ൽ റോട്ടറി ഇന്റർനാഷണലിന്റെ അവാർഡിന് അർഹയായി. 16 തവണ കേരള സംസ്ഥാന സർക്കാരിന്റെ അവാർഡ്, 9 തവണ ആന്ധ്ര സംസ്ഥാന സർക്കാരിന്റെ അവാർഡ്, 4 തവണ തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ അവാർഡ്, 3 തവണ കർണാടക സംസ്ഥാന സർക്കാരിന്റെ അവാർഡ് എന്നിവ ഉൾപ്പെടെ കിട്ടിയ പുരസ്കാരങ്ങൾ ഒട്ടേറെ.
സംഗീതജ്ഞരും അധ്യാപകരുമായ കരമന കൃഷ്ണൻ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ പുത്രിയായി 1963 ജൂലൈ 27ന് ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. പ്രമുഖ ഗായിക കെ.എസ്. ബീന, ഗിറ്റാർ വിദഗ്ധൻ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങൾ. എൻജിനിയറായ വിജയശങ്കറാണ് ചിത്രയുടെ ഭർത്താവ്. 1987ലായിരുന്നു ഇവരുടെ വിവാഹം. 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന മകൾ നന്ദന, 2011 ഏപ്രിൽ 14ന് ഗായികയെ വിട്ടുപോയി.
ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് പിതാവ് കൃഷ്ണൻ നായരായിരുന്നു. അദ്ദേഹം തന്നെയായിരുന്നു സംഗീതത്തിലെ ആദ്യ ഗുരു. പിന്നീട് ഡോ. കെ. ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു. 1978 മുതൽ 1984 വരെ കേന്ദ്ര സർക്കാരിന്റെ നാഷനൽ ടാലന്റ് സേർച്ച് സ്കോളർഷിപ്പ് ലഭിച്ചു.
"ഓടക്കുഴല് വിളി ഒഴുകിയൊഴുകി വരും... ഒരു ദ്വാപര യുഗസന്ധ്യയില്...' എന്ന കാവാലം നാരായണപ്പണിക്കർ എഴുതി എം.ജി. രാധാകൃഷ്ണൻ ഈണമിട്ട ലളിതഗാനം യുവജനോത്സവ വേദികളിൽ പാടി ചിത്ര ആദ്യ സമ്മാനം നേടി. അതേ എം.ജി. രാധാകൃഷ്ണൻ ആണ് 1979ൽ ആദ്യമായി മലയാള സിനിമയിൽ പാടാൻ അവസരം നൽകിയത്. അദ്ദേഹത്തിന്റെ സംഗീതത്തിൽ "അട്ടഹാസ'മെന്ന ചിത്രത്തിൽ "ചെല്ലം ചെല്ലം' എന്ന ഗാനം പാടി. ഒരു വർഷത്തിനു ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത "നവംബറിന്റെ നഷ്ടം' ആയിരുന്നു. രാധാകൃഷ്ണന്റെ തന്നെ സംഗീത സംവിധാനത്തിൽ അരുന്ധതിയുമൊത്ത് പാടിയ "അരികിലോ അകലെയോ' എന്നതാണ് ഈ ഗാനം.
യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികൾ ചിത്രയുടെ ആദ്യ കാല സംഗീത ജീവിതത്തിലെ വളർച്ചയ്ക്ക് സഹായകമായി. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച "നീ താനാ അന്തക്കുയിൽ' എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ പിന്നീട് ഈ ഗായികയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നതേയില്ല.
രാജ്യത്തു തന്നെ ഏറ്റവും അധികം പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ഗായികമാരിൽ ഒരാൾ കൂടി ആണ് ചിത്ര. എസ്.പി. ബാലസുബ്രഹ്മണ്യവും ചിത്രയും ഇന്ത്യയിൽ ഏറ്റവും അധികം യുഗ്മഗാനങ്ങൾ പാടിയിട്ടുള്ള ഗായകരിൽ എടുത്തു പറയേണ്ടവരാണ്. 80, 90 കാലഘട്ടങ്ങളിൽ യേശുദാസിനെയും ചിത്രയേയും കൊണ്ട് യുഗ്മഗാനങ്ങൾ പാടിക്കാത്ത സംഗീത സംവിധായകർ ഉണ്ടാകില്ല.
ഹൃദയദ്രവീകരണ ശക്തിയുള്ളതെന്ന് കെ.പി. അപ്പൻ വിശേഷിപ്പിച്ച പാട്ടാണ് "രാജഹംസമേ മഴവില് കുടിലിൽ സ്നേഹദൂതുമായ് വരുമോ...' എന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി- ജോൺസൻ ടീമിന്റേതായ ആ പാട്ടിന് അമരത്വം നൽകിയ ആലാപനമായിരുന്നു ചിത്രയുടേത്.
യേശുദാസ്, ചിത്ര ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകർ മലയാളികളാണെന്നതു മാത്രമല്ല നമ്മുടെയൊക്കെ ഭാഗ്യം. ഇവരെപ്പോലുള്ള പ്രതിഭാശാലികളെ കേൾക്കാനും കാണാനും അവരുടെ കാലത്ത് ജീവിയ്ക്കാനും കഴിഞ്ഞു എന്നത് ഹൃദ്യമായ അനുഭവം. ഇന്ന് 60ന്റെ ജന്മദിനത്തിലെത്തിയ ഗന്ധർവ ഗായികയ്ക്ക് ആശംസകൾ. ഇനിയും ഒഴുകിയൊഴുകി വരട്ടെ ആ നാദധാര, തലമുറകളിൽ നിന്ന് തലമുറകളിലേക്ക്...