ലഹരിയുടെ തായ്‌വേരറുക്കുമോ "തൂഫാൻ' ദി - നാർക്കോ ഹണ്ട്

 
Special Story

ലഹരിയുടെ തായ്‌വേരറുക്കുമോ 'തൂഫാൻ' - ദി നാർക്കോ ഹണ്ട്

കോളെജുകളിൽ ലഹരി ഉപയോഗം തടയാൻ "ടുബാക്കോ മോണിറ്റേഴ്സ് ' എന്ന പേരിൽ വിദ്യാർഥികളും അധ്യാപകരും അടങ്ങിയ സംഘം ഉണ്ടാകണമെന്ന് യുജിസി നിർദേശിച്ചിട്ടുണ്ട്.

MV Desk

അഡ്വ. ചാർളി പോൾ

മായികമായി പ്രചോദിപ്പിച്ച്, ദുരന്തത്തിലൊടുക്കുന്ന മരണത്തിന്‍റെ ഏജന്‍റായ ലഹരിവസ്തുക്കൾക്കെതിരേ പുതിയ അധ്യയന വർഷം "തൂഫാൻ - ദി നാർക്കോ ഹണ്ട് ' എന്ന പേരിൽ കേരള സർക്കാർ ആരംഭിക്കുന്ന ലഹരിവേട്ട സ്വാഗതാർഹമാണ്. വില്പന തടയുക മാത്രമല്ല, വിപണനത്തിനെത്തുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുക കൂടിയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, വിൽക്കുന്നവർ, പ്രചരിപ്പിക്കുന്നവർ എന്നിവരെയെല്ലാം പൊലീസിന്‍റെ കർശന നിരീക്ഷണത്തിലാക്കിയും കര, കടൽ, ആകാശ മാർഗങ്ങളിലൂടെ വന്നെത്തുന്ന എല്ലാ ലഹരി വസ്തുക്കളെയും കണ്ടെത്തിയും നടപടി സ്വീകരിച്ചും വേട്ട ഊർജിതമാക്കേണ്ടതുണ്ട്. ആഡംബര ഹോട്ടലുകൾ, ഡിജെ പാർട്ടികൾ എന്നിവിടങ്ങളിലെ ലഹരി ഉപയോഗത്തിനെതിരേ കർശന നടപടികൾ ഉണ്ടാകണം.

മരണ വ്യാപാരികൾ

സ്കൂൾ വിദ്യാർഥികൾ, കൗമാരക്കാർ, യുവാക്കൾ എന്നിവരെയെല്ലാം മയക്കുമരുന്നിന്‍റെ കെണിയിൽ കുടുക്കി കൊല്ലുന്നവർ മനുഷ്യ ജീവനെ മാനിക്കാത്ത, പൈശാചിക സംസ്കാരമുള്ള മരണ വ്യാപാരികളാണ്. "കൊലപാതകി ഒരാളെയാണ് കൊല്ലുന്നതെങ്കിൽ ലഹരിക്കച്ചവടക്കാർ ഒരായിരം പേരെയാണ് കൊല്ലുന്നത് ' എന്ന സുപ്രീം കോടതിയിലെ വിധി വാചകം ശ്രദ്ധേയമാണ്.

സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണി രാസ ലഹരികളുടെ ഉപഭോഗവും വ്യാപനവുമാണ്. നഗരങ്ങൾ മുതൽ ഗ്രാമങ്ങൾ വരെ ലഹരി മരുന്നിന് അടിമപ്പെട്ടവരെയും ഇവർക്ക് വിൽപ്പന നടത്തുന്നവരെയും കൊണ്ട് നിറഞ്ഞു കവിഞ്ഞു. സ്കൂൾ - കോളെജ് പരിസരങ്ങൾ ലഹരിക്കച്ചവടക്കാരുടെ വിഹാര കേന്ദ്രങ്ങളാണ്. ബസ് സ്റ്റോപ്പുകൾ, ബസ് സ്റ്റാൻഡുകൾ, ബീച്ച്, നഗരവീഥികൾ, സ്റ്റേഡിയങ്ങൾ, റെയ്‌ൽവേ പരിസരങ്ങൾ, ഒഴിഞ്ഞ പ്രദേശങ്ങൾ എന്നിങ്ങനെ ഏതു സ്ഥലവും ഇവരുടെ താവളമാണ്. ആവശ്യക്കാർ എവിടെയും ഇവരെ തേടിയെത്തും. ആവശ്യക്കാരെ തേടി അവരുമെത്തും. കൗമാരമാണ് ലഹരിയുടെ പ്രധാന ഉന്നം. രാസലഹരി വ്യാപനം വല്ലാത്ത ഭീതിതമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആൾത്തിരക്കിനിടയിൽ മറഞ്ഞിരുന്ന് മരണത്തിന്‍റെ വ്യാപാരികൾ എവിടെയും വന്നെത്തുന്നു. രാസലഹരിയുടെ വകഭേദങ്ങൾ എവിടെയും അവർ സുലഭമാക്കുന്നു.

ഭീതി ജനിപ്പിക്കുന്ന കണക്കുകൾ

ഡ്രഗ്‌സ് ആൻഡ് ക്രൈം സംബന്ധിച്ച് ഐക്യരാഷ്‌ട്ര സഭയുടെ ഓഫിസ് വർഷം തോറും പ്രസിദ്ധീകരിക്കുന്ന വേൾഡ് ഡ്രഗ് റിപ്പോർട്ട് പ്രകാരം 36.3 ദശലക്ഷത്തിലധികം പേർ മയക്കുമരുന്ന് ഉപയോഗ വൈകല്യങ്ങൾ അനുഭവിക്കുന്നു. 200 ദശലക്ഷം പേർ നിരോധിത മയക്കുമരുന്നുകൾ ഉപയോഗിക്കുന്നു. ഓരോ വർഷവും ഏകദേശം 2 ലക്ഷം പേർ ലഹരിയുടെ അനധികൃത കടത്തു കൈകാര്യം ചെയ്യുന്നു. 275 ലക്ഷത്തിലേറെ പേർ മയക്കുമരുന്നിന് അടിമപ്പെട്ടു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യയിൽ പഞ്ചാബ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലഹരി ഉപയോഗം കേരളത്തിലാണ്. 2025 ഓഗസ്റ്റ് വരെ കേരള എക്സൈസ് രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസുകൾ 8,622 ആണ്. 2024 ൽ രജിസ്റ്റർ ചെയ്തത് 8,160 കേസുകളായിരുന്നു. 2025ൽ പൊലീസ് - എക്സൈസ് സംയുക്ത പരിശോധനകളിൽ 18, 427 ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്തു. 19,168 പേരെ അറസ്റ്റു ചെയ്തു. കേരളത്തിലെ 1,057 സ്കൂളുകൾ ലഹരി മാഫിയ നോട്ടമിട്ടിരിക്കുന്ന പ്രശ്നബാധിത സ്കൂളുകളാണ് എന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ട്. 2023 മുതൽ ലഹരിപദാർഥ ഉപയോഗത്തിൽ 360% വർധനവായിരുന്നെങ്കിൽ ഇന്നത് പതിന്മടങ്ങ് വർധിച്ചു. അനുദിനം വിശാലമാവുകയാണ് ലഹരിയുടെ ലോകം. കേരളം ലഹരി മാഫിയയുടെ കരാളഹസ്തങ്ങളിൽ ഞെരിഞ്ഞമരുകയാണ്.

എലിക്കെണി പോലെ രാസലഹരികൾ

സർവനാശത്തിലേക്കാണ് ലഹരികൾ വഴി തുറക്കുന്നത്. ഒറ്റത്തവണ ഉപയോഗിച്ചാൽ മതി, തീർന്നു ജീവിതം. എലിക്കെണി പോലെയാണിത്. "പെട്ടാൽ പെട്ടു, പിന്നെ രക്ഷയില്ല'. ജിജ്ഞാസ കൊണ്ട് ഉപയോഗിച്ചു നോക്കാൻ പറ്റിയ ഒന്നല്ല രാസ ലഹരികൾ. തലച്ചോറിലാണ് രാസ ലഹരികൾ നാശം വിതയ്ക്കുക. ചിന്തയിലും കാഴ്ചപ്പാടിലും ഇന്ദ്രിയാനുഭൂതികളിലും വികാരത്തിലും സ്വഭാവത്തിലും അവ മാറ്റം വരുത്തുന്നു. തലച്ചോറിലെ നാശം ചികിത്സിച്ചു സുഖപ്പെടുത്തുക ഒട്ടും എളുപ്പമല്ല.

ഏതു വ്യക്തിയും രാസ ലഹരിക്ക് അടിമപ്പെടാൻ സാധ്യതയുള്ളവരാണ്. എന്നാൽ ബുദ്ധിപരമായി പിന്നോക്കം നിൽക്കുന്നവർ, മാനസിക രോഗങ്ങളുള്ളവർ, കുടുംബത്തിൽ മദ്യപാന രോഗമുള്ളവർ, പഠന വൈകല്യമുള്ളവർ, കുട്ടിക്കാല കൗമാര പ്രശ്നമുള്ളവർ, തകർന്ന കുടുംബങ്ങളിൽ നിന്ന് വരുന്നവർ, താളപ്പിഴയുള്ള മാതാപിതാക്കളുടെ മക്കൾ എന്നിവർ ലഹരിക്ക് അടിമപ്പെടാനുള്ള സാധ്യത വളരെ കൂടുതലുള്ളവരാണ്.

പ്രതിരോധം എങ്ങനെ?

ലഹരിയുടെ വലകൾ ചിന്തിക്കാൻ പോലുമാകാത്ത വിധം സങ്കീർണമാണ്. എങ്ങനെ മുറിച്ചുമാറ്റിയാലും ഭയാനകമായ കരുത്തോടെ വീണ്ടും ആഴത്തിലും വ്യാപ്തിയിലും വേരു പടർത്തുന്ന ലഹരി സംഘങ്ങൾ കേരളത്തിന്‍റെ മുന്നിലുള്ള ഏറ്റവും അപകടകരമായ പ്രശ്നങ്ങളിൽ ഒന്നാണ്. അതുകൊണ്ട് സർക്കാരും സംവിധാനങ്ങളും ലഹരിയെ പ്രതിരോധിക്കാൻ ശക്തമായ നിലപാടുകൾ സ്വീകരിക്കണം. ഒപ്പം രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യ- സാംസ്കാരിക- മത സംഘടനകളും യുവജന- വിദ്യാർഥി പ്രസ്ഥാനങ്ങളും ലഹരി വിരുദ്ധ പോരാട്ടം മുഖ്യ അജൻഡയാക്കണം. നിലവിൽ സർക്കാരും വിവിധ ഏജൻസികളും നടത്തുന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കണം.

കോളെജുകളിൽ ലഹരി ഉപയോഗം തടയാൻ "ടുബാക്കോ മോണിറ്റേഴ്സ് ' എന്ന പേരിൽ വിദ്യാർഥികളും അധ്യാപകരും അടങ്ങിയ സംഘം ഉണ്ടാകണമെന്ന് യുജിസി നിർദേശിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയിലും കോളെജുകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, ലഹരിക്കടിമകളായ വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകുക, സ്ഥാപനത്തിന് അകത്തോ 100 മീറ്റർ ചുറ്റളവിലോ ലഹരി വസ്തുക്കൾ വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക എന്നിവ യുജിസി നിർദേശങ്ങളിൽ പെടുന്നു. നിയമ ലംഘനം കണ്ടെത്തിയാൽ സ്ഥാപന മേധാവിയെയോ 1800-11-2356 എന്ന ദേശീയ ഹെൽപ്പ് ലൈൻ നമ്പറിലോ അറിയിക്കണം.

ലഹരിയുടെ തായ് വേരറുക്കാൻ പ്രത്യേക ദൗത്യസേനയെ നിയോഗിക്കണം. ലഹരി വേട്ടകൾ സർവസജ്ജമായി തുടരണം. അവ ചെറു മീനുകളിലൊതുങ്ങരുത്. ലഹരിയുടെ ഉറവിടങ്ങളും വിപണനത്തിലെ കണ്ണികളും തമ്മിലുള്ള ബന്ധം അറുത്തു മാറ്റണം. ലഹരി വ്യാപനത്തിന് പിന്നിലെ അദൃശ്യശക്തികളെ പുറത്തു കൊണ്ടുവരണം. യുവതലമുറ പാഴ്ജന്മങ്ങളായി മാറാതിരിക്കാൻ എക്സൈസ്, പൊലീസ് സംവിധാനങ്ങൾ വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിച്ച്, മയക്കുമരുന്നു വിപണിയുടെ എല്ലാ തലങ്ങളിലും എത്തി അവയെ മുച്ചൂടും തകർക്കണം.

മയക്കുമരുന്ന് വിരുദ്ധ ബ്രിഗേഡ് കലാലയങ്ങളിൽ രൂപീകരിക്കണം. ലഹരി ഉപയോഗിക്കുന്നവരെയും വിൽപ്പനക്കാരേയും നിരീക്ഷിച്ചു റിപ്പോട്ട് ചെയ്യാൻ എക്സൈസിനും പൊലീസിനും ഇടയിലുള്ള കണ്ണിയായി ബ്രിഗേഡിനെ പ്രയോജനപ്പെടുത്തണം. ഒപ്പം ലഹരിക്ക് അടിമയായവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും ഉണ്ടാകണം. കുട്ടികൾ ലഹരിയുടെ വഴികൾ തേടാതിരിക്കാൻ ബദൽ മാർഗങ്ങൾ സ്വീകരിക്കണം.

മയക്കുമരുന്നു വിരുദ്ധ നയം

സർവകലാശാലകൾക്ക് മാത്രമല്ല, സംസ്ഥാനത്തിനും ഒരു മയക്കുമരുന്ന് വിരുദ്ധ നയം വേണം. പാഠ്യപദ്ധതിയിൽ ലഹരി വിരുദ്ധ പാഠങ്ങൾ ഉൾപ്പെടുത്തണം. കൃത്യമായി ചട്ടക്കൂടും ഏകോപനവും വേണം. ഇപ്പോൾ മദ്യവർജനവും മയക്കുമരുന്നു തടയിലുമെല്ലാം കൂടി കലർന്നതാണ് സംസ്ഥാനത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ. മദ്യത്തെയും മയക്കുമരുന്നിനേയും വേർതിരിച്ചുള്ള പ്രവർത്തനങ്ങളാണ് ആവശ്യം. വിദ്യാലയങ്ങളെയും കലാലയങ്ങളെയും ഉൾപ്പെടുത്തി വിശാലമായ മയക്കുമരുന്നു വിരുദ്ധ നയത്തിന് സർക്കാർ രൂപം നൽകണം. ലഹരി ആസക്തരായവരെ ചികിത്സിക്കാൻ ഡീ- അഡിക്‌ഷൻ കേന്ദ്രങ്ങളും പുനരധിവാസ സ്ഥാപനങ്ങളും വേണം.

മയക്കുമരുന്നുകൾ നിരോധിക്കപ്പെട്ടവയാണ്. അവ വിൽക്കുന്ന മാഫിയയെ എന്തു വിലകൊടുത്തും ചെറുക്കണം. അതിനായി ഡിജിറ്റൽ നിരീക്ഷണ ഉപകരണങ്ങൾ, വിപുലമായ ഇന്‍റലിജൻസ് ശൃംഖലകൾ, സൈബർ മോണിറ്ററിങ് സമ്പ്രദായങ്ങൾ എന്നിവ വേണം. പൊലീസ്- എക്‌സൈസ്- ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണം. ലഹരി മാഫിയായുടെ തായ്‌വേരറുത്താലേ കേരളവും യുവതലമുറയും രക്ഷപ്പെടൂ. ഇനിയാരും ലഹരിയുടെ വഴി തേടാതിരിക്കാനുള്ള നിതാന്ത പരിശ്രമങ്ങൾ ഒറ്റക്കെട്ടായി എല്ലാവരുടെയും ഭാഗത്തു നിന്ന് ഉണ്ടാകട്ടെ.

(മികച്ച ലഹരി വിരുദ്ധ പ്രവർത്തകനുള്ള കേരള സർക്കാർ പുരസ്‌കാരം നേടിയിട്ടുള്ള ലേഖകൻ, ട്രെയ്നറും മെന്‍ററുമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളിൽ പരിശീലകനുമാണ്- 8075789768)

ക്ഷേത്രങ്ങൾ ഹരിതാഭമാക്കാൻ ദേവാരണ്യം

ടിക്ക് ടോക്ക് തർക്കം: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു

''അവരെ വാഴാൻ അനുവദിച്ചാൽ പിന്നെ കേരളമുണ്ടാകില്ല'', പ്രതിജ്ഞയ്ക്ക് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി | Video

നെല്ല് സംഭരണം: തുക വിതരണം സുഗമമാക്കാൻ നിർദേശം

കാട് പിടിച്ച പറമ്പുകൾ തദ്ദേശ സ്ഥാപനങ്ങൾ വെട്ടിത്തെളിക്കണം