തൊഴില്‍ കോഡുകള്‍: വേണ്ടത് തുറന്ന മനസ്
file photo
പ്രൊഫ. ബിജു വര്‍ക്കി/ഡോ. ശൈലജ ത്രിപാഠി
കഴിഞ്ഞ നവംബര്‍ 21ലെ ഔദ്യോഗിക പ്രഖ്യാപനത്തോടെ നാലു തൊഴില്‍ കോഡുകള്‍ രാജ്യത്തിന്‍റെ തൊഴില്‍ നിയമവ്യവസ്ഥയില്‍ ഘടനാപരമായ വലിയ മാറ്റങ്ങള്‍ക്കു തുടക്കംകുറിച്ച് പുതുയുഗത്തിലേക്കു കടന്നു. പ്രതീക്ഷിച്ചതുപോലെ, ഇക്കാര്യത്തില്‍ അനുകൂലമായും പ്രതികൂലമായും വാദങ്ങളുയര്‍ന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ തൊഴില്‍ നിയമ പരിഷ്കാരങ്ങള്‍, 29ലധികം കേന്ദ്ര തൊഴില്‍ നിയമങ്ങളെ നാലു സമഗ്ര കോഡുകളായി ഏകീകരിച്ചു.
രാജ്യത്തിലെ തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കണമെന്ന ആവശ്യത്തിനു ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. കാലാകാലങ്ങളില്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും നടപ്പാക്കല്‍ ഭാഗികമോ പരിമിതമോ ആയിരുന്നു. രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ ഉത്പാദനക്ഷമവും ഏവരെയും ഉള്‍ക്കൊള്ളുന്നതും ശാക്തീകരിക്കപ്പെട്ടതുമായ തൊഴില്‍സേനയും അനുയോജ്യമായ പ്രവര്‍ത്തനസാഹചര്യവും ആവശ്യമാണെന്ന് ഇതുമായി ബന്ധപ്പെട്ട ഏവരും ഒരുപോലെ സമ്മതിക്കുന്നു. മാറ്റത്തിനുള്ള ആഗ്രഹം പങ്കുവയ്ക്കുമ്പോഴും ഏവരിലും അവരുടേതായ പ്രതീക്ഷകളും ആശങ്കകളും ഉണ്ടായിരുന്നുവെന്നതു സ്വാഭാവികം.
തൊഴിലാളിക്ഷേമം മെച്ചപ്പെടുത്തല്‍, നിയമപാലനം ലളിതമാക്കല്‍, തൊഴില്‍ നിയന്ത്രണ ചട്ടക്കൂടിനെ സമകാലിക സാമ്പത്തിക-സാമൂഹ്യ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുത്തല്‍, വ്യവസായനടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ നടപടികള്‍ക്കു കൂടുതല്‍ കരുത്തു പകരല്‍ എന്നിവയാണ് ഈ പരിഷ്കരണത്തിന്‍റെ ലക്ഷ്യങ്ങള്‍.
വേതനം, സാമൂഹികസുരക്ഷ, തൊഴിലിടങ്ങളിലെ സുരക്ഷയും ആരോഗ്യവും, വ്യവസായ ബന്ധങ്ങള്‍ എന്നിവയെ പ്രതിനിധാനം ചെയ്യുന്ന നാലു കോഡുകളിലായി 29 പ്രധാന നിയമങ്ങളെ ഏകീകരിക്കുന്നതിനൊപ്പം, തൊഴില്‍മേഖലയെ ഔദ്യോഗികവത്കരിക്കാനും പുതിയ ചട്ടക്കൂട് ലക്ഷ്യമിടുന്നു. കൂടാതെ, അസംഘടിത-ഗിഗ്-പ്ലാറ്റ്ഫോം തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷ ആനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍, ലിംഗസമത്വം പ്രോത്സാഹിപ്പിക്കല്‍, വിവിധ മേഖലകളിലെ തൊഴിലുടമ-തൊഴിലാളി ബന്ധങ്ങള്‍ ആധുനികവത്കരിക്കല്‍ എന്നിവയും ഇതിന്‍റെ ലക്ഷ്യങ്ങളാണ്.
ഏകീകരണവും ഏകോപനവും
ചരിത്രപരമായി നോക്കിയാല്‍, ഇന്ത്യയിലെ തൊഴില്‍ നിയമങ്ങള്‍ പലതട്ടുകളായി ചിതറിക്കിടക്കുന്നതും, വൈവിധ്യമാര്‍ന്ന നിര്‍വചനങ്ങളുള്ളതും, സങ്കീര്‍ണമായ നിയമപാലനരീതികള്‍ പിന്തുടരുന്നതുമായിരുന്നു. തൊഴിലുടമകള്‍ ഒന്നിനുമേല്‍ ഒന്നായി വരുന്ന നിയമപരമായ നിബന്ധനകള്‍ നേരിട്ടപ്പോള്‍, ഭൂരിപക്ഷം തൊഴിലാളികളും നിയമപരമായ സംരക്ഷണത്തിനു പുറത്തായിരുന്നു. പുതിയ ചട്ടക്കൂട് ഈ സങ്കീര്‍ണതകള്‍ക്കുപകരം ഏകീകൃതമായ നിര്‍വചനങ്ങളും ഡിജിറ്റല്‍ സംവിധാനങ്ങളും വിപുലമായ സുരക്ഷാപരിധിയും നടപ്പാക്കുന്നു.
അന്തസുറ്റ തൊഴില്‍ തത്വങ്ങള്‍
ഗുണനിലവാരമുള്ള തൊഴിലും തൊഴിലാളികളുടെ അവകാശ-സമത്വ സംരക്ഷണവും സാമൂഹ്യസുരക്ഷയും സാമൂഹ്യസംവാദവും ഉള്‍പ്പെടെ, അന്താരാഷ്‌ട്ര തൊഴില്‍ സംഘടനയുടെ (ഐഎൽഒ) മാന്യമായ തൊഴില്‍ തത്വങ്ങള്‍ ഈ പരിഷ്കരണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിയമപാലനം ലളിതമാക്കല്‍
അമിതമായ ഫയലിങ് രീതികള്‍, പരിശോധനകളെ അമിതമായി ആശ്രയിക്കല്‍, ദുര്‍ബലമായ നിര്‍വഹണം എന്നിവ പഴയ നിയമവ്യവസ്ഥയുടെ ഭാരമായിരുന്നു. പുതിയ കോഡുകള്‍, ലളിതമാക്കിയ നിയമപാലന രീതികളും നിയമലംഘനങ്ങള്‍ തടയാൻ ശക്തമായ പിഴശിക്ഷകളും അവതരിപ്പിക്കുന്നു.
സുസ്ഥിര വികസനലക്ഷ്യങ്ങളുമായി (എസ്ഡിജി) പൊരുത്തപ്പെടല്‍
തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു കരുത്തേകിയും, സാമൂഹ്യസുരക്ഷ വ്യാപിപ്പിച്ചും, ഏവരെയും ഉള്‍ക്കൊള്ളുന്ന വികസനം പ്രോത്സാഹിപ്പിച്ചും ഈ കോഡുകള്‍ എട്ടാം സുസ്ഥിര വികസനലക്ഷ്യത്തെ (എസ്ഡിജി 8) മുന്നോട്ടുനയിക്കുകയും 1, 3, 5, 10 എന്നീ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഭാവിയിലെ തൊഴില്‍ ആവശ്യകതകള്‍
അതിവേഗ സാമ്പത്തിക-സാങ്കേതിക മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ്, വിപുലീകരിച്ച നിര്‍വചനങ്ങള്‍, പുനര്‍പരിശീലന വ്യവസ്ഥകള്‍, വിപുലമായ സാമൂഹ്യസുരക്ഷാപരിധി, ബദല്‍ തൊഴില്‍ ക്രമീകരണങ്ങളുടെ ഔദ്യോഗികവത്കരണം എന്നിവയിലൂടെ ഭാവിയിലെ തൊഴില്‍പരമായ ആശങ്കകളെ ഈ കോഡുകള്‍ അഭിസംബോധന ചെയ്യുന്നു.
കോഡുകളുടെ പ്രധാന സവിശേഷതകളും അവയുടെ സ്വാധീനവും:
വേതന കോഡ്, 2019:
ഈ കോഡ് മുന്‍പുണ്ടായിരുന്ന നാലുനിയമങ്ങളെ സംയോജിപ്പിക്കുകയും, "വേതനം' എന്നതിന് ഏകീകൃതമായ നിര്‍വചനവും "ദേശീയതല അടിസ്ഥാന വേതനം' ("National Basic Wage") എന്ന ആശയവും അവതരിപ്പിക്കുകയും ചെയ്യുന്നു. ഇതു കൂടുതല്‍ വിപുലവും സുസ്ഥിരവുമായ വേതനസംരക്ഷണം ഉറപ്പാക്കുന്നു, കൃത്യസമയത്തെ ശമ്പളവിതരണം നിര്‍ബന്ധമാക്കുന്നു. ഒപ്പം, തുല്യ വേതന തത്വത്തിനു കരുത്തേകുകയും ചെയ്യുന്നു. ഇതു വരുമാനസുരക്ഷ വര്‍ധിപ്പിക്കാനും തര്‍ക്കങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.
വ്യവസായ സമ്പര്‍ക്ക കോഡ്, 2020:
ട്രേഡ് യൂണിയനുകള്‍, വ്യവസായ തര്‍ക്കങ്ങള്‍, സ്റ്റാന്‍ഡിങ് ഓര്‍ഡറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളെ ഈ കോഡ് ഏകീകരിക്കുന്നു. ഇതു തര്‍ക്കപരിഹാര രീതികള്‍ ലളിതമാക്കുകയും കൃത്യമായ സമയപരിധി നിശ്ചയിക്കുകയും ചെയ്യുന്നു. കൂടാതെ പണിമുടക്ക്, പിരിച്ചുവിടല്‍, തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്കരിക്കുകയും ചെയ്യുന്നു. തൊഴിലുടമകള്‍ക്കു കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതോടൊപ്പം, കൂട്ടായ വിലപേശലിനും നിയമപരമായ പ്രതിവിധികള്‍ക്കുമുള്ള സംരക്ഷണം ഈ കോഡ് നിലനിര്‍ത്തുന്നു.
സാമൂഹികസുരക്ഷാ കോഡ്, 2020:
സംഘടിതമേഖലയ്ക്കപ്പുറത്തേക്ക് സുരക്ഷാപരിധി വ്യാപിപ്പിച്ചു എന്നത് ഈ കോഡിന്‍റെ വലിയ സവിശേഷതയാണ്. ഗിഗ് തൊഴിലാളികള്‍, പ്ലാറ്റ്ഫോം തൊഴിലാളികള്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ എന്നിവരെ പ്രൊവിഡന്‍റ് ഫണ്ട്, ഇന്‍ഷുറന്‍സ്, പ്രസവാനുകൂല്യങ്ങള്‍, വാര്‍ധക്യകാലസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നിയമപരമായ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തൊഴില്‍ സുരക്ഷ, ആരോഗ്യ, തൊഴില്‍സാഹചര്യ കോഡ്, 2020:
വിവിധ സുരക്ഷാനിയമങ്ങളെ ഏകീകൃത ചട്ടക്കൂടിലേക്ക് ഈ കോഡ് സംയോജിപ്പിക്കുന്നു. ഇതു തൊഴിലിടങ്ങളിലെ സുരക്ഷാമാനദണ്ഡങ്ങള്‍ ഏകീകരിക്കുകയും, നിയന്ത്രണ മേല്‍നോട്ടത്തിനു കരുത്തുപകരുകയും, വിവിധ മേഖലകളിലുടനീളം നിയമപാലനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
എന്താണു മുന്നില്‍?
പുതിയ തൊഴില്‍ കോഡുകളെക്കുറിച്ചു തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ വി. വി. ഗിരി ദേശീയ തൊഴില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്തിടെ നടത്തിയ പഠനം, മെച്ചപ്പെട്ട ഭാവിയുടെ കാര്യത്തില്‍ ഈ നിയമങ്ങള്‍ ശുഭപ്രതീക്ഷ നല്‍കുന്നുവെന്നു വ്യക്തമാക്കുന്നു. 64% തൊഴിലാളികളും ഈ കോഡുകള്‍ നടപ്പാക്കുന്നതിലൂടെ വരുമാനസുരക്ഷ വര്‍ധിക്കുമെന്നു വിശ്വസിക്കുന്നു. നിശ്ചിത കാലയളവിലെ തൊഴില്‍ കരാറുകളുടെ കാര്യത്തിലും (64%), തൊഴിലിടങ്ങളിലെ സുരക്ഷയുടെ കാര്യത്തിലും (73%) തൊഴിലുടമകളും സമാനമായ അഭിപ്രായമാണു രേഖപ്പെടുത്തിയത്. തൊഴില്‍ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഉപാധിയായാണു രണ്ടുവിഭാഗവും ഈ കോഡുകളെ കാണുന്നത്.
ഇന്ത്യയുടെ തൊഴില്‍ ഭരണനിര്‍വഹണത്തില്‍ നാലു തൊഴില്‍ കോഡുകള്‍ ചരിത്രപരമായ മാറ്റത്തെ അടയാളപ്പെടുത്തുന്നു. കാലഹരണപ്പെട്ട നിയമങ്ങള്‍ ഏകീകരിക്കുന്നതിലൂടെയും, സാമൂഹികസുരക്ഷാപരിധി വ്യാപിപ്പിക്കുന്നതിലൂടെയും, തൊഴിലുടമയുടെ ഇളവുകളും തൊഴിലാളികളുടെ സംരക്ഷണവും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിലൂടെയും കൂടുതല്‍ കാര്യക്ഷമവും ഏവരെയും ഉള്‍ക്കൊള്ളുന്നതും വളര്‍ച്ചാധിഷ്ഠിതവുമായ തൊഴില്‍വിപണി സൃഷ്ടിക്കാന്‍ ഈ പരിഷ്കരണങ്ങള്‍ ലക്ഷ്യമിടുന്നു.
ഈ കോഡുകള്‍ നടപ്പാക്കലിന്‍റെ പ്രാരംഭഘട്ടത്തിലായതിനാല്‍, ബന്ധപ്പെട്ട ഏവരും തുറന്ന മനസോടെയും തെറ്റുകള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞു തിരുത്താനുള്ള മനോഭാവത്തോടെയും ഇതിനെ സമീപിക്കേണ്ടത് അനിവാര്യമാണ്. കാര്യക്ഷമമായ നടപ്പാക്കലിനെയും, പങ്കാളികള്‍ക്കിടയില്‍ ബോധവത്കരണം സൃഷ്ടിക്കുന്നതിനെയും, ഭരണഘടനാമൂല്യങ്ങള്‍ക്കും അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായ തുടര്‍ച്ചയായ നിര്‍വഹണത്തെയും ആശ്രയിച്ചാകും അന്തിമ വിജയം.
(അഹമ്മദാബാദ് ഐഐഎമ്മിലെ ഫാക്കല്‍റ്റി അംഗമാണ് പ്രൊഫസര്‍ ബിജു വര്‍ക്കി, "വേജ്ഇന്‍ഡിക്കേറ്ററി'ലെ ഗവേഷകയാണ് ഡോ. ശൈലജ ത്രിപാഠി.)