ഖജനാവ് ചോർത്തുന്ന പിഎസ്‌സി
പിഎസ്‌സി അംഗങ്ങളുടെ ഒഴിവിലേക്ക് "ഇടി' തുടങ്ങി
ജിബി സദാശിവൻ
കേരള പബ്ലിക് സർവീസ് കമ്മിഷനാണ് (പിഎസ്‌സി) അംഗങ്ങളുടെ എണ്ണമെടുത്താൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ സർക്കാർ വകുപ്പുകളിലെ നിയമന ചുമതലയുള്ള സമാന സംവിധാനങ്ങളുമായി തട്ടിക്കുമ്പോൾ ഏറ്റവും വിപുലമായത്. വലിയ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലെ പബ്ലിക് സർവീസ് കമ്മിഷനിൽ അഞ്ചും കര്‍ണാടകയിൽ ഏഴും തമിഴ്നാട്ടിൽ ഒമ്പതും അംഗങ്ങള്‍ മാത്രമുള്ളപ്പോള്‍ കേരളത്തില്‍ ചെയര്‍മാനുള്‍പ്പെടെ 21 അംഗങ്ങളുടെ "ജംബോ' സമിതിയാണ് പിഎസ്‌സിയെ നയിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള ഉദ്യോഗാർഥികളിൽ നിന്ന് കേന്ദ്ര സർവീസിലേക്ക് നിയമനം നടത്തുന്ന യൂണിയൻ പബ്ലിക് സര്‍വീസ് കമ്മിഷനില്‍ (യുപിഎസ്‌സി) 11 അംഗങ്ങൾ മാത്രമുള്ളപ്പോഴാണ് ഇവിടെ രാഷ്ട്രീയക്കാരെയും വേണ്ടപ്പെട്ടവരെയും തിരുകിക്കയറ്റി ധൂർത്ത് തുടരുന്നത്. ഇതിനു പുറമേ പൊതുമേഖലാ റിക്രൂട്ട്‌മെന്‍റുകള്‍ക്കായി വേറെ ബോര്‍ഡുകളും ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡും പ്രവർത്തിക്കുന്നു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഈ അംഗങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങൾക്കും ശമ്പളത്തിനും വന്‍ തുകയാണ് ചെലവാകുന്നത്. മാസം നാല് ലക്ഷത്തിലേറെ രൂപ ശമ്പളവും കാറും ഫ്ളാറ്റും സ്റ്റാഫും മറ്റു സൗകര്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നു. കമ്മിഷന്‍ അംഗമാകുന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ വലിയ തുക പെന്‍ഷനായി ലഭിക്കുന്ന സാഹചര്യവുമുണ്ട്.
ക്രമക്കേടുകള്‍ക്കു വഴിമരുന്നിടുന്ന ഈ അംഗസംഖ്യ വെട്ടിച്ചുരുക്കുക തന്നെയാണ് ആദ്യം ചെയ്യേണ്ടതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പിഎസ്‌സിയുടെ നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ 21 അംഗങ്ങളുള്ള ജംബോ കമ്മിഷനെ ഒഴിവാക്കി അംഗങ്ങളുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. എക്സിക്യൂട്ടീവിന് ഇതിനുള്ള അധികാരമുള്ളതിനാല്‍ നിയമഭേദഗതിയിലൂടെ അംഗസംഖ്യ വെട്ടിച്ചുരുക്കാൻ സര്‍ക്കാരിന് അനായാസം സാധിക്കും.
കഴിഞ്ഞ ഏതാനും മാസങ്ങളായി പരീക്ഷാ ക്രമക്കേടും നിയമനത്തട്ടിപ്പും അടക്കം പിഎസ്‌സി വിവാദം തുടരുമ്പോഴും കേസ് അന്വേഷണത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായിട്ടില്ല. ക്രമക്കേടുകളുടെ പേരിൽ നൂറോളം പരാതികള്‍ ഇതിനകം ഉയര്‍ന്നെങ്കിലും നിലവില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ മാത്രമാണ് പൊലീസും അന്വേഷണസംഘവും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റു പരാതികള്‍ ഇപ്പോഴും പ്രാഥമിക പരിശോധന ഘട്ടത്തിലാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ നടപടിയുണ്ടാകൂ എന്നുമാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.
ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ജീവിതവും പ്രതീക്ഷയുമായ പിഎസ്‌സിയെ അടിമുടി പരിഷ്‌കരിക്കാനും ക്രമക്കേടുകള്‍ തടയാനും സംസ്ഥാന സര്‍ക്കാര്‍ മടിച്ചുനില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം പൊതുസമൂഹത്തില്‍ ശക്തമാകുകയാണ്. അഴിമതി ആരോപണ വിധേയമായ കമ്മിഷനെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്. ഒരുകാലത്ത് സംസ്ഥാനത്തിന്‍റെ അഭിമാനവും സുതാര്യതയുടെ മാതൃകയുമായിരുന്ന പിഎസ്‌സി, ഇന്ന് കേവലം രാഷ്ട്രീയ അഭയകേന്ദ്രമായി അധഃപതിച്ചിരിക്കുകയാണെന്ന വലിയ ആക്ഷേപമാണ് ഉദ്യോഗാര്‍ഥികള്‍ ഉയര്‍ത്തുന്നത്. തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തവര്‍ക്കും പാര്‍ട്ടി കേഡറുകള്‍ക്കും പണം വാങ്ങിയും നല്‍കുന്ന "ആശ്രിത നിയമനം' ആയി പിഎസ്‌സി അംഗത്വം മാറിയെന്നും മെറിറ്റും യോഗ്യതയും കാറ്റില്‍പ്പറത്തി പാര്‍ട്ടി കൂറ് മാത്രം മാനദണ്ഡമാക്കി നടക്കുന്ന ഇത്തരം നിയമനങ്ങള്‍ തിരുത്തപ്പെടണമെന്നും ആവശ്യമുയരുന്നു. മറ്റു പ്രധാന സംസ്ഥാനങ്ങളിലെ കമ്മിഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സംവിധാനം എത്രത്തോളം അനാവശ്യവും ധൂര്‍ത്തുനിറഞ്ഞതുമാണെന്ന് വ്യക്തമാകും. സർക്കാർ ഇടപെടൽ വൈകുന്നത് ഗവർണറുടെ ഇടപെടലിലേക്ക് നയിക്കുമെന്ന് സർക്കാരുമായി ബന്ധപ്പെട്ടവർ തന്നെ മുന്നറിയിപ്പ് നൽകുന്നു. പിഎസ്‌സിയുടെ കെടുകാര്യസ്ഥതയിലും ക്രമക്കേടിലും ഗവർണർ കടുത്ത അമർഷത്തിലാണ്. നിലവിലെ പിഎസ്‌സി അപ്പാടെ പിരിച്ചുവിടണമെന്ന നിലപാടിലാണ് ഗവർണർ. അതിനുള്ള നിയമസാധ്യതകളും ഗവർണർ പരിശോധിച്ചുവരികയാണ്. നിയമനാധികാരിയായ ഗവർണർക്ക് പിരിച്ചുവിടാനും അധികാരമുണ്ടെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന. അപ്പോഴും, പിണറായി സർക്കാർ നിയമിച്ച പിഎസ്‌സിയെ യുഡിഎഫ് സർക്കാർ സംരക്ഷിക്കുന്നത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. ഒഴിവ് വരുന്ന പിഎസ്‌സി അംഗങ്ങളുടെ ഒഴിവിലേക്ക് കോടികളുമായി ചിലർ ലോബിയിങ് തുടങ്ങിയിട്ടുമുണ്ട്. 80 ലക്ഷം രൂപയായിരുന്നു കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് പിഎസ്‌സി അംഗമാകാൻ ഇടനിലക്കാർ വാങ്ങിയതെങ്കിൽ ഇത്തവണ അത് ഒരു കോടി രൂപവരെയായിട്ടുണ്ടെന്നാണ് വിവരം.