പുതിയ ഇന്ത്യക്കായുള്ള ചരിത്രപ്രധാനമായ ചുവടുവയ്പ്പ്

 
Special Story

പുതിയ ഇന്ത്യക്കായുള്ള ചരിത്രപ്രധാനമായ ചുവടുവയ്പ്പ്

കേന്ദ്ര വാണിജ്യ,വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ എഴുതുന്നു

നാഴികക്കല്ലായി മാറുന്ന ഇന്ത്യ- യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (സിഇടിഎ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്തിന് അനുപൂരകമായി രാജ്യത്തെ കർഷകർ, മത്സ്യത്തൊഴിലാളികൾ, കരകൗശല വിദഗ്ധർ, ചെറുകിട വ്യാപാരികൾ അടക്കമുള്ളവർക്ക് ആഗോളതലത്തിൽ വ്യക്തിമുദ്ര പതിപ്പിക്കാനും, അനവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, സാധാരണക്കാർക്ക് മത്സരാധിഷ്ഠിത നിരക്കിൽ ഉന്നത നിലവാരമുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കാനും വഴിയൊരുക്കും.

ഓസ്‌ട്രേലിയ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ രാജ്യങ്ങൾ, യുഎഇ എന്നിവയുൾപ്പെടെയുള്ള മറ്റു വികസിത രാജ്യങ്ങളുമായി ഇതിനോടകം ഇന്ത്യ യാഥാർത്ഥ്യമാക്കിയ സമാനമായ കരാറുകളുടെ തുടർച്ചയാണിത്. 2047ൽ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാമ്പത്തിക വളർച്ചയും തൊഴിലവസര സൃഷ്ടിയും പരമാവധിയിലെത്തിക്കുക എന്ന മോദി സർക്കാരിന്‍റെ തന്ത്രത്തിന്‍റെ ഭാഗമാണിത്.

പ്രധാനമന്ത്രിയുടെ നയോപായം

ആഗോളതലത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട ആത്മവിശ്വാസം പുനർനിർമിക്കുന്നതിനും, വിദേശ നിക്ഷേപകർക്ക് ഇന്ത്യൻ വിപണിയെ ആകർഷകമാക്കി തീർക്കുന്നതിനുമുള്ള ദൃഢനിശ്ചയത്തോടെയുള്ള തന്ത്രം 2014 മുതൽ മോദി സർക്കാർ സ്വീകരിച്ചു പോരുന്നു. ഈ വിശാലമായ തന്ത്രത്തിന്‍റെ ഭാഗമായാണ് ഒന്നിനുപുറകെ ഒന്നായി വികസിത രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെടുന്നത്. വ്യാപാര നയങ്ങൾ സംബന്ധിച്ച അനിശ്ചിതത്വങ്ങൾ പൂർണമായും നീക്കം ചെയ്യുന്ന സ്വതന്ത്ര കരാറുകൾ നിക്ഷേപകരുടെ ആത്മവിശ്വാസം പതിന്മടങ്ങ് വർധിപ്പിക്കുന്നു.

ഇന്ത്യയുടെ വിപണി വാതായനങ്ങൾ മത്സര രാജ്യങ്ങൾക്കു മുന്നിൽ മലർക്കെ തുറന്നുകൊണ്ട് തദ്ദേശീയ വ്യാപാര മേഖലയെ അപകടത്തിലേക്കു നയിക്കുന്ന മുൻ ഭരണകൂടത്തിന്‍റെ സമീപനത്തിൽ നിന്നു വ്യത്യസ്തമായി, ഇന്ത്യയുമായി മത്സരാധിഷ്ഠിത വ്യാപാര താത്പര്യങ്ങളില്ലാത്ത വികസിത രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെടുന്നത് ഇരുപക്ഷത്തിനും ഗുണപ്രദമാകും.

യുപിഎ ഭരണകാലത്ത് വികസിത രാജ്യങ്ങൾ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ ഏതാണ്ട് ഉപേക്ഷിച്ച മട്ടായിരുന്നു. അന്ന് ആഗോളതലത്തിൽ "ദുർബലമായ അഞ്ച് ' സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായാണ് ഇന്ത്യ കണക്കാക്കപ്പെട്ടിരുന്നത്. 2014ന് ശേഷമുള്ള കാലയളവിൽ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) ഏകദേശം മൂന്നിരട്ടി വർധിച്ച് ഏകദേശം 331 ലക്ഷം കോടി രൂപയായി ഉയർന്നു. വിപ്ലവകരമായ പരിഷ്‌കാരങ്ങൾ, സുഗമമായ ബിസിനസ് അന്തരീക്ഷം, പ്രധാനമന്ത്രിയുടെ ആഗോള സ്വീകാര്യത എന്നിവ ശക്തമായ അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യയെ സഹായിച്ചു. ഇന്ന്, ലോകം അപ്രതിരോധ്യമായ ഇന്ത്യയുടെ വിജയഗാഥയിൽ പങ്കാളികളാകാനും സ്വതന്ത്ര കരാറുകളിൽ ഏർപ്പെടാനും ആഗ്രഹിക്കുന്നു.

വിപണി പ്രവേശനം, മത്സരക്ഷമത

യുകെ വിപണിയിയുടെ സമസ്ത മേഖലകളിലും ഇന്ത്യൻ ഉത്പന്നങ്ങൾക്ക് സമഗ്രമായ പ്രവേശനം ഈ കരാർ ഉറപ്പാക്കും. വ്യാപാര മൂല്യത്തിന്‍റെ ഏകദേശം 100% ഉൾക്കൊള്ളുന്ന ഉത്പന്നങ്ങളിൽ ഏകദേശം 99%ത്തിനും നികുതി ഒഴിവാക്കി. സിഇടിഎ പൂർണതോതിൽ പ്രാവർത്തികമാകുന്ന 2030 ആകുന്നതോടെ വ്യാപാരം ഇരട്ടിയാകും. ഇത് 56 ബില്യൺ ഡോളറിന്‍റെ ഉഭയകക്ഷി വ്യാപാരത്തിനുള്ള വലിയ അവസരങ്ങൾ സൃഷ്ടിക്കും.

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് സമാന മേഖലയിലെ എതിരാളികളേക്കാൾ മത്സരക്ഷമതയിൽ വ്യക്തമായ മുൻതൂക്കമുള്ള സാഹചര്യത്തിൽ ചെറുകിട ബിസിനസുകൾ അഭിവൃദ്ധിപ്പെടും. സോക്കർ ബോളുകൾ, ക്രിക്കറ്റ് ഗിയർ, റഗ്ബി ബോളുകൾ, കളിപ്പാട്ടങ്ങൾ എന്നിവ നിർമിക്കുന്ന കമ്പനികൾ യുകെയിലെ ബിസിനസ് ഗണ്യമായി വികസിപ്പിക്കാൻ ഒരുങ്ങുകയാണ്.

അനവധിയായ തൊഴിലവസരങ്ങൾ

ഇന്ത്യയുടെ മത്സരക്ഷമത കയറ്റുമതി ഗണ്യമായി വർധിപ്പിക്കുകയും നിക്ഷേപത്തിലും തൊഴിലവസരങ്ങളിലും തരംഗം സൃഷ്ടിക്കുകയും ചെയ്യും. തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ എന്നിവയിൽ യുകെയിലെ ആദ്യ 3 വിതരണക്കാരിൽ ഒന്നായി മാറാൻ ഇന്ത്യയ്ക്ക് എല്ലാ സാധ്യതയുമുണ്ട്. ഇത് ചെറുകിട ബിസിനസുകൾ, വനിതകൾ ഉൾപ്പെടെയുള്ള കരകൗശല വിദഗ്ധർ, കൈത്തൊഴിലുകാർ തുടങ്ങി സാധാരണക്കാരെപ്പോലും ആഗോള മൂല്യശൃംഖലയിലെ നിർണായക ശക്തിയായി ഉയർന്നുവരാൻ സഹായിക്കും.

രത്നങ്ങളും ആഭരണങ്ങളും, എൻജിനീയറിങ് സാധനങ്ങൾ, രാസവസ്തുക്കൾ, ഫോണുകൾ പോലുള്ള ഇലക്‌ട്രോണിക് ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നു.

കർഷകർക്ക് പ്രഥമ പരിഗണന

95% കാർഷിക ഉത്പന്നങ്ങൾക്കും, സംസ്‌കരിച്ച ഭക്ഷ്യ വസ്തുക്കൾക്കും പൂർണമായും നികുതി ഒഴിവാക്കും. ഇത് കാർഷിക കയറ്റുമതിയിലും ഗ്രാമീണ അഭിവൃദ്ധിയിലും മുന്നേറ്റത്തിന് വഴിയൊരുക്കും.

തീരുവ രഹിത വിപണിപ്രവേശനം 3 വർഷത്തിനുള്ളിൽ കാർഷിക കയറ്റുമതി 20%ത്തിലധികം വർധിപ്പിക്കും. ഇത് 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ 100 ബില്യൺ ഡോളർ കാർഷിക കയറ്റുമതി എന്ന ലക്ഷ്യത്തിലേക്ക് ഗണ്യമായ സംഭാവന നൽകും. ജർമനി, നെതർലാൻഡ്‌സ്, മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവ ആസ്വദിക്കുന്ന ആനുകൂല്യങ്ങൾക്ക് തുല്യമായോ അതിലധികമായോ ഉള്ള ആനുകൂല്യങ്ങളോടെ ഇന്ത്യൻ കർഷകർക്കായി സിഇടിഎയിലൂടെ അധികമൂല്യമുള്ള യുകെ വിപണി തുറന്നുകിട്ടുമെന്നതാണ് ഇതിനു കാരണം.

മഞ്ഞൾ, കുരുമുളക്, ഏലം, മാമ്പഴ പൾപ്പ്, അച്ചാറുകൾ, പയറുവർഗങ്ങൾ തുടങ്ങിയ സംസ്‌കരിച്ച ഉത്പന്നങ്ങൾക്കും നികുതിരഹിത വിപണിപ്രവേശനം ലഭിക്കും. ഉയർന്ന കയറ്റുമതി കാർഷിക വരുമാനം വർധിപ്പിക്കുകയും ഗുണനിലവാരം, പാക്കെജിങ്, സർട്ടിഫിക്കേഷൻ എന്നിവയ്ക്ക് പ്രോത്സാഹനമേകും. ഇത് കാർഷിക ശൃംഖലയിലുടനീളം ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ദുർബല മേഖലകൾക്ക് സംരക്ഷണം

ആഭ്യന്തര കർഷകരെ സംരക്ഷിക്കാൻ ഇന്ത്യൻ കാർഷിക മേഖലയിലെ അതീവ സംവേദനാത്മകമായ വിഭാഗങ്ങളെ കരാർ ഒഴിവാക്കുന്നു. പാലുത്പന്നങ്ങൾ, ഓട്‌സ്, പാചക എണ്ണകൾ എന്നിവയ്ക്ക് ഇന്ത്യ യാതൊരു നികുതി ഇളവുകളും നൽകിയിട്ടില്ല.

ഭക്ഷ്യസുരക്ഷ, ആഭ്യന്തര വിലസ്ഥിരത, ദുർബല കർഷക സമൂഹങ്ങൾ എന്നിവയ്ക്കു മുൻഗണന നൽകാനുള്ള മോദി സർക്കാരിന്‍റെ ഉറച്ച നയകുശലതയാണ് ഈ ഒഴിവാക്കലുകളിലൂടെ പ്രതിഫലിക്കുന്നത്.

മത്സ്യത്തൊഴിലാളികൾക്ക് അഭിവൃദ്ധി

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ, പ്രത്യേകിച്ച് ആന്ധ്ര പ്രദേശ്, ഒഡിഷ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക്, യുകെയുടെ സമുദ്ര വിപണിയിലേക്കുള്ള പ്രവേശനത്തിലൂടെ അതിശയകരമായ അഭിവൃദ്ധി സാധ്യമാകും.

യുകെയിലേക്കുള്ള ചെമ്മീനിന്‍റെയും മറ്റി സമുദ്രോത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ നിലവിലെ 20%ൽ നിന്ന് പൂജ്യമായി കുറയും. യുകെയുടെ 5.4 ബില്യൺ ഡോളർ സമുദ്ര ഇറക്കുമതിയുടെ 2.25% മാത്രമാണ് ഇന്ത്യയുടെ പങ്ക് എന്നതിനാൽ സാധ്യതകൾ അനന്തമാണ്.

സേവനങ്ങളും പ്രൊഫഷണലുകളും

ഐടി/ ഐടിഇഎസ്, സാമ്പത്തിക സേവനങ്ങൾ, വിദ്യാഭ്യാസം എന്നിവയുൾപ്പെടെയുള്ള സേവനങ്ങളെ കരാർ ഉത്തേജിപ്പിക്കും. ഇത് ഇന്ത്യക്കാർക്ക് പുതുവഴികൾ സൃഷ്ടിക്കും. കരാർ സേവനദാതാക്കൾ, ബിസിനസ് യാത്രികർ, നിക്ഷേപകർ, യോഗ പരിശീലകർ, സംഗീതജ്ഞർ, പാചക വിദഗ്ധർ ഉൾപ്പെടെ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് അനുകൂലമായ സഞ്ചാര വ്യവസ്ഥകൾ ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്.

നൂതനമായ സ്വതന്ത്ര വ്യാപാര കരാറുകൾ

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ യാഥാർഥ്യമാക്കപ്പെടുന്ന ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറുകൾ ചരക്കുകൾക്കും സേവനങ്ങൾക്കുമപ്പുറം കടന്ന് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നു. ഇഎഫ്ടിഎ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യയിൽ ഒരു ദശലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന 100 ബില്യൺ ഡോളറിന്‍റെ നിക്ഷേപം ഇന്ത്യ ഉറപ്പാക്കി. ഓസ്‌ട്രേലിയൻ എഫ്ടിഎയോടെ, ഐടി കമ്പനികളെ അലട്ടിക്കൊണ്ടിരുന്ന ഇരട്ട നികുതി പ്രശ്‌നം ഇന്ത്യ പരിഹരിച്ചു.

യുകെയുമായുള്ള കരാറിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്നാണ് ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷൻ. ഇത് യുകെയിലെ തൊഴിലുടമകളെയും താത്കാലിക ഇന്ത്യൻ തൊഴിലാളികളെയും 3 വർഷത്തേക്ക് സാമൂഹിക സുരക്ഷാ സംഭാവനകളിൽ നിന്ന് ഒഴിവാക്കുന്നു. ഇന്ത്യൻ സേവനദാതാക്കളുടെ മത്സരശേഷി ഇത് ഗണ്യമായി വർധിപ്പിക്കും.

ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ

വ്യാപാര കരാറുകൾ മത്സരം വർധിപ്പിക്കും. അത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് മത്സരാധിഷ്ഠിത വിലയിൽ ഉന്നത നിലവാരമുള്ള ഉത്പന്നങ്ങൾ ലഭിക്കാൻ സഹായകമാകും. ഗുണനിലവാരം മെച്ചപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും മോദി സർക്കാർ നയപരമായ പിന്തുണ നൽകുകയും ഗുണനിലവാര നിയന്ത്രണ ഉത്തരവുകൾ പുറപ്പെടുവിക്കുകയും എഫ്ടിഎ ചർച്ചകളിൽ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

ഏതെങ്കിലും എഫ്ടിഎയിൽ ഒപ്പുവയ്ക്കും മുമ്പ് സർക്കാർ വ്യവസായ മേഖലയുമായും ബന്ധപ്പെട്ട പങ്കാളികളുമായും വിപുലമായ കൂടിയാലോചനകൾ നടത്തി. ഓരോ സ്വതന്ത്ര വ്യാപാര കരാറിനെയും വ്യവസായ സംഘടനകൾ സർവ്വാത്മനാ പിന്തുണയറിയിച്ച് സ്വാഗതം ചെയ്യുന്നു എന്നത് സന്തോഷകരമാണ്.

വൻകിട സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള സംതുലിതവും അഭിലഷണീയവുമായ വ്യാപാര കരാറുകൾക്കുള്ള ഒരു മാനദണ്ഡമാണ് സിഇടിഎ. നമ്മുടെ കാതലായ താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ, അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവർക്ക് ആകർഷകമായ ആഗോള അവസരങ്ങൾ സ്വതന്ത്ര വ്യാപാര കരാറുകൾ തുറന്നു നൽകുന്നു. പുതിയ ഇന്ത്യ എങ്ങനെയാണു ബിസിനസ് ബന്ധങ്ങളിലേർപ്പെടുന്നത് എന്നതിന്‍റെ തിളക്കമാർന്ന ഉദാഹരണം കൂടിയാണിത്.

'രക്തത്തിനു മേൽ ലാഭക്കൊതി'; എഷ്യാ കപ്പ് ഇന്ത്യ-പാക് മാച്ചിനെതിരേ വിമർശനം

ഗോവിന്ദച്ചാമി സെൻട്രൽ ജയിലിൽ ചാടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വാർഷിക വരുമാനം വെറും 3 രൂപ! കർഷകനെ ദരിദ്രനാക്കി മാറ്റി 'ക്ലെറിക്കൽ മിസ്റ്റേക്ക്'

ലെജൻഡ്സ് ലീഗിൽ നിന്നു പിന്മാറി, ഏഷ‍്യാ കപ്പിൽ പ്രശ്നമില്ലേ? ഇന്ത‍്യക്കെതിരേ മുൻ പാക് താരം

പാലോട് രവിയുടെ രാജി; മധുരവിതരണം നടത്തിയ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിനെതിരേ നടപടി