മലയാളി എന്ന സവിശേഷസമൂഹം A special group called Malayali
file photo
ജ്യോത്സ്യൻ|ഗ്രഹനില
ജനിച്ച വീടും നാടും വിട്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും ഇന്ത്യയ്ക്കു പുറത്തേക്കുമായി ജീവിതം കെട്ടിപ്പടുക്കാൻ പണ്ടേ ധൈര്യത്തോടെ ഇറങ്ങിയവരാണു മലയാളികൾ. അതിനാൽ തന്നെ മലയാളികളെ പലപ്പോഴും പ്രത്യേക ജനസമൂഹമായി പരിഗണിക്കപ്പെടുന്നുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപു ടൈപ്പ് റൈറ്റിങ്ങും ഷോർട്ട് ഹാൻഡും വ്യാപകമായപ്പോൾ അതിൽ പ്രാവീണ്യം നേടിയ മലയാളികൾ ചെന്നൈ, മുംബൈ, കോൽക്കത്ത, ബംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളിലേക്ക് കുടിയേറി.
എന്നാൽ മലയാളികൾ ആരെയും അനുകരിക്കുന്നവരല്ല. ഓരോ മലയാളിക്കും ഓരോ സ്വഭാവമാണ്. നാട്ടിൽ കൊടി പിടിച്ച് മുദ്രാവാക്യം വിളിക്കുന്നവരും രാഷ്‌ട്രീയ തർക്കങ്ങളിൽ മുഴുകുന്നവരുമായ പലരും കേരളത്തിന്‍റെ അതിർത്തി കടന്നാൽ വിശ്വസ്തരും കഴിവുള്ളവരും അച്ചടക്കമുള്ളവരുമായി മാറുന്നു. മലയാളി നഴ്സുമാരുടെ ചികിത്സാപാടവവും ശുശ്രൂഷാ നൈപുണ്യവും ഇന്ന് ലോകമെമ്പാടും അംഗീകരിക്കപ്പെതാണ്.
ഒരു കാലഘട്ടത്തിൽ കപ്പലുകൾ കയറി ഗൾഫിലെത്തിയ മലയാളികൾ മണലാരണ്യങ്ങളിൽ രക്തവും വിയർപ്പും ഒഴുക്കി പുതിയ ജീവിതം ആരംഭിച്ചു. അങ്ങിനെയാണ് മിസിസ് വർക്കി വിദ്യാഭ്യാസ രംഗത്തും എം.എ. യൂസഫലി, ഗൾഫാർ മുഹമ്മദലി തുടങ്ങിയവർ ബിസിനസ് രംഗത്തും ശക്തമായ സാന്നിധ്യമായി വളർന്നത്. കടുത്ത ചൂടിനെ അവഗണിച്ച് കമ്പിപ്പണി, വാർക്കപ്പണി, മരപ്പണി തുടങ്ങിയ കഠിനാധ്വാന ജോലികളിൽ ഏർപ്പെട്ട തൊഴിലാളികളും വലിയ കമ്പനികളുടെ മാനെജർമാരും ഒരുപോലെ വിശ്വസ്തരായി മാറി. മലയാളി നഴ്സുമാർ ഇന്ന് അമെരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലുമെല്ലാം ഏറെ പ്രിയപ്പെട്ടവരാണ്. വിവാഹശേഷം ഭർത്താവിനെയും കുടുംബത്തെയും ഒപ്പം കൂട്ടി വിദേശത്ത് പുതിയൊരു ജീവിതം ആരംഭിക്കുന്നവരും നിരവധി. ""ചന്ദ്രനിൽ പോലും ഒരു മലയാളിയുണ്ടാകും'' എന്ന തമാശ രൂപപ്പെട്ടത് മലയാളികളുടെ ഈ പ്രവാസ സ്വഭാവം കൊണ്ടു തന്നെയാണ്.
എവിടെ ചെന്നാലും സ്വന്തം നാടിനെയും ആചാരങ്ങളെയും മറക്കാതെ അവിടെയൊരു ""കൊച്ചു കേരളം'' സൃഷ്ടിക്കുന്നതാണ് മലയാളികളുടെ പ്രത്യേകത. ആരാധനാലയങ്ങൾ പണിയുകയും ഉത്സവങ്ങളും ആഘോഷങ്ങളും കൂട്ടായി നടത്തുകയും ചെയ്യുന്നു. പ്രത്യേക അവസരങ്ങളിൽ കേരളീയ വേഷം അണിയുന്നു. പത്തു മലയാളികൾ ഉള്ളിടത്ത് പത്ത് അസോസിയേഷനുകൾ ഉണ്ടാകുമെന്ന ചൊല്ലു പോലും ഇതിന്‍റെ തെളിവാണ്. എന്നിരുന്നാലും നാടിനോടും നാട്ടുകാരോടും അവർ എപ്പോഴും കൂറുള്ളവരാണ്. 2018ലെ പ്രളയകാലത്തും 2020ലെ കൊവിഡ് മഹാമാരിയിലും വയനാട് ചൂരൽമലയിൽ ഉണ്ടായ ദുരന്തസമയത്തും മറുനാടൻ മലയാളികൾ കൈകോർത്തുനിന്നത് ഇതിന്‍റെ ഉദാഹരണങ്ങളാണ്. പ്രവാസി മലയാളികളെ കൂട്ടായി നിലനിർത്താൻ മുൻകാലത്തും നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച നോർക്കയും, തുടർന്ന് വയലാർ രവി കേന്ദ്രമന്ത്രിയായപ്പോൾ രൂപീകരിച്ച പ്രവാസികാര്യ വകുപ്പും അതിന്‍റെ തുടക്കങ്ങളാണ്. ഇപ്പോൾ തിരുവനന്തപുരത്ത് സമാപിച്ച അഞ്ചാമത് ലോക കേരള സഭ ഈ ശ്രമങ്ങളുടെ തുടർച്ചയാണ്. 2016ൽ ആരംഭിച്ച ഈ സംവിധാനത്തിൽ ഇപ്രാവശ്യം 126 രാജ്യങ്ങളിൽ നിന്നുള്ള മലയാളി പ്രതിനിധികൾ പങ്കെടുത്തു.
""ഒരു നാഴിയിൽ മറുനാഴി കടക്കില്ല'' എന്ന് മലയാളികളെക്കുറിച്ച് പറയാറുണ്ടെങ്കിലും, പ്രതിസന്ധിഘട്ടങ്ങളിൽ അവർ ഒന്നിക്കുന്നതിന്‍റെ അനവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ജനുവരി 29, 30, 31 തീയതികളിൽ തിരുവനന്തപുരത്ത് നടന്ന അഞ്ചാം ലോക കേരള സഭ മലയാളികളുടെ എല്ലാ സ്വഭാവങ്ങളുടെയും സമന്വയമാണ്.
ഈ കൂട്ടായ്മയെ ഭരണകക്ഷി മുന്നോട്ടു കൊണ്ടുപോകുമ്പോൾ പ്രതിപക്ഷം എതിർക്കുന്നു; നാളെ പ്രതിപക്ഷം ഭരണത്തിലേറുമ്പോൾ ഇന്നത്തെ ഭരണകക്ഷിയും എതിർക്കും. ഒന്നിച്ചു നിൽക്കാനുള്ള കഴിവും പരസ്പരം തെറ്റിപ്പിരിയുന്ന സ്വഭാവവും മലയാളികളുടെ ചരിത്രത്തിന്‍റെ ഭാഗമാണ്. മലയാളികളുടെ ജീവിതത്തിലെ വിജയത്തിന്‍റെയും പരാജയത്തിന്‍റെയും അടിസ്ഥാനം ഈ സ്വഭാവമാണെന്ന് ജ്യോത്സ്യൻ കരുതുന്നു.