2047ലേക്കുള്ള പ്രയാണത്തിൽ ഭരണഘടനയുടെ സജീവ പങ്കാളിത്തം 
Special Story

2047ലേക്കുള്ള പ്രയാണത്തിൽ ഭരണഘടനയുടെ സജീവ പങ്കാളിത്തം

ഉന്നതവിദ്യാഭ്യാസമേഖലയിൽ എൻഇപി 2020 മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട് വ്യക്തമാക്കുന്ന രണ്ട് സമീപകാല ഉദാഹരണങ്ങൾ പരിശോധിക്കാം

മമിദാല ജഗദേഷ് കുമാർ

ഒരു രാജ്യത്തിന്‍റെ അഭിവൃദ്ധിയിൽ സ്ഥാപനങ്ങളുടെ രൂപീകരണവും അവ വഹിക്കുന്ന പങ്കും സംബന്ധിച്ച നിർണായക ഗവേഷണ പ്രവർത്തനങ്ങൾക്കാണ് 2024ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്മാർക്ക് ലഭിച്ചത്. ഇന്ത്യയുടെ കാര്യം പരിശോധിച്ചാൽ, നമ്മുടെ ഭരണഘടന, പാർലമെന്‍റ്, ജനാധിപത്യം, നീതിന്യായവ്യവസ്ഥ, മാധ്യമങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ രൂപപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് മാത്രമല്ല അവ ഇന്ത്യയുടെ പുരോഗതിക്ക് അടിത്തറ പാകുകയും ചെയ്തു.

യുവതലമുറയിലെ നമ്മുടെ വിദ്യാർഥികളുടെ ആശയാഭിലാഷങ്ങൾ നിറവേറ്റുന്നതിനും, രാജ്യപുരോഗതി സാക്ഷാത്കരിക്കുന്നതിനും ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെ നവീകരിക്കുന്നതിനുമുള്ള ഒരു പരിവർത്തന ചട്ടക്കൂടാണ് ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020. ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങൾക്കനുസൃതമായി വിദ്യാഭ്യാസത്തിലെ പ്രവേശനം, തുല്യത, ഗുണനിലവാരം, ഉത്തരവാദിത്തം, താങ്ങാനാവുന്ന ചെലവ് എന്നിവയ്ക്ക് ഊന്നൽ നൽകുന്ന സുപ്രധാന രേഖയാണ് എൻഇപി 2020. ഭരണഘടനയുടെ ആദർശങ്ങളെയും പുരോഗമനപരവും സർവാശ്ലേഷിയുമായ സുസ്ഥിര ഇന്ത്യയുടെ അഭിലാഷങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായി ഇത് വർത്തിക്കുന്നു.

എൻഇപി 2020 ഇന്ത്യൻ ഭരണഘടനയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നു. സമഗ്രതയും സമത്വവും സർവാശ്ലേഷിത്വവും ഊന്നിപ്പറയുകയും ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തിലെ അസമത്വം പൂർണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. സാമൂഹ്യനീതി പ്രദാനം ചെയ്യുമെന്ന ഭരണഘടനയുടെ വാഗ്ദാനത്തെ ഉയർത്തിപ്പിടിക്കുന്നു. അനുച്ഛേദം 46 വിഭാവനം ചെയ്യും വിധം പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുൾപ്പെടെ സർവരുടേയും വിദ്യാഭ്യാസ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് എൻഇപി 2020 മാർഗദർശനമേകുന്നു. സ്കോളർഷിപ്പുകളും വിദ്യാഭ്യാസ വായ്പകളും, സംയോജിത പഠന രീതികൾ, ഡിജിറ്റൽ ലേണിങ്, മൾട്ടി-എൻറോൾമെന്‍റ്- മൾട്ടി എക്സിറ്റ് സ്കീമുകൾ, ബിരുദ പ്രോഗ്രാമുകളുടെ ഭാഗമായുള്ള നൈപുണ്യ വിദ്യാഭ്യാസം, ഭാരതീയ ഭാഷകളുടെ പ്രോത്സാഹനം തുടങ്ങിയ നടപടികൾ പഠന ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഒരു വിദ്യാർഥിയും പിന്തള്ളപ്പെട്ടു പോകുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ഉന്നതവിദ്യാഭ്യാസമേഖലയിൽ എൻഇപി 2020 മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട് വ്യക്തമാക്കുന്ന രണ്ട് സമീപകാല ഉദാഹരണങ്ങൾ പരിശോധിക്കാം. ഒരു കോടി വിദ്യാർഥികൾക്ക് പ്രയോജനപ്പെടുന്ന പിഎം ഇന്‍റേൺഷിപ്പ് പദ്ധതിയാണ് ഒന്നാമത്തേത്. രണ്ടാമത്തേതാകട്ടെ, പിഎം വിദ്യാലക്ഷ്മി വായ്പാ പദ്ധതിയാണ്. ഈ രണ്ട് പദ്ധതികളും താണ വരുമാനക്കാരായ വിദ്യാർഥികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സമത്വം, സർവാശ്ലേഷിത്വം, സാമ്പത്തിക ശാക്തീകരണം എന്നീ ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു (അനുച്ഛേദം 15, 16). ഈ പദ്ധതികൾ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം സാർവത്രികവും ജനാധിപത്യപരവുമാക്കുന്നു. ഇന്ത്യൻ യുവാക്കൾക്ക് അവരുടെ സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലം പരിഗണിക്കാതെ രാജ്യവികസനത്തിൽ പങ്കാളികളാകാൻ അവസരമൊരുക്കുന്നു - പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിടുന്ന വിദ്യാഭ്യാസ മേഖലയിലെ ഇത്തരം നടപടികൾ ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾക്ക് അനുപൂരകമാണ്. സാമൂഹ്യ-സാമ്പത്തിക നീതി, വിദ്യാഭ്യാസ അവസരങ്ങൾ, ജനക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ മാർഗനിർദേശക തത്വങ്ങൾ രാജ്യത്തിന് വഴികാട്ടിയാണ്. ഈ രണ്ട് പദ്ധതികളിലൂടെയും ഭരണഘടനയുടെ മാർഗനിർദേശക തത്വങ്ങളാണ് പ്രാവർത്തികമാക്കുന്നത്.

ഇന്ത്യൻ ഭരണഘടന ഭാഷാപരമായ വൈവിധ്യത്തിന് ഊന്നൽ നൽകുകയും അതിന്‍റെ വ്യവസ്ഥകളിലൂടെയും നയങ്ങളിലൂടെയും ഇന്ത്യൻ ഭാഷകളുടെ സംരക്ഷണത്തിനും പുരോഗതിക്കും പിന്തുണ നൽകുകയും ചെയ്യുന്നു. വിദ്യാഭ്യാസരംഗത്ത് ബഹുഭാഷാ തത്വം പ്രതിഫലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി, മാതൃഭാഷയിൽ വിദ്യാഭ്യാസം നൽകേണ്ടതിന്‍റെ ആവശ്യകത അനുച്ഛേദം 350എ ഊന്നിപ്പറയുന്നു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ 22 ഭാഷകളെ പട്ടികപ്പെടുത്തുകയും അനുച്ഛേദം 29, 30 എന്നിവയ്ക്ക് അനുസൃതമായി ഈ ഭാഷകളുടെ വികസനത്തിനുതകും വിധം ഔദ്യോഗിക പദവി അനുവദിക്കുകയും ചെയ്യുന്നു. ഈ ദിശയിലുള്ള മുന്നേറ്റമെന്ന നിലയിൽ ബിരുദ, ബിരുദാനന്തര തലങ്ങളിലെ 22000 പുസ്തകങ്ങൾ 22 ഇന്ത്യൻ ഭാഷകളിൽ പുറത്തിറക്കാനുള്ള ഒരു പദ്ധതി യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ ഏറ്റെടുത്തിട്ടുണ്ട്. ഈ പദ്ധതി എൻഇപി 2020 നിർദേശിക്കും പ്രകാരം ഇന്ത്യൻ ഭാഷകളെ സമ്പുഷ്ടമാക്കുകയെന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതും നമ്മുടെ ഭരണഘടനാ മൂല്യങ്ങൾക്ക് അനുസൃതവുമാണ്.

അനുഭവപരിചയത്തിലൂടെ, പഠനവും വൈദഗ്ധ്യവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും വിദ്യാർഥികൾക്ക് ഉറപ്പാക്കുക എന്നതിലാണ് എൻഇപി 2020 ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുവഴി വിദ്യാർഥികൾക്ക് സ്വയം തൊഴിൽ പരിശീലിക്കാനും ഉയർന്നുവരുന്ന മേഖലകളിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയും. എൻഇപിയുടെ ഈ മുൻഗണന ഭരണഘടനയുടെ അനുച്ഛേദം 41 ന് അനുപൂരകമാണ്.

ഭരണഘടനാ മൂല്യങ്ങളുമായി സംയോജിച്ച്, എൻഇപി 2020 നടപ്പിലാക്കുന്നത് ഇന്ത്യയുടെ വിപുലമായ വികസന ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിലേക്കും വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലേക്കും നയിക്കും. പിഎം ഇ-വിദ്യ, ദീക്ഷ, സ്വയംപ്രഭ, ആയിരക്കണക്കിന് കോഴ്‌സുകളും വെർച്വൽ ലാബുകളുമുള്ള സ്വയം ഓൺലൈൻ പ്ലാറ്റ്‌ഫോം തുടങ്ങിയ ഡിജിറ്റൽ സംരംഭങ്ങളുടെ വരവ്, ഒരേസമയം രണ്ട് ബിരുദങ്ങൾ സമ്പാദിക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നു. ഒന്ന് ഫിസിക്കൽ മോഡിലും മറ്റൊന്ന് ഓൺലൈൻ മോഡിലും. അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് സംവിധാനം ഗ്രാമങ്ങളിലെയും വിദൂര പ്രദേശങ്ങളിലെയും വിദ്യാർഥികൾക്ക് പോലും വിദ്യാഭ്യാസത്തിൽ തുല്യപ്രവേശനം ഉറപ്പാക്കും.

ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ ഉൾക്കൊള്ളും വിധം, വിദ്യാർഥികൾക്കിടയിൽ സാഹോദര്യത്തിന്‍റെയും ഐക്യത്തിന്‍റെയും മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും വിശ്വ പൗരന്മാരാകാൻ അവരെ സജ്ജരാക്കുന്നതിനും ഉള്ള സമഗ്രമായ വിദ്യാഭ്യാസത്തിനാണ് എൻഇപി 2020 ഊന്നൽ നൽകുന്നത്. ഇന്ത്യൻ വിജ്ഞാന പാരമ്പര്യവും ഇന്ത്യൻ ധാർമികതയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട്, നമ്മുടെ സമ്പന്നമായ പൈതൃകത്തിൽ അഭിമാനവും ഐക്യവും ഊട്ടിയുറപ്പിക്കാൻ എൻഇപി 2020 ശ്രമിക്കുന്നു.

ഇന്ത്യൻ ഭരണഘടന ചലനാത്മകമാണ്. ഉദാഹരണത്തിന്, നമ്മുടെ ഭരണഘടന ആർട്ടിക്കിൾ 368 പ്രകാരം ഭേദഗതി ചെയ്യുന്നതിനുള്ള ഒരു സംവിധാനം നൽകുന്നു, അത് നമ്മുടെ പാർലമെന്‍ററി സമ്പ്രദായം കാലക്രമേണ വികസിക്കാൻ അനുവദിക്കുന്നു. ഉദാഹരണത്തിന്, ഭരണം വികേന്ദ്രീകരിക്കുന്നതിനും ജനാധിപത്യം ജനങ്ങളിലേക്ക് അടുപ്പിക്കുന്നതിനുമായി പഞ്ചായത്തീരാജ്, നഗര തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 73, 74 ഭേദഗതികൾ പാർലമെന്‍റ് പാസാക്കി. അതുപോലെ, പാർലമെന്‍റ് ചരക്ക് സേവന നികുതി (ജിഎസ്ടി) അവതരിപ്പിച്ചത് നയരൂപീകരണവുമായി അതിന്‍റെ പൊരുത്തപ്പെടുത്തലിനെ കാണിക്കുന്നു. അർഥവത്തായ ലിംഗ പ്രാതിനിധ്യത്തിനായുള്ള വനിതാ സംവരണ ബിൽ പാസാക്കി നമ്മുടെ പാർലമെന്‍ററി സംവിധാനം അതിന്‍റെ പുരോഗമന സമീപനം പ്രകടമാക്കി.

ഇന്ത്യൻ ഭരണഘടന ചലനാത്മകമാണ്. ഉദാഹരണത്തിന്, അനുച്ഛേദം 368 പ്രകാരം ഭേദഗതികൾ കൊണ്ടുവരാനുള്ള ഒരു സംവിധാനം നമ്മുടെ ഭരണഘടന ഉറപ്പാക്കുന്നു. നമ്മുടെ പാർലമെന്‍ററി സംവിധാനത്തിന്‍റെ കാലിക വികാസം അതിലൂടെ സാധ്യമാകുന്നു. ഭരണം വികേന്ദ്രീകരിക്കുന്നതിനും ജനാധിപത്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പഞ്ചായത്തീരാജ്, നഗര തദ്ദേശ സ്ഥാപനങ്ങൾ അവതരിപ്പിക്കുന്നതിനുള്ള 73, 74 ഭേദഗതികൾ പാർലമെന്‍റ് മുമ്പ് പാസാക്കുകയുണ്ടായി. അതുപോലെ, ചരക്ക് സേവന നികുതി (ജിഎസ്ടി) നയരൂപീകരണത്തിലും പാർലമെന്‍റ് കാലികമായ നവീകരണം പ്രകടമാക്കി. അർഥവത്തായ ലിംഗ സമത്വം സാധ്യമാക്കുന്നതിനായി വനിതാ സംവരണ ബിൽ പാസാക്കിയതോടെ നമ്മുടെ പാർലമെന്‍ററി സംവിധാനം അതിന്‍റെ പുരോഗമന കാഴ്ചപ്പാട് പൂർണമായും വെളിവാക്കി.

പൗരപങ്കാളിത്തവും സ്വതന്ത്ര മാധ്യമങ്ങളും ചലനാത്മകമായ നീതിന്യായ വ്യവസ്ഥയും ഉൾപ്പെടെയുള്ള ഇന്ത്യയുടെ ശക്തമായ സ്ഥാപനങ്ങൾ കാരണം നമ്മുടെ ഭരണഘടന മേൽക്കുമേൽ അഭിവൃദ്ധി പ്രാപിക്കുകയും ശക്തിപ്പെടുകയും ചെയ്യുന്നു. ഭരണനിർവഹണത്തിന്‍റെ ആധാരശിലയും നമ്മുടെ സാമൂഹിക- സാംസ്കാരിക-നാഗരിക മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതുമാണ് ഇന്ത്യൻ ഭരണഘടന.

പാഠ്യപദ്ധതിയിൽ സ്വന്തം കർത്തവ്യങ്ങളെക്കുറിച്ചുള്ള പാഠങ്ങൾ ഉൾപ്പെടുത്തിയും, രാജ്യത്തിനായി നൽകുന്ന സംഭാവനകളിൽ അഭിമാനിക്കാൻ വിദ്യാർഥികളെ പ്രചോദിപ്പിച്ചും, ഭരണഘടനാപരമായ കടമകളെക്കുറിച്ച് വിദ്യാർഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർണായക പങ്ക് വഹിക്കണം. 2047-ഓടെ ഇന്ത്യയെ, ഒരു വികസിത രാജ്യവും ലോകത്തെ ഒന്നിപ്പിക്കാൻ ശേഷിയുള്ള ആഗോള ശക്തിയും ആക്കുന്നതിനായി നമുക്ക് നമ്മുടെ ഭരണഘടനയെ മുറുകെപ്പിടിക്കാം, ഭരണഘടനയിൽ നിന്ന് നിരന്തരം പ്രചോദനം ഉൾക്കൊള്ളാം.

(യുജിസി ചെയർമാനും ജെഎൻയു മുൻ വിസിയുമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)

മാസപ്പിറവി കണ്ടു; നബിദിനം സെപ്റ്റംബർ അഞ്ചിന്

യെമനിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണം; പ്രസിഡന്‍റിന്‍റെ കൊട്ടരം തകർന്നു

സിപിഎമ്മിലെ കത്ത് ചോർച്ച; മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ച് തോമസ് ഐസക്ക്

ട്രാന്‍സ്‍ജെന്‍ഡര്‍ അവന്തികയ്ക്ക് പിന്നില്‍ ബിജെപിയുടെ ഗൃഢാലോചന സംശയിക്കുന്നു: സന്ദീപ് വാര്യർ

ചംപയി സോറൻ വീട്ടുതടങ്കലിൽ