കർഷകരുടെ അഭിവൃദ്ധി ഉറപ്പാക്കുന്ന കാർഷിക പരിവർത്തനം

 

representative image

Special Story

കർഷകരുടെ അഭിവൃദ്ധി ഉറപ്പാക്കുന്ന കാർഷിക പരിവർത്തനം

നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ശക്തി അന്നദാതാക്കളുടെ, അതായത് കർഷകരുടെ, അതിജീവന ശേഷിയിലും ദൃഢനിശ്ചയത്തിലുമാണു കുടികൊള്ളുന്നത്

Aswin AM

ഡോ. രമേശ് ചന്ദ്

നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ശക്തി അന്നദാതാക്കളുടെ, അതായത് കർഷകരുടെ, അതിജീവന ശേഷിയിലും ദൃഢനിശ്ചയത്തിലുമാണു കുടികൊള്ളുന്നത്. അവർ രാഷ്‌ട്രത്തിനു ഭക്ഷണമേകുക മാത്രമല്ല, സമ്പദ്‌വ്യവസ്ഥയെയും സംസ്കാരത്തെയും ഭാവിയെയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇതു തിരിച്ചറിഞ്ഞ്, രാജ്യം അതിന്‍റെ വികസന യാത്രയുടെ കേന്ദ്രബിന്ദുവിൽ കർഷകരെ പ്രതിഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ദശകത്തിൽ, വിത്തു മുതൽ വിപണി വരെ നീളുന്ന നയങ്ങൾ, പരിപാടികൾ, ശൃംഖലയിലാകെ വ്യാപിച്ചിട്ടുള്ള സ്ഥാപനപരമായ സംവിധാനങ്ങൾ എന്നിവയിലൂടെ കർഷകർക്ക് അഭൂതപൂർവമായ പിന്തുണയാണു ലഭിച്ചത്. പരിഷ്കാരങ്ങളുടെയും നിക്ഷേപങ്ങളുടെയും ഈ ദശകത്തിൽ ഇന്ത്യൻ കൃഷിയെ പരിവർത്തനം ചെയ്യുകയും ഉത്പാദനക്ഷമതയും സമൃദ്ധിയും വർധിപ്പിക്കുകയും ചെയ്തു.

കൃഷിയിലെ വളർച്ചാവേഗം

ഏറ്റവും പ്രകടമായ നേട്ടം ആദായകരമായ വിലയിലൂടെയാണു കൈവന്നത്. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗവൺമെന്‍റ് കർഷകരുടെ ദീർഘകാല ആവശ്യം അംഗീകരിക്കുകയും ചെലവിനേക്കാൾ കുറഞ്ഞത് 50% ലാഭം ഉറപ്പാക്കുന്ന താങ്ങുവില (എംഎസ്പി) എന്ന പുതിയ സൂത്രവാക്യം അവതരിപ്പിക്കുകയും ചെയ്തു. സംഭരണ പ്രവർത്തനങ്ങൾ ഒരേസമയം കൂടുതൽ വിളകളിലേക്കും കൂടുതൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇത് കർഷകർക്ക് ആത്മവിശ്വാസമേകി. വിലയുടെ കാര്യത്തിൽ ഉത്പാദകർക്ക് എക്കാലത്തെയും കരുത്തുറ്റ പ്രോത്സാഹനം നൽകി.

കർഷകർ ഇത് ആവേശത്തോടെയാണു സ്വീകരിച്ചത്. 2015-16നും 2024-25നും ഇടയിൽ, ഇന്ത്യയുടെ കാർഷിക മേഖല 4.45% ശരാശരി വാർഷിക വളർച്ചാനിരക്കു കൈവരിച്ചു. ഇതു രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏതൊരു ദശകത്തിലെയും ഏറ്റവും ഉയർന്ന നിരക്കാണ്. ലോക ബാങ്ക് ഡേറ്റ പ്രകാരം ഈ കാലയളവിൽ പ്രധാന കാർഷിക രാജ്യങ്ങളിൽ ഏറ്റവും വേഗതയേറിയ കാർഷിക ജിഡിപി വളർച്ചയും ഇന്ത്യ രേഖപ്പെടുത്തി. ഈ ശ്രദ്ധേയമായ നേട്ടം കർഷകരുടെ അതിജീവനശേഷിയും സഹായകരമായ നയ അന്തരീക്ഷവും എടുത്തുകാട്ടുന്നു.

നേരിട്ടുള്ള പിന്തുണ, സാമ്പത്തിക ശാക്തീകരണം

ലാഭകരമായ വിലയ്ക്കൊപ്പം, കർഷകർക്കു നേരിട്ടുള്ള വരുമാന പിന്തുണയും ലഭിച്ചു. പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം- കിസാൻ) ആരംഭിച്ചതു മുതൽ 2025 ഓഗസ്റ്റ് വരെ 3.9 ലക്ഷം കോടിയിലധികം രൂപ വിതരണം ചെയ്തു. ഇതു ദശലക്ഷക്കണക്കിനു കർഷക കുടുംബങ്ങളിലെത്തി. ഈ നേരിട്ടുള്ള കൈമാറ്റം ചെറുകിട, നാമമാത്ര കർഷകർക്കു ഗുണനിലവാരമുള്ള ചേരുവകൾ വാങ്ങാനും വിളവു മെച്ചപ്പെടുത്താനും സഹായകമായി.

പ്രധാൻമന്ത്രി ഫസൽ ബീമ യോജന (പിഎംഎഫ്ബിവൈ) വഴി നഷ്ടസാധ്യത കുറയ്ക്കാനും കഴിഞ്ഞു. പ്രകൃതിയുടെ മാറ്റങ്ങളിൽ സംരക്ഷണമൊരുക്കി പദ്ധതിയുടെ പരിധി 2018-19ലെ 3.4 കോടി കർഷകരിൽ നിന്ന് 2024-25 ൽ 4.1 കോടിയാക്കി. സ്ഥാപനപരമായ വായ്പ എളുപ്പത്തിൽ ലഭ്യമായതു കർഷകരെ ഉയർന്ന പലിശ നിരക്കിൽ നിന്നും സ്വകാര്യ സ്രോതസുകളിൽ നിന്നുള്ള ചെലവേറിയ വായ്പകളിൽനിന്നും മോചിപ്പിച്ചു. കിസാൻ ക്രെഡിറ്റ് കാർഡുകളുടെ (കെസിസി) പരിധി 7.75 കോടിയായി വർധിച്ചു. അതേസമയം ബാങ്കുകളിലൂടെയും സഹകരണ സ്ഥാപനങ്ങളിലൂടെയുമുള്ള കാർഷിക ധനസഹായം 2013-14ൽ കാർഷിക ഉത്പാദന മൂല്യത്തിന്‍റെ 29.4% ആയിരുന്നത് 2023-24 ൽ 41.7% ആയി ഉയർന്നു. ഈ സംരംഭങ്ങളെല്ലാം, അനൗപചാരിക വായ്പകളെ ആശ്രയിക്കുന്നതു കുറച്ചു, നിക്ഷേപം നടത്താനുള്ള കർഷകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.

ശാസ്ത്രവും നിക്ഷേപവും

മണ്ണ്- ജല പരിപാലനത്തിനു വീണ്ടും ശ്രദ്ധ ലഭിച്ചു. 2025 മധ്യത്തോടെ 25 കോടിയിലധികം കാർഡുകൾ വിതരണം ചെയ്ത സോയിൽ ഹെൽത്ത് കാർഡ് പദ്ധതി, മണ്ണിന്‍റെ ആവശ്യകതയ്ക്ക് അനുസൃതമായി പോഷകങ്ങൾ പ്രയോഗിക്കാൻ കർഷകരെ സഹായിച്ചു. ഇതു കാര്യക്ഷമതയും വിളവും മെച്ചപ്പെടുത്തി. "എല്ലാ വയലുകൾക്കും ജലം' എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പിഎംകെഎസ്‌വൈ) ജലസേചന വ്യാപ്തി വിപുലീകരിച്ചു. ഇതു മൺസൂൺ മഴയെ ആശ്രയിക്കുന്നതു കുറച്ചു.

സാങ്കേതികവിദ്യയും അഭൂതപൂർവമായ രീതിയിൽ കൃഷിയിടങ്ങളിൽ പ്രവേശിച്ചു. കാലാവസ്ഥ, വിപണികൾ, രോഗങ്ങൾ, കീടങ്ങൾ, കാർഷിക രീതികൾ എന്നിവയെക്കുറിച്ചുള്ള തത്സമയ ഉൾക്കാഴ്ചകൾക്കായി കർഷകർക്കു ഡ്രോണുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ നൽകുന്നു. ഇ-നാം പ്ലാറ്റ്‌ഫോമിൽ വിവിധ സംസ്ഥാനങ്ങളിലെ വിപണികൾ ഏകീകരിക്കുകയും വിവര അന്തരവും ഇടപാടു ചെലവുകളും കുറയ്ക്കുകയും ചെയ്യുന്നു. അതേസമയം, ജൈവ കൃഷി, പ്രകൃതിദത്ത കൃഷി, ജൈവ ചേരുവകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നൽ നൽകുന്നു. ഇതു സുസ്ഥിരതയും പരിസ്ഥിതി സൗഹൃദ ഭക്ഷ്യോത്പാദനവും ഉറപ്പാക്കുന്നു.

വിളകൾക്കതീതമായ വൈവിധ്യവത്കരണം

ഇന്നു കൃഷി പരമ്പരാഗത വിളകളിൽ മാത്രം ഒതുങ്ങുന്നില്ല. ഹോർട്ടികൾച്ചർ, കന്നുകാലി വളർത്തൽ, ക്ഷീരോത്പാദനം, മത്സ്യബന്ധനം എന്നിവയിലേക്കുള്ള ശ്രദ്ധേയമായ വൈവിധ്യവത്കരണത്തിന് ഈ മേഖല സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹോർട്ടികൾച്ചറിന്‍റെ സംയോജിത വികസനത്തിനായുള്ള ദൗത്യം, ദേശീയ ഗോകുൽ ദൗത്യം, ദേശീയ കന്നുകാലി ദൗത്യം, ക്ഷീരവികസന സംരംഭങ്ങൾ, പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന എന്നിവയുൾപ്പെടെയുള്ള സമർപ്പിത ദൗത്യങ്ങളും പദ്ധതികളും ഈ ഉപമേഖലകളിലെ വളർച്ച ത്വരിതപ്പെടുത്തി.

ഫലങ്ങൾ ഇതിനു തെളിവാണ്. പാലുത്പാദനം 2014-15ലെ 146 ദശലക്ഷം ടണ്ണിൽ നിന്ന് 2023-24ൽ 239 ദശലക്ഷം ടണ്ണായി ഉയർന്നു. ഇതു ലോകത്തിലെ ഏറ്റവും വലിയ പാലുത്പാദക രാജ്യമെന്ന ഇന്ത്യയുടെ സ്ഥാനം ഉറപ്പിച്ചു. ഹോർട്ടികൾച്ചർ ഉത്പാദനം 2013-14ലെ 281 ദശലക്ഷം ടണ്ണിൽ നിന്ന് 2023-24ൽ ഏകദേശം 368 ദശലക്ഷം ടണ്ണായി വളർന്നു. ഇതേ കാലയളവിൽ മത്സ്യോത്പാദനം 95.8 ലക്ഷം ടണ്ണിൽനിന്ന് 184 ലക്ഷം ടണ്ണെന്ന നിലയിൽ ഇരട്ടിയായി. ലോകത്തെ അരി കയറ്റുമതിയുടെ മൂന്നിലൊന്നിലധികം സംഭാവന നൽകി ഇന്ത്യ ഏറ്റവും വലിയ ആഗോള അരി കയറ്റുമതി രാജ്യമായി ഉയർന്നു. ഈ നേട്ടങ്ങൾ വിശാലമായ പരിവർത്തനത്തെ പ്രതിഫലിപ്പിക്കുകയും ആഗോള കാർഷിക രംഗത്തു പ്രഥമ സ്ഥാനമുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ പങ്കിനു കരുത്തേകുകയും ചെയ്യുന്നു.

ദേശീയ വളർച്ചയിൽ പങ്കാളികളാകുന്ന കർഷകർ

രാജ്യത്തിന്‍റെ വലിയ വളർച്ചാ ഗാഥയിലേക്കു കർഷകരെ സംയോജിപ്പിക്കാനുള്ള ശ്രമമാണു പ്രധാനമന്ത്രി മോദിയുടെ സമീപനത്തെ വ്യത്യസ്തമാക്കുന്നത്. പിഎം- കുസും പദ്ധതി കർഷകരെ സൗരോർജ പമ്പുകൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ അവരെ ഭക്ഷ്യ- ഊർജ ഉത്പാദകരാക്കി മാറ്റുന്നു. അതിനർഥം, അന്നദാതാക്കളെ ഊർജദാതാക്കളാക്കി മാറ്റുന്നു എന്നു കൂടിയാണ്. കർഷക ഉത്പാദക സംഘടനകൾ (എഫ്പിഒ) ചെറുകിട കർഷകർക്കു കൂട്ടായ ശക്തി, മികച്ച വിലപേശൽ ശക്തി, ആധുനിക മൂല്യ ശൃംഖലകളിലേക്കുള്ള പ്രവേശനം എന്നിവ നൽകുന്നു. സ്വയംസഹായ സംഘങ്ങൾ (എസ്എച്ച്ജി), കാർഷിക സ്റ്റാർട്ടപ്പുകൾ, കാർഷിക അടിസ്ഥാനസൗകര്യ നിധി എന്നിവ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലുടനീളം പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു.

കൃഷി, സംസ്കരണം, വിപണനം എന്നിവയിൽ കരുത്തുറ്റ പങ്കുവഹിക്കാൻ വനിതാകർഷകർക്കു പ്രോത്സാഹനമേകുന്നു. നമോ ഡ്രോൺ ദീദി സംരംഭം സ്ത്രീകൾ നയിക്കുന്ന സ്വയംസഹായ സംഘങ്ങളെ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചു ശാക്തീകരിക്കുന്നു. ഇതു ഗ്രാമീണ വരുമാനം വർധിപ്പിക്കുന്നതിനൊപ്പം കൃത്യമായ കാർഷിക സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നു. ഗ്രാമീണ വളർച്ചയുടെ ഈ സമഗ്ര മാതൃക വീടുകളെയും സമൂഹങ്ങളെയും ശക്തിപ്പെടുത്തുന്നു.

വർധിക്കുന്ന വരുമാനവും ഭാവി കാഴ്ചപ്പാടും

ഈ നടപടികളുടെയെല്ലാം സംയോജിത ഫലമായി കാർഷിക വരുമാനത്തിൽ സ്ഥിരമായ വർധനയുണ്ടായി. കഴിഞ്ഞ ദശകത്തിൽ, കാർഷിക ഉത്പാദകരുടെ വരുമാനം നിലവിലെ വിലയിൽ പ്രതിവർഷം 10.1% എന്ന നിരക്കിൽ വളർന്നു. ഇതു നിർമാണ മേഖലയിലെയും കാർഷികേതര മേഖലകളിലെയും വരുമാന വളർച്ചയേക്കാൾ ഉയർന്ന നിരക്കാണ്. ഇത് ഉപജീവനമാർഗം മെച്ചപ്പെടുത്തുക മാത്രമല്ല, കാർഷിക മേഖലയും സമ്പദ്‌വ്യവസ്ഥയുടെ മറ്റു ഭാഗങ്ങളും തമ്മിലുള്ള വരുമാന അസമത്വം കുറയ്ക്കുകയും ചെയ്തു.

മുന്നോട്ടു നോക്കുമ്പോൾ, പ്രധാനമന്ത്രി മോദി ആധുനികവും സുസ്ഥിരവും അതിജീവന ശേഷിയുള്ളതുമായ കാർഷിക മേഖലയാണു വിഭാവനം ചെയ്യുന്നത്; പാരമ്പര്യത്തിൽ അടിയുറച്ചതും എന്നാൽ നൂതനാശയങ്ങളാൽ ശക്തിപ്പെടുത്തുന്നതുമായ മേഖല. പിഎം- കിസാൻ മുതൽ പിഎം- കുസും വരെയുള്ള എല്ലാ സംരംഭങ്ങളും, വിത്തു മുതൽ വിപണി വരെയുള്ള ഓരോ പരിഷ്കാരവും കർഷകരുടെ ക്ഷേമമാണു ദേശീയ അഭിവൃദ്ധിയുടെ അടിത്തറയെന്ന വിശ്വാസം പ്രതിഫലിപ്പിക്കുന്നു.

75ാം വയസിലും, പ്രധാനമന്ത്രി മോദി ഈ കാഴ്ചപ്പാടിനു രൂപം നൽകി, ഇന്ത്യൻ കാർഷിക മേഖലയെ, ഈ മേഖലയിൽ 5% വാർഷിക വളർച്ച എന്ന പുതിയ നാഴികക്കല്ലിലേക്കു നയിക്കുകയാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതു വികസിത ഇന്ത്യയിലേക്കുള്ള പ്രധാന ചുവടുവയ്പ്പായി മാറും. ഇതു രാജ്യത്തെ പോറ്റുന്ന കൈകളായ കർഷകർക്ക് ഉയർന്ന വരുമാനമുള്ള സമ്പദ്‌വ്യവസ്ഥയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

അന്നദാതാക്കളെ പിന്തുണയ്ക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നതിലൂടെ, ഇന്ത്യ അതിന്‍റെ വർത്തമാനകാലം സുരക്ഷിതമാക്കുക മാത്രമല്ല ചെയ്യുന്നത്; ഭാവിതലമുറയുടെ ക്ഷേമത്തിൽ നിക്ഷേപം നടത്തുക കൂടിയാണ്. നയപരമായ കാര്യപരിപാടി എന്നതിനുമപ്പുറമാണ് ഇപ്പോൾ നടക്കുന്ന പരിവർത്തനം. ഇന്ത്യയുടെ വികസന യാത്രയുടെ ആത്മാവാണ് ഈ പരിവർത്തനങ്ങൾ.

പ്രശസ്ത കാർഷിക സാമ്പത്തിക വിദഗ്ധനും നയതന്ത്ര വിദഗ്ധനും നിതി ആയോഗ് അംഗവുമാണു ലേഖകൻ.

കരൂർ ദുരന്തം; മരണസംഖ‍്യ 36 ആയി, പ്രതികരിക്കാതെ വിജയ്

പാലക്കാട് ശ്രീനിവാസൻ വധക്കേസ്; 65-ാം പ്രതിക്കെതിരായ കുറ്റപത്രം സമർപ്പിച്ചു

ദുൽക്കറിനെ വിടാതെ കസ്റ്റംസ്; ഒരു വാഹനം കൂടി പിടിച്ചെടുത്തു

'മല‍യാളി പൊളിയല്ലേ'; ഇംപാക്റ്റ് പ്ലെയർ അവാർഡ് സ്വന്തമാക്കി സഞ്ജു

വാടക മുറിയിൽ പ്രസവം; അസം സ്വദേശിനി മരിച്ചു