മനഃശാസ്ത്രത്തിനും അപ്പുറം

 

representative image- google gemini

Special Story

മനഃശാസ്ത്രത്തിനും അപ്പുറം

നമ്മൾ ആരാണെന്ന് മനനത്തിലൂടെയും ബോധത്തിലൂടെയും അറിയുകയാണ് പ്രധാനം

MV Desk

അക്ഷരജാലകം| എം.കെ. ഹരികുമാർ

ഒരാളിലേക്ക് വന്നുചേരുന്ന അനുഭവങ്ങൾക്ക് പ്രത്യേകമായ അർഥമുണ്ടോ? എന്തെങ്കിലും സൂചനകൾ അതിലടിങ്ങിയിട്ടുണ്ടോ? പ്രമുഖ മനോവിശ്ലേഷകനായ എക്കാർട്ട് ടോളി പറയുന്നു, "നമ്മളിലേക്ക് ഒരനുഭവം വന്നിറങ്ങുന്നത് ഈ നിമിഷത്തിലാണ്. അതുകൊണ്ടുതന്നെ അത് സ്വയം സംസാരിക്കുന്നതാണ്. ജീവിതം നൽകുന്ന അനുഭവമായി അതിനെ കാണുക. അത് നിങ്ങളുടെ ഇപ്പോഴത്തെ ബോധത്തെ, ധാരണയെ പരിവർത്തിപ്പിക്കാൻ സഹായിക്കും.'

അദ്ദേഹം ചോദിക്കുന്നത് ഇതെങ്ങനെ തിരിച്ചറിയുമെന്നാണ്. എന്നാൽ ഇതാണ് നമ്മുടെ കൺമുന്നിലുള്ള, ഈ നിമിഷത്തിലുള്ള അനുഭവം. അത് വളരെ പ്രത്യക്ഷവും തുറന്നതുമാണ്. അത് സംവാദാത്മകമാണ്. അതിനുള്ളിൽ നിങ്ങളുണ്ട് എന്നതാണ് യാഥാർഥ്യം. നിങ്ങൾ അപ്പോൾ ഒരു റോൾ എടുക്കുകയല്ല, ഒരു കാര്യപരിപാടി നടത്തുകയല്ല ; നിങ്ങൾ നിങ്ങളുടെ ബോധത്തിന്‍റെ സാന്നിധ്യത്തിലാണെന്ന്, നിമിഷത്തിലാണെന്ന് തിരിച്ചറിയണമെന്ന് ടോളി പറയുന്നു.

അദ്ദേഹത്തിന്‍റെ ചിന്തകൾ മനുഷ്യൻ പ്രവർത്തിക്കാതിരിക്കാനുള്ള ഉപദേശമല്ല. സ്നേഹത്തെ മനുഷ്യവ്യക്തിയോടുള്ള ബന്ധമായി കാണാതെ അമൂർത്തമായി കാണുന്ന രജനീഷ് രീതിയല്ല ടോളിയുടേത്. അദ്ദേഹം സ്നേഹത്തെ പ്രവർത്തനമായി കാണുന്നു. നമ്മൾ ആരാണെന്ന് മനനത്തിലൂടെയും ബോധത്തിലൂടെയും അറിയുകയാണ് പ്രധാനം. സ്നേഹിക്കുക എന്നു പറഞ്ഞാൽ നമ്മളിലേക്ക് തന്നെ ചുരുണ്ടുകൂടുക എന്നല്ല അർഥം. മറ്റൊരാൾ നമ്മെത്തന്നെ കാണുന്നു എന്നാണ്. ഇതാണ് ഏറ്റവും സർഗാത്മകമായ തിരിച്ചറിവ്. ഒരു പക്ഷിയെക്കുറിച്ച് എഴുതുമ്പോൾ സ്വയം ആ പക്ഷിയായി സങ്കല്പിക്കണം. അപ്പോഴാണ് മാനുഷികതയുടെ പ്രസരത്തിൽ ആ പക്ഷി ഒരു സംവാദമായി വികസിക്കുന്നത്.

നിങ്ങളാണ് നൃത്തം

ഓരോ ജീവിയുടെയും ദൈന്യത, വിഷമം നമ്മെ ദുഃഖിപ്പിക്കുന്നുണ്ടെങ്കിൽ ഈ സ്നേഹമാണതിന് കാരണം. "ജീവിതം ഒരു നർത്തകിയാണ്; നിങ്ങളാണ് നൃത്തം'- ടോളി എഴുതുന്നു. ഈ നൃത്തത്തിൽ നാം ജീവിതത്തിനു ഒരർഥം കണ്ടുപിടിച്ചേ മതിയാകൂ. അതാണ് നമ്മുടെ മത്സരവും വിജയവും. ജീവിതം നിരർഥകമാണെന്ന് എഴുതിയവരുണ്ട്. എന്നാൽ നിരർഥകമായ ജീവിതത്തിൽ ഒന്നും ചെയ്യാനില്ല. അപ്പോൾ പിന്നെ എങ്ങനെ ജീവിക്കും? നാം തനിച്ചാണെങ്കിൽ എങ്ങനെ അതിജീവിക്കും? ഈ അസംബന്ധങ്ങളുടെ ലോകത്തു നാം അർഥം തിരഞ്ഞേ മതിയാകൂ. ഒരു പക്ഷി പാടുമ്പോൾ നാം ബോറടിച്ചിട്ട് കാര്യമില്ല. അത് നമ്മുടെ പരാജയമാണ്. ചുറ്റും അർഥരഹിതമായ ചലനങ്ങളാണുള്ളതെങ്കിലും അവിടെ നിന്നുകൊണ്ട് അർഥത്തിന്‍റെ വാതിലുകൾ തിരയാൻ നാം വിധിക്കപ്പെട്ടിരിക്കുന്നു.

ഫ്രാൻസ് കാഫ്കയുടെ "ദ് കാസിൽ' എന്ന നോവലിലെ കഥാപാത്രം ദുർഗത്തിൽ പ്രവേശിക്കാനാകാതെ കുഴയുന്നു. തന്നെ എന്തുകൊണ്ടാണ് പ്രവേശിപ്പിക്കാത്തതെന്ന് അയാൾക്ക് മനസിലാകുന്നില്ല. അയാൾ അകാരണമായി പീഡിപ്പിക്കപ്പെടുന്നു. അയാൾക്ക് ഒരുത്തരം ലഭിക്കുന്നില്ല. ഇതാണ് ജീവിതത്തിലെ അസംബന്ധം. ഇതുപോലുള്ള അനുഭവങ്ങൾ മിക്കപ്പോഴുമുണ്ട്. ഇതൊന്നും മനുഷ്യന്‍റെ പരിധിയിലല്ല. ഒരു നിശ്ചയമില്ല ഒന്നിനും. മനുഷ്യന്‍റെ പരിധിയിലല്ല പലതും. വിധിയെ നമുക്ക് നിശ്ചയിക്കാനാവില്ല. ഭാവിയെ പ്രവചിക്കാനാവില്ല. ഇതാണ് അസംബന്ധം. നാം ജനിക്കുന്നതിനു മുമ്പ് ഒരറിയിപ്പ് ലഭിച്ചില്ല. ജനിച്ചുപോയി; ഇതാണ് യുക്തിരഹിതമായ വശം. ഈ അർഥരാഹിതത്തിലും നാം ജീവിതത്തിന്‍റെ അർഥം ആരായുന്നു. അതാണല്ലോ നമ്മുടെ നിയോഗം. ഇവിടെയാണ് ടോളിയുടെ ആശയം പ്രസക്തമാക്കുന്നത്.

വ്യക്തിഗതമായ നമ്മുടെ ആനന്ദത്തെ നമ്മളിൽ തന്നെ ഒതുക്കി നിർത്തരുത്; അത് സമൂഹത്തിലേക്ക് വഴി തിരിച്ചുവിടണം. അങ്ങനെ നാം പുറംലോകവുമായി ബന്ധിക്കപ്പെടുന്നു. നമ്മുടെ പ്രവർത്തനമികവു എങ്ങനെ സമൂഹത്തിന് ഉപകാരപ്രദമാക്കാമെന്ന് ആലോചിക്കണം. അതൊരു കണ്ടെത്തലാണ്. ഇന്നലെത്തെ നിങ്ങളിൽ നിന്ന് ഇന്നത്തെ നിങ്ങളിലേക്കുള്ള വളർച്ചയെ മനസിലാക്കേണ്ടതുണ്ട്. അതിനെക്കുറിച്ച് നമുക്ക് ബോധമുണ്ടാവണം. അപ്പോഴാണ് നിങ്ങൾ ഏത് ദിശയിലേക്കാണ് വളരുന്നതെന്ന് അറിയുന്നത്. ആ വളർച്ചകൊണ്ട് ലോകത്തിന് എന്തെങ്കിലും നേട്ടമുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ഇതേ രീതിയിൽ പരിശോധിക്കുകയും പ്രവർത്തിക്കുകയും ചെയ്യുകയാണെങ്കിൽ നമുക്ക് വിഷാദത്തെ മാറ്റാൻ കഴിയും.

ജീവിതത്തിന് അർഥമുണ്ടാക്കണം

മറ്റൊരാളുമായി അർഥവത്തായ സ്നേഹബന്ധമുണ്ടാക്കുകയാണ് നമ്മുടെ വിഷാദത്തെയും തിരിച്ചടികളെയും മറികടക്കാനുള്ള മാർഗം. എന്നാൽ എങ്ങനെ അത് സാധ്യമാകും? സേവനത്തിലൂടെയാണ് അത് സാധ്യമാവുക. സ്നേഹവും സേവനവും ചേരുമ്പോൾ ഒരു ബന്ധമുണ്ടാവുന്നു. ത്യജിക്കുമ്പോൾ അത് വളരുന്നു.

ജീവിതത്തിന് അർഥമില്ലെന്ന് കരുതി വിഷമിക്കേണ്ട; ജീവിതത്തിനു അർഥമുണ്ടാക്കാൻ ഈ ലോകത്ത് ധാരാളം അവസരങ്ങളുണ്ട്. മൗണ്ട് എവറസ്റ്റിൽ കയറുന്നത്, സൈക്കിളിൽ ഇന്ത്യ ചുറ്റുന്നത്, പായ്ക്കപ്പലിൽ ലോകം ചുറ്റുന്നത്, പക്ഷികളുടെ പാട്ട് കേൾക്കുന്നത്, മേഘങ്ങളുടെ വിവിധ ചലനങ്ങൾ ക്യാമറയിൽ പകർത്തുന്നത് തുടങ്ങി എത്രയോ മാർഗങ്ങളുണ്ട്. നന്നായി ചായ അടിക്കുന്നത്, നന്നായി റോഡ് വൃത്തിയാക്കുന്നത്, രുചികരമായ ഭക്ഷണം ഉണ്ടാക്കുന്നത്, മുറ്റത്ത് ഒരു ചെടി നടുന്നത് തുടങ്ങിയവയെല്ലാം ഈ അർഥമാണ് തേടുന്നത്. ഇവിടെ ജീവിതത്തെ ശൂന്യതയിൽ നിന്ന് രക്ഷച്ചെടുത്ത് സൗന്ദര്യമുള്ളതാകുന്നു. ഒരാളെ പ്രേമിക്കുന്നത്, സത്യസന്ധമാണെങ്കിൽ, ഒർഥമാണ്. ജീവിതം നഷ്ടപ്പെടില്ല എന്ന ഓർമപ്പെടുത്തലാണത്.

"ജീവിതത്തിലെ ചില മാറ്റങ്ങൾ പ്രതിലോമകരമായി നിങ്ങൾക്ക് തോന്നാം. എന്നാൽ പെട്ടെന്ന് തന്നെ മനസിലാകും, പുതിയ ഒരു മാറ്റത്തിനായി നിങ്ങളുടെയുള്ളിൽ ഒരിടം സൃഷ്ടിക്കപ്പെടുകയാണെന്ന് '- ടോളി എഴുതുന്നു.

മാറ്റങ്ങളെ എങ്ങനെ സമീപിക്കണമെന്ന പാഠമാണ് പലപ്പോഴും അജ്ഞാതമായിരിക്കുന്നത്. വിദ്യാഭ്യാസത്തിൽ അതും ഉൾപ്പെട്ടതാണ്. നമ്മളിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാനുള്ള ഒരു മനസ് വേണമെന്നാണ് ടോളി പറയുന്നത്. അത് അനാവശ്യമായ ആകുലതളിൽ നിന്ന് രക്ഷപ്പെടുത്തും. ചില മാറ്റങ്ങൾ സ്വയം പരിവർത്തനപ്പെടാനുള്ള സ്വാഭാവിക ആവിർഭാവങ്ങളാണ്. ഒരു പ്രത്യേക സാഹചര്യമല്ല നിങ്ങളിൽ അസന്തുഷ്ടിയുണ്ടാക്കുന്നത്, അതിനെക്കുറിച്ചുള്ള ചിന്തയാണ്. ചില വിഷമതകൾ നമ്മെ സ്വയം വിമോചിപ്പിക്കാനാണ് സഹായിക്കുന്നത്, ഇരുമ്പ് പഴുത്ത് ശുദ്ധമാകുന്നതുപോലെ.

വ്യഥയുടെ മൂലകാരണം

പാശ്ചാത്യദേശങ്ങളിൽ സെൻബുദ്ധിസവും അദ്വൈതവും പ്രചരിക്കുന്നു എന്നതിന്‍റെ സൂചനയാണ് എക്കാർട്ട് ടോളിയുടെ എഴുത്തും സംഭാഷണങ്ങളും. അദ്ദേഹം ദീർഘകാലം സെൻ ബുദ്ധിസ്റ്റ് ആശയങ്ങളുമായി സമ്പർക്കത്തിലായിരുന്നു. ഈ സമയത്തായിരിക്കുക എന്ന സെൻ ബുദ്ധിസ്റ്റ് ആശയമാണ് ദ് പവർ ഓഫ് നൗ എന്ന പുസ്തകത്തിലും മറ്റു രചനകളിലും അവലംബിച്ചിട്ടുള്ളത്. ജർമനിയിൽ ജനിച്ച ടോളി 13 വയസു വരെ അവിടെ ജീവിച്ചു. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡിഗ്രിയെടുത്തത്. പിന്നീട് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ റിസർച്ച് സ്കോളറായി. 29ാം വയസിൽ സ്വാഭാവികമായ ഒരു മനഃപരിവർത്തനത്തിലൂടെ ജീവിതം മറ്റൊരു വഴിക്ക് നീങ്ങി. ജീവിതത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളിൽ നിന്ന് മോചനം നേടിയ അദ്ദേഹം പുതിയ ചിന്തകളുമായി അലഞ്ഞു. പുതിയ അനുഭവങ്ങളെ ഇഴപിരിച്ചു നോക്കി. അദ്ദേഹം ഇപ്പോൾ കാനഡയിൽ ജ്ഞാനശാസ്ത്രം പഠിപ്പിക്കുകയാണ്. "ദ് പവർ ഓഫ് നൗ' എന്ന പുസ്തകത്തിൽ അദ്ദേഹം താൻ നേടിയതും അനുഭവിച്ചതുമായ പരിവർത്തനത്തെപ്പറ്റി വിശദീകരിക്കുന്നുണ്ട്.

മനുഷ്യന്‍റെ വ്യഥയുടെ മൂലകാരണമാണ് അദ്ദേഹം അന്വേഷിച്ചത്. കാലത്തിൽ അമിതമായി ആഴ്ന്നുകിടക്കുന്നതു കൊണ്ട് ഭൂതവും ഭാവിയും മനുഷ്യനെ കെട്ടിവരിയുകയാണ്. ഇന്നലെ നാം എന്തായിരുന്നു എന്ന ചിന്ത ഇന്നത്തെ ജീവിതത്തെ തള്ളിമാറ്റിക്കൊണ്ട് മുന്നേറുകയാണ്. ഇത് മൂല്യമില്ലാത്ത ആധി നിറയ്ക്കുന്നു. മനസിൽ നിത്യമായി സംഘർഷം നിലനിൽക്കുകയാണ്. ഭൂതകാലത്ത് നാം എന്തായിരുന്നുവെന്ന് തിരക്കുന്നതിലെ തെറ്റും ശരിയുമാണ് പ്രധാനമായ അലട്ടൽ. ഭാവിയും വലിയ ദ്രോഹം ചെയ്യുന്നു. ഒരാവശ്യവുമില്ലാതെ, ഭാവിയെക്കുറിച്ച് ചിന്തിച്ചു ദുഃഖിക്കുന്നു. അതുകൊണ്ട് ഇന്നത്തെ ജീവിതം വേണ്ടപോലെ ആസ്വദിക്കാനാവുന്നില്ല. ഇങ്ങനെ വെറുതെ കിട്ടുന്ന സംഘർഷം തലയിലേറ്റാനാണോ നാം പിറവിയെടുത്തതെന്ന ചോദ്യം ഉയരുന്നു. നാം ജീവിതത്തെ തെറ്റായി മനസിലാക്കുന്നതുകൊണ്ടുള്ള തകരാറിണിതെന്ന് ടോളി വിശദീകരിക്കുന്നു.

കലയുടെ ഉത്ഭവം

മനുഷ്യമനസിലെ അതീവ ഹൃദ്യമായ ചില സിദ്ധികളെക്കുറിച്ച് ടോളി പറയുന്നുണ്ട്. വാക്കുകൾക്ക് കടന്നു ചെല്ലാനാവാത്ത ചില ശക്തികളുണ്ട്. അവിടെയാണ് കല ഉത്ഭവിക്കുന്നത്. അഗാധമായ നിശ്ചലതയിൽ നിന്നാണ് കലാസൃഷ്ടി ഉദയം ചെയ്യുന്നത്. ആർക്കും അറിയില്ല, പുറത്തു പ്രകടമാകാത്ത ഈ സത്ത, നിശ്ചലത കലയായി മാറുകയാണെന്ന്. കലാകാരന്‍റെ മനസ് തന്നിൽ നിന്ന് മോചിതമായി അതീതമായ ഒരിടത്ത് കേന്ദ്രീകരിക്കുമ്പോഴാണ് സൃഷ്ടിപരമായ ആലോചനകൾ ഉണ്ടാകുന്നത്. വ്യക്തിക്ക് സുതാര്യമാകാൻ കഴിയുന്നുണ്ടെങ്കിൽ അത് മഹത്തായ ഒരനുഭവമായിരിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ ചിന്ത. ഈ സുതാര്യതയിലൂടെ ഈഗോ അഥവാ അഹം ഇല്ലാതാവുകയാണ്. മനുഷ്യന്‍റെ ഈഗോ അഥവാ അഹം സ്വയം നശിപ്പിക്കാൻ ശേഷിയുള്ളതാണല്ലോ. നമ്മുടെ മനസിനെ അത് നിർബന്ധിച്ച് നിർവികാരയിൽ എത്തിക്കുന്നു. ഈഗോയുടെ അതിപ്രസരം കർമത്തിന്‍റെ നാശമായി മാറുന്നു. "ഒരു സംഘടനയ്ക്ക് ഈഗോ വർധിച്ചാൽ, ആത്മീയ സംഘടനകളായാൽ പോലും, വലിയൊരു മാറ്റമാണുണ്ടാവുക. അതോടെ നാശം തുടങ്ങുകയായി.

ടോളി പറയുന്നത് ഇങ്ങനെ സംഗ്രഹിക്കാം: "ഈ വർത്തമാനകാലത്ത് ജീവിക്കുക. അതിന് ഭൂതമോ ഭാവിയോ കാലമോ ഇല്ല. സന്നിഹിതമായിരിക്കുന്ന ഈ ഇടമാണ് യഥാർഥ അദ്ധ്യയനം. അത് തന്നെയാണ് ഗുരുവും. അത് നിങ്ങളിലെ "കാല'ത്തെ ഇല്ലാതാക്കും. അത് മനുഷ്യനെ കണ്ടീഷൻ ചെയ്യുന്നത് ഇല്ലാതാക്കും. അത് തന്നെയാണ് കാലവും. അത് പരുവപ്പെടുത്തിയെടുത്ത അസ്തിത്വമല്ല. അതും ഇല്ലാതാക്കുന്നു; ഞാനെന്ന ഭാവം, അതും കാലം തന്നെയാണ്. അത് കരുതി വച്ചിരിക്കുന്ന യാതനയെ ഇല്ലാതാക്കും. ഭൗതികമായ വേദനയും ഇല്ലാതാക്കുന്നു, ഇത് ഭൂതകാലത്ത് നിന്ന് സമാഹരിച്ചുവച്ചിരിക്കുന്നതാണ്. വർത്തമാനത്തിന്‍റെ സാന്നിധ്യത്തിൽ മറ്റെല്ലാം മായുന്നു. ഇതാണ് ശരിയായ പാഠം.'

മനസിൽ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നതാണ് ടോളിയുടെ നിരീക്ഷണങ്ങൾ. മനുഷ്യൻ വെറും മനഃശാസ്ത്ര ടൈപ്പല്ല, മനഃശാസ്ത്രത്തിനും അപ്പുറത്ത്, അവന് ചിലയിടങ്ങളുണ്ട്. അവിടേക്ക് എത്തിച്ചേരാനുള്ള ശക്തി അവനിലുണ്ട്. അവൻ ആരാണെന്നത് അവനാണ് കണ്ടെത്തേണ്ടത്. കലയുടെ സൃഷ്ടിക്ക് നിദാനമായ ശക്തി ഓരോ മനുഷ്യനിലും അന്തർലീനമാണ്. അതിനെ ഉണർത്തുകയാണ് പ്രധാനം.

രജതരേഖകൾ

1) കവിത

വാക്കുകൾ തമ്മിൽ വിചിത്രമായി കൂട്ടിഘടിപ്പിച്ചാൽ കവിതയാകുമെന്ന് വിചാരിക്കുന്ന ആധുനികതയുടെ അവശിഷ്ട കവികൾ ഇപ്പോഴുമുണ്ട്. പദസംയോജനത്തെ വ്യാഖ്യാനിച്ച് വിമർശകൻ കവിത ആസ്വദിക്കണമെന്ന് പറയുന്നത് കാലഹരണപ്പെട്ട ആശയമാണ്. ഇന്ന് കവിത ഒരു വസ്തുവിന്‍റെ ജീവതത്വപരമായ ഉണ്മയെ അന്വേഷിക്കുകയാണ്. അത് കണ്ടെത്തുന്നവനാണ് കവി. എന്താണ് ഒരു വസ്തു എന്ന അനുഭവമാണത്.

2) കൃത്രിമമായ ബുദ്ധിപരത

ഡോ. ടി.ടി. ശ്രീകുമാർ എഴുതിയ "കലയും കുറ്റവാളിയും- ചില ജ്ഞാനോദയ ചിന്തകൾ' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാർച്ച് ഒന്ന്) എന്ന ലേഖനം ഗവേഷണ വിദ്യാർഥികളെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. സാധാരണ വായനക്കാർ ഇത് വായിക്കില്ല. ഇതിൽ സൗന്ദര്യബോധമില്ല. അത്രയ്ക്ക് അരസികവും കൃത്രിമവുമാണിത്. ആസ്വദിക്കുന്ന ഒരു ഹൃദയം ഈ ലേഖനത്തിന്‍റെ പിറകിലില്ല. ഇമ്മാനുവൽ കാന്‍റ്, ഫുക്കോ എന്നിവർ ബോധോദയത്തെക്കുറിച്ച് എഴുതിയ ലേഖനങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ദഹിക്കാത്ത ആശയങ്ങൾ തള്ളിവിടുകയാണ് ലേഖകൻ. ഒരു വാചകം നോക്കൂ: "കൊളോണിയൽ യുക്തികളിലൂടെ രൂപംകൊണ്ട പൗരസ്ത്യ വാദവ്യവഹാരത്തിലും ജ്ഞാനോദയ സങ്കൽപ്പത്തിനുള്ള അമേയമായ പ്രതീകമൂല്യം കണ്ടെത്താനാണ് സഹായകമാവുക.' എന്തെങ്കിലും മനസിലാകുമോ? ഗവേഷണ വിദ്യാർഥികൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഭാഷയാണിത്. ശ്രീകുമാറിന് വിവരമുണ്ടെങ്കിൽ താൻ വായിച്ചത് എന്താണെന്ന് നന്നായി ഗ്രഹിക്കണം. അതിനുശേഷം ആ വിവരം സ്വന്തം ഭാഷയിലേക്ക് മാറ്റി വായനക്കാർക്ക് കൊടുക്കണം. ഫുക്കോയെക്കുറിച്ച് എഴുതുമ്പോൾ അദ്ദേഹത്തിന്‍റെ ഭാഷ ഉപയോഗിക്കരുത്. ഓസ്ട്രേലിയൻ ബയോളജിസ്റ്റ് ജെറിമി ഗ്രിഫിത്തിന്‍റെ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ കുറ്റകൃത്യങ്ങളെ പൗരുയുക്തിയുടെ മണ്ഡലത്തിൽ നിന്ന് വ്യത്യസ്തമായി മനസിലാക്കണമെന്ന് പറയുന്നത് യുക്തമല്ല. വ്യക്തിയുടെ ഇച്ഛാശക്തിക്കനുസരിച്ച് പരിവർത്തനപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള ബുദ്ധിവിശേഷത്തെ അറിയണമെന്നാണ് ഗ്രിഫിത്ത് പറയുന്നത്. ഇതുപോലുള്ള വിഷയങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നതിന്‍റെ ഔചിത്യം മനസിലാകുന്നില്ല. വായനക്കാരെ തൃണവൽഗണിച്ചുകൊണ്ടുള്ള ഈ രീതി പിന്തിരിപ്പൻ സ്വഭാവമാണ് കാണിക്കുന്നത്.

3) പുതിയ പുസ്തകങ്ങൾ

എന്‍റെ "ഒഎൻവി, പി. ഭാസ്കരൻ, എഴുമംഗലം, ഇടശേരി' (ബുക്ജിൻ പബ്ലിക്കേഷൻസ്), "അനന്യമായ ഓർമപ്പാതകളിൽ ലോകം ഇതാ പുനർജനിക്കുന്നു' (ബോധി ബുക്സ്, കൊല്ലം) എന്നീ പുസ്തകങ്ങൾ കഴിഞ്ഞദിവസം പ്രകാശനം ചെയ്തു. രണ്ടും സാഹിത്യവിമർശനമാണ്. ആദ്യത്തെ പുസ്തകത്തിൽ ഒഎൻവി, പി. ഭാസ്കരൻ, ഇടശേരി എന്നീ കവികളെ വ്യത്യസ്തമായ രീതിയിൽ വായിക്കുകയാണ്, ആസ്വാദനക്ഷമത നഷ്ടപ്പെടാതെ. ഇതിൽ എഴുമംഗലം കരുണാകരൻ എന്ന കവിയെക്കുറിച്ചുള്ള ഒരു ലേഖനമുണ്ട്. എഴുമംഗലം തമസ്കരിക്കപ്പെട്ടു എന്നാണ് തോന്നുന്നത്. അദ്ദേഹത്തിന്‍റെ കവിതകളെക്കുറിച്ച് മുണ്ടശേരിയും സുകുമാർ അഴീക്കോടും എഴുതിയ ലേഖനങ്ങൾ വായിക്കുന്നത് പ്രചോദനമാണ്. രണ്ടാമത്തെ പുസ്തകം വിമർശനത്തെ ശരിക്കും ഒരു കലാരൂപമായി അവതരിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ്.

4) ബർനാഡ് ഷാ

വിജയത്തെക്കുറിച്ച് വിഖ്യാത നാടകകൃത്ത് ജോർജ് ബർണാഡ് ഷാ പറഞ്ഞത് ഇതാണ്: ഒരിക്കലും തെറ്റ് സംഭവിക്കാതിരിക്കുന്നതിലല്ല വിജയം; തെറ്റു വീണ്ടും ആവർത്തിക്കാതിരിക്കുന്നതാണ് പ്രധാനം. തെറ്റ് മാനുഷികമാണ്. എന്നാൽ തെറ്റാണെന്ന് അറിഞ്ഞിട്ടും അത് വീണ്ടും ചെയ്യുന്നവന് വിജയം ഉണ്ടാകില്ല. തെറ്റിനെ തിരിച്ചറിഞ്ഞു തിരുത്താനുള്ള ആത്മീയശക്തിയാണ് വിജയികളുടെ കൈമുതൽ.

5) ദസ്തയെവ്സ്കി

ആന്തരികമായ മനഃശാസ്ത്രത്തെക്കുറിച്ച് ദസ്തയെവ്സ്കി എഴുതിയിട്ടുണ്ട്: "നിങ്ങൾ നിങ്ങളോട് കള്ളം പറയരുത്. അവനവനോട് കള്ളം പറഞ്ഞ് അതിനു മാത്രം ചെവി കൊടുക്കുന്നവന് അവന്‍റെയുള്ളിലും പുറത്തുമുള്ള സത്യത്തെ വേർതിരിച്ചറിയാൻ കഴിയാതെ വരികയും അവനവനോടും മറ്റുള്ളവരോടും ബഹുമാനം ഇല്ലാതാവുകയും ചെയ്യും. അതോടെ അവനിൽ സ്നേഹമില്ലാതാകും.'

നേതൃത്വം ആവശ‍്യപ്പെടുകയാണെങ്കിൽ മത്സരിക്കും; മുൻ നിലപാട് മാറ്റി ആർ. ശ്രീലേഖ

ഇന്ത‍്യൻ ബൗളർമാരെ തല്ലിതകർത്ത് കരീബിയൻ സംഘം; 196 റൺസ് വിജയലക്ഷ‍്യം

ഇറാന്‍റെ തിരിച്ചടി; ഇസ്രയേലിൽ 9 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

3 മലയാളികൾ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി

"തകർത്തത് ഹൃദയം"; പ്രതികാരത്തിന്‍റെ ചെങ്കൊടി പാറിച്ച് ഇറാൻ