.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അമെരിക്കയിലെ ട്രംപ് വിരുദ്ധ പ്രക്ഷോഭങ്ങൾ
അഡ്വ. ജി. സുഗുണന്‍
സോവിയറ്റ് യൂണിയന്‍ അപ്രത്യക്ഷമാവുകയും ശീതസമരം അവസാനിക്കുകയും ചെയ്തതോടെ അമെരിക്കയ്ക്ക് മുഖ്യപ്രതിയോഗികള്‍ ഇല്ലാതായി. അമെരിക്ക ലോകത്തിലെ അതുല്യശക്തിയായി തീര്‍ന്നു. ഇതോടെ അമെരിക്കന്‍ ആധിപത്യത്തിന് മുന്‍തൂക്കമുള്ള ഏകധ്രുവലോകം സംജാതമായി.
ലോകരാജ്യങ്ങള്‍ ആ വഴിയേ നടക്കാന്‍ നിര്‍ബന്ധിതരുമായി. നവലോകക്രമത്തിന് അക്രമോത്സുകമായ വിദേശനയം തന്നെയാണ് അമെരിക്ക പിന്‍തുടര്‍ന്നത്. ഒന്നാം ഗള്‍ഫ് യുദ്ധവും, ഇറാക്കില്‍ അമെരിക്ക നടത്തിയ അധിനിവേശയുദ്ധങ്ങളും അഫ്ഗാനിസ്ഥാനില്‍ സൈന്യത്തെ അയച്ചുകൊണ്ടുള്ള നീതികരണമില്ലാത്ത ഇടപെടലുകളുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
സാമ്രജ്യങ്ങള്‍ പലപ്പോഴും തകര്‍ന്നടിയുന്നത് അതിനകത്തുള്ള ജീര്‍ണതകൾ കൊണ്ടാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതുപോലെ അമെരിക്കന്‍ ആധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആ മേധാവിത്വ ശക്തിക്കുള്ളില്‍ നിന്നു തന്നെയാണ്. അമെരിക്കന്‍ ഭരണകൂടത്തിന്‍റെ സ്ഥാപനപരമായ ഘടനയാണ് ഒന്നാമത്തെ നിയന്ത്രണം. അമെരിക്കന്‍ ഭരണഘടന അധികാരത്തെ നിയമനിര്‍മാണ സഭ, ജുഡിഷ്യറി, എക്‌സിക്യൂട്ടീവ് എന്നീ 3 വിഭാഗങ്ങള്‍ക്കിടയില്‍ വിഭജിച്ചിട്ടുണ്ട്. എക്‌സിക്യൂട്ടീവ് വിഭാഗം രാജ്യത്തിന്‍റെ സൈനികശക്തിയെ അമിതമായും അനിയന്ത്രിതമായും വിനിയോഗിക്കാന്‍ ശ്രമിച്ചാല്‍ മറ്റ് രണ്ട് വിഭാഗങ്ങള്‍ അതിനെ തടയും. പക്ഷേ ഇത് ഫലപ്രദമായി അവിടെ ഇന്ന് നടക്കുന്നില്ല. മറ്റ് പല ജനാധിപത്യ രാജ്യങ്ങളെക്കാള്‍ എക്‌സിക്യൂട്ടീവിന് വളരെ കൂടുതല്‍ അധികാരം അമെരിക്കയിലുണ്ട്. എക്‌സിക്യൂട്ടീവിന്‍റെ തലവനായ പ്രസിഡന്‍റ് തന്നെയാണ് ഈ അധികാരങ്ങളെല്ലാം ഉപയോഗിക്കുന്നത്.
ഭരണഘടനാപരമായി നോക്കിയാല്‍ ഒരു തികഞ്ഞ ജനാധിപത്യ രാജ്യമാണ് അമെരിക്ക. അമെരിക്കന്‍ ഭരണഘടനയുടെ ചുവടുപിടിച്ചാണ് ലോകത്തെ പല എഴുതപ്പെട്ട ഭരണഘടനകള്‍ക്കും രൂപംനല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ ഭരണഘടന അമെരിക്കന്‍ ഭരണഘടനയിലെ പല കാര്യങ്ങളും അതുപോലെ തന്നെ അനുകരിച്ചിട്ടുള്ള ഒന്നാണ്. നിര്‍ഭാഗ്യവശാല്‍ അമെരിക്കന്‍ ഭരണാധികാരിവര്‍ഗ്ഗം ജനവികാരത്തെയും, സ്വന്തം ഭരണഘടനയേയുമെല്ലാം ധിക്കരിച്ചുകൊണ്ട് സ്വേച്ഛാധിപത്യ ഭരണം അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുള്ള പലഘട്ടങ്ങളും നമുക്ക് അമെരിക്കന്‍ ചരിത്രത്തില്‍ കാണാന്‍ കഴിയും അത്തരം ഒരു സ്ഥിതിവിശേഷമാണ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ രണ്ടാം തവണത്തെ പ്രസിഡന്‍റ് ഭരണത്തില്‍ ലോകം കാണുന്നത്. നാളിതുവരെ ഒരു പ്രസിഡന്‍റും ആ രാജ്യത്ത് നടപ്പിലാക്കാത്ത ഭ്രാന്തന്‍ ഭരണപരിഷ്‌കാരങ്ങളാണ് അദ്ദേഹം ഇപ്പോള്‍ നടപ്പിലാക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇതിനെതിരായ വ്യാപകമായ ഏറ്റവും ശക്തമായ ജനരോക്ഷമാണ് ആ രാജ്യത്തൊട്ടാകെ ഇന്ന് അലയടിച്ചുകൊണ്ടിരിക്കുന്നത്.
ട്രംപ് ഭരണത്തോടുള്ള അതൃപ്തി പ്രകടമാക്കി അമെരിക്കയിലുടനീളം വ്യാപകമായ ബഹുജന പ്രതിഷേധ റാലികള്‍ നടക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. വാഷിങ്ടണ്‍, ചിക്കാഗോ, ന്യൂയോര്‍ക്ക്, റോസ്‌ഐലൻഡ്, മേരിലാൻഡ്, ഡിസ്‌കോന്‍സില്‍, ടെന്നസി, സൗത്ത് കരോലിന, ഒഹായോ, കെന്‍റക്കി, കാലിഫോര്‍ണിയ, പെന്‍സില്‍വാനിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വന്‍ പ്രതിഷേധങ്ങളാണ് നടന്നത്. ഡബ്ലിനിലും അയര്‍ലൻഡിലും പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു റാലികള്‍ സംഘടിപ്പിച്ചു. വാഷിങ്ടണ്‍ നേവല്‍ ഒബ്‌സര്‍വേറ്ററിയുടെ ഗ്രൗണ്ടില്‍ വൈസ് പ്രകസിഡന്‍റ് ജെ.ഡി. വാനസിന്‍റെ വീടിന് പുറത്ത് വന്‍ റാലി നടന്നു. കൊളറാഡോയില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ കുടിയേറ്റക്കാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അമെരിക്കയില്‍ രാജാക്കന്‍മാര്‍ വേണ്ട, സ്വേച്ഛാധിപത്യത്തെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളുമായാണ് പ്രകടനക്കാര്‍ ഒത്തുകൂടിയത്. എല്‍സാല്‍വഡോറിലേക്ക് ഭരണകൂടം നാടുകടത്തിയ കുടിയേറ്റക്കാരന്‍ കില്‍മര്‍ എബ്രിഗോ ഗാര്‍ഷയെ തിരിച്ചുകൊണ്ടുവരണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
50501 എന്ന സംഘടനയുടെ നേതൃത്വത്തില്‍ നൂറ്കണക്കിന് റാലികളാണ് വിവിധയിടങ്ങളിലായി നടന്നത്. 50 പ്രതിഷേധങ്ങള്‍, 50 സംസ്ഥാനങ്ങള്‍ 1 പ്രസ്ഥാനം എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് 50501 പ്രസ്ഥാനം. ഏപ്രില്‍ 19 "ഡേ ഒഫ് ആക്‌ഷന്‍' ആയി ആചരിച്ചു. 1975ലെ അമെരിക്കന്‍ വിപ്ലവവിരുദ്ധ കാലത്ത് നടന്ന ലെക്‌സിങ്ടണ്‍, കോണ്‍കോര്‍ഡ് യുദ്ധത്തിന്‍റെ വാര്‍ഷികത്തെ അനുസ്മരിക്കാനാണ് ഏപ്രില്‍ 19 തെരഞ്ഞെടുത്തത്. ഡൊണാള്‍ ട്രംപിന്‍റെ ഭരണത്തോടുള്ള അതൃപ്തി ഒരു ബഹുജനപ്രസ്ഥാനമായി മാറുകയാണന്ന സൂചനയാണ് ഈ പ്രതിഷേധങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ 9 ന് നടന്ന ഹാന്‍ഡ്‌സ് ഓഫ് റാലിയ്ക്ക് സമാനമായിരുന്നു. ശനിയാഴ്ചത്തെ പ്രതിഷേധങ്ങളും, ട്രംപിന്‍റെ രണ്ടാം ഭരണകാലയളവില്‍ സംഘടപ്പിച്ച ഏറ്റവും വലിയ ഏകദിന പ്രതിഷേധമായിരുന്നു ഇത്.
ഫെഡറല്‍ ഏജന്‍സികളില്‍ ഡോജ് നടത്തിയ കൂട്ട പിരിച്ചുവിടലുകള്‍, നിയമപരമായ താസക്കാരെ നാടുകടത്താനുള്ള ശ്രമങ്ങള്‍, അമെരിക്കന്‍ സംഖ്യകക്ഷികള്‍ ഉള്‍പ്പെടെ മിക്ക രാജ്യങ്ങള്‍ക്കും ചുമത്തിയ നീതീകരണമില്ലാത്ത താരിഫുകള്‍, സ്വകാര്യ സര്‍വകലാശാലകള്‍ക്കുള്ള ധനസഹായം മരവിപ്പിക്കല്‍ എന്നിവ ഉള്‍പ്പടെ ട്രംപിന്‍റെ നയങ്ങള്‍ക്കെതിരായാണ് ഈ പ്രതിഷേധം നടന്നത്. ഇലോന്‍ മസ്‌കിന് എതിരെയും സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പ് (ഡോജ്) നടപ്പിലാക്കിയ ചെലവ് ചുരുക്കലിന് എതിരേയും പ്രകടനങ്ങള്‍ നടത്തണമെന് 50501 മൂവ്‌മെന്‍റ് ആഹ്വാനം ചെയ്തിരുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ട്രംപിന്‍റെ ആക്രമണത്തിനെതിരെ എതിര്‍പ്പ് രേഖപ്പെടുത്തുന്നതിനായി യുഎസില്‍ ഉടനീളം 1,200 പ്രകടനങ്ങള്‍ നടന്നു. ജനാധിപത്യം സ്വേച്ഛാധിപത്യത്തിലേക്ക് വഴുതിവീഴുന്ന പ്രവണതയെ മറികടക്കാനുള്ള വിശാലമായ തന്ത്രത്തിന്‍റ ഭാഗമാകാന്‍ ഈ പ്രതിഷേധങ്ങള്‍ക്ക് കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എന്തായാലും അമെരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രസിഡന്‍റിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരേയും കുടിയേറ്റക്കാരോടും ട്രാന്‍സ്‌ജെഡര്‍മാരോടും ഉള്ള മനുഷ്യത്വ രഹിതമായ സമീപനങ്ങള്‍ക്കെതിരെയുമുള്ള വ്യാപക പ്രതിഷേധങ്ങള്‍ ലോകശ്രദ്ധ തന്നെ ആകര്‍ഷിച്ചിരിക്കുകയാണ്. അമെരിക്കയില്‍ രാജഭരണം വേണ്ട, ഏകാധിപത്യത്തെ ചെറുക്കുക, തൊഴാലാളികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ജനങ്ങളെയാകെ ആകര്‍ഷിക്കാന്‍ പര്യാപ്തമായിരുന്നു. നിരവധി സാമൂഹിക സുരക്ഷാ പദ്ധതികളും, ആരോഗ്യ സേവനങ്ങളും ട്രംപ് റദ്ദാക്കിയിരുന്നു. തസ്തിക വെട്ടിക്കുറച്ചത് വഴി തൊഴില്‍ രഹിതരായവരും ട്രംപിനെതിരെ അണിനിരന്നു. ഇസ്രയേലിന് പിന്തുണ നല്‍കുന്ന ട്രംപിന്‍റെ സമീപനത്തിനെതിരേയും വന്‍ പ്രതിഷേധം ഉയര്‍ന്നു. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ പേരില്‍ ഹാര്‍വാര്‍ഡ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളുടെ ഫണ്ട് ട്രംപ് മരവിപ്പിച്ചു. നീതികരണമില്ലാത്തതും അനാവശ്യവുമായ നടുകടത്തലിനെതിരെ ആയിരക്കണക്കിന് വിദ്യാർഥികള്‍ സമര രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.
നാസി ഭരണകാലത്ത് ജര്‍മനിയില്‍ നടന്നതാണ് ഇപ്പോള്‍ അമെരിക്കയില്‍ നടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ട്രംപിന്‍റെ ജനപ്രീതി കുറഞ്ഞെന്ന് ഏപ്രില്‍ 17ന് ഗാലപ്പ് പുറത്തുവിട്ട സര്‍വെ ഫലം സൂചിപ്പിക്കുന്നു. പ്രസിഡന്‍റെന്ന നിലയില്‍ ട്രംപിന്‍റെ പ്രവര്‍ത്തനത്തെ 53 % എതിര്‍ത്തപ്പോള്‍ 44% മാത്രമാണ് പിന്തുണച്ചത്. വന്‍ സമരം നടന്ന സാൻഫ്രാന്‍സിസ്‌കോയില്‍ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് എഴുതിയ ഒരു വലിയ മണല്‍ചിത്രമാണ് ഉയര്‍ന്നത്.
അമെരിക്കന്‍ ജനതയുടെ ഭരണകൂടത്തിന്‍റെ ദുഷ്‌ചെയ്തികള്‍ക്കെതിരായ ശക്തമായ വികാരമാണ് പ്രക്ഷോഭങ്ങളില്‍ കാണാന്‍ കഴിയുന്നത്. നിര്‍ഭാഗ്യവശാല്‍ മറ്റ് ചില സ്വേച്ഛാധിപത്യ രാജ്യങ്ങളിലുമെന്നതു പോലെ ജനവികാരത്തെ അവഗണിച്ചു തള്ളാന്‍ തന്നെയാണ് ട്രംപ് ഭരണകൂടവും സ്വാഭാവികമായും തയാറാവുക. അതുകൊണ്ടുതന്നെ അമെരിക്കന്‍ ജനതയ്ക്ക് തങ്ങളുടെ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല. ആ ദിശയിലേക്കു തന്നെയായിരിക്കും അമെരിക്കന്‍ ജനത നീങ്ങാന്‍ പോകുന്നതെന്ന് തന്നെയാണ് ആ രാജ്യത്ത് നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നതും.