വര, വരി, വിഎസ്

 
Special Story

വര, വരി, വിഎസ്

ആ മുറിയിലിരുന്ന് ഒരിക്കല്‍ വി.എസുമായി കാര്‍ട്ടൂണുകളെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം ശരിക്കും വാചാലനായി.

സുധീര്‍ നാഥ്

വി.എസ്. അച്യുതാനന്ദന്‍ മലയാള കാര്‍ട്ടൂണ്‍ രംഗത്തിനു നല്‍കിയ പിന്തുണയും പ്രോത്സാഹനവും നന്ദിയോടെ കേരള കാര്‍ട്ടൂണ്‍ അക്കാദമി ഓര്‍ക്കുകയാണ് എന്നാണ് അവരുടെ അനുശോചന സന്ദേശത്തിന്‍റെ തുടക്കത്തില്‍ പറയുന്നത്. അക്കാദമിയുടെ വേദികളില്‍ പലതവണ അദ്ദേഹം എത്തിയിട്ടുണ്ട്. തന്നെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചാല്‍പ്പോലും അദ്ദേഹം പുഞ്ചിരിയോടെ അത് സ്വീകരിക്കാറുണ്ട് എന്ന അനുഭവങ്ങള്‍ പല കാര്‍ട്ടൂണിസ്റ്റുകളും വെളിപ്പെടുത്തി. ഇതൊക്കെ വായിച്ചാല്‍ത്തന്നെ വി.എസ് ഒരു കാര്‍ട്ടൂണ്‍ ആസ്വാദകനാണെന്ന് ആര്‍ക്കും പറയാം.

കേരളക്കരയില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഏറ്റവും എളുപ്പം വരയ്ക്കാന്‍ സാധിക്കുന്ന ഒരു നേതാവാരെന്നു ചോദിച്ചാല്‍ ഒരു കാലത്ത് അത് ലീഡര്‍ എന്ന കെ. കരുണാകരനായിരുന്നു. കാലം കടന്നു പോയപ്പോള്‍ ആ സ്ഥാനം അച്യുതാനന്ദന്‍ ഏറ്റെടുത്തു. ലീഡറുടെ ജീവിത കാലത്തുണ്ടായിരുന്ന മാധ്യമങ്ങളുടെ ഇരട്ടിയാണ് വി.എസ് സജീവമായ കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടത്. അദ്ദേഹം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന കാലത്താണ് അച്ചടി മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ രാഷ്‌ട്രീയ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ എണ്ണത്തില്‍ കൂടുതല്‍ കാര്‍ട്ടൂണുകള്‍ വി.എസിനെ കേന്ദ്രീകരിച്ച് വന്നിട്ടുണ്ട്.

കാര്‍ട്ടൂണിസ്റ്റുകളുടെ ബ്രഷിന് എപ്പോഴും വരയ്ക്കാന്‍ എളുപ്പമുള്ള ഒരു ശരീരപ്രകൃതം തന്നെയായിരുന്നു അച്യുതാനന്ദന്‍റേത്. അതുകൊണ്ടു തന്നെ കാര്‍ട്ടൂണിസ്റ്റുകള്‍ മിക്ക കാര്‍ട്ടൂണിലും അദ്ദേഹത്തെ കഥാപാത്രമാക്കി. അച്യുതാനന്ദനെ കഥാപാത്രമാക്കി കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നതിന് കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഒരു വിഷമവും ഒരു കാലത്തും ഉണ്ടായിരുന്നില്ല. കമ്യൂണിസ്റ്റ് രാഷ്‌ട്രീയ വിഷയത്തിലും കോണ്‍ഗ്രസ് വിഷയത്തിലും കാര്‍ട്ടൂണുകളില്‍ ഒരേപോലെ വി.എസ് കഥാപാത്രമായി. അച്യുതാനന്ദന്‍ കാര്‍ട്ടൂണ്‍കള്‍ക്ക് വിഷയം ഉണ്ടാക്കി നല്‍കിയിരുന്നു എന്നും വേണമെങ്കില്‍ പറയാം. എപ്പോഴും എന്തെങ്കിലും സംഭവിച്ചുകൊണ്ടിരുന്ന കാലമായിരുന്നല്ലോ അദ്ദേഹത്തിന്‍റേത്. കാര്‍ട്ടൂണുകളിലേതു പോലെ ആറ്റിക്കുറുക്കിയുള്ള അദ്ദേഹത്തിന്‍റെ സംഭാഷണങ്ങളും കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് പ്രിയമായിരുന്നു. അദ്ദേഹം പറയുന്ന വാക്കുകള്‍ കൊണ്ടു തന്നെ എത്രയോ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വളരെ ലളിതമായി വി.എസിനെ കുട്ടികള്‍ പോലും വരയ്ക്കുന്ന കാഴ്ച അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കാര്‍ട്ടൂണില്‍ കഥാപാത്രമായ നേതാവ് കൂടിയായി അച്യുതാനന്ദന്‍ മാറി. അതുകൊണ്ടുതന്നെ വി.എസിന്‍റെ കാലയളവ് രാഷ്‌ട്രീയ കാര്‍ട്ടൂണുകളുടെ സുവര്‍ണ കാലമായി കണക്കാക്കാം. ഇന്ന് സാഹചര്യം മാറിയിരിക്കുന്നു. മാധ്യമങ്ങളില്‍ രാഷ്‌ട്രീയ കാര്‍ട്ടൂണുകളുടെ എണ്ണം വലിയ അളവില്‍ കുറഞ്ഞിരിക്കുന്നു. അതുകൊണ്ട് വി.എസ് കാര്‍ട്ടൂണുകള്‍ക്ക് ലഭിച്ച റെക്കോഡ് സമീപകാലത്തു തകര്‍ക്കപ്പെടാനിടയില്ല.

പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ചു ചിത്രം തയാറാക്കിയ പ്രൊഫസറെ അറസ്റ്റ് ചെയ്തു. പാര്‍ലമെന്‍റിന്‍റെ അറുപതാം പിറന്നാള്‍ ആഘോഷവേളയില്‍ അത്രതന്നെ പഴക്കമുള്ള കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ അംബേദ്കര്‍ കാര്‍ട്ടൂണ്‍ വിമര്‍ശിക്കപ്പെടുകയും പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി. തമിഴ്നാട്ടില്‍ എന്‍സിആര്‍ടി പുസ്തകത്തില്‍നിന്ന് ആര്‍.കെ. ലക്ഷ്മണന്‍റെ കാര്‍ട്ടൂണ്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി മറ്റൊരു പ്രതിഷേധം. പിന്നീട് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വന്ന ശേഷം എന്തു സംഭവിച്ചു എന്നതു വര്‍ത്തമാനകാലം. വിമര്‍ശനം, അന്വേഷണാത്മക പത്രപ്രവര്‍ത്തം തുടങ്ങിവ മാധ്യമ ലോകത്തു നിന്നു മാഞ്ഞു.

ഡല്‍ഹി കേരളാ ഹൗസിലെ 204 ാം നമ്പര്‍ മുറി വി.എസിന് ഏറ്റവും പ്രിയപ്പെട്ടതാണ്. സാധാരണ മുഖ്യമന്ത്രിമാർ ഉപയോഗിച്ചിരുന്ന മുറിയാണ്. വി.എസ് 204ാം നമ്പര്‍ മുറിയില്‍ ഉണ്ടെങ്കില്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി മറ്റൊരു മുറി ആവശ്യപ്പെട്ട ഒന്നിലേറെ അവസരങ്ങളുണ്ട്. ആ മുറിയിലിരുന്ന് ഒരിക്കല്‍ വി.എസുമായി കാര്‍ട്ടൂണുകളെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം ശരിക്കും വാചാലനായി. തന്നെ കഥാപാത്രമാക്കി വരയ്ക്കപ്പെടുന്ന കാര്‍ട്ടൂണുകള്‍ ശ്രദ്ധിക്കാറുണ്ടെന്നും ചിലര്‍ തന്നെ വരയ്ക്കുന്നതു ശരിയാകാറില്ലെന്നും പറഞ്ഞു. 1955ലെ ശങ്കേഴ്സ് വീക്കിലിയുടെ ഒരു സമാഹാരം എന്‍റെ കൈവശം ഉണ്ടായിരുന്നത് അദ്ദേഹം സൂക്ഷ്മതയോടെ നോക്കി. എ.കെ.ജിയെയും മറ്റു കമ്യൂണിസ്റ്റ് നേതാക്കളേയും കഥാപാത്രമാക്കിയ കാര്‍ട്ടൂണുകള്‍ ശങ്കേഴ്സ് വീക്കിലിയിലുണ്ടായിരുന്നത് അദ്ദേഹം സൂക്ഷ്മതയോടെ നോക്കി. കാര്‍ട്ടൂണില്‍ കഥാപാത്രമാകുന്നതു രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.

2006 മെയ് 18ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പാവങ്ങളുടെ പടത്തലവന്‍ എന്നു വിശേഷിപ്പിച്ച വി.എസ് കേരളത്തിന്‍റെ 20ാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സിപിഎമ്മിന്‍റെ മൂന്നാമത്തെ മുഖ്യമന്ത്രി. ആദ്യ ദിവസം എല്ലാ വകുപ്പുകളും സ്വന്തം കൈപ്പിടിയിലൊതുക്കി വിമതരെ സ്തബ്ധരാക്കി തന്‍റെ ജൈത്രയാത്രയ്ക്കു തുടക്കം കുറിച്ചപ്പോള്‍ ഇന്ത്യയിലെ പ്രശസ്തരായ 25ലേറെ കാര്‍ട്ടൂണിസ്റ്റുകളും തലസ്ഥാനത്തുണ്ടായിരുന്നു. കര്‍മനിരതനായ പ്രതിപക്ഷ നേതാവെന്ന നിലയിലും, നിഷേധിക്കപ്പെട്ട സീറ്റ് വീണ്ടെടുത്ത പോരാട്ടവീറിന്‍റെ ആള്‍രൂപമെന്ന നിലയിലും കാര്‍ട്ടൂണിസ്റ്റുകളുടെ തൂലികത്തുമ്പില്‍ നിറഞ്ഞുനിൽക്കുകയായിരുന്നു അദ്ദേഹം. ഞാനടക്കമുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് അതിനു സാക്ഷ്യം വഹിക്കാനായില്ല. ചാനലുകളിലെ രാത്രി വാര്‍ത്തയില്‍ ചടങ്ങു വീക്ഷിച്ച ഞങ്ങള്‍ കേരളത്തിനു പുറത്തുനിന്നു ക്ഷണിക്കപ്പെട്ടെത്തിയ കാര്‍ട്ടൂണിസ്റ്റുകളോട് അദ്ദേഹത്തിന്‍റെ വ്യക്തിവൈശിഷ്ട്യത്തെപ്പറ്റി വിശദീകരിച്ചപ്പോള്‍ അദ്ദേഹത്തെ നേരില്‍ക്കണ്ട് അഭിനന്ദനം രേഖപ്പെടുത്തണമെന്ന അഭിപ്രായം പൊന്തിവന്നു. പക്ഷേ, അദ്ദേഹത്തെക്കുറിച്ചു തെറ്റിദ്ധാരണയുള്ള പലരും പിന്മാറുന്നതാണു പന്തിയെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ വി.എസില്‍ നിന്ന് നല്ല അനുഭവമുള്ളവരും കൂട്ടത്തിലുണ്ടായിരുന്നു.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു സമയം തരപ്പെടുത്താന്‍ കാര്‍ട്ടൂണിസ്റ്റ് കൂടിയായ അന്നത്തെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് കെ.എന്‍. ബാലഗോപാലിനോട് ഞങ്ങള്‍ അഭ്യർഥിച്ചു. രേഖാചിത്രകാരന്മാരിലെ കാരണവരായ എം.വി. ദേവനും ഹിന്ദുവിന്‍റെ പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് കേശവുമൊക്കെ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. വിഷയം വി.എസിനു മുന്നില്‍ അവതരിപ്പിച്ച ബാലഗോപാലിനോടു ചിരിവരയന്മാരെ അവരുടെ സൗകര്യത്തിനു കാണാന്‍ തയാറാണെന്ന് അറിയിക്കാന്‍ അദ്ദേഹം പറഞ്ഞു. 19നു വൈകിട്ട് 6 മണിക്ക് കന്‍റോണ്‍മെന്‍റ് ഹൗസില്‍ 20 മിനിറ്റ് കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചതായി അറിയിപ്പു ലഭിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം അദ്ദേഹം ആദ്യമായി കണ്ടത് കാര്‍ട്ടൂണിസ്റ്റുകളെയായിരുന്നു എന്നത് അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണിസ്റ്റുകളോടുള്ള സമീപനത്തിന്‍റെ തെളിവാണ്.

വൈകിട്ട് 6 മണി. കന്‍റോണ്‍മെന്‍റ് ഹൗസിലെ സ്വീകരണമുറി. പേനയും പേപ്പറുമായി കാത്തിരുന്ന 25ല്‍പ്പരം കാര്‍ട്ടൂണിസ്റ്റുകളുടെ ക്യാന്‍വാസിലേക്കു വി.എസ് കടന്നുവന്നു. മാധ്യമപ്പടയുടെ ഫ്ലാഷുകള്‍ മിന്നുന്നതിനിടെ മുതിര്‍ന്ന ചിത്രകാരന്‍ എം.വി. ദേവന്‍ ആദ്യ കാരിക്കേച്ചര്‍ സമ്മാനിച്ചു. പിന്നാലെ രേഖാചിത്രങ്ങളുടെ ശരവര്‍ഷമായിരുന്നു. ഉടന്‍ വന്നു, വി.എസിന്‍റെ സ്വതസിദ്ധമായ ശൈലിയിലെ കമന്‍റ്. "നിമിഷ കവിതകള്‍ പോലെ നിമിഷ കാര്‍ട്ടൂണുകളും'. 45 മിനിറ്റാണ് അന്ന് അദ്ദേഹം കാര്‍ട്ടൂണിസ്റ്റുകളോടൊപ്പം ചെലവിട്ടത്. ഒപ്പം ചായ സല്‍ക്കാരവും നടത്തി.

വി.എസും കാര്‍ട്ടൂണിസ്റ്റുകളുമായുള്ള മൂന്നാമതൊരു അനുഭവം കൂടി പങ്കുവയ്ക്കാം. "രേഖാചിത്രങ്ങള്‍ക്കും ലക്ഷ്മണരേഖയോ' എന്ന പേരില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബും കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്ത് വി.എസ് പറഞ്ഞ കാര്യങ്ങള്‍ പരാമര്‍ശിക്കാതെ പോകുന്നതു ശരിയല്ല. വിമര്‍ശനങ്ങളോട് അസഹിഷ്ണുത വളര്‍ന്നുവരികയും അത് അക്രമാസക്തമാവുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് ഇത്തരമൊരു സംവാദമെന്നു പറഞ്ഞാണ് അദ്ദേഹം പ്രസംഗിച്ചു തുടങ്ങിയതു തന്നെ.

""ആക്ഷേപഹാസ്യത്തിന്‍റെ കാര്യത്തില്‍ സമ്പന്നമായ പാരമ്പര്യമുള്ള ജനതയാണ് മലയാളി. കുഞ്ചന്‍ നമ്പ്യാരുടെ ആക്ഷേപഹാസ്യ കവിതകള്‍ അന്നത്തെ കാലത്ത് ഇന്നു സമൂഹത്തില്‍ കാര്‍ട്ടൂണുകള്‍ വഹിക്കുന്ന പങ്കു തന്നെയാണു നിര്‍വഹിച്ചത്. രാജകൊട്ടാരത്തില്‍ ആസ്ഥാന കവിസ്ഥാനം അലങ്കരിച്ചിരുന്ന നമ്പ്യാര്‍ അന്നദാതാവായ പൊന്നുതമ്പുരാനെ തന്നെ കണക്കിനു കളിയാക്കുന്നതില്‍ മിടുക്കുകാട്ടി. അതിലെ ചിന്തനീയമായ നര്‍മം ആസ്വദിക്കാനും ഉള്‍ക്കൊള്ളാനും രാജാവിനു പോലും കഴിഞ്ഞു. ആക്ഷേപഹാസ്യം സാമൂഹ്യ വിമര്‍ശനത്തിനും ഭരണകൂട നടപടികള്‍ക്കെതിരായ പ്രതിഷേധ പ്രകടനത്തിനും പറ്റിയ മാധ്യമമായി പണ്ടു തന്നെ അംഗീകരിക്കപ്പെട്ടതാണ്. കുഞ്ചന്‍ നമ്പ്യാരുടെ സമ്പന്നമായ പാരമ്പര്യമാണ് കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്കുള്ളത്.

കേരളത്തിലെ പത്രങ്ങളില്‍ നിരന്തരം കാര്‍ട്ടൂണിന് ഇരയാകുന്ന, അഥവാ വിഷയമാകുന്ന ഒരാളാണു ഞാന്‍. അതെല്ലാം കഴിയാവുന്നത്ര ആസ്വദിക്കുകയും അതില്‍ നിന്ന് ഉള്‍ക്കൊള്ളാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ആളാണ്. എന്നെ ആക്ഷേപിക്കുന്ന കാര്‍ട്ടൂണുകളോട് എനിക്ക് അസഹിഷ്ണുത തോന്നിയിട്ടില്ല. രചയിതാവിന്‍റെയും പത്രത്തിന്‍റെയും അഭിപ്രായമായേ അതിനെ കാണാറുള്ളൂ.

നാലോ അഞ്ചോ പേജില്‍ വിവരിക്കുന്നതിനേക്കാള്‍ ഫലപ്രദമാണ് പലപ്പോഴും ഒരു കാര്‍ട്ടൂണ്‍. സമൂഹത്തിലെ അനീതികളും ജീര്‍ണതകളും ചൂണ്ടിക്കാട്ടുന്നതില്‍ കാര്‍ട്ടൂണുകള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ആക്ഷേപ ഹാസ്യത്തിലൂടെ സാമൂഹ്യ വിമര്‍ശനം സാധ്യമാക്കുന്നതിന് ചാട്ടുളി പോലെ ഫലപ്രദമാണ് മികച്ച കാര്‍ട്ടൂണുകള്‍. അതിനെതിരേ അസഹിഷ്ണുതയും അതിന്‍റെ പേരില്‍ നിയന്ത്രണങ്ങളും ഉണ്ടാകുന്നത് ജനാധിപത്യവിരുദ്ധമാണ്''- ഇത്രയും സൂചിപ്പിച്ചുകൊണ്ടാണ് വി.എസ് ആ പ്രസംഗം അവസാനിപ്പിച്ചത്.

ഈ ഒരു സാഹചര്യത്തിലാണ് വി.എസിന്‍റെ കാര്‍ട്ടൂണുകളും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള രസകരമായ കഥകളും സംഭവങ്ങളും ചേര്‍ത്ത് ഒരു പുസ്തകം ചെയ്യാന്‍ താത്പര്യം തോന്നിയത്. പുസ്തകത്തിന് പേരിട്ടു. ""വര, വരി, വിഎസ് ''. പ്രശസ്ത പുസ്തക പ്രസാധകരായ ഡി.സി ബുക്സ് പ്രസിദ്ധീകരണ ദൗത്യം ഏറ്റെടുത്തു. അന്നത്തെ സിപിഎം സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ അവതാരിക എഴുതി. ഉമ്മന്‍ ചാണ്ടി, എം.എ. ബേബി, രമേശ് ചെന്നിത്തല, പന്ന്യന്‍ രവീന്ദ്രന്‍, ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍, ചെമ്മനം ചാക്കോ, എം. മുകുന്ദന്‍, സുകുമാര്‍, പി.സി. സനല്‍കുമാര്‍ തുടങ്ങി പലരും എഴുതി. കേരളത്തിലെ പ്രമുഖരായ എല്ലാ കാര്‍ട്ടൂണിസ്റ്റുകളും വി.എസ് കാര്‍ട്ടൂണുകള്‍ നല്‍കി. ജനകീയ കമ്യൂണിസ്റ്റായ വി.എസിന്‍റെ ജീവിതം, രാഷ്‌ട്രീയം, നിലപാട്, തുടങ്ങി എല്ലാം ഈ പുസ്തകത്തിലെ വരയിലൂടേയും വരിയിലൂടേയും വായിച്ചെടുക്കാം.

പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളില്‍ നിന്നു കൊണ്ട് ജനങ്ങളുടെ പ്രശ്നനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും അവരുടെ ആവലാതികള്‍ പരിഹരിക്കുന്നതിനും ശ്രദ്ധേയമായ തരത്തില്‍ തന്നെ ഇടപെടുകയുണ്ടായി. ജനജീവിതത്തില്‍ സജീവമായി ഇടപെടുന്നതു കൊണ്ടു തന്നെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമായി വി.എസ് മാറിക്കഴിഞ്ഞിട്ടുണ്ട്. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി നില്‍ക്കുന്ന വ്യക്തിത്വങ്ങളെ കേന്ദ്രീകരിച്ചു വാര്‍ത്തകള്‍ രൂപപ്പെടുക സ്വാഭാവികമാണ്. അത്തരം ഇടപെടലുകള്‍ പലപ്പോഴും ആക്ഷേപ ഹാസ്യങ്ങളുടെ രൂപത്തില്‍ ചിത്രീകരിക്കപ്പെടുന്ന രീതിയും ഉണ്ടാകാറുണ്ട്. മാധ്യമങ്ങളില്‍ ഉണ്ടാകുന്ന കാര്‍ട്ടൂണുകളില്‍ അതുകൊണ്ടു തന്നെ വി.എസ്. സജീവസാന്നിധ്യമായി.

വി.എസ് മരണപ്പെട്ടെങ്കിലും അദ്ദേഹം ഉയര്‍ത്തിയ ശബ്ദവും ആ നിലപാടുകളും അതിന് ബലമായ കാര്‍ട്ടൂണുകളും എന്നും ചര്‍ച്ചയാകും. ഒരു ഡസനിലേറെ കാര്‍ട്ടൂണിസ്റ്റുകളുടെ പരിപാടികളില്‍ പങ്കെടുത്ത് കാര്‍ട്ടൂണ്‍ കലയെ തന്നാലാകുന്ന രീതിയില്‍ പ്രോത്സാഹിപ്പിച്ച വി.എസിന് പ്രണാമം.

'രക്തത്തിനു മേൽ ലാഭക്കൊതി'; എഷ്യാ കപ്പ് ഇന്ത്യ-പാക് മാച്ചിനെതിരേ വിമർശനം

ഗോവിന്ദച്ചാമി സെൻട്രൽ ജയിലിൽ ചാടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വാർഷിക വരുമാനം വെറും 3 രൂപ! കർഷകനെ ദരിദ്രനാക്കി മാറ്റി 'ക്ലെറിക്കൽ മിസ്റ്റേക്ക്'

ലെജൻഡ്സ് ലീഗിൽ നിന്നു പിന്മാറി, ഏഷ‍്യാ കപ്പിൽ പ്രശ്നമില്ലേ? ഇന്ത‍്യക്കെതിരേ മുൻ പാക് താരം

പാലോട് രവിയുടെ രാജി; മധുരവിതരണം നടത്തിയ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിനെതിരേ നടപടി