ആശ ഭോസ്‌ലെ, ആർ.ഡി. ബർമൻ
സംഗീതത്തിലെ അലിഖിത വിലക്കുകളെല്ലാം ഭേദിച്ചാണ് ആശാ ഭോസ്‌ലെ ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. ജീവിതത്തിലും വിലക്കുകളും ചട്ടങ്ങളും കാറ്റിൽ പറത്താനായിരുന്നു ആശയ്ക്ക് ഇഷ്ടം. പതിനാറാം വയസിൽ അങ്ങനെയെടുത്തൊരു തീരുമാനമാണ് ആശയുടെ ജീവിതത്തെ പ്രതിസന്ധിയിലേക്ക് നയിച്ചത്.
പതിനാറു വയസുള്ളപ്പോഴാണ് ആശ അന്ന് ലത മങ്കേഷ്കറുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗൺപത് റാവു ഭോസ്‌ലെയെ പരിചയപ്പെടുന്നത്. ഗൺപത് റാവു അന്ന് ജോലിക്കാര്യത്തിനായി ആശയുടെ വീട്ടിൽ വന്നു പോകുന്നത് പതിവായിരുന്നു. പതിയെ അടുപ്പം പ്രണയമായി മാറി. അങ്ങനെ 16 വയസിൽ 31 കാരനായ ഗൺപത് റാവുവിനൊപ്പം ആശ ഇറങ്ങിപ്പോയി. ലത മങ്കേഷ്കർ ഉൾപ്പെടെ കുടുംബാംഗങ്ങളെ മുഴുൻ ഞെട്ടിച്ച ഒരു തീരുമാനമായിരുന്നു അത്. അക്കാരണം കൊണ്ടു മാത്രം ഏറെക്കാലം ലത തന്നോട് സംസാരിക്കാറില്ലായിരുന്നു എന്ന് ആശ വെളിപ്പെടുത്തിയിട്ടുണ്ട്.
ഗൺപത് റാവുവിന്‍റേത് ഒരു യാഥാസ്ഥിതിക കുടുംബമായിരുന്നു. അന്നേ ഗായികയെന്ന പേരിൽ പ്രശസ്തയായിരുന്ന ആശയെ മരുമകൾ ആയി അംഗീകരിക്കാൻ ആ കുടുംബത്തിനും ബുദ്ധിമുട്ടായിരുന്നു. അതു മാത്രമല്ല സംഗീതരംഗത്ത് നിന്ന് പിന്മാറാൻ ഗൺപത് റാവുവും ആശയെ നിർബന്ധിച്ചു കൊണ്ടിരുന്നു. പൊട്ടലും ചീറ്റലുമായി ദാമ്പത്യം മുന്നോട്ടു പോകുന്നതിനിടെ ആശയ്ക്ക് രണ്ട് കുഞ്ഞുങ്ങൾ ജനിച്ചു. മൂന്നാമത്തെ മകൻ ആനന്ദിനെ ഗർഭം ധരിച്ചിരിക്കുന്ന സമയത്ത് പ്രശ്നങ്ങൾ രൂക്ഷമായി. ഗർഭിണിയായ തന്നോട് ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. മറ്റു വഴിയില്ലാതെ കുഞ്ഞുങ്ങളുമായി ആശ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോന്നു. പക്ഷേ ആ വിവാഹം ഒരു തെറ്റായിരുന്നുവെന്ന് ഇപ്പോഴും തോന്നുന്നില്ല, കാരണം അതു കൊണ്ടാണ് തനിക്ക് പ്രിയപ്പെട്ട മൂന്നു മക്കളെ കിട്ടിയതെന്ന് ഒരിക്കൽ ഒരഭിമുഖത്തിൽ ആശ തുറന്നു പറഞ്ഞു.
ആദ്യ വിവാഹത്തിൽ നിന്ന് പിന്മാറി ഇരുപതു വർഷത്തിനു ശേഷമാണ് ആശ വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. സംഗീത സംവിധായകനായ ആർ.ഡി. ബർമനെ 1980ൽ ആശ വിവാഹം കഴിച്ചു. ബർമന്‍റേതും രണ്ടാം വിവാഹമായിരുന്നു. തുടക്കത്തിൽ ജീവിതശൈലിയിലെ പൊരുത്തക്കേടുകൾ മൂലം ഇരുവരും രണ്ടു വീടുകളിലായാണ് താമസിച്ചിരുന്നത്. ബർമാനേക്കാൾ ആറു വയസിനു മൂത്തതായിരുന്നു ആശ. കുടുംബം ആദ്യം ഈ ബന്ധത്തെ എതിർത്തിരുന്നു. എന്നാൽ ഇരുവരും തീരുമാനത്തിൽ ഉറച്ചു നിന്നു. ഇരുവരും ചേർന്നുള്ള ഗാനങ്ങൾ സൂപ്പർഹിറ്റുകളായി മാറി. 1994ൽ ബർമൻ മരിച്ചു.