മൂല്യങ്ങൾക്ക് വിലയിട്ടു; മുട്ടിലിഴഞ്ഞ് ജനാധിപത്യം

 
Special Story

മൂല്യങ്ങൾക്ക് വിലയിട്ടു; മുട്ടിലിഴഞ്ഞ് ജനാധിപത്യം

പ്രചാരണ പരിപാടികൾക്കിടയിലും പോളിങ് ദിവസവും അക്രമസംഭവങ്ങളിൽ കുറവ് വന്നു എന്നത് ശ്രദ്ധേയമായ ഒരു കാര്യമായി തന്നെ പറയണം

MV Desk

ഒരു തെരഞ്ഞെടുപ്പു കാലത്തിനു കൂടി വിരാമമാകുന്നു. കേരളം, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞു. തമിഴ്നാടും പശ്ചിമബംഗാളും പോളിങ് ബൂത്തിലേക്ക് നീങ്ങുന്നതേയുള്ളൂ. 29നേ ആ പ്രക്രിയ അവസാനിക്കൂ. മേയ് 4നാണ് വോട്ടെണ്ണൽ. കഴിഞ്ഞ 9നു വോട്ട് ചെയ്ത കേരളവും ഫലപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ്.

തെരഞ്ഞെടുപ്പ് ജനങ്ങളുടെ ഉത്സവമാണ്. ജനാധിപത്യത്തിന്‍റെ മൂലക്കല്ലാണ് വോട്ടിങ്. ഭാവി രൂപപ്പെടുത്തുന്നതിൽ ഓരോ പൗരനും ശബ്ദം നൽകുന്ന ശക്തമായ ഒരു ഉപകരണം. ചരിത്രത്തിലുടനീളം നേതാക്കളും ചിന്തകരും ആക്റ്റിവിസ്റ്റുകളും വോട്ട് രേഖപ്പെടുത്തുന്നതിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്; അത് ഒരു അവകാശമായി മാത്രമല്ല, ഒരു കടമയായും. അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഉറപ്പാക്കുന്നത് മുതൽ സാമൂഹിക മാറ്റത്തിന് പ്രചോദനം നൽകുന്നത് വരെ, എല്ലാവരുടെയും ശബ്ദം കേൾക്കുന്നുവെന്ന് ഉറപ്പാക്കുന്നതിൽ വോട്ടിങ് നിർണായക പങ്ക് വഹിക്കുന്നു.

"തെരഞ്ഞെടുപ്പുകൾ ജനങ്ങളുടേതാണ്. അത് അവരുടെ തീരുമാനമാണ്, ബുള്ളറ്റിനേക്കാൾ ശക്തമാണ് ബാലറ്റ് ' എന്ന് എബ്രഹാം ലിങ്കൺ വിവക്ഷിക്കുന്നത് ഈ അടിസ്ഥാന പ്രമാണത്തിന്‍റെ ബലത്തിലാണ്. "ജനാധിപത്യം വോട്ടുചെയ്യാനുള്ള അവകാശം മാത്രമല്ല, അന്തസോടെ ജീവിക്കാനുള്ള അവകാശവുമാണ് ' – നവോമി ക്ലീൻ ഇങ്ങനെ പറയുന്നതിന്‍റെ അർഥവും മറ്റൊന്നല്ല. "നമ്മളോടും, പരസ്പരം ഈ രാജ്യത്തോടും, ഈ ലോകത്തോടുമുള്ള നമ്മുടെ പ്രതിബദ്ധതയുടെ പ്രകടനമാണ് വോട്ടവകാശം' എന്നു ഷാരോൺ സാൽസ്ബർഗ് ചൂണ്ടിക്കാട്ടുന്നു. "നമ്മുടെ എല്ലാവരുടെയും ഉള്ളിൽ എവിടെയോ ലോകത്തെ മാറ്റാനുള്ള ശക്തിയുണ്ട് ' – റോൾഡ് ഡാൽ പറയുന്നു. "വോട്ടവകാശം മറ്റ് എല്ലാ അവകാശങ്ങളും ആശ്രയിക്കുന്ന അവകാശമാണെന്ന് ' തോമസ് പെയ്ൻ വിവക്ഷിക്കുമ്പോൾ അതിന്‍റെ പ്രാധാന്യത്തെ എത്രമാത്രമാണ് ഉദ്ദീപിപ്പിക്കാൻ ശ്രമിക്കുന്നത്. "വോട്ട് വിലപ്പെട്ടതാണ്. അത് മിക്കവാറും പവിത്രമാണ്. ഒരു ജനാധിപത്യത്തിൽ നമുക്കുള്ള ഏറ്റവും ശക്തമായ അഹിംസാത്മക ഉപകരണമാണിത് '- ജോൺ ലൂവിയുടെ ഈ വാക്കുകൾ അതിന്‍റെ പ്രാധാന്യത്തിനും പവിത്രതയ്ക്കും അടിവരയിടുന്നു.

അത് സൂക്ഷ്മമായി വിനിയോഗിക്കാനാവുന്നില്ലെങ്കിൽ ഉണ്ടാകാവുന്ന അപകടത്തെക്കുറിച്ചും ലോക നേതാക്കൾ വരച്ചു കാണിക്കുന്നുണ്ട്. "ഒരു ജനാധിപത്യത്തിൽ ഒരു വോട്ടറുടെ അജ്ഞത എല്ലാവരുടെയും സുരക്ഷയെ ദുർബലപ്പെടുത്തുന്നു' എന്ന ജോൺ എഫ്. കെന്നഡിയുടെ വാക്കുകൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. "വോട്ടില്ലാത്ത മനുഷ്യൻ സംരക്ഷണമില്ലാത്ത മനുഷ്യനാണ്' എന്ന ലിൻഡൺ ബി. ജോൺസന്‍റെ വാക്കുകളും പ്രസക്തമാകുന്നത് ഇവിടെയാണ്.

ഈ പശ്ചാത്തലത്തിലാണ് ഈ തെരഞ്ഞെടുപ്പും അതിന്‍റെ കൊട്ടിഘോഷങ്ങളും വിലയിരുത്തപ്പെടേണ്ടത്. ജനാഭിപ്രായം പ്രതിഫലിക്കേണ്ട അവസരമാണ് തെരഞ്ഞെടുപ്പെങ്കിൽ യഥാർഥമായി അതിവിടെ നിർവഹിക്കപ്പെടുന്നുണ്ടോ? അതോ പണവും അധികാരവും പിആർ ഏജൻസികളും എല്ലാം ചേർന്ന് സൃഷ്ടിച്ചെടുക്കുന്ന ജനാഭിപ്രായമാണോ പ്രതിഫലിക്കപ്പെടുന്നത്? അങ്ങനെ വരുമ്പോൾ ജനാധിപത്യത്തിന്‍റെ സത്തയും ലോക നേതാക്കൾ സൂചിപ്പിച്ചിട്ടുള്ള അതിന്‍റെ പ്രാധാന്യവും ആത്മാoശവുമെല്ലാം ചോർന്നുപോവുകയാണോ? ജനാധിപത്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ട ആപത്ഘട്ടത്തിൽ ഇത്തരം ഒരു പരിശോധന അനിവാര്യമായിരിക്കുന്നു, പ്രത്യേകിച്ചും ഈ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ.

തെരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ ആക്ഷേപ വിധേയമായി നിൽക്കുന്ന സന്ദർഭമാണിത്. സ്വതന്ത്രമായും നിഷ്പക്ഷമായും നീതിപൂർവമായും സുതാര്യമായും പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാർ വിധേയത്വത്തിന്‍റെ "ഉദാത്തമായ' ഏടുകൾ എഴുതി ചേർക്കുന്നതാണ് ഗ്യാനേഷ് കുമാറിലൂടെ നമുക്ക് കാണാനാവുന്നത്! കമ്മിഷന്‍റെ ഔന്നത്യവും ആധികാരികതയും ആത്മാഭിമാനവും ഉയർത്തിയ ടി.എൻ. ശേഷനെ പോലെയുള്ളവർ ഇരുന്ന കസേരയിൽ ഇരുന്നാണ് ഗ്യാനേഷ് കുമാർ ഈ വികൃതികളെല്ലാം കാണിക്കുന്നതെന്ന് വിലയിരുത്തുമ്പോഴാണ് അപചയത്തിന്‍റെ ആഴം നമുക്ക് ബോധ്യപ്പെടുക.

വോട്ടെടുപ്പു കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞാലും പോളിങ് ശതമാനം പുറത്തുവിടാനോ ആകെ ചെയ്ത വോട്ടുകളുടെ കണക്ക് വ്യക്തതയോടു കൂടി പ്രസിദ്ധീകരിക്കാനോ കമ്മിഷന് കഴിയുന്നില്ല എന്നുള്ളത് സമീപകാല തെരഞ്ഞെടുപ്പുകളിലെല്ലാം ഗുരുതര പ്രശ്നമായി നിലനിൽക്കുന്നു. കേരളത്തിലെ സ്ഥിതിയും മറ്റൊന്നായില്ല. വളരെ വൈകി കണക്കുകൾ പുറത്തുവന്നപ്പോൾ മഹാരാഷ്‌ട്രയിലടക്കം ആകെയുള്ള വോട്ടർമാരെക്കാൾ കൂടുതൽ വോട്ടുകൾ പോൾ ചെയ്തതായുള്ള കണക്ക് പുറത്തു വന്നത് എല്ലാവരെയും ഞെട്ടിച്ചു. പല തെരഞ്ഞെടുപ്പുകളിലും വ്യാപകമായ വോട്ട് മോഷണം നടന്നതായി തെളിവുകൾ സഹിതം ആരോപിക്കപ്പെട്ടു. ലക്ഷക്കണക്കിന് ആളുകളെ അവിഹിതമായി പുറത്താക്കിയും പതിനായിരക്കണക്കിന് വോട്ടുകൾ അവിഹിതമായി ചേർത്തും രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്തവിധം തെരഞ്ഞെടുപ്പ് പ്രക്രിയ മലിനീകരിക്കപ്പെടുന്നതിന് നാം സാക്ഷിയാവുന്നു. മഹാരാഷ്‌ട്രയെ കൂടാതെ ബിഹാറിലും ഹരിയാനയിലും ആന്ധ്രാ പ്രദേശിലും നടന്ന തെരഞ്ഞെടുപ്പുകളിൽ വലിയ അട്ടിമറികൾ നടന്നതായി ആരോപണങ്ങൾ ഉയരുന്നു. വ്യക്തമായ പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പറക്കാല പ്രഭാകരനെ പോലെയുള്ള അക്കാഡമിക് ബുദ്ധിജീവികളും ചില മാധ്യമങ്ങളും സമീപകാല തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തു. ആധികാരിക തെളിവുകളുടെ പിൻബലത്തിൽ രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾക്കു മറുപടി പറയാൻ പോലും കമ്മിഷന് കഴിഞ്ഞില്ല.

തെരഞ്ഞെടുപ്പ് കമ്മിഷൻ പോലെയുള്ള സ്ഥാപനങ്ങൾ സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് സുപ്രീം കോടതി ജസ്റ്റിസ് ബി.വി. നാഗരത്ന നടത്തിയ പ്രഭാഷണം ഇവിടെ പ്രസക്തമാവുകയാണ്. രാഷ്‌ട്രീയ സ്വാധീനത്തിൽ നിന്ന് പൂർണമായും വിട്ടു നിന്നാൽ മാത്രമേ ഭരണഘടനാ സ്ഥാപനങ്ങൾക്ക് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ കഴിയൂ എന്ന് അവർ വ്യക്തമാക്കുകയുണ്ടായി.

യഥാർഥ ജനാഭിപ്രായം പ്രകടിപ്പിക്കപ്പെടേണ്ടതും വസ്തുനിഷ്ഠമായി പൗരാവകാശം വിനിയോഗിക്കപ്പെടേണ്ടതുമായ സന്ദർഭമാണ് തെരഞ്ഞെടുപ്പ് എന്ന അടിസ്ഥാന വസ്തുത മാറ്റിമറിക്കാനും അട്ടിമറിക്കാനും ലക്ഷ്യം വച്ച് നടത്തുന്ന പ്രചാരണോപാധികളും രീതികളുമാണ് അപചയത്തിന്‍റെ ആഴം വ്യക്തമാക്കുന്ന മറ്റൊരു സംഗതി. കണക്കില്ലാത്ത പണത്തിന്‍റെ ഒഴുക്കാണ് ഇതിന്‍റെയെല്ലാം പ്രേരക ശക്തി. അതിലെ വില്ലന്മാർ ആടിത്തിമിർക്കുമ്പോൾ അമ്പരന്നു നിൽക്കുന്ന അവസ്ഥയിലാണ് വോട്ടർമാർ. അതിനു പുറകെയാണ് സർവെ റിപ്പോർട്ടുകൾ. യഥാർഥ സർവെയുടെ രീതികളും മാനദണ്ഡങ്ങളും പിൻപറ്റാതെ തട്ടിക്കൂട്ടിയെടുക്കുന്ന സർവെകൾ പലപ്പോഴും ഇഷ്ടക്കാർക്കും താത്പര്യക്കാർക്കും വേണ്ടിയുള്ളതാകുന്നു. ചാഞ്ചാടുന്ന വോട്ടർമാരുടെ മനസിനെ സ്വാധീനിക്കാനുള്ള സൂത്രവിദ്യ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമ്പോൾ നിലവിൽ വരുന്ന പെരുമാറ്റച്ചട്ടത്തിന്‍റെ നിയന്ത്രണം യഥാർഥത്തിൽ ഇതിനും ബാധകമാക്കേണ്ടതാണ്. എക്സിറ്റ് പോൾ ഫലങ്ങൾ എല്ലാ തെരഞ്ഞെടുപ്പുകളും കഴിഞ്ഞു മാത്രമേ പുറത്തുവിടാൻ കഴിയൂ എന്ന നിബന്ധന പോലെ.

തെരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കുന്ന "താര പ്രചാരകരുടെ' വാക്കും പ്രഖ്യാപനങ്ങളുമൊക്കെ ഇന്നലെകളിൽ മിതത്വവും ഔന്നത്യവും നിലനിർത്തിയിരുന്നുവെങ്കിൽ അത്തരം ഔന്നത്യത്തിന്‍റെയും ഔചിത്യത്തിന്‍റെയും മര്യാദകളുടെയും എല്ലാ സീമകളും ലംഘിച്ച് വാക്പ്രയോഗങ്ങളിൽ തരംതാഴ്ന്നതും ഈ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകതയായി. "പോ മോനേ ദിനേശാ' എന്ന മോഹൻലാലിന്‍റെ സിനിമ ഡയലോഗ് ഉദ്ധരിച്ച് "പോ മോനെ വിജയാ' എന്നതിൽ തുടങ്ങി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പ്രസംഗവും അതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ "ഡാഷ് മോനേ' എന്നു ചേർത്തു നൽകിയ മറുപടിയും മര്യാദയുടെ സീമകൾ ലംഘിക്കുന്നതായി. മുഖ്യമന്ത്രിയെ പോലെ ഉന്നതസ്ഥാനം വഹിക്കുന്നവർ പ്രകടിപ്പിക്കേണ്ട മിതത്വവും സ്റ്റേറ്റ്സ്മാൻഷിപ്പും ചോർന്നുപോകുന്ന ദുരവസ്ഥ! രേവന്ത്‌ റെഡ്ഡിക്കു മറുപടിയായി "നിന്‍റെ പരിപ്പ് എടുക്കും' എന്ന് സിപിഎമ്മിന്‍റെ മാധ്യമ സെല്ലിന്‍റെ ചുമതലക്കാരനായ എം.വി. നികേഷ് കുമാർ നടത്തിയ പ്രതികരണം അശ്ലീലമല്ലാതെ മറ്റെന്താണ്?

പ്രചാരണ പരിപാടികൾക്കിടയിലും പോളിങ് ദിവസവും അക്രമസംഭവങ്ങളിൽ കുറവ് വന്നു എന്നത് ശ്രദ്ധേയമായ ഒരു കാര്യമായി തന്നെ പറയണം. പാലക്കാട്ടെ സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞതും പേരാവൂർ മണ്ഡലത്തിലെ യുഡിഎഫ് വനിതാ ബൂത്ത് ഏജന്‍റിന്‍റെ ശരീരത്തിൽ നായ്ക്കുരണപൊടി വിതറിയതും പോലെയുള്ള സംഭവങ്ങൾ ഇപ്രാവശ്യവും ഉണ്ടായി. അതിനെ അപലപിക്കുമ്പോൾ തന്നെ മുൻ വർഷങ്ങളേക്കാൾ തുലോം ചുരുക്കം എന്ന് സമാധാനിക്കുകയും ചെയ്യാം.

മറവോ സങ്കോചമോ കൂടാതെ വോട്ടർമാർക്ക് പരസ്യമായി പണം കൊടുക്കുന്ന, ജനാഭിപ്രായത്തെ കമ്പോള ചരക്കാക്കി വിലക്കു വാങ്ങുന്ന തരംതാണ രംഗങ്ങൾക്കും ഈ നൂതന സാങ്കേതിക സൗകര്യങ്ങൾ സർവപ്രാപ്യമായതു മൂലമുള്ള സ്വയം നിയന്ത്രണമോ അതോ രാഷ്‌ട്രീയ പ്രവർത്തകരുടെ മനസിന്‍റെ തുറവിയോ? രണ്ടായാലും ഇത് ഗുണപരമായ മാറ്റം തന്നെ. തെരഞ്ഞെടുപ്പ് സാക്ഷിയായി. പാലക്കാട്ടും കുട്ടനാട്ടുമെല്ലാം ഇത് തൊണ്ടി സഹിതം പിടിക്കപ്പെടുന്ന സാഹചര്യവും നാം കണ്ടു.

ഈ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ അതിനെതിരേ ഉറഞ്ഞുതുള്ളുന്ന രാഷ്‌ട്രീയ നേതാക്കളെയാണ് എതിർപക്ഷത്ത് നാം കണ്ടത്. ജനാധിപത്യത്തെ തൂക്കി വിൽക്കുന്നതിനെതിരേ, നഗ്നമായ നിയമലംഘനത്തിനെതിരേ, ഇതിലെ അധാർമികതയ്ക്കെതിരേ, പണാധിപത്യത്തിനെതിരേയൊക്കെയുള്ള മൂർച്ചയേറിയ വാക്കുകളിലെ രൂക്ഷ വിമർശനങ്ങളും നാം കണ്ടു. എന്നുവച്ചാൽ, ഇത് തെറ്റും അന്യായവുമാണെന്ന് അവർ തന്നെ സമ്മതിക്കുന്നു. വൈപരീത്യമെന്ന് പറയട്ടെ, ഇവരുടെ തൊട്ടുപിറകിലെ നടപടികൾ പരിശോധിക്കുമ്പോഴാണ് നാം അത്ഭുത പരവശരാവുന്നത്. ഈ നേതാക്കളിൽപ്പെട്ടവർ തന്നെ പണം വാങ്ങി മത്സരിക്കാൻ സ്ഥാനാർഥിത്വം നൽകുന്ന നടപടി. പേയ്‌മെന്‍റ് സീറ്റ് വിവാദം നമുക്ക് അപരിചിതമല്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെയാണ് നാമതു കേട്ടിരുന്നത്. ഒടുവിൽ ഹരിയാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പേയ്‌മെന്‍റ് വിവാദവും നാം കേട്ടു. അതൊക്കെ നമ്മുടെ ഈ പ്രബുദ്ധ കേരളത്തിലേക്കും സംക്രമിക്കുകയാണോ?

ചില മണ്ഡലങ്ങളെ ചൊല്ലി പേയ്മെന്‍റ് സീറ്റ് എന്ന മുറവിളി പരസ്യമായി ഉയരുകയും ഒരു കാരണവശാലും അത് സമ്മതിക്കില്ല എന്ന് നേതാക്കൾ വ്യക്തമാക്കുകയും ചെയ്തിടത്തു തന്നെ അത് സംഭവിക്കുമ്പോൾ എന്താണു പ്രതീക്ഷ വയ്ക്കേണ്ടത്? സഭാ, സാമുദായിക നേതാക്കളിൽ ചിലർ "വോട്ട് ബാങ്ക് ' ഉണ്ട് എന്ന ഭീഷണിയുമായി വരും. എന്നാൽ "അതങ്ങ് കൈയിൽ വച്ചാൽ മതി' എന്ന് ആർജവത്തോടെ പറഞ്ഞ ആദർശ ധീര നേതാക്കൾ പോലും "നോട്ട് ബാങ്ക് 'കാരുടെ മുന്നിൽ കീഴടങ്ങി മുട്ടിലിഴയുന്നത് കണ്ടപ്പോഴുണ്ടായ "കോൾമയിർ' ഇപ്പോഴും അടങ്ങിയിട്ടില്ല! മുന്നണി സംവിധാനത്തിൽ ഒരു പാർട്ടിക്കു ലഭിക്കുന്ന സീറ്റുകൾ ലേലത്തിന് വയ്ക്കുകയും കോടികൾക്ക് അതുറപ്പിക്കുകയും ചെയ്യുമ്പോൾ ഐപിഎൽ ലേല പ്രക്രിയയൊക്കെ എന്തിരിക്കുന്നു എന്ന് ആത്മഗതമാണ് പലരിൽ നിന്നും ഉയരുന്നത്!

ലാഭേച്ഛയില്ലാതെ വമ്പന്മാർ വൻ തുക മുടക്കുമെന്ന് നമുക്ക് കരുതാനാകുമോ? അങ്ങനെ വരുന്നവർ ജനാധിപത്യ പ്രക്രിയയിൽ നിന്നും ഭരണനിർവഹണ സംവിധാനത്തിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്താണ്? അത്തരക്കാർക്കും അവരുടെ താത്‌പര്യങ്ങൾക്കും വിധേയപ്പെടുമ്പോൾ നയവും സമീപനവും ലക്ഷ്യവുമെല്ലാം പുനരാഖ്യാനം ചെയ്യപ്പെടേണ്ടി വരുമെന്ന് ഉറപ്പല്ലേ? അവിടെ സാധാരണക്കാരന്‍റെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും സർക്കാർ സംരക്ഷണം ലഭിക്കേണ്ടവരുടെയും താത്പര്യങ്ങൾക്ക് എന്തു പ്രസക്തി!

വർത്തമാനകാല ജനാധിപത്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ പേടിപ്പെടുത്തുന്ന മുഖച്ചിത്രങ്ങളാണ് ഇവിടെയും അനാവരണം ചെയ്യപ്പെടുന്നത്. ഇതിൽ നിന്നു മോചനം നേടാൻ നമുക്കാവുമോ? വാചാടോപങ്ങൾക്കപ്പുറത്ത് അതിനുള്ള ആർജവം രാഷ്‌ട്രീയ നേതൃത്വം പ്രകടിപ്പിക്കുമോ? ജനാധിപത്യം പുലർന്നു കാണാനാഗ്രഹിക്കുന്ന ഏവരും ആശങ്കയോടെ ഉയർത്തുന്ന ചോദ്യങ്ങളാണിത്.

മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; ജഡ്ജ് പിന്മാറണമെന്നാശ്യം തള്ളി

തമിഴ്നാട്ടിൽ പരസ്യ പ്രചാരണത്തിന് ചൊവ്വാഴ്ച സമാപനം; വ്യാഴാഴ്ച വോട്ടെടുപ്പ്

ജാമ്യം നിഷേധിച്ചതിൽ പുനഃപരിശോധനയില്ല; ഉമർ ഖാലിദിന്‍റെ ഹർജി സുപ്രീം കോടതി തള്ളി

"അമ്മയ്ക്ക് വരുമാനമുണ്ടെന്ന് കരുതി അച്ഛന്‍റെ ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല"; കുട്ടികളുടെ സംരക്ഷണത്തിൽ‌ കോടതി

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ വ്യാജ അക്കൗണ്ടുകളുടെ ആക്രമണം: പരാതി നൽ‌കി ദീപ്തി മേരി വര്‍ഗീസ്