ഇന്ത്യൻ ആണവ ശക്തിയുടെ പിതാവാണ് ഹോമി ജഹാംഗീർ ഭാഭ.

 
Special Story

ബദലുകളുടെ പ്രാധാന്യം

ഇന്ത്യൻ ആണവ ശക്തിയുടെ പിതാവാണ് ഹോമി ജഹാംഗീർ ഭാഭ.

MV Desk

കേരളത്തിന്‍റെ തന്ത്രപ്രധാന സമ്പത്തിൽ നമ്മുടെ പരമാധികാരം നിലനിർത്തി, ആഗോള സാങ്കേതിക വിദ്യയെയും പ്രവാസി മൂലധനത്തെയും സമന്വയിപ്പിക്കുന്ന പുതിയൊരു കേരള ഹൈബ്രിഡ് മോഡൽ (കെഎച്ച്എം) ആണ് സംസ്ഥാന സർക്കാർ ആലോചിക്കേണ്ടത്.ആണവധാതുക്കളുടെയും അപൂർവ മൂലകങ്ങളുടെയും തന്ത്രപരമായ പ്രാധാന്യവും ദേശീയ സുരക്ഷാ ഭീഷണികളും നിശ്ചയമായും നിർണായകമാണ്. അതിനു പക്ഷേ.സ്വകാര്യ പങ്കാളിത്തം പൂർണമായി ഒഴിവാക്കുകയല്ല, മറിച്ച് അതിന്‍റെ സ്വഭാവവും വ്യാപ്തിയും കർശനമായി പുനർനിർവചിക്കുകയാണ് വേണ്ടത്.

എം. ജയചന്ദ്രൻ

ടൈറ്റാനിയം ഉത്പാദക രാജ്യങ്ങളിൽ നിന്ന് തന്നെ വേണം കേരളത്തിന് സ്വീകാര്യമായ ഹൈബ്രിഡ് പങ്കാളിയെ കണ്ടെത്തുന്നത്. മികച്ച സാങ്കേതിക വിദ്യയുണ്ടെങ്കിലും തന്ത്രപ്രധാനമായ ധാതുമേഖലയിൽ ചൈനീസ്- റഷ്യൻ കമ്പനികളുമായി സഹകരിക്കാൻ കേന്ദ്ര ആണവോർജ വകുപ്പും (ഡിഎഇ) വിദേശകാര്യ മന്ത്രാലയവും, ഭൗമ രാഷ്‌ട്രീയ കാരണങ്ങളാൽ തയാറാകില്ല. എന്നാൽ, ഇന്ത്യയുമായി മികച്ച നയതന്ത്രബന്ധമുള്ള ജപ്പാൻ, വലിയ നിക്ഷേപശേഷിയുള്ള സൗദി അറേബ്യ എന്നിവരെ പരിഗണിക്കുന്നതിനു തടസമില്ല. പ്രവാസി പങ്കാളിത്തം കൂടിയുള്ള ഒരു നിക്ഷേപ മാതൃകയിലേക്ക് സൗദി പോലുള്ള മധ്യപൂർവരാജ്യം താത്പര്യം കാണിക്കുകയും ചെയ്യും.

മോണസൈറ്റ്, ഇൽമനൈറ്റ് തുടങ്ങിയ ആണവധാതുക്കളുടെ അവകാശം പൂർണമായും കേന്ദ്രത്തിനാണ്. കരിമണലിൽ ഉള്ള മോണസൈറ്റ്, തോറിയം തുടങ്ങിയ ആണവ ധാതുക്കളുടെ നിയന്ത്രണം പൂർണമായോ ഭാഗികമായോ സ്വകാര്യ കോർപ്പറെറ്റുകൾക്ക് നൽകുന്നത് രാജ്യത്തിന്‍റെ പരമാധികാരത്തെയും സുരക്ഷയെയും നേരിട്ട് ബാധിക്കും. കരിമണൽ സംസ്കരണത്തിലൂടെ വേർതിരിച്ചെടുക്കുന്ന മോണസൈറ്റിൽ ഉയർന്ന അളവിൽ തോറിയവും യുറേനിയവും ഉണ്ട്. അതുകൊണ്ടാണ്,പൊതുമേഖലാ സ്ഥാപനങ്ങളായ ഐആർഇഎൽ, കെഎംഎംഎൽ എന്നിവ കർക്കശമായ ആണവോർജനിയമങ്ങൾക്ക് വിധേയമായി മാത്രം പ്രവർത്തിക്കുന്നത്.

സ്വകാര്യ കമ്പനികളുടെ പരമമായ ലക്ഷ്യം ലാഭമാണ്.ആഗോള കോർപ്പറെറ്റുകളുടെ പിന്നാമ്പുറങ്ങൾ പരിശോധിച്ചു നോക്കൂ. അവരിൽ പലർക്കും, ഇന്ത്യാ വിരുദ്ധരുമായി ബന്ധമുള്ള ഷെൽ കമ്പനികളിൽ നിക്ഷേപമോ അടുപ്പമോ കാണാം. കേരളത്തിലെ കരിമണൽ ഖനനത്തിലോ പ്രോസസിങ്ങിലോ പങ്കാളിയാകുന്ന ഒരു ആഭ്യന്തര സ്വകാര്യ കുത്തക കമ്പനിയെ സങ്കൽപ്പിക്കൂ. ഓഹരി വിപണിയിലൂടെയും മറ്റ് അണിയറ നീക്കങ്ങളിലൂടെയും വിദേശ ചാരസംഘടനകളോ ഇന്ത്യാ വിരുദ്ധ ശക്തികളോ ഇവരെ വശത്താക്കിയാൽ, ഇന്ത്യയുടെ ധാതുമണൽ ഖനനത്തിന്‍റെ വിശദാംശങ്ങൾ എളുപ്പത്തിൽ ചോർത്താനാകും. അതിനേക്കാൾ വലിയൊരു അപകടം വേറെ വരാനുണ്ടോ..?

ഇന്ത്യൻ ആണവ ശക്തിയുടെ പിതാവാണ് ഹോമി ജഹാംഗീർ ഭാഭ. അദ്ദേഹം വിഭാവനം ചെയ്ത മൂന്ന് ഘട്ടങ്ങളായുള്ള ഇന്ത്യൻ ആണവോർജ പദ്ധതിയുടെ അന്തിമ ലക്ഷ്യം തോറിയം അധിഷ്ഠിത റിയാക്റ്ററുകളാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ തോറിയം നിക്ഷേപമുള്ളത് ഇന്ത്യയിലാണ്, പ്രത്യേകിച്ച് കേരളത്തിലെയും തമിഴ്‌നാട്ടിലെയും തീരങ്ങളിൽ.

ഈ വിഭവം സ്വകാര്യ കമ്പനികളുടെ ഉടമസ്ഥതയിലായാൽ, ഭാവിയിൽ രാജ്യത്തിന്‍റെ ഊർജ ആവശ്യങ്ങൾക്ക് പോലും വൻകിട കോർപ്പറെറ്റു കളുടെ ദാക്ഷിണ്യത്തിനായി നാം കാത്തുനിൽക്കേണ്ടി വരും. ഇത് ഇന്ത്യയുടെ ഊർജ പരമാധികാരത്തിന്മേലുള്ളവലിയ കടന്നുകയറ്റവുമാകും.

കരിമണൽ ഖനനം ചെയ്യുന്ന കേരളത്തിലെ തീരപ്രദേശങ്ങൾ അതീവ സുരക്ഷാ മേഖലകളാണ്. സ്വകാര്യ കോർപ്പറെറ്റു കൾക്ക് ഈ പ്രദേശങ്ങളിൽ പൂർണാധികാരം ലഭിച്ചാൽ, നേവി, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ് തുടങ്ങിയ സുരക്ഷാ ഏജൻസികളുടെ കർശനമായ നിരീക്ഷണം മറികടന്ന് തീരപ്രദേശങ്ങളിൽ രാജ്യവിരുദ്ധ ശക്തികൾക്ക് നങ്കൂരമിടാനാകും.

കേരള ഹൈബ്രിഡ് മോഡൽ

ജനകീയ ബദലുകൾ നിർദേശിക്കുമ്പോൾ, സുരക്ഷാ ഭീഷണികളെ മറികടക്കാൻ സംസ്ഥാന സർക്കാരിന് സ്ട്രോങ് കൺട്രോൾ നിലനിർത്തുക എന്നത് അത്യന്താപേക്ഷിതമാണ്. നിലവിലുള്ള അടിത്തറയെ മറന്നുകൊണ്ടാകരുത് പുതിയ മെഗാ പ്രോജക്റ്റുകൾ എന്ന വസ്തുത ഇതോടൊപ്പം പ്രത്യേകമായിത്തന്നെ നാം ഓർമിക്കണം. കെഎംഎംഎലിന് ഇപ്പോൾ ടൈറ്റാനിയം സ്പോഞ്ച് സാങ്കേതികവിദ്യ (ഇസ്രൊയുമായുള്ള സഹകരണത്തോടെ) ഉള്ളതിനാൽ, പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ടതില്ല. കെഎംഎംഎല്ലിനെ. ഈ മെഗാ പ്രോജക്റ്റിന്‍റെ "ആങ്കർ ഇൻസ്റ്റിറ്റ്യൂഷൻ' ആക്കണം. എന്നിട്ട് വേണം പുതിയ ഹൈബ്രിഡ് കമ്പനി ലോഞ്ച് ചെയ്യുന്നത്. കോർപ്പറെറ്റ് മേഖലയുടെ അമിത ലാഭക്കൊതിയോ, സിയാൽ മോഡലിന്‍റെ സാങ്കേതിക-ധനകാര്യ പരിമിതികളോ ഇതിനില്ല. കേരളത്തിന്‍റെ തന്ത്രപ്രധാന സമ്പത്തിൽ നമ്മുടെ പരമാധികാരം നിലനിർത്തി, ആഗോള സാങ്കേതികവിദ്യയെയും പ്രവാസി മൂലധനത്തെയും സമന്വയിപ്പിക്കുന്ന പുതിയൊരു കേരള ഹൈബ്രിഡ് മോഡൽ (കെഎച്ച്എം) ആണ് സംസ്ഥാന സർക്കാർ ആലോചിക്കേണ്ടത്.ആണവധാതുക്കളുടെയും അപൂർവ മൂലകങ്ങളുടെയും തന്ത്രപരമായ പ്രാധാന്യവും ദേശീയ സുരക്ഷാ ഭീഷണികളും നിശ്ചയമായും നിർണായകമാണ്. അതിനു പക്ഷേ.സ്വകാര്യ പങ്കാളിത്തം പൂർണമായി ഒഴിവാക്കുകയല്ല, മറിച്ച് അതിന്‍റെ സ്വഭാവവും വ്യാപ്തിയും കർശനമായി പുനർനിർവചിക്കുകയാണ് വേണ്ടത്. ആഗോള കോർപ്പറെറ്റുകൾക്ക് കരിമണലിന്മേൽ നേരിട്ടുള്ള ഉടമസ്ഥാവകാശമോ ഖനന അനുമതിയോ ഒട്ടും നൽകരുത്. അതേസമയം അവരുടെ സാങ്കേതികവിദ്യയും മൂലധനവും നമുക്ക് ഉപയോഗപ്പെടുത്താ നുമാകണം.അതിനുതകുന്ന മികച്ച ബദൽ മാർഗങ്ങളാണ് നമുക്കു വേണ്ടത്.

ത്രികക്ഷി കൂട്ടായ്മ

കേന്ദ്ര- സംസ്ഥാന- ആഗോള നിലവാരമുള്ള ത്രികക്ഷി കൂട്ടായ്മയാണ് ഇതിനേറ്റവും അനുയോജ്യമായ ബദൽ. പ്രായോഗികവും, കേന്ദ്രാനുമതി വേഗത്തിൽ ലഭിക്കാൻ സഹായിക്കുന്നതുമായ ഒരു മാതൃകയുമാകും ഇത്. ഇതിൽ കേരള സർക്കാരിന് (കെഎംഎംഎൽ വഴി) 26% ഓഹരി (ധാതുമണൽ,ഭൂമി, മറ്റ് പ്രാഥമിക വിഭവ സൗകര്യങ്ങൾ എന്നിവയ്ക്കായി) നീക്കിവയ്ക്കണം. കേന്ദ്ര സർക്കാരിന് (ഐആർഇഎൽ / ആണവോർജ വകുപ്പ് വഴി) 25%ഓഹരി ഇതിൽ മാറ്റിവയ്ക്കണം. (ദേശീയ സുരക്ഷയും റെഗുലേറ്ററി പരിശോധനയും ഉറപ്പാക്കാനാണിത്).ആഗോള സാങ്കേതിക പങ്കാളിയായി ജപ്പാനിലേയോ സൗദിയിലേയോ കമ്പനികൾക്കു മുൻഗണന നൽകണം. ഓഹരിയെടുക്കാൻ താത്പര്യമുള്ള പ്രവാസി മലയാളികളും ഇവർക്കൊപ്പമാണ് പദ്ധതിയിൽ പങ്കാളികളാകേണ്ടത്. ഇവർക്കാകെ 49% ഓഹരി നൽകും. (സാങ്കേതികവിദ്യയും അന്താരാഷ്‌ട്ര വിപണി ബന്ധങ്ങളും ഇവരാണ് നമുക്ക് നൽകുക). ഇങ്ങനെയൊരു സംവിധാനം ആവിഷ്കരിക്കുന്നതിലൂടെ, കമ്പനിയുടെ നിയന്ത്രണ ഓഹരികൾ (51%) പൊതുമേഖലയിൽ തന്നെ നിൽക്കും. എന്നാൽ, പ്രവർത്തവനം പ്രൊഫഷനൽ- കോർപ്പറെറ്റ് ശൈലിയിൽ മുന്നോട്ടുകൊണ്ടുപോകാനാകും. നേരിട്ടുള്ള ഓഹരി പങ്കാളിത്തത്തിന് പകരം, അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കുന്ന വിദേശ കമ്പനികളുമായി ദീർഘകാല ലൈസൻസിങ് കരാറുകളിൽ ഏർപ്പെടുന്നതിനെപ്പറ്റിയും ആലോചിക്കാവുന്നതാണ്.

അത്തരം കരാറിൽ, വിദേശ കമ്പനി കേരളത്തിൽ പ്ലാന്‍റ് സ്ഥാപിക്കാൻ ആവശ്യമായ യന്ത്രസാമഗ്രികളും സാങ്കേതിക പരിശീലനവും നമുക്ക് നൽകണം. പകരം, ഇവിടെ ഉത്പാദിപ്പിക്കുന്ന ടൈറ്റാനിയം സ്പോഞ്ചിന്‍റെ / മെറ്റലിന്‍റെ ഒരു നിശ്ചിത ശതമാനം മുൻകൂട്ടി നിശ്ചയിച്ച വിലയിൽ അവർക്ക് തന്നെ തിരികെ നൽകുന്ന തരത്തിലുള്ളവയാണ് ഇത്തരം ബൈ- ബാക്ക് കരാറുകൾ.ഈ മോഡൽ വഴി സ്വകാര്യ കമ്പനിക്ക് നമ്മുടെ വിഭവങ്ങളിൽ നയപരമായ ഒരു തീരുമാനവും എടുക്കാനാകില്ല, എന്നാൽ അവർക്ക് ആവശ്യമായ ഉത്പന്നം ഉറപ്പായും ലഭിക്കും.

സ്വകാര്യ പങ്കാളിത്തത്തെ കണ്ണടച്ച് എതിർക്കുകയല്ല, മറിച്ച് നമ്മുടെ വിഭവങ്ങളുടെ പരമാധികാരം പണയം വയ്ക്കാതെയുള്ള തന്ത്രപരമായ വിനിയോഗമാണ് വേണ്ടത്. ഖനനം പൊതുമേഖലയുടെ കുത്തകയായും, സംസ്കരണവും മൂല്യവർധനയും പൊതു-സ്വകാര്യ പങ്കാളിത്തത്തിലും നടപ്പാക്കുന്ന രണ്ട് തട്ടുകളായുള്ള സുരക്ഷാ മാതൃകയാണിത്.

ഇതിൽ വിദേശ കമ്പനികൾക്ക് വിഭവങ്ങളുടെ മേലല്ല, മറിച്ച് ഉത്പാദിപ്പിക്കുന്ന ഉത്പന്നത്തിന്മേൽ മാത്രമായിരിക്കും അവകാശം. വി.ഡി. സതീശൻ സർക്കാർ ചിന്തിക്കേണ്ടത് കോർപ്പറെറ്റുകൾക്ക് കരിമണൽ തീരങ്ങൾ അപ്പാടെ എഴുതിക്കൊടുക്കുന്ന പിപിപി റൂട്ടിനെപ്പറ്റിയല്ല, മറിച്ച് നമ്മുടെ കൺട്രോളിലുള്ള ഇത്തരം ഹൈബ്രിഡ് ബദലുകളെപ്പറ്റിയാണ്.

(പരമ്പര അവസാനിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനാണ് ലേഖകൻ)

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ