ജീവിത വർഷങ്ങൾക്ക് യോഗ ജീവൻ പകരുമ്പോൾ
ഇന്ന് അന്താരാഷ്‌ട്ര യോഗാ ദിനം
* ആരോഗ്യകരമായ വാർധക്യത്തിന് യോഗ
ഉപരാഷ്‌ട്രപതി
യുഗങ്ങളായി ഭാരതത്തിന്‍റെ അതുല്യ സവിശേഷത "വസുധൈവ കുടുംബകം' എന്ന ഉദാത്ത ദർശനമാണ്– അതായത് ലോകത്തെ ഒരൊറ്റ വ്യവസ്ഥയായും എല്ലാ ജീവജാലങ്ങളെയും ഒന്നായും കാണുക എന്ന കാഴ്ചപ്പാട്. ശരീരത്തെയും മനസിനെയും ആത്മാവിനെയും സമന്വയിപ്പിക്കുന്ന പുരാതന ശാസ്ത്രമാണ് ഭാരതത്തിന്‍റെ ആത്മീയ ജ്ഞാനത്തിൽ വേരൂന്നിയ യോഗ. ആസനങ്ങൾ (ശരീര നിലകൾ), പ്രാണായാമം (ശ്വാസക്രിയകൾ), ധ്യാനം എന്നിവയാണ് യോഗയുടെ അടിസ്ഥാന ഘടകങ്ങൾ. ഇവയുടെ സംയോജനം ശാരീരികക്ഷമതയും മാനസിക ഏകാഗ്രതയും വൈകാരിക സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തുന്നു.
2014 സെപ്റ്റംബർ 27ന് ഐക്യരാഷ്‌ട്ര പൊതുസഭയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതൽ ജീവയോഗ്യവും സുസ്ഥിരവുമായ ലോകം സൃഷ്ടിക്കുന്നതിന് ജനങ്ങളുടെ ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടതിന്‍റെ ആവശ്യകത എടുത്തുപറഞ്ഞിരുന്നു. യോഗ മനസിന്‍റെയും ശരീരത്തിന്‍റെയും ഐക്യത്തെയും ചിന്തയുടെയും പ്രവൃത്തിയുടെയും സമന്വയത്തെയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഹൃദ്യമായ ബന്ധത്തെയും പ്രതിനിധീകരിക്കുന്നുവെന്നും അത് ആത്മനിയന്ത്രണവും ലക്ഷ്യപ്രാപ്തിയും നൽകുന്ന സമഗ്രാരോഗ്യ സമീപനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ അഭ്യർഥന പ്രകാരം ജൂൺ 21 അന്താരാഷ്‌ട്ര യോഗ ദിനമായി പ്രഖ്യാപിക്കാനുള്ള പ്രമേയം 174ലേറെ രാജ്യങ്ങളുടെ റെക്കോഡ് പിന്തുണയോടെ 2014 ഡിസംബർ 11ന് ഐക്യരാഷ്‌ട്ര പൊതുസഭ അംഗീകരിച്ചു. 2015 മുതൽ ലോകമെങ്ങും ദശലക്ഷക്കണക്കിന് പേര്‍ ഒരുമിച്ച് യോഗ പരിശീലിക്കാന്‍ പൊതുസ്ഥലങ്ങളിൽ ഒത്തുചേരുന്നു. ഭാരതീയ പൗരാണിക ജ്ഞാനത്തെ ഇതൊരു ആഗോള പ്രസ്ഥാനമാക്കി മാറ്റി.
ഈ വർഷം ജൂൺ 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽ യോഗ ദിനാചരണത്തിന് നേതൃത്വം നൽകുമ്പോൾ ഇതേ ആഘോഷങ്ങള്‍ക്കായി ലഡാക്ക് സന്ദർശിക്കുകയാണ് ഞാന്‍. "സഹോദര ശാസ്ത്രങ്ങൾ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന യോഗയുടെയും പഞ്ചകർമയുടെയും ഗുണങ്ങൾ വ്യക്തിപരമായി വർഷങ്ങളോളം ഞാനും അനുഭവിച്ചറിഞ്ഞതാണ്. ആഴമേറിയതും സൽസമ്പന്നവുമായ വ്യക്തിഗത അനുഭവങ്ങളാണ് യോഗയെക്കുറിച്ചും മനുഷ്യക്ഷേമത്തിലെ അതിന്‍റെ വലിയ സ്വാധീനത്തെക്കുറിച്ചും ചിന്തകൾ പങ്കിടാന്‍ എനിക്ക് പ്രചോദനമായത്.
യോഗ: ഭാരതത്തിന്‍റെ കാലാതീത പാരമ്പര്യം
ശാരീരികവും മാനസികവും ആത്മീയവുമായി ക്ഷേമം പകരുന്ന കാലാതീത പരിശീലനമായ യോഗ ഭാരതീയ നാഗരികതയുടെ ഉദയത്തോടെയാണ് ആരംഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. യോഗയുടെ പാരമ്പര്യത്തിൽ പരമശിവനെ ആദിയോഗിയായും ആദിഗുരുവായും കാണുന്നു. അതേസമയം യോഗാസൂത്രങ്ങളിലൂടെ യോഗാ തത്വങ്ങള്‍ വ്യവസ്ഥാപിതമാക്കിയ മഹർഷി പതഞ്ജലിയെ ക്ലാസിക്കൽ യോഗയുടെ പിതാവായി കണക്കാക്കുന്നു. മഹർഷി പതഞ്ജലിക്ക് തമിഴ്‌നാടുമായി ആഴമേറിയ ആത്മീയ ബന്ധമുണ്ട്. അദ്ദേഹത്തിന്‍റെ ഭൗതിക ജീവസമാധി തിരുപ്പത്തൂരിലാണ് സ്ഥിതി ചെയ്യുന്നതെന്നും വിശ്വസിക്കപ്പെടുന്നു.
നമ്മുടെ ആദരണീയ ഋഷിവര്യരും മുനിമാരുമാണ് യോഗയെന്ന അമൂല്യനിധി ലോകത്തിന് സമ്മാനിച്ചത്. വർഷങ്ങൾ നീണ്ട ധ്യാനത്തിലൂടെയും തപസിലൂടെയും ആത്മീയ അന്വേഷണത്തിലൂടെയും രാജ്യത്തെ ഋഷിവര്യരും മുനിമാരും ശരീരത്തെയും മനസിനെയും ആത്മാവിനെയും ഒന്നിപ്പിക്കുന്ന സമഗ്ര വ്യവസ്ഥ വികസിപ്പിച്ചെടുത്തു. ശ്രീരാമകൃഷ്ണ പരമഹംസർ യോഗയുടെ മൂന്ന് മഹത്തായ പാതകള്‍ വിശദീകരിച്ചിട്ടുണ്ട്-ജ്ഞാനയോഗ അഥവാ അറിവിന്‍റെയും ജ്ഞാനത്തിന്‍റെയും പാത, കർമയോഗ അഥവാ നിസ്വാർഥ സേവനത്തിന്‍റെയും സൽപ്രവൃത്തികളുടെയും പാത, ഭക്തിയോഗ അഥവാ സംശുദ്ധ സ്നേഹത്തിന്‍റെയും സമർപ്പണത്തിന്‍റെയും പാത. ഈ മൂന്ന് പാതകളും ആത്യന്തികമായി പരമ സത്യത്തിന്‍റെ സാക്ഷാത്കാരത്തിലാണ് ലയിച്ചുചേരുന്നതെന്ന് അദ്ദേഹം പഠിപ്പിച്ചു.
ഭൂമിശാസ്ത്രപരവും സാംസ്‌കാരികവും മതപരവുമായ അതിരുകൾക്കതീതമായി നിലകൊള്ളുന്ന യോഗ രാജ്യത്തെ മുനിവര്യന്മാരുടെ കാലാതീത ജ്ഞാനത്തിന്‍റെയും മാനവക്ഷേമത്തിനായി അവർ നൽകിയ ശാശ്വത സംഭാവനകളുടെയും നേര്‍സാക്ഷ്യമാണ്.
ആരോഗ്യകരമായ വാർധക്യത്തിന് യോഗ
അന്താരാഷ്‌ട്ര യോഗ ദിനം അർഥവത്തായ പ്രമേയത്തോടെയാണ് ഓരോ വർഷവും രാജ്യത്ത് ആവേശപൂര്‍വം ആഘോഷിക്കപ്പെടുന്നത്. "ആരോഗ്യകരമായ വാർധക്യത്തിന് യോഗ' എന്ന ഈ വർഷത്തെ പ്രമേയത്തിന് സവിശേഷ പ്രാധാന്യമുണ്ട്. ആരോഗ്യരംഗത്തെയും പൊതുജനാരോഗ്യ സംവിധാനങ്ങളിലെയും ശ്രദ്ധേയ പുരോഗതിയും മരണനിരക്കിലെ കുറവും വിവിധ രാജ്യങ്ങളിൽ മനുഷ്യന്‍റെ ആയുർദൈർഘ്യം വർധിപ്പിച്ചിട്ടുണ്ട്. ജനസംഖ്യാപരമായ ഈ വലിയ മാറ്റത്തിന് ഭാരതവും സാക്ഷ്യം വഹിക്കുകയാണ്. ഐക്യരാഷ്‌ട്രസഭയുടെ ജനസംഖ്യാ നിധി പുറത്തുവിട്ട "ഇന്ത്യ ഏജിങ് റിപ്പോർട്ട്- 2023' പ്രകാരം 2050ഓടെ അഞ്ചിലൊന്ന് ഇന്ത്യക്കാര്‍ 60 വയസിന് മുകളിലുള്ളവരായിരിക്കും.
ദീർഘായുസ് എന്ന വിലമതിക്കാനാവാത്ത സമ്മാനം നാം ആഘോഷിക്കുമ്പോഴും ജീവിതത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്ന ഈ അധിക വർഷങ്ങൾ ജീവിതത്തിന് കൂടുതൽ ജീവനേകുന്നവയാണെന്ന് ഉറപ്പാക്കേണ്ട ഗൗരവമേറിയ ഉത്തരവാദിത്തവും ഇത് സമൂഹത്തിന് നല്‍കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ""ആരോഗ്യകരമായ വാർധക്യത്തിന് യോഗ'' എന്ന 2026ലെ അന്താരാഷ്‌ട്ര യോഗാദിന പ്രമേയം തീര്‍ത്തും സമയോചിത സന്ദേശമായി മാറുന്നു.
ഭാരതത്തിൽ മുതിർന്ന പൗരന്മാരുടെ ആരോഗ്യസംരക്ഷണവും മറ്റ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'സിൽവർ സമ്പദ്‍വ്യവസ്ഥ'യുടെ വികാസത്തിനും വളർച്ചയ്ക്കും ജനസംഖ്യാപരമായ ഈ മാറ്റം കാരണമായി. വ്യാവസായിക വിദഗ്ധരുടെ കണക്കുകൂട്ടലനുസരിച്ച് നിലവിൽ ഇത് ഏകദേശം 73,000 കോടി രൂപയോളമാണ്. വരും വർഷങ്ങളിൽ ഈ മേഖല ഗണ്യമായ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആധുനിക കാലത്തെ വാർധക്യത്തിന്‍റെ യാഥാർഥ്യങ്ങൾ മുതിർന്ന പൗരന്മാർ എത്രത്തോളം സങ്കീർണമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ലോകമെങ്ങും പ്രായമായവർക്കിടയിലെ പകർച്ചവ്യാധി ഇതര രോഗങ്ങളുടെ വര്‍ധന, മാനസികാരോഗ്യ ആശങ്കകള്‍, സാമൂഹ്യ ഒറ്റപ്പെടല്‍ എന്നിവയെക്കുറിച്ച് ലോകാരോഗ്യ സംഘടനയും ആവർത്തിച്ച് എടുത്തുപറഞ്ഞിട്ടുണ്ട്.
ചെറുപ്രായത്തിൽ തന്നെ ജനങ്ങളെ യോഗയിലേക്ക് ആകര്‍ഷിക്കുകയെന്നത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്ന് ഞാൻ മനസിലാക്കുന്നു. ഒരാൾ എത്ര നേരത്തെ യോഗ പരിശീലനം ആരംഭിക്കുന്നുവോ അത്രത്തോളം കൂടുതൽ സമഗ്രമായ ഗുണങ്ങൾ ജീവിതത്തിലുടനീളം അവർക്ക് ലഭിക്കുന്നു. 2020ലെ ദേശീയ വിദ്യാഭ്യാസ നയം ആരോഗ്യത്തിന്‍റെയും ക്ഷേമത്തിന്‍റെയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെയും അവിഭാജ്യ ഘടകമെന്ന നിലയില്‍ യോഗയ്ക്ക് സുപ്രധാന സ്ഥാനം നൽകിയത് ഏറെ സന്തോഷം പകരുന്ന കാര്യമാണ്. യുവജനങ്ങളെ യോഗയിലേക്ക് നയിക്കുന്ന മികച്ച ചുവടുവയ്പ്പാണിത്. വിദ്യാർഥികൾക്കിടയിൽ അച്ചടക്കവും ഏകാഗ്രതയും വൈകാരിക സന്തുലിതാവസ്ഥയും ആരോഗ്യകരമായ ജീവിതശൈലിയും വളർത്തിയെടുക്കാനുള്ള മാർഗമായി ഇത് തീർച്ചയായും നിലകൊള്ളും.
ഇത്തരത്തില്‍ ലോകമെങ്ങും രൂപപ്പെടുന്ന ജനസംഖ്യാപരമായ മാറ്റങ്ങളെ വിജയകരമായി നേരിടാന്‍ പൗരാണിക നാഗരിക ജ്ഞാനത്തെ ആധുനിക ശാസ്ത്രീയ സാധൂകരണവുമായി സംയോജിപ്പിക്കുന്ന അതുല്യ മാതൃക ഭാരതം ലോകത്തിന് മുന്നിൽ സമർപ്പിക്കുന്നു- അതാണ് യോഗ.
യോഗ- ആധുനിക കാലത്തെ വാർധക്യത്തിനൊരു പരിഹാരം
അച്ചടക്കപൂര്‍ണമായ ജീവിതത്തിലൂടെയും യോഗയിലൂടെയും ആത്മീയ പരിശീലനത്തിലൂടെയും അസാധാരണ ആയുർദൈർഘ്യവും ഉന്മേഷവും മാനസിക പ്രസന്നതയും കൈവരിച്ച ഭാരതത്തിലെ മുനിമാരുടെയും യോഗിവര്യന്മാരുടെയും കാലാതീത ഉൾക്കാഴ്ചകളെ ആധുനിക ശാസ്ത്രം കൂടുതലായി സാധൂകരിച്ചുകൊണ്ടിരിക്കുകയാണ്. രോഗശാന്തി പകരുന്ന യോഗയുടെ തലങ്ങളെക്കുറിച്ച് അക്കാദമികവും ചികിത്സാപരവുമായ താല്പര്യം സമീപവർഷങ്ങളിൽ ഗണ്യമായി വർധിച്ചിട്ടുണ്ട്.
പതിവ് യോഗ പരിശീലനം മുതിർന്ന പൗരന്മാർക്കിടയിൽ ശരീരത്തിന്‍റെ സന്തുലിതാവസ്ഥയും വഴക്കവും ചലനശേഷിയും സുരക്ഷിതമായി മെച്ചപ്പെടുത്തുന്നുവെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത്, ഹാർവാർഡ് മെഡിക്കൽ സ്കൂൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും ലാൻസെറ്റ് ഉൾപ്പെടെ നിരവധി പിയർ- റിവ്യൂഡ് ജേണലുകളും അവരുടെ പഠനങ്ങളിലൂടെ തെളിയിച്ചിരിക്കുന്നു. വീണുപോകുമോ എന്ന ഭയവും വീഴാനുള്ള സാധ്യതയും യോഗ പരിശീലനം ഗണ്യമായി കുറയ്ക്കുന്നു. അസ്ഥി സാന്ദ്രത മെച്ചപ്പെടുത്തുന്നതിലും വാതവുമായി ബന്ധപ്പെട്ട വേദന കുറയ്ക്കുന്നതിലും ശ്വസനക്ഷമത വർധിപ്പിക്കുന്നതിലും രക്തസമ്മർദം സ്ഥിരപ്പെടുത്തുന്നതിലും മാനസികക്ഷേമം ഉറപ്പാക്കുന്നതിലുമെല്ലാം യോഗയുടെ വ്യക്തമായ ഗുണങ്ങൾ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ധ്യാനവും ശ്വസനക്രിയകളും പ്രായമായവർക്കിടയിൽ സുഖകരമായ ഉറക്കവും വൈകാരിക ദൃഢതയും വൈജ്ഞാനിക ശേഷിയും മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയതും ഇതേ പ്രാധാന്യത്തോടെ മനസിലാക്കേണ്ടതുണ്ട്.
എന്നാൽ യോഗയുടെ യഥാർഥ കരുത്ത് അതിന്‍റെ സമഗ്ര സ്വഭാവത്തിലാണെന്ന് പ്രത്യേകം എടുത്തുപറയാന്‍ ഞാനാഗ്രഹിക്കുന്നു. ശാരീരിക പുനരധിവാസത്തിനപ്പുറം വൈകാരിക സന്തുലിതാവസ്ഥയും സാമൂഹ്യ ബന്ധവും യോഗ വളർത്തുന്നു. വര്‍ത്തമാന കാലത്ത് വാർധക്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് പല മുതിർന്ന പൗരന്മാരും അനുഭവിക്കുന്ന ഒറ്റപ്പെടലാണ്. ഇതിന് ഞാൻ നേരിട്ട് സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഈ ആന്തരിക ഏകാന്തതയെ കൂട്ടായ്മയുടെ വിശാല ബോധത്തിലേക്ക് യോഗ പതുക്കെ രൂപാന്തരപ്പെടുത്തുന്നു. “ഞാന്‍”എന്ന ഭാവത്തില്‍നിന്ന് സഹാനുഭൂതിയിലും പരസ്പരബന്ധത്തിലും ആന്തരിക സമാധാനത്തിലും അധിഷ്ഠിതമായ ""നമ്മൾ'' എന്ന കൂട്ടായ്മയുടെ ബോധത്തിലേക്ക് നീങ്ങാൻ ഇത് വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നു.
സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാല്‍ "ആരോഗ്യകരമായ വാർധക്യത്തിന് യോഗ' എന്ന ആശയത്തിന് കഠിനമായ ശാരീരിക അധ്വാനത്തിന്‍റെ ആവശ്യമില്ല. ക്ലാസിക്കൽ യോഗാഭ്യാസങ്ങൾ മുതിർന്ന പൗരന്മാർക്ക് അനുയോജ്യമായ തരത്തിൽ ലളിതവും ആയാസരഹിതവുമായ രീതികളിലേക്ക് ചിന്താപൂർവം മാറ്റിയെടുത്തിട്ടുണ്ട്. സന്ധികളുടെ സൂക്ഷ്മ ചലനങ്ങൾ ഉൾപ്പെടുന്ന യോഗാധിഷ്ഠിത സൂക്ഷ്മ വ്യായാമം, കസേരയുടെ സഹായത്തോടെ ചെയ്യാവുന്ന ആസനങ്ങൾ, നിയന്ത്രിത ശ്വസനരീതികൾ, പ്രായംചെന്നവരുടെ ശരീരശാസ്ത്രത്തിന് സമ്മർദം നൽകാതെ ന്യൂറോ എൻഡോക്രൈൻ സംവിധാനത്തെയും പ്രതിരോധശേഷിയെയും ശക്തിപ്പെടുത്തുന്ന ധ്യാന പരിശീലനങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു.
അതേസമയം പ്രായമായവരുടെ വൈകാരികവും ശാരീരികവുമായ ആവശ്യങ്ങൾ നിറവേറ്റി അവരുടെ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കുടുംബാംഗങ്ങൾക്കും മാനസിക കരുത്തിന്‍റെ സ്രോതസായും യോഗ നിലകൊള്ളുന്നു. ഈ വലിയ ഗുണങ്ങൾ തിരിച്ചറിഞ്ഞ് ആയുഷ് മന്ത്രാലയം വാര്‍ധക്യകാല ആരോഗ്യത്തിന് തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ യോഗാ മൊഡ്യൂൾ ഉൾപ്പെടെ ""പകർച്ചവ്യാധി ഇതര രോഗങ്ങൾക്കും നിശ്ചിത വിഭാഗങ്ങൾക്കും 10 യോഗ പ്രോട്ടോക്കോളുകൾ'' എന്ന സുപ്രധാന സംരംഭം അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ എല്ലാ പ്രായത്തിലെയും പൗരന്മാരുടെ ദൈനംദിന ജീവിതത്തിൽ പ്രാപ്യവും ശാശ്വതവുമായ സഹചാരിയായി യോഗ മാറുന്നുവെന്ന് ഉറപ്പാക്കാനാണ് 100 ദിവസത്തെ സൗജന്യ ഓൺലൈൻ യോഗാ പരിപാടി വാഗ്ദാനം ചെയ്യുന്ന രാജ്യവ്യാപക കാമ്പെയ്ന്‍ "യോഗ 365' രൂപകൽപ്പന ചെയ്തിരിക്കുന്നത്.
2,000ത്തിലേറെ വർഷങ്ങൾക്ക് മുന്‍പ് മഹാനായ തമിഴ് പണ്ഡിതന്‍ തിരുവള്ളുവർ കുറലിലൂടെ (949) ആരോഗ്യവുമായി ബന്ധപ്പെട്ട വ്യക്തിഗത സമീപനം അവതരിപ്പിച്ചിട്ടുണ്ട്. "ചികിത്സ ആരംഭിക്കുന്നതിന് മുന്‍പ് രോഗിയുടെ അവസ്ഥയും രോഗത്തിന്‍റെ സ്വഭാവവും അനുയോജ്യമായ സമയവും പരിഗണിക്കുക' എന്നാണ് അദ്ദേഹം കുറിച്ചത്. ഈ കാലാതീത ജ്ഞാനം ആരോഗ്യകരമായ വാർധക്യത്തിനായുള്ള യോഗയുടെ ആധുനിക തത്വങ്ങളെ പ്രതിഫലിപ്പിക്കുന്നു. വ്യക്തിയുടെ പ്രായം, ആരോഗ്യം, ആവശ്യങ്ങൾ എന്നിവയ്ക്കനുസൃതമായി പരിശീലനങ്ങൾ ശ്രദ്ധാപൂർവം ക്രമീകരിക്കുന്നത് പിൽക്കാല ജീവിതത്തിൽ കൂടുതൽ ആരോഗ്യകരവും സജീവവും അന്തസാര്‍ന്നതുമായ ജീവിതം നയിക്കാൻ അവരെ പ്രാപ്തരാക്കുന്നു.
2026ലെ അന്താരാഷ്‌ട്ര യോഗ ദിനാചരണ വേളയില്‍ യോഗ വല്ലപ്പോഴുമുള്ള കേവല വ്യായാമമെന്നതിലുപരി ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന സാംസ്കാരിക-ആരോഗ്യ ശീലമായി സ്വീകരിക്കാൻ ഓരോ പൗരനോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സിവിൽ സൊസൈറ്റി സംഘടനകളോടും ആരോഗ്യ പ്രവർത്തകരോടും സാമൂഹ്യ നേതാക്കളോടും ഞാൻ അഭ്യർഥിക്കുന്നു. പ്രായമായവരെ എങ്ങനെ പരിഗണിക്കുന്നുവെന്നതാണ് സമൂഹത്തിന്‍റെ യഥാർഥ അളവുകോൽ. അതിനാൽ രാജ്യത്തെ മുതിർന്ന പൗരന്മാർ ഭയത്തിലോ പാരതന്ത്ര്യത്തിലോ ഒറ്റപ്പെടലിലോ കഴിയാതെ അന്തസോടെയും ഉന്മേഷത്തോടെയും ലക്ഷ്യബോധത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന സാഹചര്യം സൃഷ്ടിക്കാൻ നമുക്ക് പരിശ്രമിക്കാം. യോഗ ജീവിതത്തിന്‍റെ താളമാക്കി മാറ്റി രാജ്യത്തെ പൗരന്മാരുടെ സുവർണ വർഷങ്ങൾ യഥാർഥ ആരോഗ്യത്തിന്‍റെയും ഒത്തൊരുമയുടെയും ലക്ഷ്യപൂർത്തീകരണത്തിന്‍റെയും വർഷങ്ങളായി മാറുന്നുവെന്ന് നമുക്കൊരുമിച്ച് ഉറപ്പാക്കാം!