ദിമാഗി നക്‌സലും അര്‍ബന്‍ നക്‌സലും മോദിയും

 
Special Story

ദിമാഗി നക്‌സലും അര്‍ബന്‍ നക്‌സലും മോദിയും

ചര്‍ച്ചകളിലൂടെയും ആക്രമണത്തിലൂടെയുമാണ് നക്‌സലിസത്തെ അടിയറവ് പറയിച്ചതെന്ന് അമിത് ഷാ പറഞ്ഞു

MV Desk

അഡ്വ. ജി. സുഗുണന്‍

കമ്മ്യൂണിസത്തെ ഭയന്ന ഭരണാധികാരികളാണ് 19ാം നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ വിവിധ രാജ്യങ്ങളില്‍ ഉണ്ടായിരുന്നത്. യൂറോപ്പിലായിരുന്നു ഇക്കൂട്ടരില്‍ ഭൂരിഭാഗവും. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പ്രസിദ്ധീകരണത്തോടെ യൂറോപ്പിലെ പ്രബല രാജ്യങ്ങളടക്കം മിക്കവാറും എല്ലാവരും ഈ പ്രത്യയശാസ്ത്രത്തിനെതിരേ സജീവമായി മുന്നോട്ടു വന്നു. എന്നാല്‍ ഇന്ത്യയില്‍ ഈ 21ാം നൂറ്റാണ്ടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മ്യൂണിസത്തിന് എതിരായി വലിയ അട്ടഹാസങ്ങള്‍ മുഴക്കുന്നത്. കോണ്‍ഗ്രസും അതിനോടൊപ്പമുള്ളവരുമെല്ലാം അര്‍ബന്‍ നക്‌സലൈറ്റുകളാണെന്ന് നേരത്തേ ആക്ഷേപിച്ച മോദി ഇപ്പോള്‍ കോണ്‍ഗ്രസിനെയും മറ്റ് വിദ്യാർഥി പ്രസ്ഥാനങ്ങളെയും ദിമാഗി നക്‌സല്‍ എന്നാണ് വിളിക്കുന്നത്.

12 സംസ്ഥാനങ്ങളിലും ചുവപ്പന്‍ ഇടനാഴി തീര്‍ത്ത നക്‌സലിസത്തെ അവസാനിപ്പിച്ചെന്ന് കഴിഞ്ഞ വര്‍ഷം ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. രാജ്യം നക്‌സല്‍ വിമുക്തമാക്കുമെന്ന് നേരത്തേ അദ്ദേഹം പറഞ്ഞിരുന്നതാണ്. ചര്‍ച്ചകളിലൂടെയും ആക്രമണത്തിലൂടെയുമാണ് നക്‌സലിസത്തെ അടിയറവ് പറയിച്ചതെന്ന് അമിത് ഷാ പറഞ്ഞു. കീഴടങ്ങുന്നവരുടെ പുനരധിവാസം ഉറപ്പാക്കിയിട്ടുണ്ട്. കീഴടങ്ങിയവരുമായി സംഭാഷണവും വെടിയുണ്ടകള്‍ക്ക് അതേ നാണയത്തിലും മറുപടി നല്‍കിയിട്ടുണ്ട്. ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്ര പ്രദേശ്, ഒഡിഷ, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ബിഹാര്‍, ബംഗാള്‍, കര്‍ണാടകം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ നക്‌സലൈറ്റുകളെയാണ് ഇല്ലാതാക്കിയത്. 4,839 നക്‌സലൈറ്റുകള്‍ കീഴടങ്ങിയെന്നും 2,218 പേര്‍ ജയിലിലായിട്ടുണ്ടെന്നും 806 പേര്‍ പോലീസ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടെന്നുമാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. എന്നാല്‍ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം പോലീസിനാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്കിനേക്കാള്‍ അഞ്ചിരട്ടിയോളമാണ്. നക്‌സലൈറ്റ് നേതാക്കളില്‍ ഒരാള്‍ മാത്രമാണ് ഇന് അവശേഷിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും 2024നു മുമ്പ് തന്നെ നക്‌സലിസം ഇല്ലാതാക്കി. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നക്‌സലൈറ്റുകളെ സംരക്ഷിച്ചതിനാലാണ് ഛത്തീസ്ഗഡില്‍ ഈ ഓപ്പറേഷന്‍ നീണ്ടത്.

കോണ്‍ഗ്രസിന്‍റെ നയങ്ങളാണ് രാജ്യത്ത് നക്‌സലിസം വളര്‍ത്തിയതെന്ന് ഷാ വിമര്‍ശിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സ്വീകരിച്ച നടപടികളും നക്‌സലിസം വ്യാപിപ്പിക്കാന്‍ ഇടയാക്കി. ആദിവാസികള്‍ക്ക് വികസനം നിഷേധിക്കപ്പെട്ടത് നക്‌സലിസത്തെ പ്രോത്സാഹിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നക്‌സലൈറ്റുകള്‍ പങ്കെടുത്തെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാ കാലത്തും നക്‌സലിസത്തിനും മാവോയിസത്തിനും എതിരായ ശക്തമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്ന കാര്യം ഏവര്‍ക്കും ബോധ്യമുള്ളതാണ്.

കമ്യൂണിസ്റ്റ്- ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ചില രാജ്യങ്ങളില്‍ വളരെ ശക്തമാണെങ്കിലും മറ്റു ചില രാജ്യങ്ങളില്‍ വളരെ ദുര്‍ബലവുമാണ്. കമ്യൂണിസ്റ്റ്- ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ തീവ്ര ഇടതുപക്ഷവും, മധ്യ ഇടതുപക്ഷവും വലത് സമീപനമുള്ള ഇടതു പ്രസ്ഥാനങ്ങളുമൊക്കെ കാണാം. എങ്കിലും ഒരു പ്രത്യയ ശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ ഊന്നി നിന്ന് ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ അധികാരത്തിലുള്ള പ്രസ്ഥാനം ഇടതുപക്ഷമാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല.

മാര്‍ക്‌സും എംഗല്‍സും കൂടി ആവിഷ്‌കരിച്ചതും പിന്നീട് ലെനിന്‍, മാവോ സെ തുങ് തുടങ്ങിയ നിരവധി മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ വിപുലീകരിച്ചതും ഇപ്പോഴും വിപുലീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നതുമായ വിജ്ഞാന ശാഖയാണ് മാര്‍ക്‌സിസം.

കമ്യൂണിസ്റ്റ് മാനിഫേസ്റ്റോ തുടങ്ങുന്നത് ഇപ്രകാരമാണ്: യൂറോപ്പിനെ ഒരു ഭൂതം പിടി കൂടിയിരിക്കുന്നു- കമ്യൂണിസം എന്ന ഭൂതം. ഈ ഭൂതത്തിന്‍റെ ബാധ ഒഴിക്കാന്‍ വേണ്ടി പഴയ യൂറോപ്പിന്‍റെ ശക്തികളെല്ലാം - മാര്‍പാപ്പയും സാര്‍ ചക്രവര്‍ത്തിയും, മെക്കര്‍ നീഹും, ഗീസോയും, ഫ്രഞ്ച് റാഡിക്കല്‍ കക്ഷിക്കാരും, ജര്‍മന്‍ പോലീസ് ചാരന്മാരുമെല്ലാം ഒരു പാവന സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. (ഇപ്പോഴാണ് ഇത് പറയുന്നതെങ്കില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളെ കൂടി ഇതില്‍ ചേര്‍ക്കേണ്ടി വരും).

അധികാരത്തിലിരിക്കുന്ന എതിരാളികള്‍ കമ്യൂണിസ്റ്റ് എന്ന് വിളിച്ച് അധിക്ഷേപിക്കാത്ത പ്രതിപക്ഷ പാര്‍ട്ടി എവിടെയാണുള്ളത്? തങ്ങളേക്കാള്‍ പുരോഗമനവാദികള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേര്‍ക്കെന്ന പോലെ തന്നെ പിന്തിരിപ്പന്മാരായ തങ്ങളുടെ പ്രതിയോഗികളുടെ നേര്‍ക്കും കമ്യൂണിസം എന്ന മുദ്രയടിക്കുന്ന ശകാരം തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതിപക്ഷം എവിടെയാണുള്ളത്? ഇതില്‍ നിന്നും രണ്ട് സംഗതികള്‍ വ്യക്തമാകുന്നു: കമ്യൂണിസം തന്നെ ഒരു ശക്തിയാണെന്ന് യൂറോപ്പിലെ എല്ലാ ശക്തികളും അംഗീകരിച്ചിരിക്കുന്നു. (ഇപ്പോഴാണെങ്കില്‍ ലോകത്തെ എല്ലാ ശക്തികളും എന്ന് പറയേണ്ടി വരും).

നമ്മുടെ രാജ്യത്തെ ജനകീയ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയാണ്. ജനങ്ങളില്‍ അധികവും അസംതൃപ്തരാണ്. അതിന്‍റെ പ്രത്യാഘാതങ്ങള്‍ ദേശീയ രംഗത്ത് ഉണ്ടാകുന്നുമുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മയും വിദ്യാഭ്യാസമേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും പരിഹരിക്കാന്‍ മോദി മുന്നോട്ട് വരണമെന്ന് പ്രതിപക്ഷ കക്ഷികളും യുവജന പ്രസ്ഥാനങ്ങളും ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യ ദിനത്തില്‍ പറഞ്ഞ ദിമാഗി നക്‌സല്‍ (ബൗദ്ധിക നക്‌സല്‍) പ്രയോഗം വീണ്ടും ആവര്‍ത്തിച്ച് ജനകീയവിഷയങ്ങളെ വിസ്മരിക്കുന്ന മോദിയുടെ നിലപാട് തരം താഴ്ന്ന രാഷ്‌ട്രീയ കളിയാണെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി.

നക്‌സല്‍ ആശയം കൊണ്ടുനടക്കുന്നവരെ ദിമാഗി നക്‌സല്‍ എന്ന് വിശേഷിപ്പിച്ച് മോദി സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ പ്രസംഗിച്ചിരുന്നു. ഈ പരാമര്‍ശം വ്യാപക വിമര്‍ശനത്തിന് ഇടവരുത്തി. കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള റാം കോളെജ് ഓഫ് കോമേഴ്‌സിന്‍റെ ശതാബ്ദി ആഘോഷങ്ങളില്‍ സംസാരിക്കവെ ഹോമിയോപ്പതി ഗുളിക നല്‍കിയതു മുതല്‍ ദിമാഗി നക്‌സലുകള്‍ ഒന്നായി പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു എന്നായിരുന്നു മോദിയുടെ പരാമര്‍ശം.

പ്രധാമന്ത്രി തങ്ങളെക്കുറിച്ചും വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. പകരം അദ്ദേഹം തന്‍റെ പ്രചരണത്തിനായി വേദി ഉപയോഗിക്കുകയായിരുന്നു. ദിമാഗി നക്‌സല്‍ പരാമര്‍ശം പുനരുജ്ജീവിപ്പിച്ച മോദിയുടെ നടപടിയെ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) വിമര്‍ശിച്ചു. ഇന്ത്യയിലെ ഒരു പ്രമുഖ കോളെജില്‍ പോയി വീണ്ടും ഒരു യുവതലമുറയെ ദിമാഗി നക്‌സലുകളെന്ന് മുദ്ര കുത്തുന്നത് ഒരു പ്രധാനമന്ത്രിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ലജ്ജാകരമായ കാര്യങ്ങളില്‍ ഒന്നായിരിക്കുമെന്നാണ് സിജെപി വക്താവ് സൗരവ് ഉദാസ് ചൂണ്ടിക്കാട്ടിയത്.

വിദ്യാഭ്യാസം, ജോലികള്‍, വിദ്യാർഥികളെ ബാധിക്കുന്ന വെല്ലുവിളികള്‍, അടുത്ത 20 വര്‍ഷത്തേക്ക് ഇന്ത്യ മുഴുവന്‍ എന്താണ് ചെയ്യുന്നത് എന്നിവയെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രിക്ക് ഈ അവസരം ഉപയോഗിക്കാമായിരുന്നുവെന്ന് സിജെപി സഹ കണ്‍വീനര്‍ അശുതോഷ് റാങ്ക പറഞ്ഞു.

സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മോദി നടത്തിയ ദിമാഗി നക്‌സല്‍ പ്രയോഗം ജനാധിപത്യപരമായ വിയോജിപ്പുകളെ കരുതിക്കൂട്ടി ചാപ്പ കുത്താനുള്ള നീക്കമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തെ പരിഹസിക്കാന്‍ ദിമാഗി നക്‌സല്‍ പ്രയോഗം നടത്തിയ മോദിക്കെതിരേ കോണ്‍ഗ്രസും രംഗത്തു വന്നു. സിപിഐ പ്രധാനമന്ത്രിയുടെ ദിമാഗി നക്‌സല്‍ പരാമര്‍ശത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു.

മാര്‍ക്‌സ് 19ാം നൂറ്റാണ്ടില്‍ എഴുതിയതു പോലെ ഇന്ത്യന്‍ ഭരണാധികാരികളുടെ, അതിന്‍റെ നേതൃത്വത്തിലുള്ള മോദിയും പ്രതിപക്ഷത്തെയാകെ നക്‌സല്‍ ആയി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. തീവ്രവാദികളെന്ന് ഭരണകൂടം കരുതുന്ന കമ്യൂണിസ്റ്റ് പ്രവര്‍ത്തകരെ കൂട്ടക്കുരുതി ചെയ്ത നാടാണിത്. 3 ദശാബ്ദത്തിനിടയില്‍ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം നാലായിരത്തില്‍ പരം കമ്യൂണിസ്റ്റ് പ്രവര്‍ത്തകരാണ് പൊലീസിന്‍റെ വെടിയേറ്റ് മരിച്ചത്. ഇത് ലോകത്ത് മറ്റൊരു രാജ്യത്തും നടക്കാത്ത ഹീനമായ കമ്യൂണിസ്റ്റ് വേട്ടയാണ്.

(ലേഖകന്‍റെ ഫോണ്‍- 9847132428)

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ