കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളുമില്ലാത്ത ലോകം ചിന്തിക്കാൻ പോലുമാകാത്ത ലോകത്താണ് ഇന്നു നമ്മൾ ജീവിക്കുന്നത്. അതു കൊണ്ടു തന്നെ ഉപയോഗ ശൂന്യമായ കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും പരിസ്ഥിതിക്കു വരുത്തുന്ന നാശവും ചില്ലറയായിരുന്നില്ല. അടുത്ത കാലത്തായി ആഗോള തലത്തിൽ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഒന്നായിരുന്നു ഇ-മാലിന്യം ഉയർത്തുന്ന പാരിസ്ഥിതിക പ്രതിസന്ധികൾ.
ഇപ്പോൾ ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയിരിക്കുക യാണ് ബ്രിട്ടനിലെ ദി റോയൽ മിന്‍റ്. ഇ-മാലിന്യ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള അവരുടെ പരിശ്രമങ്ങൾ എത്തി നിൽക്കുന്നത് ഉപേക്ഷിച്ച ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുന്ന വിജയകരമായ കണ്ടെത്തലിലാണ്.
ബ്രിട്ടനിലെ വെയിൽസിലാണ് ദി റോയൽ മിന്‍റിന്‍റെ ആസ്ഥാനം. പഴയ ഫോണുകൾ, കംപ്യൂട്ടറുകൾ, മറ്റ് സാങ്കേതികവിദ്യകൾ എന്നിവയെ മൂല്യവത്തായ ഉറവിടങ്ങളാക്കി മാറ്റുകയാണ് അവർ ഇവിടെ. ഊഷ്മാവിൽ സവിശേഷവും പരിസ്ഥിതി സൗഹൃദവുമായ ഒരു പ്രക്രിയ ഉപയോഗിക്കുന്നതിലൂടെ, അവർ സാധാരണയായി ഉപയോഗിക്കുന്ന കനത്ത ഊർജ്ജ ഉപഭോഗമോ വിഷ രാസവസ്തുക്കളോ ഇല്ലാതെ ഈ പഴയ ഇ-മാലിന്യങ്ങളിൽ നിന്ന് അവർ ശുദ്ധമായ സ്വർണ്ണം കാര്യക്ഷമമായി വീണ്ടെടുക്കുന്നു. പ്രതിവർഷം 4,000 ടൺ ഇ-മാലിന്യം സംസ്കരിച്ച്, റോയൽ മിന്‍റ് നഗര ഖനനത്തെ സുസ്ഥിരവും ലാഭകരവുമായ ഒരു സംരംഭമാക്കി മാറ്റുകയാണ്.
ഒരു സഹസ്രാബ്ദത്തിലേറെയായി ബ്രിട്ടനിൽ നാണയങ്ങൾ നിർമിക്കുന്ന കമ്പനിയാണ് റോയൽ മിന്‍റ്. ഒൻപതാം നൂറ്റാണ്ടിലെ പടിഞ്ഞാറൻ സാക്‌സണുകളുടെ രാജാവായ ആൽഫ്രഡ് ദി ഗ്രേറ്റ് മുതൽ ചാൾസ് മൂന്നാമൻ രാജാവ് വരെയുള്ള ഇംഗ്ലണ്ടിലെ രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത നാണയങ്ങൾ ഇവർ നിർമിച്ചിട്ടുണ്ട്.