പഞ്ചുള്ള ഡയലോഗുകളുടെ തമ്പുരാൻ റഫീഖ് ചൊക്ലി
തലശേരിയിലെ ചൊക്ലി എന്ന കുഗ്രാമത്തിൽ നിന്നും ജീവിക്കാനായി ആലുവയിലെത്തിയ പതിനാലുകാരൻ- ഇന്ന് ആയിരത്തഞ്ഞൂറോളം ജീവനക്കാരുടെ അന്നദാതാവ്. എറണാകുളത്തിന്‍റെ സ്വന്തം റോയൽ ഫുഡ് കോർട്ടുകളുടെ ഉടമ- റഫീഖ് ചൊക്ലി.പണം മനുഷ്യനെ അന്ധനാക്കുന്ന ലോകത്താണ് ഇന്നു നമ്മൾ ജീവിക്കുന്നത്. എന്നാൽ പണം മനുഷ്യനെ കൂടുതൽ വിനീതനാക്കുമെന്ന് റഫീഖ് ജീവിച്ചു കാണിച്ചു തരുന്നു.
പഠനത്തിൽ പുറകോട്ടായിരുന്ന, കലയെയും സാഹിത്യത്തെയും അത്യധികം സ്നേഹിച്ച റഫീഖിന് ജീവിതം പൂ വിരിച്ചതായിരുന്നില്ല. പ്രതിസന്ധികളെയെല്ലാം നേരിടാൻ ഒരു പ്രത്യേക കരുത്താണ് റഫീഖിന്. തന്‍റെ കലാ സ്നേഹം ആലുവയിലെ നാടക വേദികളിലൂടെ അഭിനയിച്ചു തീർത്ത റഫീഖ് ബിസിനസ് വിപുലമായപ്പോൾ ഒന്നര ലക്ഷത്തിനു ഷോർട്ട് ഫിലിമെടുത്തതും ചരിത്രം.
വീണ്ടുമൊരു പ്രണയം എന്ന ഷോർട്ട് ഫിലിം അങ്ങനെയുണ്ടായതാണ്. അഭിനയവും തിരക്കഥയും സംവിധാനവും പ്രൊഡക്ഷനും എല്ലാം ഒരാൾ- റഫീഖ് ചൊക്ലി. അത്ര വിജയിച്ചില്ലെങ്കിലും സിനിമയോടുള്ള തന്‍റെ അടങ്ങാത്ത ഭ്രാന്താണ് ആ ചെറിയ ഉദ്യമത്തിനു പിന്നിലെന്ന് റഫീഖ് പുഞ്ചിരിയോടെ ഓർമിക്കുന്നു.
റോയൽ ബേക്കറി, റോയൽ റസ്റ്റൊറന്‍റ് എന്നിങ്ങനെ നിലവിൽ എറണാകുളം, ഇടുക്കി ജില്ലകളിലായി 63 ഓളം സ്ഥാപനങ്ങളാണ് റഫീഖിനുള്ളത്. അടുത്തയിടെ മന്തി കഴിച്ചവർ ആശുപത്രിയിലായ കാര്യം അദ്ദേഹത്തോടു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ:
നാവിനും മനസിനും ഇഷ്ടമുള്ള ഭക്ഷണമല്ല, ശരീരത്തിന് ആവശ്യമുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്
"ഇപ്പോഴത്തെ തലമുറയ്ക്ക് നാവിനും മനസിനും ഇഷ്ടമുള്ള ഭക്ഷണം മതി. നാവിനും മനസിനും ഇഷ്ടമുള്ള ഭക്ഷണമല്ല, ശരീരത്തിന് ആവശ്യമുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്. പാടത്തു പണിയെടുക്കുന്നവന് കഞ്ഞിയും കഞ്ഞി വെള്ളവുമാണ് വേണ്ടത്."
"എന്നാൽ ഐടി സെക്റ്ററിലോ കംപ്യൂട്ടറിനു മുന്നിലോ സദാ ഇരുന്നു പണിയെടുക്കുന്നവർ രണ്ടാഴ്ച ഇങ്ങനെ ഓരോ മണിക്കൂർ ഇടവിട്ട് കഞ്ഞി വെള്ളം കുടിച്ചാൽ തട്ടിപ്പോകും"
"അവർക്ക് ആ കഞ്ഞിവെള്ളമെല്ലാം ഊർജ്ജം ആക്കാനുള്ളത്ര എക്സർസൈസ് ഇല്ല. അവർക്ക് എക്സർസൈസ് കുറഞ്ഞതിനാൽ അതിന് അനുസരിച്ചുള്ള ഭക്ഷണം മതി."
"മന്തിയും അൽഫാമും ഞങ്ങൾ ഹോട്ടലുകാർ പ്രചരിപ്പിക്കുന്നതല്ല. ഇപ്പോഴത്തെ കസ്റ്റമേഴ്സിന് അത് മതി. അവരതു ചോദിച്ചു വരുന്നു. നമ്മൾ കൊടുക്കാൻ നിർബന്ധിതരാകുന്നു. നമ്മളിപ്പോൾ ആരോഗ്യപ്രദമായ റാഗി കൊണ്ടുള്ളതോ എന്തെലുമൊക്കെ ഉണ്ടാക്കി വിൽക്കാൻ വച്ചാൽ തന്നെ ആർക്കുമതു വേണ്ട."
റഫീഖിന്‍റെ ഈ വാക്കുകൾമലയാളികൾക്കു മുമ്പിൽ തുറന്നു കാട്ടുന്നത് വലിയൊരു തിരിച്ചറിവാണ്. വർഷങ്ങൾക്കു മുമ്പ് ആർട്ടിഫിഷ്യൽ കളർ ചേർക്കാതെ ചുവന്ന ജിലേബി ഉണ്ടാക്കിയപ്പോഴുണ്ടായ ദുരനുഭവവും റഫീഖ് പങ്കു വച്ചു. അതിങ്ങനെ:
"ജിലേബിയ്ക്ക് ഒക്കെ ചേർക്കാൻ ഇപ്പോൾ നാച്വറൽ കളർ കിട്ടുന്നുണ്ട്. എന്നാലത് ലഭ്യമാകുന്നതിനു മുമ്പ് ആർട്ടിഫിഷ്യൽ കളറായിരുന്നു ഉപയോഗിച്ചിരുന്നത്. അന്ന് ഈ ആർട്ടിഫിഷ്യൽ കളർ ഒഴിവാക്കി ഞങ്ങൾ ചുവന്ന ജിലേബി തികച്ചും നാച്വറലായി ഉണ്ടാക്കി. 35 കിലോ ചുവന്ന ജിലേബി ഒരു ദിവസം വിറ്റു പോയിരുന്നിടത്ത് എന്‍റെ ചുവന്ന ജിലേബിക്ക് കസ്റ്റമേഴ്സ് കുറഞ്ഞു തുടങ്ങി. അത് 25 കിലോയായി, 15 കിലോയായി ഇങ്ങനെ കുറഞ്ഞു വന്നു. ചുവന്ന കളറില്ലെന്നതായിരുന്നു കസ്റ്റമേഴ്സ് കുറയാൻ കാരണം. ഇതൊന്നും കൂടാതെ ഒരിക്കൽ എന്‍റെ ഒരു ബേക്കറിയിൽ ഒരു കസ്റ്റമർ വന്ന് ഇവിടെ നിന്നു വാങ്ങിക്കൊണ്ടു പോയ ചുവന്ന ജിലേബി പായ്ക്കറ്റ് അങ്ങനെ തന്നെ വലിച്ചെറിഞ്ഞു ബഹളം വച്ചു."
"ആർട്ടിഫിഷ്യൽ കളർ ആരോഗ്യത്തിനു കേടായതു കൊണ്ട് അതു ചേർക്കാതെ ഉണ്ടാക്കുന്ന ചുവന്ന ജിലേബിയാണ് അതെന്ന് ബേക്കറിയിലുണ്ടായിരുന്ന എന്‍റെ സ്റ്റാഫ് പറഞ്ഞപ്പോൾ ആ കസ്റ്റമർ ചോദിച്ചത് ഞങ്ങളുടെ ആരോഗ്യം നോക്കാൻ നിങ്ങളെ ആരാ ഏൽപ്പിച്ചത് എന്നാണ്."
"അതോടെ വീണ്ടും കളർ ചേർത്തു ചുവന്ന ജിലേബി ഉണ്ടാക്കി തുടങ്ങി. ഇപ്പോൾ നമുക്ക് കളർ ചേർത്തും ചേർക്കാതെയും ചുവന്ന ജിലേബി ഉണ്ട്."
ഹോട്ടൽ മുതലാളിയാണെങ്കിലും ഭക്ഷണം ദുരുപയോഗം ചെയ്യുന്നത് റഫീഖിനിഷ്ടമല്ല. അദ്ദേഹം പറയുന്നു:
"ഭക്ഷണം ആവശ്യത്തിനു കഴിക്കണം. ഇപ്പോഴുള്ളതെല്ലാം അനാവശ്യ ധൂർത്താണ്. കല്യാണ സദ്യകൾക്ക് ആവശ്യത്തിനു ഭക്ഷണം വിളമ്പിയിട്ട് കൂടുതൽ നൽകാൻ ആഗ്രഹിക്കുന്ന സാമ്പത്തികമുള്ളവർക്ക് ഓരോ വെള്ളി നാണയമോ ഒക്കെ ഓരോ ഗസ്റ്റിനും ഗിഫ്റ്റായി നൽകാമല്ലോ. ഇവിടെ പൈ ഹോട്ടലുകാരുടെ വിവാഹ സദ്യകളിൽ ഒക്കെ അങ്ങനെ കണ്ടിട്ടുണ്ട്."
അനാവശ്യമായി ഭക്ഷണം ധൂർത്തടിക്കുന്നതിനെതിരേയുള്ള റഫീഖിന്‍റെ വാക്കുകൾ ആരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.
എഴുത്തിലും സജീവം
പഠിക്കാൻ അധികമൊന്നും സാധിച്ചില്ലെങ്കിലും കാമ്പുള്ള ഡയലോഗുകളും ഹൃദയാവർജകങ്ങളായ ചെറുകഥകളും എഴുതുന്നതിൽ റഫീഖ് ഒട്ടും പുറകിലല്ല.
"ഇയാള് കാര്യസ്ഥനാണോ അതോ കാര്യ അസ്വസ്ഥനാണോ" എന്ന ഡയലോഗ് മതി റഫീഖിന്‍റെ ഡയലോഗിന്‍റെ പഞ്ച് മനസിലാക്കാൻ. നിർഭാഗ്യവശാൽ അത് ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ വീണ്ടും പ്രണയത്തിലെ ഡയലോഗായിപ്പോയി. അത് വേണ്ടും വണ്ണം അഭിനയിച്ചു ഫലിപ്പിക്കാനും ആ കഥാപാത്രത്തിനു പറ്റിയില്ല.
ആകെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള റഫീഖ് നിരവധി നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. വീണ്ടുമൊരു പ്രണയത്തിൽ റഫീഖ് ചൊക്ലിയുടെ അഭിനയമാണ് കാണുന്നതെങ്കിൽ ചലഞ്ചറിൽ അരവിന്ദനിലേയ്ക്ക് പകർന്നാട്ടം നടത്തിയ റഫീഖ് ചൊക്ലിയെ കാണാം. ഉൾക്കാഴ്ചയിലെ ശെൽവനിലൂടെ സാധുക്കളായ പിതാക്കന്മാരുടെ , ഭർത്താക്കന്മാരുടെ സാമൂഹിക അരക്ഷിതാവസ്ഥ അടയാളപ്പെടുത്തുന്നതിലും റഫീഖ് എന്ന അഭിനേതാവിന്‍റെ പകർന്നാട്ടം വിജയിച്ചു. റഫീഖിന്‍റെ പ്രതിഭ മലയാള സിനിമാ ലോകം വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് ഈ ചിത്രങ്ങളത്രയും നമ്മോടു വിളിച്ചു പറയുന്നത്.
ഖണ്ഡശയിലെ പരമുവും വില്ലനും മുഖ്യധാരാ സിനിമാ ലോകം ഏറ്റെടുക്കേണ്ടതായിരുന്നു. പേ പിടിച്ചു മരിക്കുന്ന തോട്ടിയായ പരമുവിനെ കണ്ണീരോടെയല്ലാതെ പ്രേക്ഷകർക്ക് അനുസ്മരിക്കാനാകില്ല. പരമുവിന്‍റെ അച്ഛനായ വില്ലനെക്കുറിച്ച് ഭയത്തോടെയും വെറുപ്പോടെയുമല്ലാതെയും പ്രേക്ഷകന് ചിന്തിക്കാനുമാകില്ല. ഇതിനിടയിൽ പരമുവിന്‍റെ ഇരട്ട സഹോദരനായും റഫീഖ് വേഷമിടുന്നുണ്ട്. മൂന്നു കഥാപാത്രങ്ങളെയും തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിച്ച ഈ അനുഗൃഹീത കലാകാരൻ മുഖ്യധാരാ ചലച്ചിത്ര മേഖലയിലേക്കു വന്നാൽ അത് മലയാള ചലച്ചിത്ര ലോകത്തിനു തന്നെ മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ സംശയമില്ല.