വ്യാപാര കരാറുകൾ യുവജനങ്ങൾക്ക്‌ പുതിയ അവസരം: പ്രധാനമന്ത്രി

 
Special Story

വ്യാപാര കരാറുകൾ യുവജനങ്ങൾക്ക്‌ പുതിയ അവസരം: പ്രധാനമന്ത്രി

18ാമത് റോസ്ഗർ മേളയെ മോദി അഭിസംബോധന ചെയ്തു, 62,000ത്തോളം പേർക്ക് സർക്കാർ ജോലി ഉത്തരവ് കൈമാറി

MV Desk

ന്യൂഡൽഹി: 18ാമത് ദേശീയ റോസ്ഗർ (തൊഴിൽ) മേളയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ അഭിസംബോധന ചെയ്തു. 2026 എന്ന വർഷം ജനങ്ങളുടെ ജീവിതത്തിലേക്ക് പുതിയ സന്തോഷങ്ങളുമായാണ് ആരംഭിച്ചിരിക്കുന്നതെന്നും, അതേസമയം പൗരന്മാരെ അവരുടെ ഭരണഘടനാപരമായ കടമകളുമായി അത് ബന്ധിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് 45 ഇടങ്ങളിലായി ഇന്ന് സംഘടിപ്പിച്ച റോസ്ഗർ മേളയിലൂടെ 61,656 ഉദ്യോഗാർഥികൾക്ക് നിയമനപത്രങ്ങൾ കൈമാറി. തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പരമപ്രധാന മുൻഗണന നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ആ കാഴ്ചപ്പാടിനെ പ്രവൃത്തിപഥത്തിൽ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള പ്രധാന സംരംഭമാണ് റോസ്ഗർ മേളകൾ. ഇതുവരെ രാജ്യത്തുടനീളം സംഘടിപ്പിച്ച തൊഴിൽ മേളകളിലൂടെ 11 ലക്ഷത്തിലധികം നിയമന ഉത്തരവുകൾ നൽകിക്കഴിഞ്ഞു.

വിവിധ ഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പുതിയ ഉദ്യോഗാർഥികൾ ആഭ്യന്തര മന്ത്രാലയം, ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് തുടങ്ങി കേന്ദ്ര ഗവൺമെന്‍റിന്‍റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ജോലിയിൽ പ്രവേശിക്കും. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തിന്‍റെ മഹത്തായ ആഘോഷങ്ങളുമായി ബന്ധപ്പെട്ട കാലമാണിതെന്നു മോദി ചൂണ്ടിക്കാട്ടി. ജനുവരി 23ന് നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം പരാക്രമ ദിവസ് ആഘോഷിച്ചു. "ജനഗണമന'യെ ദേശീയ ഗാനമായും "വന്ദേമാതരത്തെ' ദേശീയ ഗീതമായും ഭരണഘടന അംഗീകരിച്ചത് 24നാണ്. ജനുവരി 25 ദേശീയ സമ്മതിദായക ദിനം. 26ന് റിപ്പബ്ലിക് ദിനം.

യുവാക്കളെ നൈപുണ്യവുമായി ബന്ധിപ്പിക്കുന്നതിനും അവർക്ക് തൊഴിലും സ്വയം തൊഴിലവസരങ്ങളും നൽകുന്നതിനും ഗവണ്മെന്‍റ് മുൻഗണന നൽകുന്നു. ഗവണ്മെന്‍റ് നിയമനങ്ങൾ ദൗത്യ അടിസ്ഥാനത്തിൽ എത്തിക്കുന്നതിനായാണ് റോസ്ഗർ മേള ആരംഭിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് ഇതൊരു സ്ഥാപനപരമായ സംവിധാനമായി മാറി.

ലോകത്തിലെ ഏറ്റവും കൂടുതൽ യുവജനങ്ങളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. രാജ്യത്തിനകത്തും ആഗോളതലത്തിലും യുവാക്കൾക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ ഗവണ്മെന്‍റ് നിരന്തരം പരിശ്രമിക്കുന്നു. നിരവധി രാജ്യങ്ങളുമായി ഇന്ത്യാ ഗവണ്മെന്‍റ് വ്യാപാര- കൈമാറ്റ കരാറുകളിൽ ഏർപ്പെടുന്നു. അത് രാജ്യത്തെ യുവജനങ്ങൾക്ക് എണ്ണമറ്റ അവസരങ്ങൾ തുറന്നു നൽകുന്നു.

അടുത്തകാലത്തായി, ആധുനിക അടിസ്ഥാനസൗകര്യ മേഖലയിൽ ഇന്ത്യ നടത്തിയ അഭൂതപൂർവമായ നിക്ഷേപം നിർമാണ മേഖലയിലുടനീളം തൊഴിലവസരങ്ങൾ വർധിപ്പിച്ചു. ഇന്ത്യയുടെ സ്റ്റാർട്ടപ്പ് രംഗം അതിവേഗം വികസിക്കുകയാണ്. ഏകദേശം രണ്ട് ലക്ഷം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളിലായി 21 ലക്ഷത്തിലധികം യുവാക്കൾ ജോലി ചെയ്യുന്നു. ഡിജിറ്റൽ ഇന്ത്യ ഒരു പുതിയ സമ്പദ്‌വ്യവസ്ഥയ്ക്ക് വഴിതുറന്നു. അനിമേഷൻ, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിൽ ഇന്ത്യ ആഗോള കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ക്രിയേറ്റർ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണ്. യുവാക്കൾക്ക് അതു പുതിയ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

നമ്മുടെ നാടിനോടുള്ള വർധിച്ചുവരുന്ന ആഗോള വിശ്വാസം യുവാക്കൾക്ക് പുതിയ സാധ്യതകൾ സൃഷ്ടിക്കുന്നു. ഒരു ദശാബ്ദത്തിനുള്ളിൽ ജിഡിപി ഇരട്ടിയാക്കിയ ലോകത്തിലെ ഏക പ്രധാന സമ്പദ്‌വ്യവസ്ഥ ഇന്ത്യയാണ്. ഇന്ന് നൂറിലധികം രാജ്യങ്ങൾ എഫ്ഡിഐ വഴി ഇന്ത്യയിൽ നിക്ഷേപം നടത്തുന്നു. 2014ന് മുമ്പുള്ള ദശകത്തെ അപേക്ഷിച്ച്, ഇന്ത്യയിലെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം രണ്ടര ഇരട്ടിയിലധികം വർധിച്ചു. വിദേശ നിക്ഷേപം കൂടുന്നത് ഇന്ത്യൻ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുന്നതിന് കാരണമാകും.

ഇലക്‌ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽസ്, വാക്സിനുകൾ, പ്രതിരോധം, ഓട്ടോമൊബൈൽസ് തുടങ്ങിയ മേഖലകളിലെ ഉത്പാദനത്തിലും കയറ്റുമതിയിലും അഭൂതപൂർവമായ വളർച്ചയോടെ ഇന്ത്യ ഒരു പ്രധാന ഉത്പാദന ശക്തിയായി വളർന്നുവരുന്നു. 2014 മുതൽ ഇന്ത്യയുടെ ഇലക്‌ട്രോണിക്സ് ഉത്പാദനം 6 മടങ്ങ് വർധിച്ച് ₹11 ലക്ഷം കോടി കടന്നു. ഇലക്‌ട്രോണിക്സ് കയറ്റുമതി ₹4 ലക്ഷം കോടി കവിഞ്ഞു. ഓട്ടോമൊബൈൽ രംഗം അതിവേഗം വളരുന്ന മേഖലകളിലൊന്നായി മാറി. 2025ൽ ഇരുചക്ര വാഹന വിൽപന 2 കോടി യൂണിറ്റുകൾ കടന്നു. ആദായ നികുതിയും ജിഎസ്ടിയും കുറഞ്ഞതിലൂടെ പൗരന്മാരുടെ വാങ്ങൽ ശേഷി വർധിച്ചതിന്‍റെ പ്രതിഫലനമാണിത്. രാജ്യത്ത് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന്‍റെ ഉദാഹരണങ്ങളാണ് ഇവ.

ഈ ചടങ്ങിൽ മാത്രം 8,000ത്തിലധികം പെൺകുട്ടികൾക്ക് നിയമന ഉത്തരവുകൾ ലഭിച്ചു. കഴിഞ്ഞ 11 വർഷത്തിനിടെ തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം ഇരട്ടിയായി. മുദ്ര, സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികൾ സ്ത്രീകൾക്ക് വലിയ രീതിയിൽ ഗുണകരമായി. സ്ത്രീകളുടെ സ്വയം തൊഴിൽ നിരക്ക് 15 ശതമാനം വർധിച്ചു. ഇന്ന് സ്റ്റാർട്ടപ്പുകളിലും എംഎസ്എംഇകളിലും ഗണ്യമായി സ്ത്രീകൾ ഡയറക്റ്റർമാരും സ്ഥാപകരുമായും ഉണ്ട്. ഗ്രാമങ്ങളിലെ സഹകരണ മേഖലകളെയും സ്വയംസഹായ സംഘങ്ങളെയും പലയിടത്തും സ്ത്രീകളാണ് നയിക്കുന്നത്.

ജിഎസ്ടിയിലെ പുത്തൻ പരിഷ്കാരങ്ങൾ യുവ സംരംഭകർക്കും എംഎസ്എംഇകൾക്കും ഗുണകരമായപ്പോൾ, ചരിത്രപരമായ തൊഴിൽ പരിഷ്കാരങ്ങൾ തൊഴിലാളികളുടെയും ജീവനക്കാരുടെയും സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുകയും ബിസിനസുകൾക്ക് സഹായകമാവുകയും ചെയ്തു. പുതിയ ലേബർ കോഡുകൾ സാമൂഹിക സുരക്ഷയുടെ വ്യാപ്തി വർധിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്തു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ ഈ യുഗത്തിൽ രാജ്യത്തിന്‍റെ ആവശ്യങ്ങളും മുൻഗണനകളും ത്വരിതഗതിയിൽ മാറിക്കൊണ്ടിരിക്കുകയാണ്, അതിനാൽ അവർ തുടർച്ചയായി സ്വയം നവീകരിക്കേണ്ടതുണ്ട്. ഏകദേശം 1.5 കോടി ഗവണ്മെന്‍റ് ജീവനക്കാരെ ഇതിനകം ശാക്തീകരിച്ച "ഐജിഒടി കർമയോഗി' പോലുള്ള പ്ലാറ്റ്‌ഫോമുകൾ പൂർണമായും പ്രയോജനപ്പെടുത്തണം- പുതുതായി നിയമനം ലഭിച്ച യുവാക്കളെ മോദി ഓർമിപ്പിച്ചു.

തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് സെന്‍ററിൽ നടന്ന റോസ്ഗാർ മേള പരിപാടിയിൽ, ഐഎസ്ആർഒ, സിആർപിഎഫ്, എആർ, എസ്എസ്ബി, ഇപിഎഫ്ഒ എന്നിങ്ങനെ വിവിധ വകുപ്പുകളിൽ നിയമനം ലഭിച്ച 272 ഉദ്യോഗാർഥികൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിയമനപത്രങ്ങൾ കൈമാറി. സിആർപിഎഫ് ഡിജി ധർമേന്ദ്ര സിങ്, ഡെപ്യൂട്ടി കമാൻഡന്‍റ് കെ.എസ്. ജയകുമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

പോറ്റിയിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടായിട്ടില്ല, അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ല: മുരാരി ബാബുവിന്‍റെ മൊഴി പുറത്ത്

സി.ജെ. റോയ്‌യുടെ മരണം; ഭാര‍്യയുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും

മണിപ്പൂരിൽ വീണ്ടും ബിജെപി അധികാരത്തിലേക്ക്; യുംനം ഖേംചന്ദ് മുഖ്യമന്ത്രിയാകും

യുപിയിലെ ബുൾഡോസർ രാജിനെതിരേ അലഹബാദ് ഹൈക്കോടതി; സുപ്രീംകോടതി തീരുമാനം നടപ്പാക്കണം

പാലം തല്ലിപ്പൊളിച്ച് കളയണം; വൈറ്റില മേൽപ്പാലത്തിന്‍റേത് അശാസ്ത്രീയ നിർമാണമെന്ന് കെ.ബി. ഗണേഷ് കുമാർ