PM Narendra Modi
സുധാംശ് പന്ത്
പൊതുചർച്ചകളിൽ, പുതിയ പദ്ധതികളുടെ പ്രഖ്യാപനമോ ബജറ്റ് വിഹിതം വർധിപ്പിക്കുന്നതോ ഒക്കെയാണു ഭരണ പരിഷ്കാരങ്ങളുടെ സൂചകങ്ങളായി പലപ്പോഴും കണക്കാക്കാറുള്ളത്. എന്നാൽ, പുറമെ അത്ര പ്രകടമല്ലെങ്കിലും രാജ്യത്തിന്‍റെ തീരുമാനമെടുക്കൽ പ്രക്രിയയിൽ വരുന്ന മാറ്റങ്ങളാണ് അതിനേക്കാൾ ഏറെ പ്രധാന്യമർഹിക്കുന്നത്. "പ്രോ- ആക്റ്റീവ് ഗവേണൻസ് ആൻഡ് ടൈംലി ഇംപ്ലിമെന്‍റേഷൻ' (പ്രഗതി) 50ാം യോഗത്തിൽ, ഭരണനിർവഹണത്തിന്‍റെ അടുത്ത ഘട്ടത്തെ മൂന്നു വാക്കുകളിലായി പ്രധാനമന്ത്രി സംഗ്രഹിച്ചു: "പരിഷ്കരണം (റിഫോം), പ്രവർത്തനം (പെർഫോം), പരിവർത്തനം (ട്രാൻസ്ഫോം)'.
പരിഷ്കരണങ്ങൾ സംവിധാനങ്ങളെ ലളിതമാക്കണം; പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടേണ്ടത് അവ എത്രത്തോളം പ്രായോഗികമായി നടപ്പിലാക്കി എന്നതിലൂടെയാകണം; പരിവർത്തനം അളക്കേണ്ടത്, അതു ജനങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ യഥാർഥ സ്വാധീനത്തിലൂടെയാകണം. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ഭരണനിർവഹണത്തിൽ ഉണ്ടായ ആഴത്തിലുള്ള മാറ്റത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. പൊതു പദ്ധതികളുടെ നടത്തിപ്പിലും പദ്ധതി നിരീക്ഷണരീതിയിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്ന "പ്രഗതി' എന്ന പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യ സുപ്രധാനമായ പരിവർത്തന പാത സ്വീകരിച്ചിരിക്കുകയാണ്.
ഗവണ്മെന്‍റ് സംവിധാനങ്ങളിൽ, ഓരോ കാലതാമസത്തിനും നൽകേണ്ടി വരുന്നതു വലിയ മാനുഷിക വിലയാണ്. പണി പൂർത്തിയാകാതെ തടസപ്പെട്ടു കിടക്കുന്ന പാലം എന്നത്, കേവലം പദ്ധതിച്ചാർട്ടിലെ വരയല്ല; മറിച്ച്, കോളെജിലെത്താൻ മണിക്കൂറുകളോളം അധികം യാത്ര ചെയ്യേണ്ടി വരുന്ന വിദ്യാർഥിയുടേയോ, അല്ലെങ്കിൽ അനുവദിക്കപ്പെട്ട ആശുപത്രിയുടെ നിർമാണം പൂർത്തിയാകാത്തതു കാരണം വിദഗ്ദ്ധ ചികിത്സയ്ക്കായി കിലോമീറ്ററുകൾ സഞ്ചരിക്കാൻ നിർബന്ധിതനാകുന്ന രോഗിയുടേയോ ദുരിതമാണ്. പതിറ്റാണ്ടുകളായി, ഇന്ത്യയിലെ പല പൊതുപദ്ധതികളും ലക്ഷ്യബോധത്തിന്‍റെ കുറവുകൊണ്ടല്ല; മറിച്ച്, ഏകോപനത്തിലെ പരാജയങ്ങൾ കാരണം ഫയലുകളിലും അടിക്കുറിപ്പുകളിലും മാത്രമായി ഒതുങ്ങിപ്പോയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിലും നേരിട്ടുള്ള മേൽനോട്ടത്തിലും 2015ലാണു "പ്രഗതി' ആരംഭിച്ചത്. കൃത്യമായ പദ്ധതികളുടെയോ ലക്ഷ്യങ്ങളുടെയോ കുറവല്ല, മറിച്ച് പദ്ധതി നടത്തിപ്പിലെ കാലതാമസം, വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ, ഉത്തരവാദിത്വമില്ലായ്മ എന്നിവയാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്ന തിരിച്ചറിവിൽ നിന്നാണ് ഈ സംവിധാനം ഉണ്ടായത്. പകുതി പണി തീർന്ന പാലങ്ങൾ, ആസൂത്രണ ഘട്ടത്തിൽ തന്നെ കുടുങ്ങിക്കിടക്കുന്ന വിമാനത്താവളങ്ങൾ, നിയമ തടസങ്ങളിലും കേന്ദ്ര- സംസ്ഥാന ഏകോപനമില്ലായ്മയിലും കുടുങ്ങിപ്പോയ ഊർജ നിലയങ്ങൾ എന്നിവ ഇന്ത്യയിൽ പതിവായിരുന്നു. ഇതുമൂലം ലക്ഷക്കണക്കിനു കോടിരൂപയുടെ പദ്ധതികളാണു ചുവപ്പു നാടകളിൽ കുടുങ്ങിക്കിടന്നിരുന്നത്.
കഴിഞ്ഞ 10 വർഷത്തെ "പ്രഗതി'യുടെ ശ്രദ്ധേയമായ നേട്ടങ്ങൾ വ്യക്തമാണ്. ഈ സംവിധാനത്തിന്‍റെ ചിട്ടയായ മേൽനോട്ടത്തിനു കീഴിൽ ഇതുവരെ 85 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള പദ്ധതികളാണ് ഏറ്റെടുത്തത്. 382 പദ്ധതികളിലായി കണ്ടെത്തിയ 3,187 പ്രധാന പ്രശ്നങ്ങളിൽ 2,958ലധികം (93%) ഇതിനകം പരിഹരിച്ചു. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന പാലങ്ങൾ പൂർത്തിയാക്കിയതും, ഊർജ നിലയങ്ങൾ കമ്മീഷൻ ചെയ്തതും, ആശുപത്രികൾ പ്രവർത്തനസജ്ജമാക്കിയതും, ഹൈവേകളും റെയ്‌ൽപ്പാതകളും യാഥാർഥ്യമാക്കിയതും ഈ നേട്ടത്തിന്‍റെ തെളിവുകളാണ്.
ഡിജിറ്റൽ ഡേറ്റാ പരിപാലനം, ഭൗമ- സ്ഥലപര സാങ്കേതികവിദ്യ, വിദൂരദൃശ്യ സംവിധാനം എന്നിവയെ ഒരൊറ്റ തീരുമാന-പിന്തുണ സംവിധാനത്തിലേക്കു സംയോജിപ്പിക്കുന്നു എന്നതാണു "പ്രഗതി'യുടെ രൂപകൽപ്പനയെ സവിശേഷമാക്കുന്നത്. ഇതു പ്രധാനമന്ത്രിക്ക് എല്ലാ മാസവും കേന്ദ്ര ഗവൺമെന്‍റ് സെക്രട്ടറിമാരുമായും സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും ഒരേ പ്ലാറ്റ്‌ഫോമിൽ നേരിട്ടു പദ്ധതികൾ വിലയിരുത്താനും "ടീം ഇന്ത്യ'ക്ക് ആവശ്യമായ നിർദേശങ്ങളും പരിഹാരങ്ങളും നൽകാനും അവസരമൊരുക്കുന്നു. ഓക്സ്‌ഫഡ് സർവകലാശാലയിലെ പ്രൊഫസർ സൗമിത്ര ദത്ത നിരീക്ഷിച്ചതുപോലെ, പല രാജ്യങ്ങളും ഇന്നും പരിഹരിക്കാൻ പാടുപെടുന്ന പാഠം "പ്രഗതി' അടിവരയിട്ടു കാണിക്കുന്നു; അടിസ്ഥാനസൗകര്യ വികസനത്തിലൂടെയുള്ള വളർച്ചയ്ക്കു വെറും മൂലധന നിക്ഷേപം മാത്രം പോരാ. മറിച്ച്, സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം സാധ്യമാക്കുന്നതിനും ഫലപ്രാപ്തിയിലൂന്നിയ ഉത്തരവാദിത്വം ഉറപ്പാക്കുന്നതിനും ഉന്നതനേതൃത്വം സജീവമായി സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതുണ്ട്.
സഹകരണാത്മക ഫെഡറലിസത്തിനു കരുത്തേകുന്നതിൽ "പ്രഗതി' നൽകുന്ന സംഭാവനകളും അതുപോലെ പ്രധാനമാണ്. കേന്ദ്ര സെക്രട്ടറിമാരും സംസ്ഥാന ചീഫ് സെക്രട്ടറിമാരും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ പങ്കുചേരുകയും സഹകരിക്കുകയും ചെയ്യുന്നു എന്നതിലുപരി, അവിടെ അവർ പദ്ധതികളുടെ പുരോഗതിയിൽ തുല്യ ഉത്തരവാദികളാകുകയും ചെയ്യുന്നു. കേന്ദ്ര ഗവൺമെന്‍റ് സെക്രട്ടറി എന്ന നിലയിലും സംസ്ഥാനത്തിന്‍റെ ചീഫ് സെക്രട്ടറി എന്ന നിലയിലും ഈ യോഗങ്ങളിൽ ഇരുവശത്തുനിന്നും പങ്കെടുക്കാൻ സാധിച്ചു എന്നത് എനിക്കു ലഭിച്ച അപൂർവഭാഗ്യമാണ്. വിവിധ മന്ത്രാലയങ്ങൾ തമ്മിലുള്ള മതിലുകൾ ഇല്ലാതാക്കാനും കേന്ദ്ര- സംസ്ഥാന ഏകോപനമില്ലായ്മ പരിഹരിക്കാനും ഈ പ്ലാറ്റ്‌ഫോം സഹായിച്ചിട്ടുണ്ട്. സഹകരണാടിസ്ഥാനത്തിലുള്ള പ്രശ്നപരിഹാരത്തിലൂടെയും പദ്ധതികളുടെ ഫലപ്രാപ്തിയിലുള്ള പങ്കാളിത്തത്തിലൂടെയും ഗവണ്മെന്‍റിന്‍റെ സർവതോമുഖ സമീപനത്തിന്‍റെ മികച്ച ഉദാഹരണമായി ഇതു നിലകൊള്ളുന്നു.
ഇതിന്‍റെ സ്വാധീനം എല്ലാ മേഖലകളിലും പ്രകടമാണ്. അടിസ്ഥാനസൗകര്യ വികസനരംഗത്ത്, ദീർഘകാലമായി മുടങ്ങിക്കിടന്ന നിരവധി പദ്ധതികൾ പൂർത്തിയാക്കാൻ "പ്രഗതി' സഹായിച്ചു. 1997ൽ വിഭാവനം ചെയ്യുകയും എന്നാൽ പ്രത്യേക ശ്രദ്ധയോടെയുള്ള ഇടപെടലിലൂടെ പിന്നീടു പൂർത്തിയാക്കുകയും ചെയ്ത അസമിലെ ബോഗിബീൽ റെയ്‌ൽ- റോഡ് പാലം, 25 വർഷത്തോളം വൈകുകയും ഒടുവിൽ 2025ൽ ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്ത നവി മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം, ബാൻസ്വാരയിലെ രാജസ്ഥാൻ ആണവോർജപദ്ധതി, ജമ്മു- ഉധംപുർ- ശ്രീനഗർ- ബാരാമുള്ള റെയ്‌ൽപ്പാത എന്നിവ അവയിൽ ചിലതു മാത്രമാണ്. ഭൂപ്രകൃതിയുടെ വെല്ലുവിളികൾ, സുരക്ഷാ പ്രശ്നങ്ങൾ, ഭൂമി ഏറ്റെടുക്കൽ, അനുമതികൾ ലഭിക്കാനുള്ള തടസങ്ങൾ എന്നിവയെയെല്ലാം എല്ലാ പങ്കാളികളുടെയും ഏകോപിതമായ പ്രവർത്തനത്തിലൂടെ മറികടക്കാൻ സാധിച്ചു.
ഇന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ഈ നിരീക്ഷണ സംവിധാനം മാതൃകയാക്കുന്നു. മാത്രമല്ല, സേവനങ്ങൾ സമയബന്ധിതമായി നൽകുന്നതിൽ വെല്ലുവിളികൾ നേരിടുന്ന വിദേശ രാജ്യങ്ങൾക്കും ഈ പ്ലാറ്റ്‌ഫോം മികച്ച ഉദാഹരണമായി മാറിയിരിക്കുന്നു. ഇതിൽനിന്നുള്ള പാഠം ലളിതമാണ്: നിരന്തരമായ നിരീക്ഷണം പദ്ധതികളുടെ നടത്തിപ്പു വേഗത്തിലാക്കുന്നു. ഇതു സാമ്പത്തിക ലാഭത്തിനപ്പുറം വലിയ നേട്ടങ്ങൾ സമൂഹത്തിനു നൽകുന്നു.
ഭൗതികമായ അടിസ്ഥാന സൗകര്യങ്ങൾക്കു പുറമെ, ഓരോ "പ്രഗതി' യോഗവും ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വം, ഭവനം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിലെ പ്രധാന പദ്ധതികളുടെയും ക്ഷേമ പദ്ധതികളുടെയും നടത്തിപ്പ് അവലോകനം ചെയ്യുന്നു. അടിസ്ഥാനസൗകര്യ പദ്ധതികളെപ്പോലെ, സാമൂഹ്യ മേഖലകളിലെ സേവനങ്ങളും സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കുന്നതു തുല്യ പ്രാധാന്യം അർഹിക്കുന്നതാണെന്ന ആശയത്തിന് ഇതു കരുത്തു പകരുന്നു.
"പ്രഗതി'യുടെ സംഭാവനകളെ സാമ്പത്തികവും സാമൂഹ്യകവും പാരിസ്ഥിതികവുമായ കാഴ്ചപ്പാടുകളിലൂടെയും വിലയിരുത്തേണ്ടതുണ്ട്. സാമ്പത്തികമായി നോക്കിയാൽ, പദ്ധതികൾ കൃത്യസമയത്തു പൂർത്തിയാക്കുന്നതു ചെലവു കുറയ്ക്കാനും അതിൽ നിന്നുള്ള നേട്ടം വർധിപ്പിക്കാനും സഹായിക്കുന്നു. സാമൂഹ്യമായി, പദ്ധതികൾ വേഗത്തിൽ പൂർത്തിയാകുക എന്നതിനർഥം സുരക്ഷാസംവിധാനങ്ങൾ, റോഡുകൾ, ആശുപത്രികൾ, വൈദ്യുതി, ആശയവിനിമയ സൗകര്യങ്ങൾ എന്നിവ ജനങ്ങളിലേക്ക് നേരത്തെ എത്തുന്നു എന്നാണ്. പാരിസ്ഥിതികമായി, "പിഎം ഗതിശക്തി', പരിവേഷ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുമായി ചേർന്ന് ജിഐഎസ് അധിഷ്ഠിത ആസൂത്രണത്തിലൂടെ പാരിസ്ഥിതിക വശങ്ങളെ സംയോജിപ്പിക്കാൻ "പ്രഗതി'ക്കു സാധിക്കുന്നു. ഇത് അനാവശ്യമായ കാർബൺ പുറന്തള്ളലും വിഭവങ്ങളുടെ പാഴാക്കലും കുറയ്ക്കാൻ സഹായിക്കുന്നു.
വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങാതെ പ്രവർത്തനക്ഷമതയ്ക്കു പൗരന്മാർ വലിയ പ്രാധാന്യം നൽകുന്ന ഈ കാലഘട്ടത്തിൽ, ഭരണപരിഷ്കാരങ്ങൾ പരിവർത്തനമുണ്ടാക്കാൻ എപ്പോഴും ഉച്ചത്തിൽ സംസാരിക്കേണ്ടതില്ലെന്നു "പ്രഗതി' തെളിയിക്കുന്നു. "ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം' എന്ന കാഴ്ചപ്പാടിൽ പ്രതിഫലിക്കുന്ന ദേശീയ വികസന കാര്യപരിപാടി ആശയങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, 2047ഓടെ "വികസിത ഇന്ത്യ' എന്ന വലിയ ലക്ഷ്യം കൈവരിക്കുന്നതിനായുള്ള യാഥാർഥ്യങ്ങളായി അവ പരിവർത്തനം ചെയ്യപ്പെടുന്നുവെന്നും വ്യക്തമാക്കുന്ന ഏറ്റവും മികച്ച ഉദാഹരണമാണിത്. ചിലപ്പോൾ, ഏറ്റവും കരുത്തുറ്റ മാറ്റം സംഭവിക്കുന്നത്, എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്ന സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിലാണ്.
(ലേഖകൻ കേന്ദ്ര സാമൂഹ്യനീതി- ശാക്തീകരണ വകുപ്പ് സെക്രട്ടറിയാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)