പിഎം- വിബിആർവൈ: വേതനത്തിനുമപ്പുറം
നിതി ആയോഗ് അംഗം
കോയമ്പത്തൂരിലെ രവി എന്ന ചെറുപ്പക്കാരൻ ഒരു ചെറിയ നിർമാണ കമ്പനിയിൽ തന്‍റെ ആദ്യ ഔപചാരിക ജോലിയിൽ പ്രവേശിച്ചു. തുടർച്ചയായി 6 മാസം ജോലി ചെയ്ത ശേഷം, അദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ടിൽ സാധാരണ ശമ്പളത്തിന് പുറമേ ₹7,500 അപ്രതീക്ഷിതമായി ലഭിച്ചു. തൊഴിലുമായി ബന്ധപ്പെട്ട ആനുകൂല്യമായിരുന്നു അത്. രവിയുടെ കുടുംബാംഗങ്ങളെല്ലാം അനൗപചാരിക മേഖലയിലാണ് അതുവരെ തൊഴിലെടുത്തിരുന്നത്. സാധാരണ രേഖാമൂലമുള്ള കരാറുകൾ, പ്രൊവിഡന്‍റ് ഫണ്ട്, ഔദ്യോഗിക തൊഴിൽ രേഖകൾ എന്നിവ അനൗപചാരിക മേഖലയിൽ വിരളമായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തൊഴിൽ ഔപചാരികമായി രേഖപ്പെടുത്തുകയും ആനുകൂല്യം ലഭ്യമാകുകയും ചെയ്ത ആദ്യ അനുഭവമായിരുന്നു അത്.
ഔപചാരിക തൊഴിൽ, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു സുപ്രധാന പദ്ധതിയായ പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന (പിഎം- വിബിആർവൈ) പ്രകാരമുള്ള സർക്കാർ പ്രോത്സാഹനത്തിന്‍റെ ആദ്യ ഗഡുവായിരുന്നു രവിക്ക് ലഭിച്ച 7,500 രൂപ. ഈ പദ്ധതി പ്രകാരം, എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ ആദ്യമായി ജോലിക്ക് ചേരുകയും പ്രതിമാസം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനം നേടുകയും ചെയ്യുന്ന ജീവനക്കാരന് ₹15,000 വരെ സാമ്പത്തിക സഹായം ലഭിക്കാൻ അർഹതയുണ്ട്, 2 ഗഡുക്കളായി ഈ തുക വിതരണം ചെയ്യുന്നു. 6 മാസം തുടർച്ചയായി ജോലിക്ക് ഹാജരായ ശേഷമാണ് ആദ്യ ഗഡു നൽകുന്നത്. തൊഴിലാളി ഇപിഎഫ്ഒ പോർട്ടൽ മുഖേന സാമ്പത്തിക സാക്ഷരതാ കോഴ്‌സ് പൂർത്തിയാക്കുമ്പോൾ 12 മാസത്തിന് ശേഷം 2ാം ഗഡു ലഭിക്കും. ഈ തുക, ഭാവിയിലെ അടിയന്തര സാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്താൻ ഉതകുന്ന നിക്ഷേപ പദ്ധതിയിലേക്ക് മാറ്റുന്നു. രവിയെ സംബന്ധിച്ചിടത്തോളം, ഈ 6 മാസ കാലയളവ്, സാമ്പത്തിക സഹായത്തിന് ഉപരിയായ നേട്ടങ്ങൾ പ്രദാനം ചെയ്തു- തൊഴിലിടവുമായി പരിചയപ്പെടുകയും, അടിസ്ഥാന നൈപുണ്യം നേടുകയും, വൈദഗ്ധ്യം വികസിപ്പിക്കുകയും മുമ്പ് അദ്ദേഹത്തിന് അന്യമായിരുന്ന ഒരു തൊഴിൽ ചരിത്രത്തിന്‍റെ ഭാഗമാവുകയും ചെയ്തു.
6 മാസ കാലയളവ് രവിക്ക് മാത്രമല്ല, അദ്ദേഹത്തിന്‍റെ തൊഴിലുടമയ്ക്കും പ്രധാനമായിരുന്നു. ഒരു ചെറുകിട നിർമാണ ബിസിനസ് നടത്തിയിരുന്ന രവിയുടെ തൊഴിലുടമ ആ സംരംഭം വിപുലീകരിച്ചു. പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയുടെ (പിഎം- വിബിആർവൈ) പാർട്ട് ബി പ്രകാരം, നിലവിലുള്ള തൊഴിൽ ശക്തിക്കപ്പുറം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തൊഴിലുടമകൾക്ക് ഓരോ അധിക ജീവനക്കാരനും പ്രതിമാസം ₹3,000 വരെ സർക്കാർ സംഭാവനയായി ലഭിക്കും. മിക്ക മേഖലകളിലും 2 വർഷത്തേക്കും, നിർമാണ മേഖലയിൽ 4 വർഷത്തേക്കും ഈ പിന്തുണ ലഭ്യമാണ്. ഔപചാരിക പ്രവൃത്തിപരിചയം ഇല്ലാത്തവരും പൂർണ തോതിൽ ഉത്പാദനക്ഷമത കൈവരിക്കാൻ സമയം ആവശ്യമുള്ളവരുമായ പുതിയ തൊഴിലാളികളെ നിയമിക്കാനും പരിശീലിപ്പിക്കാനുമുള്ള ചെലവുകൾക്ക് ഈ സംഭാവന ബിസിനസുകളെ സഹായിക്കുന്നു. പ്രാരംഭ ചെലവുകൾ കുറയ്ക്കുന്നതിലൂടെ കൂടുതൽ ആളുകളെ നിയമിക്കാൻ പദ്ധതി ചെറുകിട ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നു. രവിയുടെ തൊഴിലുടമ നടത്തി വരുന്നതു പോലെയുള്ള നിർമാണ സ്ഥാപനങ്ങൾക്ക് 4 വർഷത്തെ ദൈർഘ്യമേറിയ പിന്തുണ, സ്വന്തം തൊഴിൽ ശക്തി വികസിപ്പിക്കാനും പുതിയ സാങ്കേതികവിദ്യകളിലും ഓട്ടോമേഷനിലും നിക്ഷേപിക്കാനും പ്രോത്സാഹനമേകുന്നു.
അതിവിപുലവും വികാസനോന്മുഖവുമായ യുവജന സംഖ്യ ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തിക വളർച്ചയിൽ സുപ്രധാന നേട്ടമാണ്. കൂടുതൽ യുവജനങ്ങൾക്ക് സാമൂഹിക സുരക്ഷ, നിയമപരമായ പരിരക്ഷ, സ്ഥിരത എന്നിവ ഉറപ്പാക്കുന്ന ഔപചാരിക തൊഴിലുകൾ ലഭ്യമാക്കാൻ കഴിഞ്ഞാൽ സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ കൂടുതൽ കുടുംബങ്ങളിലേക്കും സമൂഹങ്ങളിലേക്കും എത്തും. 2 വർഷത്തിനുള്ളിൽ 3.5 കോടിയിലധികം ഔപചാരിക തൊഴിലുകൾ സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനാണ് പിഎം- വിബിആർവൈ രൂപകൽപ്പന ചെയ്തിരിക്കുന്നത്. "സ്വതന്ത്ര ഭാരതത്തിൽ' (സ്വതന്ത്ര ഇന്ത്യ) നിന്ന് "സമൃദ്ധ ഭാരതത്തിലേക്ക് ' (സമൃദ്ധമായ ഇന്ത്യ) ഇന്ത്യയെ മാറ്റാൻ സഹായമേകാനും തൊഴിൽ, നൈപുണ്യ വികസനം, മെച്ചപ്പെട്ട അവസരങ്ങൾ എന്നിവയാൽ സാമ്പത്തിക വളർച്ചയെ മുന്നോട്ടു നയിക്കുന്ന വികസിത ഭാരതം- 2047 എന്ന ദർശനത്തിന് സംഭാവന നൽകാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
പദ്ധതി ആരംഭിച്ച ശേഷം ആദ്യമായി ജോലിയിൽ പ്രവേശിച്ച 60 ലക്ഷം പേർ ഇതിലൂടെ ഔപചാരിക തൊഴിൽ സേനയിൽ അംഗങ്ങളായി. ഈ തൊഴിലാളികളിൽ ഭൂരിഭാഗവും- 43.26 ലക്ഷം (ഏകദേശം 71%)- 18നും 30നും മധ്യേ പ്രായമുള്ളവരാണ്, കൂടാതെ, 18.04 ലക്ഷം (ഏകദേശം 30%) പേർ ആദ്യമായി ഔപചാരിക തൊഴിലിൽ പ്രവേശിച്ച വനിതകളാണ്. വിദഗ്ധ സേവനങ്ങൾ, എൻജിനീയറിങ്, വ്യാപാരം, നിർമാണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തുണിത്തരങ്ങൾ, ഹോസ്പിറ്റാലിറ്റി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഈ പുതിയ ജീവനക്കാർ ജോലി ചെയ്യുന്നു. ഔപചാരിക സ്ഥാപനങ്ങളിലൂടെയുള്ള വ്യാപകമായ തൊഴിൽ പ്രവേശനത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
സാമ്പത്തിക ആനുകൂല്യങ്ങൾക്കു പുറമേ തൊഴിൽ, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും പദ്ധതിയിലൂടെ രവിക്ക് ലഭിച്ചിട്ടുണ്ട്. ഔപചാരിക തൊഴിൽ സേനയിൽ അംഗമായതോടെ അദ്ദേഹത്തിന് ഒരു ഇപിഎഫ്ഒ അക്കൗണ്ടും ഒരു യൂണിവേഴ്സൽ അക്കൗണ്ട് നമ്പറും (യുഎഎൻ) ലഭിച്ചു. ഇത് അദ്ദേഹത്തെ പിഎഫ് സേവിങ്സ്, ഇൻഷ്വറൻസ് പരിരക്ഷ, മറ്റ് നിയമപരമായ തൊഴിൽ പരിരക്ഷകൾ തുടങ്ങിയ ആനുകൂല്യങ്ങളുമായി ബന്ധിപ്പിക്കുന്നു. ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന പലർക്കും സാമൂഹിക സുരക്ഷാ പിന്തുണയുള്ള ഒരു സംഘടിത തൊഴിൽ സംവിധാനത്തിന്‍റെ ഭാഗമാകുക എന്നത് ആദ്യ അനുഭവമായിരുന്നു. സൃഷ്ടിക്കപ്പെടുന്ന തൊഴിലുകൾ താത്കാലികമല്ല, മറിച്ച് സ്ഥിരതയാർന്നതും അർഥവത്തുമാണെന്ന് ഉറപ്പാക്കാൻ കുറഞ്ഞത് 6 മാസമെങ്കിലും ജോലിയിൽ തുടരണമെന്നുണ്ട്. സ്ഥിരമായ ഔപചാരിക തൊഴിൽ, മറ്റ് നൈപുണ്യങ്ങൾ സ്വായത്തമാക്കാനും, പ്രൊഫഷണലായ തൊഴിൽ രീതികൾ വികസിപ്പിക്കാനും, ഭാവിയിൽ തൊഴിൽ ലഭിക്കാനുള്ള സാധ്യത മെച്ചപ്പെടുത്താനും തൊഴിലാളികളെ സഹായിക്കുന്നു. പദ്ധതിയുടെ പിന്തുണ അവസാനിച്ചതിനുശേഷവും ഇവയെല്ലാം ഗുണകരമാകും.
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ഒരു പ്രധാന ലക്ഷ്യമാണെങ്കിലും, രവിയെപ്പോലുള്ള തൊഴിലാളികൾ ദീർഘകാലം ഔപചാരിക തൊഴിൽ മേഖലയിൽ തുടരുന്നു എന്ന് ഉറപ്പാക്കണം. ഔപചാരിക തൊഴിലുകൾ സാമൂഹിക സുരക്ഷ, നിയമപരമായ പരിരക്ഷകൾ, പിഎഫ്, തൊഴിൽ സുരക്ഷ തുടങ്ങിയ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നു. തൊഴിലാളികൾ 6 മാസവും ഒരു വർഷവും അതിൽ കൂടുതലും ജോലിയിൽ തുടരുമ്പോൾ, കൂടുതൽ ആളുകൾ ഔപചാരിക സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാവുകയും ഈ പരിരക്ഷകൾ നേടുകയും ചെയ്യുന്നു.
ചെറുകിട സ്ഥാപനങ്ങൾ ഔപചാരിക നിയമന ശീലം വളർത്തിയെടുക്കുന്നു. പദ്ധതി പ്രകാരം 3.5 കോടിയിലധികം തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്നതിനാൽ, ഔപചാരിക സമ്പദ്‌വ്യവസ്ഥയുടെ ഈ ക്രമാനുഗതമായ വികാസം ത്വരിതപ്പെടുത്താൻ രൂപകൽപ്പന ചെയ്ത പദ്ധതിയാണ് പിഎം- വിബിആർവൈ എന്നതിൽ സംശയമില്ല.