ട്രംപ് ' ഡീല്‍ മേക്കറോ ' പുടിന്റെ ബ്രോക്കറോ?
ആന്റണി ഷെലിൻ
' ലോകത്തിലെ ഏറ്റവും വലിയ ഇടപാടുകാരന് ' എന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വയം വിശേഷിപ്പിക്കുന്നത്. ലോകത്ത് അങ്ങോളമിങ്ങോളം അരങ്ങേറിയ സംഘര്‍ഷങ്ങള്‍ ലഘൂകരിച്ചതിനു പിന്നില്‍ തന്റെ ' റോള്‍ ' ഉണ്ടെന്നും അദ്ദേഹം അവകാശപ്പെടാറുണ്ട്. ഈ വര്‍ഷം മേയ് ആദ്യം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നാല് ദിവസത്തോളം നീണ്ടു നിന്ന സംഘര്‍ഷം അവസാനിച്ചതിനു കാരണം താനാണെന്ന് അടിക്കടി ട്രംപ് ഉന്നയിച്ചു വരുന്നുണ്ട്. ഇതിനു പുറമെ തായ്ലന്ഡ്-കംബോഡിയ സംഘര്‍ഷം, കോംഗോ-റുവാണ്ട സംഘര്‍ഷം, സെര്‍ബിയ-കൊസോവ സംഘര്‍ഷം എന്നിവയെല്ലാം അയവുവരുത്താന്‍ താന്‍ പ്രയത്നിച്ചെന്നും ട്രംപ് പറയുന്നു.
ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചതിന്റെ ' ക്രെഡിറ്റ് ' ട്രംപ് നിരവധി തവണ അവകാശപ്പെട്ടെങ്കിലും ഇന്ത്യ അത് തള്ളിക്കളഞ്ഞിരുന്നു. ഇരു രാജ്യങ്ങളിലെയും സൈനിക മേധാവിമാർ നടത്തിയ ചർച്ചകളിലാണു സംഘര്‍ഷം അവസാനിച്ചതെന്നും ഇന്ത്യ ഔദ്യോഗികമായി തന്നെ പ്രസ്താവിച്ചിരുന്നു. എങ്കിലും ട്രംപ് ഇപ്പോഴും അതിന്റെ ക്രെഡിറ്റ് സ്വന്തം പേരിലാക്കാനുള്ള ശ്രമം തുടരുകയാണ്.
2025 ജനുവരിയില്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അധികാരമേറ്റ സമയത്ത് അദ്ദേഹം പറഞ്ഞത് മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രെയ്ന് യുദ്ധം താന്‍ നിസാര നേരം കൊണ്ട് അവസാനിപ്പിക്കുമെന്നാണ്. പക്ഷേ അത് സാധിച്ചില്ലെന്നു മാത്രമല്ല, യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളൊന്നും വിജയിക്കുന്നില്ലെന്നതാണു യാഥാര്‍ഥ്യം.
നയതന്ത്രമോ കീഴടങ്ങലോ
റഷ്യ-യുക്രെയ്ന് യുദ്ധത്തിന് അന്ത്യം കുറിക്കാനാകുമെന്ന പ്രതീക്ഷയോടെ 15ന് അലാസ്കയില്‍ വച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി. എന്നാല്‍ കൂടിക്കാഴ്ചയ്ക്കു ശേഷം പുടിന്റെ ബ്രോക്കറായി ട്രംപ് മാറിയോ എന്ന സംശയമാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്.
നയതന്ത്രം എന്ന് ട്രംപ് വിശേഷിപ്പിച്ചത് വാസ്തവത്തില്‍ കീഴടങ്ങലായി മാറിയിരിക്കുന്നു. അലാസ്കയില്‍ പുടിനുമായുള്ള ട്രംപിന്റെ ഉച്ചകോടിയും തുടര്‍ന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെന്‍സ്കിയുടെ മേല്‍ ട്രംപ് ചെലുത്തിയ സമ്മര്‍ദവും യുക്രെയ്നെയും അമെരിക്കയുടെ സഖ്യകക്ഷികളെയും യുഎസിന്റെ തന്നെ വിശ്വാസ്യതയെയും വഞ്ചിക്കുന്നതായി മാറി.
കിഴക്കന്‍ ഡോണ്‍ബാസിന്റെ നിയന്ത്രണവും നാറ്റോയില്‍ അംഗത്വമെടുക്കാനുള്ള നീക്കത്തിൽ നിന്നു യുക്രെയ്ന്റെ പിന്മാറ്റവുമാണ് പുടിന്റെ ആവശ്യം. ഇവ അംഗീകരിച്ചാല്‍ അത് റഷ്യന്‍ ആക്രമണത്തിനു പരസ്യമായി പ്രതിഫലം നല്കുന്നതു പോലെയായി തീരും. മാത്രമല്ല, 2022 ഫെബ്രുവരിയില്‍ റഷ്യ നടത്തിയ അധിനിവേശത്തിനു ശേഷം ഇക്കാലയളവില്‍ യുക്രെയ്ന് സഹിച്ച ത്യാഗങ്ങളെ നിസാരവത്കരിക്കുന്നതിനു തുല്യമായിരിക്കും അത്.
ഓഗസ്റ്റ് 18ന് ഓവല്‍ ഓഫിസില്‍ സെലെന്‍സ്കിക്ക് ഒപ്പം ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സും നിര്‍ദേശിച്ചത് ആദ്യം വെടിനിര്‍ത്തല്‍ കരാറില്‍ യുക്രെയ്നും റഷ്യയും ഏര്‍പ്പെടട്ടെ എന്നാണ്. എന്നാല്‍ ആ നിര്‍ദേശം ട്രംപ് തള്ളി. മാത്രമല്ല, പുടിനും-സെലെന്‍സ്കിയും നേരിട്ട് ഇരുന്ന് ചര്‍ച്ച ചെയ്യട്ടെ എന്നും ട്രംപ് നിർദേശിച്ചു.
പുടിനെ പുകഴ്ത്തി ട്രംപ്
അലാസ്ക ഉച്ചകോടിക്കിടെ ട്രംപ് പുടിനെ പ്രശംസ കൊണ്ട് മൂടുകയായിരുന്നു. യുദ്ധക്കുറ്റക്കേസില്‍ കുറ്റാരോപിതനായ ഒരു രാഷ്ട്രത്തലവനാണ് പുടിന്. അത്തരത്തിലൊരു നേതാവിനാണ് അമെരിക്കന്‍ മണ്ണില്‍ ആതിഥേയത്വം നൽകിയത്. അത് ഒരു ബലഹീനതയായി വിലയിരുത്തുന്നുമുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് യൂറോപ്പ് വിഭജിക്കപ്പെട്ടതു പോലെ യുക്രെയ്ന്റെ പരമാധികാരം കൊത്തിയെടുക്കുക എന്ന പുടിന്റെ ആഗ്രഹങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുന്നതിനു തുല്യമാണ് ട്രംപിന്റെ ഇപ്പോഴത്തെ സമീപനം. യുഎസിനെ സംബന്ധിച്ച് ട്രംപിന്റെ നയം സ്വയം വരുത്തിവച്ച മുറിവാണ്. ജനാധിപത്യത്തിന്റെ സംരക്ഷകനെന്ന നിലയില്‍ അമെരിക്കയുടെ വിശ്വാസ്യതയെ അത് സംശയത്തിലാക്കുന്നുമുണ്ട്. അമെരിക്കയുടെ ലോകത്തോടുള്ള പ്രതിബദ്ധതകള്‍ ഇപ്പോള്‍ ഒരു വ്യാപാര ഇടപാട് പോലെ തോന്നിത്തുടങ്ങിയിരിക്കുന്നു. രാജ്യം ഇത്രയും കാലം ഉയര്‍ത്തിപ്പിടിച്ച തത്വങ്ങള്‍ ഇപ്പോള്‍ വ്യക്തിപരമായ ഇടപാടുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുന്നു. ട്രംപിന്റെ വഞ്ചനയുടെ ആഘാതം യൂറോപ്പും ഇപ്പോള്‍ നേരിടുകയാണ്. രണ്ടാം ലോകമഹായുദ്ധാനന്തരം നാറ്റോയുടെ നങ്കൂരമായിരുന്ന അമെരിക്ക ഇപ്പോള്‍ ആ സ്ഥാനത്തുനിന്ന് പിന്മാറുമ്പോള് അവിടെ രൂപപ്പെടുന്ന ശൂന്യത നികത്താന്‍ യൂറോപ്പ് പാടുപെടുകയാണ്.
യുക്രെയ്ന്റെ നാറ്റോ അംഗത്വമെടുക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ച് പ്രധാന പ്രദേശങ്ങള്‍ വിട്ടുകൊടുക്കണമെന്ന ട്രംപിന്റെ നിര്‍ബന്ധം ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെയും ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സിനെയും പോലുള്ള യൂറോപ്യന്‍ നേതാക്കളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കാരണം 2022 മുതല്‍ അവര്‍ യുക്രെയ്ന്റെ പ്രതിരോധത്തിനായി 132 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചിട്ടുണ്ട്. യുഎസ് ചെലവഴിച്ചതാകട്ടെ 114 ബില്യണ്‍ ഡോളറുമാണ്.
വിഘടിച്ചു നില്ക്കുന്ന, അമെരിക്കയുടെ പിന്തുണ കുറഞ്ഞ നാറ്റോ എപ്പോഴും യൂറോപ്പിന് ഭീഷണിയാണ്. കാരണം അത്തരമൊരു സാഹചര്യം റഷ്യ മുതലെടുക്കും. ഇപ്പോള്‍ യൂറോപ്പ് ഭയപ്പെടുന്നതും ഒരു റഷ്യന്‍ ആക്രമണം ആസന്ന ഭാവിയിലുണ്ടാകുമോ എന്നാണ്.
ചൈനയെ സംബന്ധിച്ച് ട്രംപ് ഇപ്പോള്‍ യുക്രെയ്ന് വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ഭൗമരാഷ്ട്രീയ സമ്മാനമാണ്. കാരണം പുടിന് യുക്രെയ്നെ ആക്രമിച്ച് പല പ്രദേശങ്ങളും പിടിച്ചെടുക്കുമ്പോള്‍ ചൈനയ്ക്ക് തായ്വാന് പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ എളുപ്പമുള്ളതായി തീരും. യുക്രെയ്ന് നിലപാടില്‍ അമെരിക്കയില്‍ നിന്നുള്ള ചെറുത്തുനില്‍പ്പ് കുറഞ്ഞതു പോലെ തായ്വാന് വിഷയത്തിലും അതു തന്നെ സംഭവിക്കുമെന്നു ചൈന കരുതാം.
ഇന്ത്യ സൂക്ഷിക്കണം
റഷ്യയെ പ്രീണിപ്പിക്കുമ്പോഴും പാക്കിസ്ഥാനെ അനുകൂലിക്കുമ്പോഴും അമെരിക്ക ഇന്ത്യയ്ക്കു മേല്‍ തീരുവ ചുമത്തിയിരിക്കുകയാണ്. ഇത് ന്യൂഡല്‍ഹിയില്‍ അപായമണി മുഴക്കുന്നുണ്ട്. 2025 മേയ് മാസത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷത്തിന് അയവ് വന്നത് തന്റെ മധ്യസ്ഥതയെ തുടര്‍ന്നാണെന്ന് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനു പിന്നില്‍ ഒരു ' സായിപ്പിന്റെ കൂര്‍മബുദ്ധി ' യുണ്ട്.
നിലവില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കശ്മീരിന്റെ പേരില്‍ തര്‍ക്കമുണ്ട്. ഈ തര്‍ക്കത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്നാണു പാക്കിസ്ഥാന് നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യയാകട്ടെ അതിന് എതിരുമാണ്. മേയ് മാസത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചെന്ന് അവകാശപ്പെടുന്ന ട്രംപ് കശ്മീര്‍ വിഷയത്തെ അന്താരാഷ്ട്ര വിഷയമാക്കി അവിടെ ഇടപെടല്‍ നടത്താനുള്ള ഗൂഢലക്ഷ്യമായിരിക്കാം നടത്തുന്നത്. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് ഇന്ത്യയുടെയും നീക്കം. യുക്രെയ്നിനോട് ഇപ്പോള്‍ തര്‍ക്കമുള്ള പ്രദേശങ്ങള്‍ റഷ്യയ്ക്ക് വിട്ടുകൊടുക്കണമെന്ന് ട്രംപ് നിര്‍ദേശിക്കുന്നതു പോലെ നാളെ ട്രംപ് ഇന്ത്യയ്ക്കു മേലും സമ്മര്‍ദം ചെലുത്തിയേക്കാം.
ട്രംപിന്റെ താരിഫുകളും യുക്രെയ്ന് നയവും ഇന്ത്യയെയും ചൈനയെയും കൂടുതല്‍ അടുപ്പിച്ചിരിക്കുകയാണ്. റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യയ്ക്കെതിരേ കടുത്ത നടപടി സ്വീകരിച്ചപ്പോള്‍ ട്രംപിനെ ' ഭീഷണിപ്പെടുത്തുന്നവന് ' എന്നാണ് ചൈനയുടെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. അതിലൂടെ ഇന്ത്യയോട് ചൈന ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഈ മാസം 31, സെപ്റ്റംബര്‍ 1 തീയതികളില്‍ ചൈനയില്‍ നടക്കാനിരിക്കുന്ന എസ്സിഒ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനും പങ്കെടുക്കുന്നുണ്ട്. അവിടെ ചൈനീസ് പ്രസിഡന്റ് ഇരുവരെയും സ്വാഗതം ചെയ്യുന്നുമുണ്ട്. ഈ ഉച്ചകോടി അമെരിക്കന്‍ സമ്മര്‍ദ്ദങ്ങളെ ചെറുക്കുന്നതിനുള്ള സാധ്യത വളര്‍ത്തിയെടുക്കുമെന്നാണ് പ്രതീക്ഷ.