Special Story

അരങ്ങിനെ അറിഞ്ഞ്..: സ്ത്രീ നാടക ശില്‍പ്പശാലയ്ക്ക് സമാപനം

അഭിനയ, കലാ രംഗത്ത് താത്പര്യമുള്ള സ്ത്രീകള്‍ക്ക് നാടകത്തെ അടുത്തറിഞ്ഞ് ആ മേഖലയില്‍ ശോഭിക്കാനുള്ള മികച്ച അവസരമാണ്  ശില്‍പ്പശാലയിലൂടെ ഒരുങ്ങിയത്

Anoop K. Mohan

തൃശൂർ: അരങ്ങിനെ അറിയാന്‍ വനിതകള്‍ക്ക് അവസരമൊരുക്കിയ ദേശീയ സ്ത്രീ നാടക ശില്‍പ്പശാലയ്ക്ക് സമാപനമായി. കേരള സംഗീത നാടക അക്കാഡമിയുടെ അന്താരാഷ്ട്ര നാടകോത്സവത്തിന്‍റെ ഭാഗമായാണു ദേശീയ സ്ത്രീ നാടക ശില്‍പ്പശാല സംഘടിപ്പിച്ചത്. 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 52 സ്ത്രീകളാണ് ശില്‍പ്പശാലയുടെ ഭാഗമായത്. നാടകമെന്ന കലയുടെ നൂതനമായ രീതികള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം നാടക പരിശീലനവും ശില്‍പ്പശാലയുടെ ഭാഗമായി.  അന്താരാഷ്ട്ര നാടകോത്സവ വേദി സന്ദര്‍ശിച്ച് നാടകങ്ങള്‍ കാണാനും നാടകത്തിന്‍റെ ഒരുക്കങ്ങള്‍ നേരിട്ട് മനസിലാക്കാനുമുള്ള അവസരവും ഒരുക്കിയിരുന്നു. അഭിനയ, കലാ രംഗത്ത് താത്പര്യമുള്ള സ്ത്രീകള്‍ക്ക് നാടകത്തെ അടുത്തറിഞ്ഞ് ആ മേഖലയില്‍ ശോഭിക്കാനുള്ള മികച്ച അവസരമാണ്  ശില്‍പ്പശാലയിലൂടെ ഒരുങ്ങിയത്.

52 വനിതകളില്‍ 30 പേര്‍ കുടുംബശ്രീയുടെ രംഗശ്രീ ടീം അംഗങ്ങളാണ്. കലാ, സാംസ്‌ക്കാരിക മേഖലകളിലെ സ്ത്രീ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ രൂപം നല്‍കിയ അയല്‍ക്കൂട്ടാംഗങ്ങളുടെ തിയേറ്റര്‍ ഗ്രൂപ്പുകളാണ് രംഗശ്രീ. ഏഴ് വനിതകള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മറ്റുള്ളവര്‍ കേരളത്തിലെ വിവിധ നാടക ട്രൂപ്പുകളില്‍ നിന്നും ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. അമേച്വര്‍ നാടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുതല്‍ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ വരെ ഇതിന്‍റെ ഭാഗമായി. 20 വയസ് മുതല്‍ 50 വയസ് വരെ പ്രായമുള്ളവരാണ് ശില്പശാലയില്‍ പങ്കെടുത്തത്.

ദേശീയ നാടകരംഗത്തെ പ്രഗത്ഭരായ എം.കെ. റെയ്‌ന, അനുരാധ കപൂര്‍, നീലം മാന്‍സിങ് എന്നിവരാണ് വിവിധ ദിവസങ്ങളില്‍ ശില്‍പ്പശാല നയിച്ചത്. കിലയുടെയും കുടുംബശ്രീയുടെയും  സഹകരണത്തോടെയായിരുന്നു പരിപാടി. ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ നിര്‍വഹിച്ചു.  കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി ചടങ്ങില്‍ സന്നിഹിതനായി.

വിസി നിയമനത്തിൽ സർക്കാർ-ഗവർണർ സമവായം; സിസ തോമസ് കെടിയു വൈസ് ചാൻസ‌ലറാകും

'ടോപ് ഗിയറിൽ' കെഎസ്ആർടിസി; ടിക്കറ്റ് വരുമാനത്തിൽ സര്‍വകാല റെക്കോഡ്

മൂന്നു തദ്ദേശ വാർഡുകളിലെ വോട്ടെടുപ്പ് ജനുവരി 13ന്

"സപ്തസഹോദരിമാരെ വിഘടിപ്പിക്കും"; ഭീഷണിയുമായി ബംഗ്ലാദേശ് നേതാവ്, മറുപടി നൽകി അസം മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെ ആത്മഹത്യാ ശ്രമം; യുഡിഎഫ് സ്ഥാനാർഥി മരിച്ചു