രാജസ്ഥാനിൽ കോളെജ് കുട്ടികൾക്ക് എസ്ഐആറിനെക്കുറിച്ച് വിവരിക്കുന്ന ബൂത്ത് ലെവൽ ഓഫിസർ

 
Special Story

സാർ, എന്തിനിത്ര ധൃതി

ഒന്നിന് പിറകെ ഒന്നായി ഇന്ത്യയിൽ ഉടനീളം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് എന്തുകൊണ്ട്?

MV Desk

സാർ, എന്തിനിത്ര ധൃതി

കണ്ണൂരിൽ ബിഎൽഓ ജീവനൊടുക്കി. വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് ബൂത്ത് ലെവൽ ഓഫിസർമാർ അധിക ജോലിഭാരവും കടുത്ത മാനസിക സമ്മർദവും അനുഭവിക്കുന്നു എന്ന പരാതികൾക്കിടെയാണ് കണ്ണൂരിലെ ഈ ആത്മഹത്യ. പയ്യന്നൂർ ഏറ്റുകുടുക്ക ഖാദി സെന്‍ററിനു സമീപത്തെ തറയിൽ വീട്ടിൽ അനീഷ് ജോർജിനെയാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നൂരു എയുപി സ്കൂളിലെ ഓഫിസ് അറ്റൻഡന്‍റും കാങ്കോൽ- ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം ബൂത്തിലെ ബിഎൽഓയുമാണ് അനീഷ് ജോർജ്. എസ് ഐ ആറുമായി ബന്ധപ്പെട്ട ജോലിഭാരം കാരണം അനീഷ് മാനസിക സമ്മർദത്തിലായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ പിതാവ് ജോർജ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എസ്ഐആർ എന്ന പേരിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രകടിപ്പിക്കുന്ന അനാവശ്യ ധൃതിയുടെയും നടപടിയുടെയും മറ്റൊരു ഇര. ഇത് നമ്മുടെ സംസ്ഥാനത്തെ മാത്രം കാര്യമായി ലഘൂകരിച്ചെങ്കിൽ തെറ്റി. പശ്ചിമ ബംഗാളിൽ ഇതേ കാരണത്താൽ 28 ബിഎൽഒമാർ ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രി മമത ബാനർജി തന്നെ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലിനു ശേഷവും ബംഗാളിൽ നിന്ന് സമാനസംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. ബിഎല്‍ ഓ കുഴഞ്ഞുവീണ റിപ്പോർട്ടും പുറത്തുവന്നു. അനിമേഷ് നന്ദി എന്ന ബിഎൽഒയാണ് കോൽക്കത്തയിൽ മേലുദ്യോഗസ്ഥന്‍റെ യോഗത്തിനിടെ കുഴഞ്ഞു വീണത്.

രാജസ്ഥാനിൽ നിന്നും സമാന റിപ്പോർട്ടുകൾ പുറത്തുവന്നു. സർക്കാർ സ്കൂൾ അധ്യാപകനായ മുകേഷ് ജൻഗിദ് (45) ആണ് എസ്ഐആർ ജോലിയിലെ സമ്മർദത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്. ഗുജറാത്തിൽ ഗിർ സോമനാഥ് ജില്ലയിൽ ബൂത്ത് ലെവൽ ഓഫിസറായി ജോലി ചെയ്ത സ്കൂൾ അധ്യാപകൻ അരവിന്ദ് വധേർ ജീവനൊടുക്കി. ഗുജറാത്തിലെ തന്നെ ഖേഡ ജില്ലയിൽ ബിഎൽഒ ആയിരുന്ന അധ്യാപകൻ കഴിഞ്ഞദിവസം ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർ പ്രദേശിൽ നിന്ന് ഇക്കഴിഞ്ഞ ദിവസം രണ്ട് ബി. എൽ. ഒ മാരുടെ ആത്മഹത്യാ റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ബിപിൻ യാദവും സുധീർകുമാറും. വിഷം കഴിച്ചു ജീവനൊടുക്കിയ ബിപിൻ യാദവ് മരണത്തിനു തൊട്ടുമുമ്പ് ആശുപത്രി കിടക്കയിൽ വച്ച് മേലുദ്യോഗസ്ഥരുടെ സമ്മർദം സഹിക്കവയ്യാതെ നിവൃത്തികെട്ടാണിതു ചെയ്യുന്നതെന്നു പറയുന്ന വിഡിയൊ പുറത്തുവന്നിട്ടുണ്ട്. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയ സുധീർകുമാറാകട്ടെ വിവാഹത്തലേന്നാണ് ആത്മഹത്യ ചെയ്തത്. അടുത്തദിവസം നടക്കേണ്ട വിവാഹത്തിന് അവധി ചോദിച്ചിട്ട് നൽകാത്തതു കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തലും പുറത്തുവന്നു. ഇതോടെ ഒരാഴ്ചയ്ക്കിടയിൽ ഉത്തരേന്ത്യയിൽ തന്നെ ആത്മഹത്യ ചെയ്യുന്ന ബിഎൽഒമാരുടെ എണ്ണം ഏഴായി.

ഒന്നിന് പിറകെ ഒന്നായി ഇന്ത്യയിൽ ഉടനീളം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് എന്തുകൊണ്ട്? തെരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി പറയേണ്ട ചോദ്യമാണിത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശങ്ങളുമായി ബന്ധപ്പെട്ട ജോലി നിർവഹണ സമയങ്ങളിൽ എന്നെങ്കിലും ഇങ്ങനെ ഒരു ദുരവസ്ഥ നമ്മുടെ രാജ്യത്ത് ഇതിനുമുമ്പ് എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? ജോലി, ജോലി സമയം, അവിടെ പാലിക്കേണ്ട നിഷ്കർഷകൾ, ഒരുക്കേണ്ട സൗകര്യങ്ങൾ ഇതൊക്കെ സംബന്ധിച്ച് നിയമങ്ങളും ചട്ടങ്ങളും നിലവിലുള്ള രാജ്യമാണ് ഇന്ത്യ. അതിനു വിരുദ്ധമായി അമിത ജോലിഭാരവും അത് സൃഷ്ടിക്കുന്ന മാനസിക സമ്മർദവും അടിച്ചേൽപ്പിക്കാൻ ഏത് ഉദ്യോഗസ്ഥ പ്രമാണിക്ക് ആരാണ് അധികാരം നൽകിയിരിക്കുന്നത്? ഏതു നിയമത്തിന്‍റെയും ചട്ടത്തിന്‍റെയും അടിസ്ഥാനത്തിലാണ് ആ നിലയിൽ പ്രവർത്തിക്കുന്നത്? ചുരുങ്ങിയ സമയത്തിനുള്ളിൽ കമ്മിഷന്‍റെ നിർദേശപ്രകാരമുള്ള ജോലി നിർവഹണത്തിന്‍റെ ഭാഗമായി ഇത്രയും ഉദ്യോഗസ്ഥർ ജീവൻ ഒടുക്കേണ്ടി വന്ന സാഹചര്യം ഇതിനുമുമ്പ് എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? അത്തരം "കൂട്ട ആത്മഹത്യ"യിലേക്ക് നയിച്ചതിന് ഉത്തരവാദിത്വപ്പെട്ടവർ മറുപടി പറയേണ്ടേ? ഇതിനു കാരണക്കാരായവരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.

സുതാര്യമായും സാവകാശത്തിലും ആവശ്യത്തിന് സമയം എടുത്തും നടത്തേണ്ട വോട്ടർ പട്ടിക പരിഷ്കരണം പോലൊരു നടപടിക്ക് സമയക്കുറവ് കൽപ്പിച്ച് അനാവശ്യ ധൃതി കാണിക്കുന്നതിന് എന്തു ന്യായീകരണമാണുള്ളത്? മേലുദ്യോഗസ്ഥന്മാർ ബി എൽ ഒമാരുടെ മേൽ അനാവശ്യ സമ്മർദം ചെലുത്തുകയാണ്. വിവരം പുറത്തു വരുമ്പോൾ കമ്മിഷൻ ഉദ്യോഗസ്ഥർ ഇത് നിഷേധിക്കുന്നുണ്ടെങ്കിലും വസ്തുത അതല്ല എന്ന് എല്ലാവർക്കും അറിയാം. മേലുദ്യോഗസ്ഥരുടെ ഇത്തരത്തിൽ ഭീഷണി സ്വരത്തിലുള്ള ഫോൺ സംഭാഷണങ്ങൾതന്നെ പുറത്തുവന്നിട്ടുണ്ട്. തങ്ങൾ അടിമകൾ അല്ലെന്നും അത്തരത്തിലുള്ള വിരട്ട് ഒന്നും വേണ്ട എന്ന് ഇതിനോട് മറുപടി പറയുന്ന ചില നട്ടെല്ലുള്ള ഉദ്യോഗസ്ഥരുടെ ശബ്ദ സംഭാഷണങ്ങളും പുറത്തുവന്നു.

സ്വതന്ത്ര ഇന്ത്യയിൽ ഇത് ആദ്യമായാണോ തെരഞ്ഞെടുപ്പും വോട്ടർ പട്ടിക പരിഷ്കരണവും. കമ്മിഷന്‍റെ ഭാവവും നടപടികളും കണ്ടാൽ അത് അങ്ങനെയാണെന്നേ തോന്നൂ. എന്തു വലിയ മനുഷ്യാവകാശ ലംഘനമാണ് കമ്മിഷൻ നടത്തുന്നത്. വിവാഹത്തിന് അവധി ചോദിക്കുന്ന ഒരു ഉദ്യോഗസ്ഥന് അത് നൽകില്ല എന്ന് പറയുന്ന കമ്മിഷൻ ഏത് ലോകത്താണ് ജീവിക്കുന്നത്! ഇത്ര വലിയ കാർക്കശ്യവും ധൃതിയും കാണിക്കാൻ മാത്രം ഇതിനെന്ത് പ്രാധാന്യമാണുള്ളത്? സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷൻ അതിന്‍റെ വിലയും നിലയും മറന്ന് നിയമനം നടത്തിയ രാഷ്‌ട്രീയ യജമാനന്മാരുടെ ഇംഗിതം നടപ്പാക്കുന്ന വെറും ഏജൻസിയായി തരംതാഴ്ന്നതിന്‍റെ നേർചിത്രം!

തെരഞ്ഞെടുപ്പ് സുതാര്യമായും സൂക്ഷ്മമായും വിശുദ്ധമായും നടക്കേണ്ട ഒരു പ്രക്രിയയാണ്. ജനാധിപത്യ പ്രക്രിയയുടെ ആണിക്കല്ല് ഈ തെരഞ്ഞെടുപ്പാണ്. അവിടെ ഉണ്ടാകുന്ന ചെറുതോ വലുതോ ആയ ഏതു പാളിച്ചയും ജനാധിപത്യ പ്രക്രിയയെ ദുർബലമാക്കി കൊണ്ടിരിക്കും. ശരിയായ വോട്ടർ പട്ടികയും അതിൽ ഉൾപ്പെട്ട പൗരന്മാർക്ക് സ്വതന്ത്രമായി വോട്ടവകാശം നിയോഗിക്കാനുള്ള സാഹചര്യവും ജനാധിപത്യ സംവിധാനത്തിന് അനിവാര്യമായ ഘടകങ്ങളാണ്. എന്നാൽ അതാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതും അട്ടിമറിക്കപ്പെടുന്നതും. അതിന്‍റെ ഒട്ടേറെ ഉദാഹരണങ്ങൾ തെളിവുകൾ സഹിതം പുറത്തുവന്നു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ ഈ കാര്യങ്ങൾ അക്കമിട്ട് സൂചിപ്പിക്കുകയും ചെയ്തു. അതിൽ ഉന്നയിക്കപ്പെട്ട വോട്ട് കൊള്ള എന്ന അടിസ്ഥാന പ്രശ്നത്തിന് മറുപടി പറയാനോ അതു തടയാനോ ഉള്ള യാതൊരു നടപടിയും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് മാത്രമല്ല ഇക്കാര്യങ്ങളെ പരിഹസിച്ച് തള്ളാനാണ് കമ്മിഷൻ ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് എസ്ഐആർ ഏറെ വിവാദമാകുന്നത്. ഏറ്റവും ഒടുവിൽ തെരഞ്ഞെടുപ്പ് നടന്ന ബീഹാറിൽ അടക്കം വോട്ടർപട്ടിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ലക്ഷകണക്കിന് വോട്ടുകൾ ഫലത്തെ സ്വാധീനിക്കത്തക്കതായിരുന്നുവെന്ന് കണക്കുകൾ സഹിതം ഇപ്പോൾ പുറത്തുവരുന്നു. ഈ നടപടി മറ്റുള്ളടത്തേക്കും അടിച്ചേൽപ്പിച്ചു വളഞ്ഞ വഴിയിൽ വിജയം നേടാനുള്ള കുൽസിത നീക്കത്തിന് ചുക്കാൻ പിടിക്കുന്ന രാഷ്ട്രീയ യജമാനന്മാരുടെ ചട്ടുകമായി തെരഞ്ഞെടുപ്പ് കമ്മിഷൻ തരംതാണു എന്നാണ് സമീപകാല സംഭവവികാസങ്ങളത്രയും വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമനം സംബന്ധിച്ച് സുപ്രീം കോടതിയുടെ വീക്ഷണം എത്ര ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ നടപടികളെല്ലാം. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമടങ്ങുന്ന സമിതിയായിരിക്കണം ചീഫ് ഇലക്ഷൻ കമ്മിഷനെ തീരുമാനിക്കേണ്ടത് എന്നായിരുന്നു ജസ്റ്റിസ് കെ. എം. ജോസഫ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്‍റെ വിധി. ഭരണഘടനാ തത്വങ്ങളും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള മഹത്തരമായ വിധി. എന്നാൽ ആ വിധിന്യായത്തെ മാനിക്കുകയോ വിലമതിക്കുകയോ ചെയ്യാതെ സുപ്രീംകോടതി, ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി ആസ്ഥാനത്തേക്ക് കേന്ദ്രസർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തുകയാണ് ചെയ്തത്. അങ്ങനെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവുമടങ്ങുന്ന സമിതി. സർക്കാരിന് ഭൂരിപക്ഷമുള്ള സംവിധാനം. കേന്ദ്രസർക്കാർ അത്തരമൊരു തീരുമാനം എടുക്കുമ്പോഴേ ഈ ലക്ഷ്യം പ്രകടമായിരുന്നു. തങ്ങൾക്ക് വിധേയനായി പ്രവർത്തിക്കുന്ന ഒരാളെ ആ സ്ഥാനത്ത് എത്തിക്കുക. അയാളിലൂടെ തങ്ങളുടെ താൽപര്യങ്ങൾ നടത്തിയെടുക്കുക. അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.ഗ്യാനേഷ് കുമാർ എന്ന ചീഫ് ഇലക്ഷൻ കമ്മിഷണർ പദവിയുടെ മഹത്വം മറന്നും അനുസരണയും വിധേയത്വവും നന്നായി പ്രകടിപ്പിച്ച് ആ നിയോഗ ദൗത്യം നന്നായി നിർവഹിച്ചുകൊണ്ടിരിക്കുന്നു! അതുവഴി ജനാധിപത്യ പ്രക്രിയയുടെ പരിപാലകനായി സ്വതന്ത്ര സ്വഭാവത്തോടെ പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനം നിപതിച്ചിരിക്കുന്ന പടുകുഴിയുടെ ആഴം അളക്കാവുന്നതിലേറെ. ടി. എൻ. ശേഷനെ പോലെയുള്ള മഹത്തുക്കൾ ആർജവത്തോടെ വിരാജിച്ച ആ സ്ഥാനത്തിരുന്ന് ഗ്യാനേഷ് കുമാർ പ്രകടിപ്പിക്കുന്ന വിശ്വസ്ത വിധേയത്വം അദ്ദേഹത്തിന് ഭൂഷണമായി തോന്നാമെങ്കിലും ഇന്ത്യ പോലെ ഒരു ജനാധിപത്യ രാജ്യത്തിന്‍റെ ജനാധിപത്യ പ്രക്രിയയുടെ കടയ്ക്കൽ കത്തി വെക്കുകയാണെന്ന മഹാപരാധം പൊറുക്കാവുന്നതല്ല.

''ഉപദേശിക്കാൻ ധാർമികതയില്ല'': രാമക്ഷേത്രത്തിൽ പതാക ഉയർത്തിയതിനെതിരായ പാക് വിമർശനം തള്ളി ഇന്ത്യ

തൃശൂരിൽ ഗർഭിണി പൊള്ളലേറ്റു മരിച്ച നിലയിൽ; മൃതദേഹം വീടിന് പിന്നിലെ കാനയിൽ

തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത് 33,711 പോളിങ് സ്റ്റേഷനുകൾ

സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; 2 കുട്ടികൾ മരിച്ചു

2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ; അഹമ്മദാബാദ് വേദിയാവും