.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
#ഇ.ആർ. വാരിയർ
പ്രതിപക്ഷ നേതാക്കൾക്കെതിരായ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആരോപണം നരേന്ദ്ര മോദി സർക്കാർ കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പ്രതിപക്ഷ നേതാക്കൾ കേന്ദ്ര ഏജൻസികളുടെ കേസുകളിൽ കുടുങ്ങിയിട്ടുണ്ട്. ഇതിൽ സംസ്ഥാന സർക്കാരുകളിലെ മന്ത്രിമാരുമുണ്ടായിരുന്നു എന്നതാണു ശ്രദ്ധേയമായിട്ടുള്ളത്. ഡൽഹിയിലും പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും അധികാരക്കസേരയിലിരിക്കുമ്പോൾ തന്നെ മന്ത്രിമാർ അറസ്റ്റിലായി.
ഡൽഹിയിൽ അരവിന്ദ് കെജരിവാൾ സർക്കാരിൽ മന്ത്രിമാരായിരിക്കുമ്പോഴാണല്ലോ സത്യേന്ദർ ജയിനും മനീഷ് സിസോദിയയും കേന്ദ്ര ഏജൻസികളുടെ പിടിയിലാവുന്നത്. പശ്ചിമ ബംഗാളിൽ വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് മമതയുടെ വിശ്വസ്തനായിരുന്ന പാർഥ ചാറ്റർജിയെ സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ഇഡി അറസ്റ്റു ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ഉദ്ധവ് സർക്കാരിൽ മന്ത്രിയായിരിക്കുമ്പോഴാണ് എന്സിപി നേതാവ് നവാബ് മാലിക്കിനെ അധോലോക ബന്ധവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇഡി അറസ്റ്റു ചെയ്യുന്നത്. ഉദ്ധവ് സർക്കാരിൽ തന്നെ ആഭ്യന്തര മന്ത്രിയായിരുന്ന എന്സിപി നേതാവ് അനിൽ ദേശ്മുഖ് കോഴ ആരോപണത്തിൽ രാജിവച്ചതിനു ശേഷം ഇഡിയുടെ പിടിയിലായി. ഇപ്പോൾ തമിഴ്നാട്ടിലും ഇഡി മന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നു.
കേസുകളുടെ മെറിറ്റ് എന്തു തന്നെയായാലും അതിനപ്പുറം ഈ സംഭവങ്ങളിലൊക്കെ ചർച്ച ചെയ്യപ്പെടുന്നത് രാഷ്ട്രീയമാണ്; അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം. തമിഴ്നാട്ടിൽ വൈദ്യുതി-എക്സൈസ് മന്ത്രി വി. സെന്തിൽ ബാലാജിയെ ഇഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തപ്പോൾ മുഖ്യമന്ത്രി സ്റ്റാലിനും ഇതേ ആരോപണം ആവർത്തിക്കുകയാണു ചെയ്തത്. അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി സർക്കാരിനെതിരേ പ്രതിപക്ഷം ആയുധമാക്കുന്ന പ്രധാന വിഷയവും കേന്ദ്ര അന്വേഷണ ഏജൻസികളുടെ പ്രവർത്തനമാകും. ബിജെപിപക്ഷത്തുള്ള നേതാക്കൾക്കെതിരേ ഉയർന്ന പരാതികളിൽ നടപടികൾ ഉണ്ടാവുന്നില്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്.
സിബിഐയും ഇഡിയും ആദായ നികുതി വകുപ്പും പോലുള്ള ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് അടുത്തിടെ പതിനാലു പ്രതിപക്ഷ കക്ഷികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേന്ദ്ര ഏജൻസികളുടെ നടപടികൾ നേരിടുന്ന രാഷ്ട്രീയ നേതാക്കളിൽ 95 ശതമാനവും പ്രതിപക്ഷത്തുള്ളവരാണെന്ന് അവർ ബോധിപ്പിക്കുകയുണ്ടായി. സുപ്രീം കോടതി ഇടപെട്ട് നടപടികൾക്കു പ്രത്യേക മാനദണ്ഡം ഏർപ്പെടുത്തണമെന്നായിരുന്നു കോൺഗ്രസും ഇടതുപക്ഷവും ഡിഎംകെയും തൃണമുൽ കോൺഗ്രസും അടക്കം പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. എന്നാൽ, പരമോന്നത കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. രാഷ്ട്രീയ നേതാക്കൾക്ക് പ്രത്യേക പരിഗണന നൽകാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.
ഇതിനിടെ, സിബിഐ അന്വേഷണം നേരിടുന്ന 124 പ്രമുഖ നേതാക്കളിൽ 118 പേരും (ഏതാണ്ട് 95 ശതമാനം) പ്രതിപക്ഷത്തുള്ളവരാണെന്ന് അടുത്തിടെ ഒരു കണക്കും പുറത്തുവന്നിരുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് 72 നേതാക്കൾക്കെതിരേ അന്വേഷണം നടന്നപ്പോൾ അതിൽ പ്രതിപക്ഷത്തുണ്ടായിരുന്നവർ 43 പേരായിരുന്നു. ഏതാണ്ട് 60 ശതമാനം. ഇത്തരം കണക്കുകളുടെ പശ്ചാത്തലത്തിലാണ് അന്വേഷണ ഏജൻസി രാഷ്ട്രീയം ഇനിയും ചൂടു പിടിക്കാൻ പോകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് പശ്ചിമ ബംഗാളിലെ ഏതാനും തൃണമുൽ നേതാക്കൾ ബിജെപിയോടു ചേർന്നത് ഇഡിയെ ഭയന്നാണെന്ന് മമതയുടെ പാർട്ടി ആരോപിക്കുകയുണ്ടായി. മഹാരാഷ്ട്രയിൽ ശിവസേന പിളർത്തി ഇപ്പോഴത്തെ മുഖ്യമന്ത്രി എകനാഥ് ഷിൻഡെ ബിജെപിയോടു ചേർന്നതും ഇഡിയെ പേടിച്ചാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
മുൻപ് അണ്ണാ ഡിഎംകെയിലായിരുന്ന സെന്തിൽ ബാലാജി ജയലളിതയുടെ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമന വാഗ്ദാനം നൽകി പണം വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത് എന്നതാണ് സവിശേഷമായി പറയാനുള്ളത്. 2011- 15 കാലയളവിലായിരുന്നു ഈ കേസിന് ആസ്പദമായ സംഭവങ്ങൾ. അന്ന് സ്റ്റാലിനും ഡിഎംകെയും സെന്തിലിനെ അഴിമതിക്കാരനായി കണ്ടിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജയലളിതയുടെ നിര്യാണത്തിനു ശേഷമാണ് സെന്തിൽ ഡിഎംകെയിൽ ചേരുന്നത്. അണ്ണാ ഡിഎംകെയിൽ നിന്നു പുറത്താക്കപ്പെട്ട ടിടിവി ദിനകരനെ പിന്തുണച്ചതിന് അന്നത്തെ നിയമസഭാ സ്പീക്കർ അയോഗ്യത കൽപ്പിച്ച 18 എംഎൽഎമാരിൽ ഒരാളായിരുന്നു ഇദ്ദേഹം. കരൂർ മേഖലയിൽ നിന്നുള്ള കരുത്തനായ നേതാവിന്റെ വരവ് ഡിഎംകെയെ കൂടുതൽ ശക്തമാക്കി എന്നതു യാഥാർഥ്യമാണ്. സ്റ്റാലിന്റെ വിശ്വസ്തനായി വളരെ വേഗം മാറി അദ്ദേഹം. അഴിമതിക്കാരനെ സംരക്ഷിക്കുകയാണ് സ്റ്റാലിൻ എന്നത്രേ ഇപ്പോൾ ബിജെപിയുടെ ആരോപണം.
വർഷങ്ങൾ ഇഴഞ്ഞു നീങ്ങിയ അന്വേഷണത്തിനും നാടകീയമായ വഴിത്തിരിവുകൾക്കും ശേഷമാണ് സമീപകാലത്ത് സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിൽ കേസ് വീണ്ടും സജീവമായത്. സുപ്രീം കോടതി ഇടപെട്ടതിനാലാണ് ഇഡിയുടെ നടപടിയെന്ന് ബിജെപി വാദിക്കുന്നതും ഇതു കണക്കിലെടുത്താണ്. എന്നാൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്നാട് സന്ദർശനത്തിനു പിന്നാലെയാണ് ഇഡിയുടെ റെയ്ഡും അറസ്റ്റും എന്നതാണ് സംഭവത്തിനു രാഷ്ട്രീയ മാനം നൽകാൻ ഡിഎംകെ ഉപയോഗിക്കുന്നത്. രാത്രി അമിത് ഷാ വിമാനമിറങ്ങിയതിനു തൊട്ടുപിന്നാലെ ചെന്നൈയിലുണ്ടായ പവർകട്ട് മനപ്പൂർവം ഉണ്ടാക്കിയതാണെന്ന് ബിജെപി ആരോപിച്ചിരുന്നു. അമിത് ഷായുടെ വാഹന വ്യൂഹം കടന്നുപോകുമ്പോൾ കാത്തുനിന്നിരുന്ന ആയിരങ്ങൾക്ക് അദ്ദേഹത്തെ കാണാൻ കഴിയാത്ത അവസ്ഥയുണ്ടാക്കുകയായിരുന്നു വൈദ്യുതി മന്ത്രിയുടെ ലക്ഷ്യമെന്നാണ് ബിജെപി പ്രവർത്തകർ ആരോപിക്കുന്നത്. വലിയ സുരക്ഷാ വീഴ്ചയായിരുന്നു ഇതെന്നുമുണ്ട് ആരോപണം. എന്നാൽ, അതൊരു സാങ്കേതിക പ്രശ്നമായിരുന്നു എന്നാണ് സെന്തിൽ പ്രതികരിച്ചിരുന്നത്.
തമിഴ്നാട്ടിൽ ബിജെപി 25 സീറ്റാണു ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സന്ദർശനത്തിൽ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഭാവിയിൽ തമിഴ്നാട്ടിൽ നിന്നൊരു നേതാവിനെ പ്രധാനമന്ത്രിയാക്കുന്നതിനെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. തമിഴ്നാട്ടുകാർ (കാമരാജും മൂപ്പനാരും) പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന് അമിത് ഷാ ആരോപിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പു പോരാട്ടം മുന്നിൽക്കണ്ടാണ്. അതിനു പിന്നാലെ ഇഡി കളത്തിലിറങ്ങിയെന്നാണ് ഡിഎംകെയുടെ വാദം.