.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

തെരഞ്ഞെടുപ്പുകളിലെ രസക്കൂട്ടുകള്‍

 

file photo

Special Story

തെരഞ്ഞെടുപ്പുകളിലെ രസക്കൂട്ടുകള്‍

ജയന്‍റ് കില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഡസന്‍ പേര്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും എന്ന് ഉറപ്പാണ്.

MV Desk

വിജയ് ചൗക്ക്|സുധീര്‍നാഥ്

കേരളത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്നത് ഒരു ഉത്സവ പ്രതീതിയിലാണ്. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ ഒരു ഉത്സവ പ്രതീതി ഉണ്ടാകാറില്ല. പാര്‍ലമെന്‍റിലേക്കോ നിയമസഭയിലേക്കോ തദ്ദേശ സ്ഥാപനത്തിലേക്കോ നടക്കുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഇങ്ങനെ തന്നെയാണ് കേരളത്തില്‍. മറ്റു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വോട്ടര്‍മാര്‍ പലരും പ്രചാരണം പോലും അറിയുന്നില്ല. കേരളത്തില്‍ അതു മറിച്ചാണ്. അരയും തലയും മുറുക്കി ഓരോ മുന്നണിയുടെ പ്രവര്‍ത്തകരും പ്രചാരണത്തിനിറങ്ങുന്നു. വാശിയേറിയ വാതുവയ്പ്പുകളും രൂക്ഷമായ പ്രസംഗങ്ങളും ഈ കാലയളവില്‍ കാണാം. പരസ്യ പ്രചരണങ്ങളും ചുവരെഴുത്തും പോസ്റ്ററുകളും ഹോർഡിങ്ങുകളുമൊക്കെ വ്യാപകം. മാറിയ സാഹചര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും അതിശക്തം. ജെന്‍സി യുഗത്തിലെ റീലുകളും ഹിറ്റാണ്.

തെരഞ്ഞെടുപ്പുകളിലെ രസകരമായ ഒട്ടേറെ കാര്യങ്ങള്‍ നമുക്ക് ഇവിടെ ചര്‍ച്ച ചെയ്യാം. അതില്‍ ഏറ്റവും പ്രധാനമാണ് സ്ഥാനാർഥികള്‍ക്ക് തലവേദന ഉണ്ടാക്കുന്ന അപരന്മാര്‍. പ്രമുഖ സ്ഥാനാർഥികളുടെ പേരിന് സമാനമായ പേരുകള്‍ ഉള്ള അപരന്മാര്‍ ഇക്കുറിയും ധാരാളമായി ഉണ്ട്. അവരുടെ ശല്യം കൂടിക്കൂടി വരികയാണ്. അപരന്മാരുടെ സാന്നിധ്യം പ്രമുഖ സ്ഥാനാര്‍ഥികളെ വലയ്ക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രി മുഹമ്മദ് റിയാസ്, മുന്‍ മന്ത്രി കെ.കെ. ശൈലജ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്ക് അപരന്മാരുണ്ട്. ഇവരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ സജീവമാണ്.

ഒരു പാർട്ടിയില്‍ നിന്ന് മറ്റൊന്നിലേക്ക് കാലു മാറുന്ന പ്രവണത പണ്ടേ പല നേതാക്കള്‍ക്കുമുണ്ട്. അത് ഇപ്പോള്‍ സര്‍വസാധാരണമായി. ഇങ്ങനെ കൂറുമാറുന്നതിനോടൊപ്പം ഡീലും ഉണ്ടെങ്കിലോ..? ഡീലാണ് ഇപ്പോൾ വ്യാപകമായി ചര്‍ച്ച ചെയ്യുന്ന വിഷയം എന്നതിനാൽ പഴയൊരു ഡീലിന്‍റെ സംഭവ കഥ പറയാം. ഒപ്പം മുന്നണി മാറ്റവും. വി.കെ. കൃഷ്ണമേനോന്‍റെ നയങ്ങളും രീതികളും കനത്ത വിമര്‍ശനത്തിന് കോണ്‍ഗ്രസിന്‍റെ ദേശീയ തലത്തില്‍ വിധേയമായി. 1962 ഒക്റ്റോബറില്‍ ഇന്ത്യാ- ചൈനാ യുദ്ധത്തിലെ പരാജയത്തെയും ഇന്ത്യന്‍ സൈന്യത്തിന്‍റെ തയാറെടുപ്പില്ലായ്മയെയും കാരണം അദ്ദേഹത്തിന് പ്രതിരോധ മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. 1967ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. നെഹ്റുവിന്‍റെ മരണത്തിനു ശേഷം മകള്‍ ഇന്ദിര ഗാന്ധിയില്‍ നിന്ന് വേണ്ടത്ര പരിഗണന കൃഷ്ണമേനോന് ലഭിച്ചില്ല. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്നാണ് 1971ല്‍ തിരുവനന്തപുരത്ത് നിന്ന് സ്വതന്ത്രനായി ഇടതുപക്ഷ പിന്തുണയോടെ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കമ്യൂണിസ്റ്റ് പിന്തുണ ലഭിക്കാന്‍ കാരണമായത് കൃഷ്ണമേനോന്‍റെ കമ്മ്യൂണിസ്റ്റ് അനുഭാവവും മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിന് വേണ്ടി 1967 നവംബര്‍ 9ന് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിന്‍റെ പേരിലുള്ള കോടതിയലക്ഷ്യ കേസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വാദിച്ചതുമാണ്.

ഇടത് അനുഭാവിയായിരുന്ന കൃഷ്ണമേനോന്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ കാരണം അന്നത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയാണ്. വിദ്യാർഥി രാഷ്‌ട്രീയ നേതാവായിരിക്കുമ്പോഴും യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കുമ്പോഴും ഡല്‍ഹിയിലെത്തുന്ന വയലാര്‍ രവിക്ക് എപ്പോഴും രാഷ്‌ട്രീയ സംരക്ഷണം നല്‍കിയിരുന്നത് കൃഷ്ണമേനോനായിരുന്നു. അദ്ദേഹത്തിന്‍റെ വീട്ടില്‍ തന്നെയായിരുന്നു ഡല്‍ഹിയില്‍ എത്തിയാല്‍ വയലാര്‍ രവി താമസിച്ചത്. രാഷ്‌ട്രീയ ഗുരുവായിത്തന്നെ വയലാര്‍ രവി കൃഷ്ണമേനോനെ കാണുകയും ചെയ്യുന്നു. കൃഷ്ണമേനോന്‍ കോണ്‍ഗ്രസ് രാഷ്‌ട്രീയ ഉപേക്ഷിച്ചെങ്കിലും ശിഷ്യനായ വയലാറിയുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. മേഴ്സിയെ രവി വിവാഹം ചെയ്തപ്പോള്‍ ഡെക്കാന്‍ ഹെറാള്‍ഡിന്‍റെ എറണാകുളം മാധ്യമ പ്രതിനിധിയായി ജോലി വാങ്ങി നല്‍കിയത് കൃഷ്ണമേനോന്‍ ആയിരുന്നു. ജീവിതമാര്‍ഗമായി ഡെക്കാന്‍ ഹെറാള്‍ഡില്‍ നിന്ന് ലഭിച്ച ശമ്പളമായിരുന്നു ആകെ ഉണ്ടായിരുന്നതെന്ന് വയലാര്‍ രവി എപ്പോഴും പറയാറുണ്ട്.

കേരളത്തില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇടത് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാന്‍ എത്തിയ കൃഷ്ണമേനോന് കേരളത്തിലെ ഏത് പാര്‍ലമെന്‍റ് മണ്ഡലവും വിട്ടുകൊടുക്കാന്‍ ഇടതുപക്ഷം തയാറായിരുന്നു. ജന്മദേശമായ പന്ന്യങ്കര ഉള്‍പ്പെട്ട കോഴിക്കോട് പാര്‍ലമെന്‍റ് മണ്ഡലമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. കോഴിക്കോട് സുരക്ഷിതമല്ലെന്നും തിരുവനന്തപുരമാണ് സുരക്ഷിതമെന്നും ബോധ്യപ്പെടുത്തി മണ്ഡലം മാറ്റിയത് വയലാര്‍ രവിയാണ്.

വലതു പക്ഷത്തിന്‍റെ സ്ഥാനാര്‍സ്ഥിയായിരുന്നത് പി.എസ്.പിയുടെ ദാമോദരന്‍ പോറ്റിയായിരുന്നു. പ്രചാരണം ശക്തി പ്രാപിച്ചപ്പോള്‍ അന്നത്തെ തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റായിരുന്ന വക്കം പുരുഷോത്തമന്‍ ശക്തമായ പ്രചാരണമാണ് കൃഷ്ണമേനോനെതിരെ നടത്തിയത്. ഇതില്‍ അസ്വസ്ഥനായ മേനോന്‍ തൊട്ടടുത്ത മണ്ഡലമായ ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടിയായ വയലാര്‍ രവിയെ രാത്രി വിളിച്ചുവരുത്തി. വക്കം പുരുഷോത്തമന്‍റെ രാഷ്‌ട്രീയ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ വഴി കാണണമെന്ന് ആവശ്യപ്പെട്ടു. തന്‍റെ രാഷ്‌ട്രീയ ഗുരുവിനെ രക്ഷിക്കാന്‍ വേണ്ടി വയലാര്‍ രവി വക്കം പുരുഷോത്തമന്‍ അടക്കം ചുറുചുറുക്കുള്ള കോണ്‍ഗ്രസ് നേതാക്കളെയെല്ലാം ചിറയന്‍കീഴിലേക്ക് കര്‍ശനമായി വിളിച്ചുവരുത്തുകയും തെരഞ്ഞെടുപ്പ് തീരുന്നതുവരെ ചിറയിന്‍കീഴില്‍ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുകയും ഉണ്ടായി. കൃഷ്ണമേനോന്‍റെ തിരുവനന്തപുരത്തെ വിജയത്തിന് എതിര്‍ പാര്‍ട്ടിയിലെ യുവജനവിഭാഗം നേതാവായ വയലാര്‍ രവിയുടെ രഹസ്യ പിന്തുണ കൂടി ഉണ്ടായിരുന്നു എന്നതാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്.

പാര്‍ട്ടി മാറാതെ തന്നെ എതിര്‍ മുന്നണിയെ സഹായിക്കുന്ന പല നടപടികളും ഇക്കുറി പലയിടത്തും ഉണ്ടാകും എന്നതില്‍ സംശയമില്ല. ഡീലുകള്‍ ഡീലുകള്‍ എന്ന് എല്ലാ മുന്നണികളും പരസ്പരം നോക്കി വിളിച്ചു പറയുന്നുണ്ട്. എല്ലാ മുന്നണികളിലും വ്യക്തമായി അന്തര്‍ധാരകള്‍ ഉണ്ട് എന്നുവേണം മനസിലാക്കാന്‍. എല്ലാ മണ്ഡലത്തിലും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ഡീലുകള്‍ നടക്കുന്നുണ്ട്. സ്വന്തം മുന്നണിയിലെ സ്ഥാനാർഥിയെ തോല്‍പ്പിക്കാൻ എതിര്‍മുന്നണിയുമായി ഡീൽ ഉണ്ടാക്കുന്നവരും, സ്വന്തം സ്ഥാനാർഥിയെ ജയിപ്പിക്കാൻ മറ്റു മുന്നണിക്കാരുമായി ഉണ്ടാക്കുന്ന ഡീലുകളും ഇന്ന് സാധാരണമാണ്. ചിലത് പരസ്യമാകുമെങ്കിലും ചിലത് വളരെ രഹസ്യമായി തന്നെ നിലകൊള്ളും.

ജയന്‍റ് കില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഡസന്‍ പേര്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും എന്ന് ഉറപ്പാണ്. അപ്രതീക്ഷിത വിജയം നേടുന്നവരെയും വമ്പന്‍ സ്ഥാനാർഥികളെ തോല്‍പ്പിക്കുന്നവരെയും വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് "ജയന്‍റ് കില്ലര്‍'. കേരള രാഷ്‌ട്രീയത്തിലെ ആദ്യത്തെ ജയന്‍റ് കില്ലറായി അറിയപ്പെടുന്നത് വി.പി. നായരാണ്. കേരളശബ്ദം രാഷ്‌ടീയ സാംസ്കാരിക വാരിക കൊല്ലത്തു നിന്നും പ്രസിദ്ധീകരണമാരംഭിച്ചത് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു. 1957ല്‍ എംപിയായിരുന്ന എന്‍. ശ്രീകണ്ഠന്‍ നായരെ തോൽപ്പിച്ചാണ് വി.പി. നായര്‍ ജയന്‍റ് കില്ലറായത്. സ്കൂള്‍ കാലഘട്ടത്തില്‍ ഐഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ്, കെഎസയു കണ്ണൂര്‍ താലൂക്ക് കമ്മിറ്റി പ്രസിഡന്‍റും കെഎസയു സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ എന്നീ പദവികള്‍ വഹിച്ച വ്യക്തിയാണ് കടന്നപ്പള്ളി രാമചന്ദ്രന്‍. 1971ല്‍ കാസര്‍ഗോഡ് ലോകസഭാ മണ്ഡലത്തില്‍ കോൺഗ്രസ് സ്ഥാനാർഥിയായി കടന്നപ്പള്ളി വിജയിച്ചത് മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ഇ.കെ. നായനാരെ തോല്‍പ്പിച്ചായിരുന്നു. ആ സമയം അദ്ദേഹം ലോ അക്കാദമി വിദ്യാർഥിയായിരുന്നു.

1982ല്‍ കോണ്‍ഗ്രസ് നേതാവായ ആര്യാടന്‍ മുഹമ്മദിനെ കോണ്‍ഗ്രസിന്‍റെ മുന്‍ ഡിസിസി പ്രസിഡന്‍റായ ടി.കെ. ഹംസ എൽഡിഎഫ് പിന്തുണയില്‍ സ്വതന്ത്രനായി നിന്ന് തോല്‍പ്പിച്ചു. അങ്ങനെ ഹംസയും ജയന്‍റ് കില്ലറായി. 1991ല്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എം.എം. ലോറന്‍സ് എന്ന പ്രമുഖ സിപിഎം നേതാവിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാ സാമാജികനായ കെ. ബാബു ജയന്‍റ് കില്ലറായി. തുടര്‍ന്നുള്ള നാലു തെരഞ്ഞെടുപ്പുകളിലും (1996, 2001, 2006, 2011) തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നു തന്നെ ബാബു വിജയിച്ചു.

എം. സ്വരാജ് 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കെ. ബാബുവിനെ തോല്‍പ്പിച്ച് ജയന്‍റ് കില്ലറായി മാറി. മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് വി.എസ്. അച്യുതാനന്ദന്‍ സംസ്ഥാന മന്ത്രിയായിട്ടില്ല. പാര്‍ട്ടി ഭൂരിപക്ഷം നേടുമ്പോള്‍ വി.എസ് തോല്‍ക്കുകയും വി.എസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുകയും ചെയ്യുന്ന സ്ഥിതിയായിരുന്നു. 1996ല്‍ കേരളത്തിലെ രാഷ്‌ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഉറച്ച കോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദന്‍ തോല്‍വിയറിഞ്ഞു. തോല്‍പ്പിച്ചത് അത്ര പ്രശസ്തനല്ലാത്ത പി.ജെ. ഫ്രാന്‍സിസ്.

വിജയിച്ചെങ്കിലും കമ്യൂണിസ്റ്റ് സമുന്നത നേതാവ് ഇ.എം.എസ് ഇടറിപ്പോയ രണ്ട് തെരഞ്ഞെടുപ്പുകളുണ്ട്. ഇ.പി. ഗോപാലന്‍ 1940ല്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി അംഗമായി. 64ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി. അച്യുതമേനോനോടും എം.എന്‍. ഗോവിന്ദന്‍ നായരോടുമൊപ്പം സിപിഐ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. അദ്ദേഹം 1970ല്‍ പട്ടാമ്പിയില്‍ ഇ.എം.എസിനോട് പരാജയപ്പെട്ടത് ചെറിയ ഭൂരിപക്ഷത്തിനാണ്. 1977ല്‍ ആലത്തൂരില്‍ നടന്നതാണ് രണ്ടാമത്തേത്. 35ല്‍ താഴെ പ്രായമുണ്ടായിരുന്ന കോണ്‍ഗ്രസിലെ വി.എസ്. വിജയരാഘവനാണ് അന്ന് കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇ.എം.എസിന് കടുത്ത വെല്ലുവിളി കാഴ്ചവച്ചത്. 30,000ത്തിലധികം വോട്ടുകള്‍ക്ക് ഇ.എം.എസ് ജയിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ഫലം വന്നപ്പോള്‍ ജയിച്ചത് വെറും 1,999 വോട്ടിന്.

ഇങ്ങനെ രസകരമായ ഒട്ടേറെ സംഭവങ്ങള്‍ നിറഞ്ഞതാണ് ഓരോ തെരഞ്ഞെടുപ്പും. ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന പ്രചാരണങ്ങളില്‍ നമുക്ക് ചുറ്റും രസകരമായ എത്രയെത്ര സംഭവങ്ങള്‍ ഉണ്ടാകുന്നു. ഇന്നലെ വരെ ഒരു ചേരിയില്‍ ഇരുന്നവര്‍ മറു ചേരിയില്‍ കയറി അവരുടെ വേദികളില്‍ തന്‍റെ പഴയ മുന്നണിയെ കുറിച്ച് വിമര്‍ശന ശരങ്ങളെയ്ത് സംസാരിക്കുന്നത് കാണാം. നേതാക്കളുടെ പ്രസംഗത്തില്‍ ആവേശം കൊള്ളുന്ന അണികളെയും കാണാം. അങ്ങനെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ചില ജയന്‍റ് കില്ലര്‍മാരെയും കാണാനായേക്കും.

മലയാളിക്കൊപ്പം ചേസ് മാസ്റ്ററും ബാറ്റിങ് ഉഷാറാക്കി; ആർസിബിക്ക് ജയത്തോടെ തുടക്കം

'ധുരന്ധർ 2 ഹിറ്റായി, ഞങ്ങൾക്ക് 500 കോടി വേണം'; ആദിത‍്യ ധറിനോട് ആവശ‍്യവുമായി പാക്കിസ്ഥാനിലെ ജനങ്ങൾ| Video

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കത്തിലെ ബിജെപി സീൽ; കൂടുതൽ നടപടി സ്വീകരിച്ച് മുഖ‍്യ തെരഞ്ഞെടുപ്പ് ഓഫിസർ

കുളത്തൂരിൽ എം.കെ. സ്റ്റാലിൻ, ചെപ്പോക്കിൽ ഉദയനിധി; ആദ‍്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തു വിട്ട് ഡിഎംകെ

''ജി. സുധാകരൻ സ്വീകരിക്കുന്നത് കമ്മ‍്യൂണിസ്റ്റ് വിരുദ്ധ നിലപാടുകൾ''; വിമർശിച്ച് എം.വി. ഗോവിന്ദൻ