കേരളം കണ്ടില്ലെന്ന് നടിക്കുന്ന മോദി മാജിക്കിന്‍റെ 12 വർഷങ്ങൾ

 
Special Story

കേരളം കണ്ടില്ലെന്ന് നടിക്കുന്ന മോദി മാജിക്കിന്‍റെ 12 വർഷങ്ങൾ

ദേശീയ സുരക്ഷാ, വിദേശ നയങ്ങളിൽ മോദി വ്യക്തിമുദ്ര പതിപ്പിച്ചു. കണ്ടന്‍ തടിക്കു മുണ്ടന്‍ തടി എന്ന മട്ടില്‍ ആക്രമണത്തിന് കനത്ത തിരിച്ചടിയെന്ന് കാണിച്ചുകൊടുത്തു.

MV Desk

കെ.എസ്.ആർ. മേനോൻ

ഈയിടെ മുഖ്യധാരാ ദൃശ്യ, അച്ചടി മാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടങ്ങളെക്കുറിച്ച് വലിയ പരസ്യങ്ങൾ കണ്ടിരുന്നു. അദ്ദേഹം ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി, 4,399 ദിവസം തുടർച്ചയായി സേവനമനുഷ്ഠിച്ച് 2026 ജൂൺ 10ന്റെക്കോഡിട്ടു. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെയാണ് അദ്ദേഹം മറികടന്നത്‌. എന്നാൽ ഏറെ പ്രധാനം മോദിയുടെ നേട്ടങ്ങൾ എത്രത്തോളം വ്യത്യസ്തമായിരുന്നു എന്നതും കേരളത്തിലെ മാധ്യമങ്ങൾ അവ അവഗണിച്ചു എന്നതുമാണ്‌.

സുരക്ഷ, നയതന്ത്രം, സാമ്പത്തിക വളർച്ച, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ മോദിയുടെ അതുല്യ ചുവടുവയ്പുകള്‍ 70 വർഷത്തിനിടെ മറ്റു പ്രധാനമന്ത്രിമാർക്കു ചെയ്യാൻ കഴിഞ്ഞതിലും അധികമാണ്. ഈ സർക്കാരിന്‍റെ നേട്ടങ്ങൾ എത്രത്തോളം സവിശേഷമായിരുന്നുവെന്ന് ആദ്യം ചർച്ച ചെയ്യാം. ഒരു നേതാവ് എത്രത്തോളം വിജയിച്ചു എന്നതിന്‍റെ ഒരു തെളിവ് ആഗോളതലത്തിൽ ആ രാജ്യത്തിന്‌ കിട്ടുന്ന അംഗീകാരമാണ്. ലോക ഭൂപടത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ പ്രധാനമന്ത്രി മോദി മാറ്റി വരച്ചു. അവഗണിക്കപ്പെട്ട മൂന്നാംലോക രാജ്യമായിരുന്ന ഇന്ത്യയെ മോദി വൻശക്തികളുടെ പങ്കാളിയാക്കി മാറ്റി. കേരളത്തിലെ ബുദ്ധിജീവികളും ചില മാധ്യമങ്ങളും മോദിയെ ഇകഴ്ത്താന്‍ ശ്രമിച്ചപ്പോൾ, ലോക മാധ്യമങ്ങളും ലോക നേതാക്കളും യുക്രെയ്ൻ, ഇറാൻ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ മോദിയുടെ പിന്തുണ തേടി. ഇന്ത്യയുടെ ഊർജ, വ്യാപാര നയങ്ങൾ തങ്ങളുടെ താത്പര്യങ്ങളെ ബാധിക്കുന്നതിനാൽ അവ തിരുത്താന്‍ പോലും അദ്ദേഹത്തോട് അഭ്യർഥിച്ചു.

മോദിയുടെ നയങ്ങള്‍ മികച്ച തെരഞ്ഞെടുപ്പ് വിജയങ്ങൾ സമ്മാനിച്ചു, എൻ‌ഡി‌എയെ കേന്ദ്രത്തിൽ ഉറപ്പിച്ചു. ലോക്‌സഭയിലും രാജ്യസഭയിലും എൻ‌ഡി‌എയ്ക്ക് ഇപ്പോൾ ഭൂരിപക്ഷമുണ്ട്. നിലവിൽ 28 സംസ്ഥാനങ്ങളിൽ 20 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും അവര്‍ അധികാരത്തിലാണ്. ഇന്ത്യയുടെ ഏകദേശം 73% പ്രദേശവും 78% വരുന്ന 110 കോടി ജനങ്ങളും അവരുടെ ഭരണത്തിലാണ്.

ഒരു വന്‍ അഴിമതി പോലുമില്ല. മുന്‍പാണെങ്കില്‍ എല്ലാ സമയവും ബോഫോഴ്സ്, 2ജി സ്പെക്‌ട്രം പോലെയുള്ള കുംഭകോണങ്ങള്‍ ആയിരുന്നു ചര്‍ച്ചകളിൽ നിറഞ്ഞു നിന്നിരുന്നത്. പാശ്ചാത്യ മാധ്യമങ്ങൾ ഉൾപ്പെടെ പലരും മോദി മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് പ്രചരിപ്പിച്ചിട്ടുണ്ട്. നിജസ്ഥിതി എത്ര വ്യത്യസ്തമാണ്. മോദി കൊണ്ടുവരാന്‍ ധൈര്യം കാണിച്ച മുത്തലാഖ് നിരോധന നിയമം മുസ്‌ലിം സ്ത്രീകൾക്ക് വളരെയധികം ഗുണം ചെയ്തു. ഭവനനിർമാണം, ശുചിത്വം, ധനകാര്യം, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയ കേന്ദ്ര പദ്ധതികളിൽ നിന്ന് പ്രയോജനം നേടിയ മുസ്‌ലിങ്ങളുടെ വിഹിതം ജനസംഖ്യയിലുള്ള അവരുടെ വിഹിതത്തേക്കാൾ വളരെ കൂടുതലാണ്. മോദിയെ മുസ്‌ലിം വിരുദ്ധനായി ചിത്രീകരിച്ച പ്രചാരണങ്ങൾക്കിടയിലും ഇത് പാവപ്പെട്ട മുസ്‌ലിം ജനങ്ങളുടെ വോട്ട് കിട്ടാന്‍ മോദിയെ സഹായിച്ചിരിക്കണം.

ജനാധിപത്യ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മോദി ഇതെല്ലാം സാധിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന സർക്കാരിനെയും ഈ 12 വര്‍ഷത്തില്‍ അദ്ദേഹം മറിച്ചിട്ടില്ല. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി തന്‍റെ ഭരണകാലത്ത് ഏകദേശം 50 സംസ്ഥാന സർക്കാരുകളെയാണ് പിരിച്ചുവിട്ടു രാഷ്‌ട്രപതി ഭരണത്തിന്‍റെ കീഴിലാക്കിയത്. 1980ൽ പ്രതിപക്ഷ നേതൃത്വത്തിലുള്ള 9 നിയമസഭകളെ ഒറ്റ ദിവസം ഇന്ദിര പിരിച്ചു വിട്ടിരുന്നു.

ഇതര സംസ്ഥാനങ്ങളിലെ വലിയ പരിവർത്തനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ കേരളത്തിലെ വളരെക്കുറച്ച് മാധ്യമങ്ങൾ മാത്രമേ അവരുടെ ലേഖകരെ അയയ്ക്കുന്നുള്ളൂ. അതിനാൽ അതെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിക്കേണ്ടതുണ്ട്. ഒരിക്കൽ "ബിമാരു' അല്ലെങ്കിൽ രോഗബാധിത സംസ്ഥാനങ്ങളുടെ പട്ടികയിൽപ്പെടുത്തിയിരുന്ന ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് അധികാരത്തിൽ വന്നപ്പോൾ 12 പ്രവർത്തനക്ഷമമായ മെഡിക്കൽ കോളെജുകൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇന്ന് സ്വകാര്യ മെഡിക്കൽ കോളെജുകള്‍ ഉള്‍പ്പെടെ 85 ആയി. യോഗി ഓരോ ജില്ലയിലും ഒരു മെഡിക്കൽ കോളെജ് എന്ന ലക്ഷ്യം വച്ചിട്ടുണ്ട്. യുപിയില്‍ 5 എക്സ്പ്രസ് റോഡുകള്‍ പൂര്‍ത്തിയായി, കൂടുതല്‍ എണ്ണം ഉടനെ തയാറാവും. ഇത്തരം നല്ല വാര്‍ത്തകള്‍ തമസ്കരിച്ചു ചെറിയ വര്‍ഗീയ വിഷയങ്ങളെ പോലും ആഘോഷമാക്കുന്നു.

ഇനി മോദിയുടെ ചില നേട്ടങ്ങളിലേക്ക് വരാം

1. പശ്ചിമ ബംഗാളിൽ നിന്ന് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെ പുറത്താക്കിയതാണ് മോദിയുടെ ഏറ്റവും വലിയ വിജയം. മമതയുടെ അനധികൃത കുടിയേറ്റ അനുകൂല നയങ്ങൾ ബംഗാളിന്‍റെ മാത്രമല്ല, അയൽ സംസ്ഥാനങ്ങളുടെയും ജനസംഖ്യാ അനുപാതങ്ങളില്‍ മാറ്റം വരുത്തി. അവിടെ വ്യാജ തിരിച്ചറിയൽ കാർഡുകൾ നല്‍കി അനധികൃതർക്ക് വോട്ടവകാശം അവകാശപ്പെടാൻ പ്രാപ്തമാക്കി. പുതിയ തീവ്ര തെരഞ്ഞെടുപ്പ് പട്ടികാ പരിഷ്കരണം (എസ്ഐആർ) കൊണ്ടു മാത്രമാണ് ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ സാധിച്ചത്. ഇത് രാജ്യ സുരക്ഷയുടെ വിഷയമാണ്.

2. പത്തുകോടി ഗ്യാസ് കണക്‌ഷനുകൾ നൽകി, 12 കോടിയിലധികം ടോയ്‌ലറ്റുകൾ നിർമിച്ചു. ഇത് ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ആരോഗ്യവും അന്തസും മെച്ചപ്പെടുത്തി. 15 കോടി ടാപ്പ് വാട്ടർ കണക്‌ഷനുകൾ നൽകി വയറിളക്കം മൂലമുള്ള മരണങ്ങൾ പകുതിയായി കുറച്ചു. ഇതും അനുബന്ധ പദ്ധതികളും 25 കോടിപ്പേരെ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്താൻ സഹായിച്ചു. ഇതിന്‍റെ പ്രാധാന്യം മനസിലാക്കാൻ 25 കോടി എന്ന സംഖ്യ 229 രാജ്യങ്ങളിലെ ജനസംഖ്യയേക്കാൾ കൂടുതലാണെന്നും 6 രാജ്യങ്ങളില്‍ മാത്രമേ ഇതില്‍ കൂടുതല്‍ ജനമുള്ളൂ എന്നും അറിയണം.

3. നാഷണൽ ഹൈവേ ശൃംഖല 60% വികസിച്ചു, മൊത്തം ദൂരത്തിലേക്ക് 54,900 കിലോമീറ്റര്‍ കൂട്ടിച്ചേർത്തു. ഇപ്പോൾ 146,200 കിലോമീറ്ററില്‍ എത്തി ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖലയായി മാറി. മോദി അധികാരമേറ്റപ്പോൾ നിലവിലുള്ള 66,000 കിലോമീറ്ററിലേക്ക് 35,000 കിലോമീറ്റർ കൂടി, അതായത് 50 ശതമാനത്തോളം പുതിയ റെയ്‌ല്‍വ‌േ ട്രാക്കുകൾ നിർമിച്ചു.

4. ദേശീയ സുരക്ഷാ, വിദേശ നയങ്ങളിൽ മോദി വ്യക്തിമുദ്ര പതിപ്പിച്ചു. കണ്ടന്‍ തടിക്കു മുണ്ടന്‍ തടി എന്ന മട്ടില്‍ ആക്രമണത്തിന് കനത്ത തിരിച്ചടിയെന്ന് കാണിച്ചുകൊടുത്തു. ബാലാകോട്ട് ആക്രമണങ്ങളിലൂടെ, ആവശ്യമെങ്കിൽ അവരുടെ ഹൃദയ ഭാഗത്ത്‌ കടന്നാക്രമണം നടത്തുമെന്ന് പാക്കിസ്ഥാനോട് പറഞ്ഞു. ഓപ്പറേഷൻസ് സിന്ദൂറിലൂടെ പാക്കിസ്ഥാന്‍റെ ആണവ കേന്ദ്രങ്ങൾ തകര്‍ത്തു, അമെരിക്കയെ വരെ ഞെട്ടിച്ചു.

5. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കി. മുത്തലാഖ് അവസാനിപ്പിച്ചത് മുസ്‌ലിം സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ ധീരമായ നടപടിയായിരുന്നു. 2019ലെ പൗരത്വ ഭേദഗതി നിയമം (സിഎഎ) പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, പാഴ്‌സികൾ, ബുദ്ധ മതക്കാർ തുടങ്ങിയ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വത്തിന് അവസരം നൽകി.

7. നിക്ഷേപം ആകർഷിക്കുന്ന നയങ്ങളുടെ തുടർച്ച ഉറപ്പാക്കി രാഷ്‌ട്രീയ സ്ഥിരത നൽകി. അതിന്‍റെ ഫലമായി ജിഡിപി 2 ട്രില്യൺ ഡോളറിൽ നിന്ന് 4 ട്രില്യനായി വളർന്നു. Purchasing Power Parity (PPP) മാനദണ്ഡം വച്ച് ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി.

8. കൊവിഡ് സമയത്ത് നമ്മുടെ ജനങ്ങളെ പരിപാലിക്കുക മാത്രമല്ല, ആഗോളതലത്തിൽ സഹായം നൽകുകയും ചെയ്തു. ഒരു വർഷം 100 കോടി ഇന്ത്യക്കാർക്ക് രണ്ടുതവണ വാക്സിനേഷൻ നൽകി, അതുതന്നെ അത്ഭുതകരമായ കടമയായിരുന്നു, ആഗോളതലത്തിൽ 100ഓളം രാജ്യങ്ങൾക്ക് 30 കോടി വാക്സിനുകൾ നൽകി.

9. രാജ്യത്ത് 42.78 കോടിയിലധികം ആയുഷ്മാൻ കാർഡുകൾ കൊടുത്തിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് ആശുപത്രിയിൽ പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ലഭിക്കുന്നു. വരുമാനം പരിഗണിക്കാതെ 70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാരെയും ആയുഷ്മാൻ വയോ വന്ദന കാർഡിന് കീഴിൽ ഉൾപ്പെടുത്താൻ പദ്ധതി വിപുലീകരിക്കുകയാണ്.

ഈ നേട്ടങ്ങളെ പല രാഷ്‌ട്രീയ നിരീക്ഷകന്മാരും നിരൂപകരും വിവരിക്കുന്നത് ""മോദി മാജിക്'' എന്നാണ്. വാസ്തവത്തിൽ, മോദിയുടെ "എല്ലാവരോടും ഒപ്പം എല്ലാവർക്കും വികസനം' എന്ന നയമാണ് ഈ മാന്ത്രികതയ്ക്കു പിന്നിൽ. ഇത് തെരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്യുന്നു. രസകരമെന്നു പറയട്ടെ, മോദിണോമിക്സ് എന്ന മോദിയുടെ നയപരിപാടികളെ അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പ് മോഡല്‍ ഇപ്പോൾ മറ്റു പാര്‍ട്ടികളും പകർത്തുകയാണ്. അതായിരിക്കാം ആത്യന്തികമായി ഏറ്റവും വലിയ നേട്ടം.

(എഴുത്തുകാരനും പിടിഐയുടെ മുൻ പശ്ചിമേഷ്യാ കറസ്പോണ്ടന്‍റുമാണ് ലേഖകൻ- 9400911911)

സെൻസസ് നടപടികൾ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു; വിമർശനവുമായി പ്രതിപക്ഷ നേതാവ്

ഡ്രൈവിങ് ടെസ്റ്റ് രീതികളിൽ മാറ്റം; ഇനിമുതൽ 'H' എടുക്കുമ്പോൾ പിൻ ക്യാമറകൾ നോക്കാം

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇടുക്കിയിൽ 2 വിദ്യാര്‍ഥികള്‍ക്ക് രോഗബാധ

നെല്ല് സംഭരണം; എസ്ബിഐ, കാനറ ബാങ്കുകൾ വഴിയുള്ള തുകവിതരണം പുനരാരംഭിച്ചതായി സപ്ലൈകോ

നിയമസഭയിൽ ഇനി പൊതു ജനങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാം; സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍