തീരദേശ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമായ പവിഴപ്പുറ്റുകളും കണ്ടല്‍ക്കാടുകളും മത്സ്യസമ്പത്തും നാശത്തിന് ഇരയാകുന്നു

 
Special Story

മലിനമാക്കപ്പെട്ട തിരമാലകളെ പുനരുജ്ജീവിപ്പിക്കാം

ലക്ഷക്കണക്കിന് തീരദേശ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമായ പവിഴപ്പുറ്റുകളും കണ്ടല്‍ക്കാടുകളും മത്സ്യസമ്പത്തും നാശത്തിന് ഇരയാകുന്നു

MV Desk

ഡോ. ജിതേന്ദ്ര സിങ്

കേന്ദ്ര മന്ത്രി

ഏതു കാലവര്‍ഷത്തിനും മായ്ച്ചുകളയാനാവാത്ത ഓര്‍മകള്‍ കടല്‍ സൂക്ഷിക്കുന്നു. പുലര്‍ച്ചെ ഭാരതത്തിന്‍റെ 11,098 കിലോമീറ്റര്‍ തീരപ്രദേശത്തു കൂടി നടന്നാല്‍, ഒരു കാലത്ത് മലബാറിലേക്ക് സുഗന്ധവ്യഞ്ജന കപ്പലുകളെയും മന്നാര്‍ ഉള്‍ക്കടലിലേക്ക് മുത്തുവാരുന്നവരെയും കൊണ്ടെത്തിച്ച അതേ ഓളങ്ങളില്‍ നിങ്ങള്‍ക്ക് ആ ഓര്‍മകള്‍ കാണാം: ഭാരതീയരുടെ ജീവിതത്തെയും കച്ചവടത്തെയും ആരാധനകളെയും സ്വപ്‌നങ്ങളെയും രൂപപ്പെടുത്തിയ എക്കാലത്തെയും അടങ്ങാത്ത ആദിമ താളം.

എന്നാല്‍ ഇതേ തീരത്തുകൂടി ഇന്ന് നിങ്ങള്‍ നടക്കുകയാണെങ്കില്‍, മറ്റെന്തോ ഒന്നു കൂടി ആ തിരമാലകള്‍ തീരത്തേക്കു കൊണ്ടുവരുന്നതു കാണാം– ഷാംപൂ പാക്കറ്റുകളില്‍ കുരുങ്ങിക്കിടക്കുന്ന കീറിയ മീൻ വല, ഭക്ഷണമെന്ന് തെറ്റിദ്ധരിച്ച് കുപ്പി മൂടിക്ക് മേല്‍ മൂക്കുരസുന്ന കടലാമക്കുഞ്ഞ്, മീനുകളേക്കാള്‍ കൂടുതല്‍ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞ ഒരു മീന്‍പിടുത്തക്കാരന്‍റെ പ്രഭാത ശേഖരം.

പവിഴവും കവടികളും മീന്‍പിടുത്തവും കൊണ്ട് സമ്പത്ത് അളന്നിരുന്ന പുരാതന ഭാരതത്തിനും ഇന്നത്തെ ഭാരതത്തിനും ഇടയില്‍ എവിടെയോ മാലിന്യങ്ങളാല്‍ എഴുതപ്പെട്ട ഒരു സന്ദേശം സമുദ്രം നമുക്ക് നല്‍കി. ഒടുവില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ നമ്മള്‍ അതിന് മറുപടി പറയാന്‍ തുടങ്ങിയതിന്‍റെ കഥയാണിത്.

മുമ്പ് സമുദ്ര പരിപാലനം ഭരണപരമായ ഉപവിഷയം മാത്രമായിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ ഭൂരിഭാഗവും പുഴകളിലൂടെയും ഓടകളിലൂടെയും കായലുകളിലേക്കും സമുദ്രത്തിലേക്ക് ഒഴുകിയെത്തി. അവ നശിക്കുന്നതിന് പകരം "മൈക്രോ പ്ലാസ്റ്റിക്' (5 മില്ലിമീറ്ററില്‍ താഴെ വലിപ്പമുള്ള പ്ലാസ്റ്റിക് കണികകള്‍) ആയി മാറി. മത്സ്യങ്ങള്‍ അവയെ ആഹാരമെന്ന് തെറ്റിദ്ധരിച്ച് കഴിക്കുകയും, അവ നമ്മുടെ ഭക്ഷണ മേശയിലെത്തുകയും ഒടുവില്‍ മനുഷ്യശരീരത്തിലേക്ക് നിശബ്ദമായി പ്രവേശിക്കുകയും ചെയ്യുന്നു. ഉപേക്ഷിക്കപ്പെട്ട വലകളില്‍ കുടുങ്ങി കടല്‍ജീവികള്‍ ചത്തൊടുങ്ങി. ലക്ഷക്കണക്കിന് തീരദേശ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമായ പവിഴപ്പുറ്റുകളും കണ്ടല്‍ക്കാടുകളും മത്സ്യസമ്പത്തും നാശത്തിന് ഇരയാകുന്നു. 9 സംസ്ഥാനങ്ങളെയും 4 കേന്ദ്രഭരണ പ്രദേശങ്ങളെയും തൊട്ടുരുമ്മി കിടക്കുന്ന വിശാലമായ തീരദേശത്തുടനീളം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളികളിലൊന്നാണിത്.

ശുചിത്വം എന്നത് മറ്റാരുടെയെങ്കിലും ഉത്തരവാദിത്തമായി കാണാന്‍ കഴിയില്ലെന്നും, 2014ല്‍ സ്വച്ഛ് ഭാരത് മിഷന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ അത് ഒരു ജനകീയ പ്രസ്ഥാനം ആകണമെന്നും സര്‍ക്കാര്‍ ബോധപൂര്‍വം എടുത്ത തീരുമാനമായിരുന്നു. നമ്മുടെ സമുദ്രങ്ങള്‍, അന്തരീക്ഷം, ഭൗമ സംവിധാനങ്ങള്‍ എന്നിവയുടെ ശാസ്ത്രീയ ചുമതലയുള്ള മന്ത്രാലയം എന്ന നിലയില്‍ ഞങ്ങള്‍ ഞങ്ങളോട് തന്നെ ലളിതമായ ഒരു ചോദ്യം ഉന്നയിച്ചു: ഭാരതത്തിന് അതിന്‍റെ നഗരങ്ങള്‍ ശുചീകരിക്കാന്‍ ജനങ്ങളെ അണിനിരത്താമെങ്കില്‍, സമുദ്രങ്ങളുടെ കാര്യത്തിലും എന്തുകൊണ്ട് അത് സാധ്യമാക്കിക്കൂടാ? അതിനുള്ള ഉത്തരമാണ് 2022ല്‍ "സ്വച്ഛ് സാഗര്‍ സുരക്ഷിത് സാഗര്‍' എന്ന പേരില്‍ വന്നത്. 1986ല്‍ ആരംഭിച്ചതും ഇന്ന് 100ലധികം രാജ്യങ്ങളിലെ സന്നദ്ധപ്രവര്‍ത്തകരെ കൈയുറകളും സഞ്ചികളും ദൃഢനിശ്ചയവുമായി തീരങ്ങളിലെത്തിക്കുന്നതുമായ ആഗോള പരിപാടിയായ "അന്താരാഷ്‌ട്ര തീരദേശ ശുചീകരണ ദിന' വുമായി (സെപ്തംബറിലെ മൂന്നാമത്തെ ശനിയാഴ്ച) ഒത്തുപോകുന്ന തരത്തിലാണ് ഓരോ വര്‍ഷവും ഈ പ്രചാരണം നടക്കുന്നത്.

ആദ്യ വര്‍ഷം 75 ദിവസങ്ങളിലായി 75 കേന്ദ്രങ്ങളിലാണ് നമ്മുടെ സമുദ്ര ഗവേഷണ സ്ഥാപനങ്ങളുടെ പരിശ്രമത്താൽ ഇത് പ്രധാനമായും നടന്നത്. മറ്റ് മന്ത്രാലയങ്ങളും സീമാ ജാഗരണ്‍ മഞ്ച്, പര്യാവരണ്‍ സംരക്ഷണ്‍ ഗതിവിധി തുടങ്ങിയ സന്നദ്ധ സംഘടനകളും കൈകോര്‍ത്തതോടെ അതേ വര്‍ഷം തന്നെ ഈ പ്രചാരണം 836 തീരദേശ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഒരു ലക്ഷത്തിലധികം സന്നദ്ധപ്രവര്‍ത്തകരെ അണിനിരത്താനും കഴിഞ്ഞു.

ഈ സപ്തംബറില്‍ "സ്വച്ഛ് സാഗര്‍ സുരക്ഷിത് സാഗര്‍ 5.0' ആരംഭിക്കുമ്പോള്‍ തീര സംരക്ഷണ സേന, നാവിക സേന, മറ്റ് മന്ത്രാലയങ്ങള്‍, എന്‍സിസി, എന്‍എസ്എസ്, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, കമ്പനികള്‍ എന്നിവര്‍ക്കു പുറമേ കടലിനെ അറിയാവുന്ന മത്സ്യത്തൊഴിലാളി സംഘടനകളും വനിതാ കൂട്ടായ്‌മകളും ഇതില്‍ പങ്കാളികളാകുന്നു. ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി ഉള്‍പ്പെടെയുള്ള നമ്മുടെ സ്ഥാപനങ്ങള്‍ ഈ വര്‍ഷം മാത്രം 100ലധികം കടല്‍ത്തീരങ്ങളില്‍ ശുചീകരണം നടത്തുന്നു. ബിസ്‌ലെരിയെപ്പോലുള്ള പങ്കാളികള്‍ സ്വതന്ത്രമായി മറ്റ് 50 കേന്ദ്രങ്ങളിലും ഈ പ്രവര്‍ത്തനത്തിലുണ്ട്. മന്ത്രാലയം മാത്രമല്ല, രാജ്യം മുഴുവന്‍ ഇതിനായി ഒന്നിക്കുന്നു.

സെപ്തംബര്‍ 19 വരെ നമ്മുടെ തീരപ്രദേശങ്ങള്‍ സമുദ്ര സംരക്ഷണത്തിന്‍റെ വലിയൊരു ഉത്സവത്തിന് വേദിയാകും. കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങളിലൂടെ ചെറുപ്പക്കാര്‍ പങ്കെടുക്കുന്ന സൈക്കിള്‍ റാലി, കടല്‍ത്തീരങ്ങളില്‍ "ഫിറ്റ് ഇന്ത്യ' പ്രഭാത പരിപാടികൾ, മാരത്തൺ എന്നിവ നടക്കും. ലോക ഓസോണ്‍ ദിനത്തില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനം മുകളിലെ അന്തരീക്ഷത്തിന്‍റേയും താഴെ സമുദ്രത്തിന്‍റേയും ആരോഗ്യം ഒന്നാണെന്ന് നമ്മെ ഓര്‍മപ്പെടുത്തും. ഗുജറാത്ത് മുതല്‍ സുന്ദര്‍ബന്‍സ് വരെയും കന്യാകുമാരി മുതല്‍ ആന്‍ഡമാന്‍ വരെയുമുള്ള നമ്മുടെ കടല്‍ത്തീരങ്ങളില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും. ബഹിരാകാശ സാങ്കേതിക വിദ്യകളും നിര്‍മിത ബുദ്ധിയും ശാസ്ത്രീയ അറിവുകളും കുട്ടികളിലേക്ക് എത്തിക്കാന്‍ മത്സരങ്ങള്‍ അടങ്ങിയ "ഓഷ്യന്‍ ഒളിംപ്യാഡ്' സംഘടിപ്പിക്കും. ചിത്രരചന, ഉപന്യാസ മത്സരങ്ങള്‍, "ബൈക്ക്- ടു- ബീച്ച് ' ക്യാംപെയ്ന്‍, "ഇക്കോസെല്‍ഫി' എന്നിവയും നടക്കും.

സെപ്തംബര്‍ 19ലെ അന്താരാഷ്‌ട്ര തീരദേശ ശുചീകരണ ദിനത്തില്‍ ഈ പ്രചാരണം ഏറ്റവും വലിയ ഒറ്റ ദിവസത്തെ ശുചീകരണത്തോടെ പൂര്‍ത്തിയാകും. ഇത് ജിയോ ടാഗ് ചെയ്ത് ഡിജിറ്റലായി ലോഗിന്‍ ചെയ്തിരിക്കുന്നതിനാല്‍ ശേഖരിക്കുന്ന ഓരോ ബാഗ് മാലിന്യവും ഡാറ്റയായി മാറും, കൃത്യമായ കണക്കുകള്‍ അളക്കാനും വരും വര്‍ഷങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും സാധിക്കുന്ന ഒരു റെക്കോര്‍ഡ്.

എന്തുകൊണ്ടാണ് ഈ പ്രവര്‍ത്തനം ഇത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നത് എന്ന് ചിന്തിക്കുമ്പോഴെല്ലാം എന്‍റെ മനസിലേക്ക് ഓടിയെത്തുന്ന ചില മുഖങ്ങളുണ്ട്. വലയില്‍ കുടുങ്ങിയ മീനുകള്‍ വില്‍ക്കും മുന്‍പ് മാലിന്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ ഇപ്പോള്‍ ഒരു മണിക്കൂര്‍ അധികം ചെലവഴിക്കേണ്ടി വരുന്നു എന്ന് പറയുന്ന ഒഡിഷ തീരത്തെ മത്സ്യത്തൊഴിലാളിയാണ് അതിലൊന്ന്. കേരളത്തിലെ ഒരു മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ അമ്മയുടേതാണ് മറ്റൊരു മുഖം; പോളിയോയെക്കുറിച്ചല്ല, മറിച്ച് തന്‍റെ കുട്ടികള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അദൃശ്യമായി എന്തൊക്കെ അടങ്ങിയിട്ടുണ്ടാകാം എന്നതിനെക്കുറിച്ചാണ് അവര്‍ ഇപ്പോള്‍ കൂടുതല്‍ ആശങ്കപ്പെടുന്നത്.

വികസിത ഭാരതത്തിന് കരുത്തേകാന്‍ കഴിയുന്ന വ്യാപാരത്തിന്‍റെയും വിനോദ സഞ്ചാരത്തിന്‍റെയും മത്സ്യബന്ധനത്തിന്‍റെയും ഊര്‍ജത്തിന്‍റെയും ചാലകശക്തിയായി സമുദ്രങ്ങളെ കാണുന്ന "ബ്ലൂ ഇക്കോണമി' യെക്കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍, വാസ്തവത്തില്‍ നമ്മള്‍ സംസാരിക്കുന്നത് അവരുടെ അടുക്കളകളെക്കുറിച്ച് കൂടിയാണ്. ഭാരതത്തോട് സ്വന്തം തീരപ്രദേശങ്ങളെ സ്നേഹിക്കാന്‍ നമ്മള്‍ പുതുതായി ആവശ്യപ്പെടേണ്ടതില്ല. ആ സ്നേഹം നമ്മുടെ ഉത്സവങ്ങളിലും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പാട്ടുകളിലും, സമുദ്ര തീർഥാടനങ്ങളിലും എന്നും നിലനിന്നിരുന്നു.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്