കേരളം കടക്കുന്നത് നിർണായക വഴികളിലേക്ക്
file photo
ജ്യോത്സ്യൻ|ഗ്രഹനില
മെയ് മാസത്തോടെ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കേരള സംസ്ഥാന രാഷ്‌ട്രീയത്തെ മാത്രമല്ല, ദേശീയ രാഷ്‌ട്രീയത്തെയും ഗൗരവമായി സ്വാധീനിക്കുന്ന ഒരു നിർണായക സംഭവമായി മാറുമെന്നുറപ്പാണ്. തുടർച്ചയായി രണ്ടുവട്ടം, നീണ്ട പത്തു വർഷമായി കേരളം ഭരിക്കുന്ന സിപിഎം നയിക്കുന്ന ഇടതു മുന്നണിയും അതിന്‍റെ നേതാവ് പിണറായി വിജയനും ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള രാഷ്‌ട്രീയ വെല്ലുവിളികളാണ് ഈ തെരഞ്ഞെടുപ്പിൽ അഭിമുഖീകരിക്കുന്നത്.
ഇടതു മുന്നണി വീണ്ടും അധികാരത്തിൽ എത്തുന്ന പക്ഷം പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകുമെന്നതിൽ ഒരു സംശയവുമില്ല. അങ്ങനെയൊരു വിജയം സിപിഎമ്മിനും ഇടതു മുന്നണിക്കും ദേശീയ രാഷ്‌ട്രീയത്തിൽ കൂടുതൽ പ്രസക്തിയും സ്വാധീനവും നേടിക്കൊടുക്കും. മറിച്ച്, യുഡിഎഫ് അധികാരത്തിലേറുകയാണെങ്കിൽ, കേരളത്തിൽ ബിജെപിയുടെ വളർച്ച തടയുന്നതിനൊപ്പം ദേശീയ തലത്തിൽ കോൺഗ്രസിന്‍റെ രാഷ്‌ട്രീയ പ്രസക്തി വീണ്ടും ഉറപ്പിക്കപ്പെടും. ബിജെപിക്കെതിരായ ദേശീയതല രാഷ്‌ട്രീയ പോരാട്ടത്തിന് തുടക്കം കുറിക്കുന്ന വേദിയായി കേരളം മാറാനും സാധ്യതയുണ്ട്.
പതിവിനു വിരുദ്ധമായി ഈ തെരഞ്ഞെടുപ്പിൽ ബിജെപിയും ഇക്കുറി രണ്ടു ഡസനിലേറെ മണ്ഡലങ്ങളിൽ അവഗണിക്കാനാകാത്ത ഘടകമാണ്. ഇടതു മുന്നണി വീണ്ടും അധികാരത്തിലെത്തുകയും കോൺഗ്രസിന്‍റെ സ്വാധീനം കുറയുകയും ചെയ്താൽ, കേരള രാഷ്‌ട്രീയത്തിലെ രണ്ടാമത്തെ ശക്തിയായി ബിജെപി മാറുന്ന സാഹചര്യം ഉണ്ടാകാം. എന്നാൽ യുഡിഎഫ് വിജയിച്ചാൽ ബിജെപിയുടെ മുന്നേറ്റം നിയന്ത്രിക്കപ്പെടും. ഇത്തരത്തിൽ എല്ലാ പ്രധാന രാഷ്‌ട്രീയ കക്ഷികളുടെയും നിലനിൽപ്പു തന്നെ ചോദ്യം ചെയ്യപ്പെടുന്ന ജനവിധിയായിരിക്കും 2026ലെ ഫലം.
ഇടതു മുന്നണിയിൽ സിപിഎം, സിപിഐ പോലുള്ള കേഡർ പാർട്ടികളാണ് ശക്തമായി പ്രവർത്തിക്കുന്നത്. ചോദ്യം ചെയ്യപ്പെടാനാകാത്ത നേതൃസ്ഥാനമാണ് ഇടതു മുന്നണിയിലും സിപിഎമ്മിലും പിണറായി വിജയനുള്ളത്. സിപിഎം നേതൃത്വത്തെ വിമർശിക്കാൻ മാത്രം ശക്തിയോ ധൈര്യമോ ഉള്ള ഘടക കക്ഷികളിലില്ല എന്നതും ഇടതു മുന്നണിയുടെ ബലഹീനതയാണ്.
യുഡിഎഫിന്‍റെ സ്ഥിതി ഇതിൽ നിന്നു വ്യത്യസ്തമാണ്. ശക്തമായ ഘടക കക്ഷികളുള്ള മുന്നണിയായതിനാൽ അവിടെ കോൺഗ്രസിന് തീരുമാനമെടുക്കൽ പലപ്പോഴും സങ്കീർണമാണ്. പാണക്കാട് തങ്ങൾ കുടുംബം നയിക്കുന്ന മുസ്‌ലിം ലീഗിന്‍റെ രാഷ്‌ട്രീയ ശക്തി വർധിച്ചുവരികയാണ്. ഉപമുഖ്യമന്ത്രി പദവും പൊതുമരാമത്ത്, വിദ്യാഭ്യാസം, ഐടി, തദ്ദേശ സ്വയംഭരണം തുടങ്ങിയ നിർണായക വകുപ്പുകളുമൊക്കെ ലീഗിന് ലഭിക്കുമെന്ന ചർച്ചകൾ സജീവമാണ്.
കേരളത്തിൽ ക്രൈസ്തവ- മുസ്‌ലിം ബന്ധങ്ങളിൽ സംഘർഷം നിലനിൽക്കുന്നു എന്നത് തുറന്ന സത്യമാണ്. "ലൗ ജിഹാദ്, സാമ്പത്തിക ജിഹാദ്', വഖഫ് ഭൂമി അടക്കമുള്ള വിഷയങ്ങൾ സാമൂഹിക തലത്തിൽ ഇരു സമൂഹങ്ങൾക്കുമിടയിൽ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. യുഡിഎഫ് അധികാരത്തിൽ വന്നാൽ വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളിൽ ക്രൈസ്തവ സമൂഹത്തിന് മുസ്‌ലിം ലീഗിനെ സമീപിക്കേണ്ടിവരും എന്ന ഭയവും പ്രകടമാണ്.
ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് മത നേതാക്കന്മാരുമായി നിലവിലുള്ള ശക്തമായ ബന്ധം ശ്രദ്ധേയമാണ്. എല്ലാ മത- ജാതി വിഭാഗങ്ങളുടെയും മേലധ്യക്ഷർക്കു മുഖ്യമന്ത്രിയെ നേരിട്ടു ബന്ധപ്പെടാനാകുന്ന സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നു. കെ. കരുണാകരന്‍റെ കാലഘട്ടത്തിനു ശേഷം ഇത്ര ശക്തമായ ബന്ധം കേരളം കണ്ടിട്ടില്ല. എൻഎസ്എസും എസ്എൻഡിപി യോഗവും അവയുടെ നേതാക്കളായ ജി. സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും തുറന്ന സമീപനമാണു പിണറായി വിജയനോട് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, ഇതോടൊപ്പം ചില മുസ്‌ലിം സംഘടനകളും ഇടതു മുന്നണിയും തമ്മിൽ ചെറിയ അകലം രൂപപ്പെട്ടുവെന്നതും ഒരു യാഥാർഥ്യമാണ്.
കേരളത്തിൽ തദ്ദേശ, നിയമസഭ, പാർലമെന്‍റ് തെരഞ്ഞെടുപ്പുകൾ വ്യത്യസ്ത രാഷ്‌ട്രീയ സന്ദേശങ്ങളാണ് നൽകാറുള്ളത്. നിയമസഭയിൽ ഇടതുമുന്നണി ഭൂരിപക്ഷം നേടുമ്പോഴും ലോക്സഭയിൽ കോൺഗ്രസിന് ശക്തമായ വിജയം ലഭിക്കുന്നതാണ് പതിവ്. അതിനാൽ തദ്ദേശ തെരഞ്ഞെടുപ്പു ഫലം തന്നെയാണു നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതെന്ന് മുൻകൂട്ടി കാണരുതെന്നും നിയമസഭാ തെരഞ്ഞെടുപ്പു ഫലം കണ്ട് ലോക്സഭാ ഫലം പ്രവചിക്കരുതെന്നും രാഷ്‌ട്രീയ നിരീക്ഷകർ മുന്നറിയിപ്പു നൽകുന്നു.
കേരളത്തിലെ കോൺഗ്രസ് രാഷ്‌ട്രീയത്തിൽ അരനൂറ്റാണ്ടോളം നിർണായക സ്വാധീനം ചെലുത്തിയത് കെ. കരുണാകരനും എ.കെ. ആന്‍റണിയുമായിരുന്നു. ഗ്രൂപ്പുകൾ ഉണ്ടായിരുന്നെങ്കിലും തീരുമാനമെടുക്കാനുള്ള ശക്തിയും നിയന്ത്രണവും ഇവർക്കുണ്ടായിരുന്നു. ഇന്നത്തെ ദേശീയ കോൺഗ്രസ് നേതൃത്വത്തിൽ അത്തരം വ്യക്തതയോ ശക്തിയോ കാണാനില്ല. ഔദ്യോഗിക അധ്യക്ഷനായ മല്ലികാർജുൻ ഖർഗെയെക്കാൾ എല്ലാ തീരുമാനങ്ങളും രാഹുൽ ഗാന്ധിയുടേയും അദ്ദേഹത്തിന്‍റെ ഇടതും വലതുമായി പ്രവർത്തിക്കുന്ന കെ.സി. വേണുഗോപാലിന്‍റേതുമാണെന്ന വിമർശനം വ്യാപകമാണ്.
ഹൈക്കമാൻഡ് സംസ്കാരത്തിന്‍റെ ഭാഗമായ കെ.സി. വേണുഗോപാലിന്‍റെ പ്രവർത്തന ശൈലിയെക്കുറിച്ചും പാർട്ടിക്കുള്ളിൽ തന്നെ നേതാക്കൾക്കിടടയിൽ അതിശക്തമായ അഭിപ്രായവ്യത്യാസമുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ മുതിർന്ന നേതാക്കളുടെ സ്ഥാനം എന്തായിരിക്കും എന്ന ചോദ്യം ഇപ്പോഴും അനിശ്ചിതമാണ്.
ശബരിമല സ്വർണക്കൊള്ള വിവാദം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപണവിധേയനായ പുനർജനി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെരഞ്ഞെടുപ്പു കാലത്ത് വീണ്ടും സജീവമാകുകയാണ്. അന്വേഷണങ്ങൾ സിബിഐയിലേക്കോ മറ്റ് കേന്ദ്ര ഏജൻസികളിലേക്കോ നീങ്ങുന്ന പക്ഷം കേരളത്തിലെയും ഡൽഹിയിലെയും പല രാഷ്‌ട്രീയ നേതാക്കളെയും ഇത് ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും മാറിമാറി ഉയരുമ്പോൾ സത്യം പുറത്തുവരേണ്ടത് അനിവാര്യമാണ്. അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ട ലൈംഗികാരോപണ വിഷയവും വലിയ ചർച്ചയിലുണ്ട്.
മൂന്നുവട്ടം എംഎൽഎയായിരുന്ന ഐഷ പോറ്റി സിപിഎമ്മിൽ നിന്ന് കോൺഗ്രസിലേക്കു ചേക്കേറി. റെജി ലൂക്കോസ് ബിജെപിയിലെത്തി. ജോസ് കെ. മാണിയുടെ കേരള കോൺഗ്രസ് പാർട്ടി ഇടതു മുന്നണി വിടുമോ എന്നതും അറിയാനുണ്ട്. അങ്ങനെ സംഭവിച്ചാൽ അതു വീണ്ടും പിളരുമോ എന്നതും കൗതുകമുള്ള കാര്യമാണ്. അതായത്, കേരളത്തിലെ രാഷ്‌ട്രീയാന്തരീക്ഷം അതീവ കലുഷിതമാണ്. കലങ്ങിയ വെള്ളത്തിൽ ആരാണു മീൻ പിടിക്കുക എന്ന് മെയ് മാസത്തിലെ ജനവിധിയിലൂടെയേ വ്യക്തമാകൂ. ഏതായാലും നിർണായക രാഷ്‌ട്രീയ അന്തരീക്ഷത്തിലേക്കു കേരളം നീങ്ങുകയാണ് എന്നത് തർക്കമില്ലാത്ത യാഥാർഥ്യമാണെന്നാണ് ജോത്സ്യന് പറയാനുള്ളത്.