ജനസഭകളുടെ പുനര്‍വായന
symbolic
വിജയ് ചൗക്ക്|സുധീര്‍നാഥ്
കേരളത്തിലെ പഞ്ചായത്ത്, നഗരസഭ, മുനിസിപ്പൽ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി. എല്ലായിടത്തും പുതിയ അംഗങ്ങളും സാരഥികളും സത്യപ്രതിജ്ഞ ചെയ്തു. സ്റ്റാൻഡിങ് കമ്മറ്റികൾ കൂടി നിലവിൽ വന്നാൽ ഭരണം ആരംഭിക്കും. ഈ അവസരത്തില്‍ തദ്ദേശ സ്ഥാപന ചരിത്രം പരിശോധിക്കുക നന്നായിരിക്കും.
പഞ്ചായത്തുകള്‍ കാലങ്ങളായി നിലവിലിരുന്നു. രാജാവും ബ്രിട്ടീഷുകാരും വാണിരുന്ന കാലത്തും പഞ്ചായത്തുകളുണ്ടായിരുന്നു. അഞ്ച് ഉദ്യോഗസ്ഥരുടെ സമിതി എതാണ് അന്നു പഞ്ചായത്തിനെ നിർവചിച്ചിരുന്നത്. ഗ്രാമീണ കാര്യങ്ങള്‍ തീരുമാനിക്കാനായിരുന്നു ഈ സമിതികള്‍. അവയ്ക്ക് അതത് ഗ്രാമങ്ങളില്‍ നിയമ നിർമാണത്തിനും നീതിന്യായത്തിനും അധികാരമുണ്ടായിരുന്നു. അവയാണ് പിന്നീട് ഗ്രാമങ്ങളിലെ തദ്ദേശ സംവിധാനമായത്.
ബ്രിട്ടീഷ് കാലത്താണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെന്ന ആശയം ഉണ്ടായത്. എന്നാല്‍, അന്ന് പ്രാദേശിക ഭരണം ശക്തിപ്പെടുത്തുന്നതില്‍ ബ്രിട്ടീഷ് ഭരണം ശ്രദ്ധ നൽകിയില്ല. പിന്നീടു ഭരണഘടനയില്‍ ഗ്രാമ സ്വരാജിലൂടെയുള്ള വികേന്ദ്രീകൃത ഭരണം ഒരു ലക്ഷ്യമായി കണക്കാക്കി. രാജ്യത്തിന് എന്നും മാതൃകയാണ് കേരളം. വികേന്ദ്രീകൃത വികസനത്തില്‍ പുതുമ സൃഷ്ടിച്ചത് കേരളമാണ്.
അടിസ്ഥാന തലങ്ങളില്‍ ഭരണത്തിന്‍റെ ജനാധിപത്യപരവും വികേന്ദ്രീകൃതവുമായ പ്രവര്‍ത്തനത്തിന് അടിസ്ഥാനമിട്ടത് ആദ്യ ഇ.എം.എസ് മന്ത്രിസഭയാണ്. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ അധികാരങ്ങള്‍ താഴേക്കു നല്‍കിയല്ലാതെ യഥാർഥ വികേന്ദ്രീകരണം സാധ്യമല്ല. അധികാരത്തിന്‍റെ പിരമിഡ് ഇന്ന് തലകുത്തി നില്‍ക്കുകയാണ്. അത് നിവര്‍ത്തി പുനഃസ്ഥാപിക്കണം. താഴേത്തട്ടില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം തീരുമാനിക്കാനും നടപ്പാക്കാനുമുള്ള അവകാശം ഗ്രാമ പഞ്ചായത്തിനുണ്ടാകണം.
അവിടെ തീര്‍ക്കാന്‍ കഴിയാത്തവ മാത്രമേ ബ്ലോക്ക് പഞ്ചായത്തിനും ജില്ലാ പഞ്ചായത്തിനും നല്‍കേണ്ടതുള്ളൂ. സംസ്ഥാനതലത്തില്‍ തീരുമാനമെടുത്ത് നടപ്പാക്കാന്‍ കഴിയാത്ത പ്രതിരോധം, വിദേശ വ്യാപാരം, വിദേശനയം, അടിസ്ഥാന വ്യവസായങ്ങള്‍, റെയ്‌ല്‍വേ, വ്യോമയാനം, ദേശീയപാത തുടങ്ങി മിച്ചം വരുന്ന വിഷയങ്ങളേ കേന്ദ്രത്തിനു വേണ്ടൂ. ഇപ്രകാരം അടിമുടി അധികാര പുനര്‍വിന്യാസമെന്ന വീക്ഷണമായിരുന്നു ഇ.എം.എസിന് ഉണ്ടായിരുന്നത്.
അടിസ്ഥാനതലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കാൻ 1997ല്‍ അധികാരം, സമ്പത്ത് വൈദഗ്ധ്യം എന്നിവ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറാനുള്ള ധീരമായ നടപടി സര്‍ക്കാര്‍ കൈക്കൊണ്ടു. അതുവരെ വികസന ഫലങ്ങള്‍ താഴേത്തട്ടിലേക്ക് എത്തിയിരുന്നില്ല. നമ്മുടെ പഞ്ചായത്തീരാജ് സംവിധാനം രാജ്യത്തെ തന്നെ മികച്ചതായി സ്വാഗതം ചെയ്യപ്പെട്ടു. സംസ്ഥാനത്ത് സംഭവിച്ച ഈ അദ്ഭുതം കാണാൻ രാജ്യത്തിനകത്തും പുറത്തുനിന്നുള്ള വിദഗ്ധര്‍ ഇവിടെ വന്നിരുന്നു.
സ്വാതന്ത്ര്യാനന്തരം 1993ലെ ഭരണഘടനയുടെ 73, 74 ഭേദഗതി അനുസരിച്ചാണ് ത്രിതല പഞ്ചായത്തീരാജ് സംവിധാനം നിലവില്‍ വന്നത്. ഇത് പഞ്ചായത്തുകളെ മൂന്നു തലങ്ങളാക്കി തിരിച്ചു. അതിനു ഭരണഘടനാപരമായ അംഗീകാരം നേടി. സാമ്പത്തിക വികസനം, സാമൂഹ്യനീതി, കേന്ദ്ര- സംസ്ഥാന പദ്ധതികള്‍ നടപ്പാക്കല്‍ എന്നിവ ഉറപ്പാക്കാന്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലങ്ങളിലായി പ്രവര്‍ത്തിക്കുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ 29 വിഷയങ്ങളില്‍പ്പെട്ട പദ്ധതികള്‍ നടപ്പിലാക്കുക എന്നിവയാണ് ഇവരുടെ ചുമതലകള്‍.
ഇന്ന്, പഞ്ചായത്തുകള്‍ ഗ്രാമീണ വികസനത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നു, ജനകീയ പങ്കാളിത്തത്തോടെയുള്ള ഭരണം സാധ്യമാക്കുന്നു. കേരളത്തില്‍ ഇന്ന് 941 ഗ്രാമ പഞ്ചായത്തുകളുണ്ട്. 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍. അങ്ങനെ ആകെ 1,107 പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ. ഇവയെല്ലാം ചേര്‍ന്നതാണ് കേരളത്തിലെ പഞ്ചായത്തുകള്‍ എന്ന് പൊതുവായി പറയാം.
2024ല്‍ വാര്‍ഡുകളുടെ എണ്ണത്തില്‍ വർധനവുണ്ടായെങ്കിലും, ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം 941 ആയി നിലനിര്‍ത്തുകയാണ്. ഏറ്റവും കൂടുതല്‍ പഞ്ചായത്തുകളുള്ള ജില്ല മലപ്പുറം. ഏറ്റവും കുറച്ച് പഞ്ചായത്തുകളുള്ളത് വയനാട് ജില്ലയിൽ. തെക്കേ അറ്റത്തെ പഞ്ചായത്തായ തിരുവനന്തപുരം ജില്ലയിലെ പാറശാലയും, വടക്കേ അറ്റത്തെ കാസര്‍ഗോഡ് മഞ്ചേശ്വരവും പ്രശസ്തമാണ്. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ജനങ്ങളിലേക്ക് ആശയങ്ങള്‍ നല്‍കാന്‍ നടത്തുന്ന യാത്രകളുടെ തുടക്കമോ ഒടുക്കമോ പാറശാലയോ മഞ്ചേശ്വരമോ ആയിരിക്കും..!
നേട്ടങ്ങള്‍ ഉണ്ടാക്കിയ പഞ്ചായത്തുകളും പരാമര്‍ശിക്കണം. ആദ്യ സമ്പൂർണ കംപ്യൂട്ടര്‍വത്കൃത പഞ്ചായത്ത് തിരുവനന്തപുരത്തെ വെള്ളനാടാണ്. ആദ്യ ശിശു സൗഹൃദ പഞ്ചായത്ത് തിരുവനന്തപുരത്തെ തന്നെ വെങ്ങാനൂരാണ്. തിരുവനന്തപുരത്തെ തന്നെ മാണിക്കല്‍ പഞ്ചായത്താണ് ആദ്യ വയോജന സൗഹൃദ പഞ്ചായത്ത്. സമ്പൂർണ ആധാര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത് വയനാടുള്ള അമ്പലവയല്‍ പഞ്ചായത്തിലാണ്.
വൈ- ഫൈ സംവിധാനം ഏര്‍പ്പെടുത്തിയ ആദ്യ പഞ്ചായത്ത് കാസര്‍ഗോഡ് തൃക്കരിപ്പൂരാണ്. എന്നാല്‍ വൈ- ഫൈ സൗജന്യമായി ഏര്‍പ്പെടുത്തിയത് ഇടുക്കിയിലെ വാഴത്തോപ്പ് പഞ്ചായത്താണ്. പൊതുജന പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ചത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലാണ്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണു സംസ്ഥാനത്തുള്ളത്.
1940ല്‍ ആദ്യം രൂപം കൊണ്ടതും കേരളത്തിലെ ഏറ്റവും വലുതുമായ കോര്‍പ്പറേഷനാണ് തിരുവനന്തപുരം. 1962ല്‍ രൂപം കൊണ്ട ഒരു പ്രധാന വാണിജ്യ നഗരമായ കോഴിക്കോട് 100 ശതമാനം കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ കോര്‍പ്പറേഷന്‍ എന്ന അംഗീകാരം നേടി. തുറമുഖ നഗരം, വ്യാവസായിക തലസ്ഥാനം എന്നീ നിലകളില്‍ പ്രശസ്തമാണ് 1967ല്‍ രൂപം കൊണ്ട കൊച്ചി കോര്‍പ്പറേഷന്‍. കേരളത്തിലെ ഏറ്റവും പ്രാചീന തുറമുഖ നഗരങ്ങളില്‍ ഒന്നും, ലോകത്തിന്‍റെ കശുവണ്ടി തലസ്ഥാനം എന്ന പേരല്‍ പ്രശസ്തവുമാണ് 1998ല്‍ രൂപം കൊണ്ട കൊല്ലം കോര്‍പ്പറേഷന്‍.
സ്വന്തമായി വൈദ്യുത വിതരണാവകാശമുള്ള കേരളത്തിലെ ഏക കോര്‍പ്പറേഷനാണ് 1998ല്‍ രൂപം കൊണ്ട, സാംസ്കാരിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന തൃശൂര്‍ കോര്‍പ്പറേഷന്‍. 2015ലാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ നിലവിൽ വന്നത്. രാജ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏറ്റവും വലിയ നഗരങ്ങളിലെ ഭരണസംവിധാനത്തെയാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്ന് പറയുന്നത്. സിറ്റി കോര്‍പ്പറേഷന്‍, മഹാനഗര്‍ പാലിക, മഹാനഗര്‍ നിഗം, നഗര്‍ നിഗം, നഗരസഭ എന്നെല്ലാം ഇതിന് അപരനാമങ്ങളുണ്ട്.
ചുരുക്കത്തില്‍ കോര്‍പ്പറേഷന്‍ എന്ന് അറിയപ്പെടുന്നു. ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരമാണ് കോര്‍പ്പറേഷന്‍. അതിന്‍റെ തലവനാണ് മേയര്‍, നഗരത്തിലെ പ്രഥമപൗരന്‍. മുനിസിപ്പല്‍ കമ്മിഷണര്‍, അല്ലെങ്കില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയെ സംസ്ഥാന സര്‍ക്കാരാണ് നിയമിക്കുന്നത്. ഭരണ പരമായ ആവശ്യങ്ങള്‍ക്ക് വിവിധ മേഖലകളായും ഡിവിഷനുകളായും തിരിച്ചിരിക്കുന്നു.
മിക്ക സംസ്ഥാനങ്ങളിലും മുനിസിപ്പല്‍ കമ്മിഷണര്‍ ആണ് ഭരണകര്‍ത്താവ്. അതിനാല്‍ മേയര്‍ പദവി ആലങ്കാരികം മാത്രം. മേയറും ഡെപ്യൂട്ടി മേയറും ആണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കോര്‍പ്പറേഷന്‍റെ ദൈനംദിന കാര്യങ്ങള്‍ നോക്കാൻ കോര്‍പ്പറേഷന്‍ സെക്രട്ടറിയെ അല്ലെങ്കില്‍ മുന്‍സിപ്പല്‍ കമ്മിഷണറെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്നു. കോര്‍പ്പറേഷന്‍ സെക്രട്ടറി കൗണ്‍സിലിന്‍റെ തീരുമാനങ്ങള്‍ നടപ്പിലാക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു.
കേരളത്തില്‍ ഒട്ടേറെ ചെറു നഗരങ്ങളുണ്ട്. ഗ്രാമവുമല്ല, മെട്രൊ പട്ടണവുമല്ലാത്ത പ്രദേശങ്ങള്‍. ഇവയുടെ ഭരണത്തിനു നിയമപ്രകാരം രൂപീകരിക്കപ്പെട്ട സംവിധാനമാണ് നഗരസഭകള്‍ അഥവാ മുനിസിപ്പാലിറ്റികള്‍. കേരളത്തില്‍ നിലവില്‍ 87 മുനിസിപ്പാലിറ്റികളാണുള്ളത്. എറണാകുളം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മുനിസിപ്പാലിറ്റികളുള്ളത്- 13. ഇടുക്കി ജില്ലയില്‍ രണ്ടെണ്ണം മാത്രം.
വിസ്തീർണത്തില്‍ ഏറ്റവും വലിയ മുനിസിപ്പാലിറ്റി വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയും ഏറ്റവും ചെറിയ മുനിസിപ്പാലിറ്റി എറണാകുളം ജില്ലയിലെ ആലുവയും. കേരളം ഇന്ത്യയിലെ ഏറ്റവും നഗരവത്കരിക്കപ്പെട്ട രണ്ടാമത്തെ പ്രധാന സംസ്ഥാനമാണ്. ദേശീയപാതയിലൂടെയോ എംസി റോഡിലൂടെയോ ഒക്കെ പോയാൽ ഓരോ 15- 20 കിലോമീറ്റർ ദൂരത്തും ഓരോ മുനിസിപ്പാലിറ്റികൾ കാണാം..!
രസകരമായ ഒട്ടേറെ വിശേഷങ്ങള്‍ ഓരോ തദ്ദേശ സ്ഥാപനങ്ങൾക്കുമുണ്ട്. അവിടെ തെരഞ്ഞെടുപ്പുകളില്‍ രാഷ്‌ട്രീയമുണ്ടെങ്കിലും വ്യക്തികേന്ദ്രീകൃതമായാണ് സ്ഥാനാർഥികളെ ഓരോ പാര്‍ട്ടിയും നിശ്ചയിക്കുക. രാഷ്‌ട്രീയ മത്സരങ്ങളാണ് പുറമേ കാണുന്നതെങ്കിലും പ്രദേശത്തെ ജനകീയ വ്യക്തിത്വങ്ങളെയാണ് കളത്തിലിറക്കുക. അതായത്, ജനകീയ സ്വഭാവമുള്ള ആളുകളായിരിക്കും തെരഞ്ഞെടുക്കപ്പെടുന്നത്. അതുകൊണ്ട് ഇതാണ് ജനങ്ങളുടെ യഥാർഥ തെരഞ്ഞെടുപ്പ്.