.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

പാക് ഭീകരർക്ക് വഴിവെട്ടിയ ഇന്ത്യയുടെ 'ആദിപാപം'!

 

File

Special Story

പാക് ഭീകരർക്ക് വഴിവെട്ടിയ ഇന്ത്യയുടെ 'ആദിപാപം'!

താഷ്‌കന്‍റ് ഉടമ്പടി പ്രകാരം ഇന്ത്യയും പാക്കിസ്ഥാനും പഴയ സ്ഥാനങ്ങളിലേക്ക് സൈന്യത്തെ പിൻവലിച്ചു. അങ്ങനെ ഹാജി പീർ ചുരം തിരികെ നൽകിയ ഇന്ത്യ, ഇന്നും അതിനു കനത്ത വില നൽകിക്കൊണ്ടിരിക്കുന്നു

VK SANJU

''പിതാക്കന്മാരുടെ പാപങ്ങൾ മക്കൾക്കു മേൽ ചുമത്തപ്പെടുന്നു'' എന്ന് ബൈബിൾ പറയുന്നു. അറുപതു വർഷം മുൻപ് ഇന്ത്യൻ ഭരണകൂടത്തിലെ പൂർവികർ ചെയ്ത പാപത്തിന്‍റെ ഫലം പിൻതലമുറ അനുഭവിക്കുന്നതിന്‍റെ ഉദാഹരണമാണ് ഇപ്പോൾ ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണം. 1965ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം പൊരുതി നേടിയ ഹാജി പീർ ചുരത്തിന്‍റെ നിയന്ത്രണം 1966ലെ താഷ്കെന്‍റ് ഉടമ്പടിയിലൂടെ പാക്കിസ്ഥാനു ദാനം ചെയ്യുകയായിരുന്നു ഇന്ത്യ. ഇതേ ഹാജി പീർ ചുരത്തിലൂടെയാണ് ഇന്ന് ഏറ്റവും കൂടുതൽ പാക് ഭീകരർ ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നത്!

പീർ പഞ്ചൽ ശ്രേണിയിൽ സ്ഥിതി ചെയ്യുന്ന ഹാജി പീർ ചുരം, ജമ്മു കശ്മീരിലെ പൂഞ്ചിനെ പാക് അധിനിവേശ കശ്മീരിലുള്ള (PoK) റാവൽകോട്ടുമായി ബന്ധിപ്പിക്കുന്നു. 2,637 മീറ്റർ (8,652 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തന്ത്രപ്രധാനമായ മേഖല, പാക് അധീന കശ്മീരിന്‍റെ താഴ്വരയെ ഒട്ടാകെ നിരീക്ഷിക്കാൻ സൗകര്യമുള്ളതാണ്. 1965ലെ യുദ്ധത്തിൽ ഇന്ത്യ പിടിച്ചെടുത്ത ഈ മേഖല ചർച്ചാ മേശയിൽ വച്ച് തിരികെ നൽകാതിരുന്നെങ്കിൽ, ജമ്മു കശ്മീരിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള പാക് ഭീകരരുടെ ശേഷി ഗണ്യമായി കുറയുമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

വേണ്ടെന്നു വച്ചത് വലിയ നേട്ടങ്ങൾ

പാക് ഭീകരർക്ക് വഴിവെട്ടിയ ഇന്ത്യയുടെ 'ആദിപാപം'!

പൂഞ്ചിനും ഉറിക്കും ഇടയിലുള്ള റോഡ് ദൂരം 282 കിലോമീറ്ററിൽ നിന്ന് 56 കിലോമീറ്ററായി കുറയ്ക്കാൻ ഹാജി പീർ ചുരത്തിനു സാധിക്കും. ഈ ചുരം ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നെങ്കിൽ, ജമ്മുവിലെയും കശ്മീരിലെയും താഴ്വരകൾ കൂടുതൽ എളുപ്പത്തിൽ ബന്ധിപ്പിക്കാനും സാധിക്കുമായിരുന്നു. സൈനികവും വ്യാവസായികവുമായ നേട്ടങ്ങളാണ് ഈ ചുരം വേണ്ടെന്നുവച്ചതിലൂടെ ഇന്ത്യ ഉപേക്ഷിച്ചത്.

വിഭജനത്തിന് മുൻപ്, ജമ്മു താഴ്‌വരയെ കശ്മീർ താഴ്‌വരയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ഹാജി പീർ വഴിയായിരുന്നു. 1948 ൽ പാക്കിസ്ഥാൻ ഹാജി പീർ പാസ് ഉൾപ്പെടെ കശ്മീരിന്‍റെ ഒരു ഭാഗത്ത് അധിനിവേശം നടത്തിയതോടെ ഈ പാത ഉപയോഗശൂന്യമായി.

പാക് അധീന കശ്മീരിന്‍റെ പല ഭാഗങ്ങളിലേക്കും എളുപ്പത്തിൽ പ്രവേശനം നൽകാൻ ഇന്ത്യയെ സഹായിക്കുന്നതായിരുന്നു ഈ പാത. എന്നാൽ, സമാധാന ചർച്ചയിലെ ദീർഘവീക്ഷണത്തിന്‍റെ അഭാവം ഇന്ത്യക്കു തിരിച്ചടിയായി. 1965ൽ ശക്തമായ വിലപേശലിന് അവസരമുണ്ടായിരുന്നിട്ടും ഹാജി പീർ ചുരം പാക്കിസ്ഥാനു തിരികെ നൽകുകയാണ് ഇന്ത്യ ചെയ്തത്.

ആ 'ആദിപാപം' മൂന്ന് തലമുറകൾക്കു ശേഷവും ഇന്ത്യയെ വേട്ടയാടുന്നു. ഹാജി പിർ ചുരത്തിലൂടെ കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റവും ഭീകര പ്രവർത്തനങ്ങളും നടത്തുന്ന പാക്കിസ്ഥാൻ ആയിരം മുറിവുകളിലൂടെ ഇന്ത്യയിൽ രക്തച്ചൊരിച്ചിൽ തുടർന്നുകൊണ്ടേയിരിക്കുന്നു.

ചോരകൊണ്ടെഴുതിയ പാഠം

യുദ്ധത്തിൽ തകർത്ത പാക് ടാങ്കിനു മുന്നിൽ ഇന്ത്യൻ സൈനികോദ്യോഗസ്ഥർ

1965ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ നിന്നുള്ള പാഠങ്ങൾ അവലോകനം ചെയ്തുകൊണ്ട് ലെഫ്റ്റനന്‍റ് ജനറൽ (റിട്ട.) ഡി.ബി. ഷെകത്കർ ഒരിക്കൽ അഭിപ്രായപ്പെട്ടു: ''ചർച്ചാ മേശയിൽ യുദ്ധത്തിന്‍റെ നേട്ടങ്ങൾ നഷ്ടപ്പെടുത്താൻ തുടങ്ങിയാൽ, അവ ഭാവി യുദ്ധങ്ങളിൽ വലിയ തിരിച്ചടിയായി മാറും എന്നതാണ് നമ്മൾ പഠിക്കേണ്ട ഒരു പാഠം.''

ലെഫ്. ജനറൽ ഷെകത്കർ പ്രവചിച്ചതുപോലെ, ഹാജി പീർ ചുരം ചർച്ചാ മേശയിൽ വച്ച് പാക്കിസ്ഥാനു തിരികെ നൽകിയത് പിന്നീടുണ്ടായ യുദ്ധങ്ങളിൽ ഇന്ത്യക്ക് തിരിച്ചടിയാകുകയും ചെയ്തു. 1971ലെ യുദ്ധത്തിൽ ഇന്ത്യയ്ക്ക് നിർണായകമായ മേൽക്കൈ ഉണ്ടായിരുന്നപ്പോഴും, 1999ലെ കാർഗിൽ അതിക്രമം ഫലപ്രദമായി ചെറുത്തപ്പോഴും ചരിത്രപരമായ തെറ്റ് ന്യൂഡൽഹി തിരുത്തിയില്ല.

1948ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ, കശ്മീരിന്‍റെ മൂന്നിലൊന്ന് ഭാഗത്ത് അധിനിവേശം നടത്താൻ പാക്കിസ്ഥാനു സാധിച്ചിരുന്നു. 1962ൽ ചൈനയുമായുണ്ടായ യുദ്ധത്തിൽ ഇന്ത്യ ദുർബലമായെന്ന കണക്കുകൂട്ടലിൽ ആവേശഭരിതരായ പാക്കിസ്ഥാൻ, 1965-ൽ മുഴുവൻ കശ്മീരും പിടിച്ചെടുക്കാൻ ശ്രമം തുടങ്ങി. ആ വർഷം ഓഗസ്റ്റിൽ, പാക്കിസ്ഥാൻ പ്രസിഡന്‍റ് അയൂബ് ഖാൻ, ഓപ്പറേഷൻ ജിബ്രാൾട്ടറിന് അനുമതി നൽകി. ഒളിയുദ്ധത്തിന് തീവ്രവാദികളെ രഹസ്യമായി കശ്മീരിലേക്ക് നുഴഞ്ഞുകയറാൻ അനുവദിച്ചു. പ്രദേശം അസ്ഥിരപ്പെടുത്തുകയും, ഒടുവിൽ പാക്കിസ്ഥാൻ സൈന്യത്തെ ഉപയോഗിച്ച് പിടിച്ചെടുക്കുകയുമായിരുന്നു ലക്ഷ്യം.

അതിവേഗത്തിലുള്ള വിജയമാണ് അയൂബ് കാൻ അന്നു പ്രതീക്ഷിച്ചത്. എന്നാൽ, അതിനു വിരുദ്ധമായി, കശ്മീരിലെ തദ്ദേശവാസികൾ പാക്കിസ്ഥാനെ പിന്തുണച്ചില്ല. നുഴഞ്ഞുകയറ്റം അവസാനിപ്പിച്ചില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.

1965 ഓഗസ്റ്റ് 15ന് ഇന്ത്യൻ സൈന്യം വെടിനിർത്തൽ രേഖ (CFL) മറികടന്ന് മൂന്ന് കുന്നുകൾ പിടിച്ചെടുത്തു. പാക്കിസ്ഥാൻ ഉപയോഗിക്കുന്ന പ്രധാന നുഴഞ്ഞുകയറ്റ മാർഗമായതിനാൽ, ഹാജി പീർ ബൾജ് പിടിച്ചെടുക്കാനും തീരുമാനിച്ചു. ഹാജി പിർ പാസ് പിടിച്ചെടുക്കാനുള്ള ചുമതല മേജർ ജനറൽ എസ്.എസ്. കലാൻ നയിച്ച 19 ഇൻഫൻട്രി ഡിവിഷനും ബ്രിഗേഡിയർ സെഡ്.സി. ബക്ഷി നയിച്ച 68 ഇൻഫൻട്രി ബ്രിഗേഡിന്‍റെ കോർപ്സ് റിസർവിനുമായിരുന്നു.

എന്ത് വില കൊടുത്തും ഹാജി പീർ ചുരം പിടിച്ചെടുക്കുമെന്ന് ഓഗസ്റ്റ് 21ന് ബ്രിഗേഡിയർ ബക്ഷി തന്‍റെ ഉദ്യോഗസ്ഥർക്കു മുന്നിൽ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 26 ന്, 1 പാരാ ബറ്റാലിയൻ സാങ്കിലേക്ക് നീങ്ങി. കനത്ത മഴയിൽ കുത്തനെ മലകയറിയുള്ള ‌സൈനിക നീക്കം. പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്ന് കനത്ത ചെറുത്തുനിൽപ്പുണ്ടായി. എന്നാൽ, ഇന്ത്യൻ സൈന്യം സാങ്ക് പിടിച്ചെടുക്കുക തന്നെ ചെയ്തു. അതിനു ശേഷം ലെഡ്വാലി ഗാലിയും പിടിച്ചെടുത്തു. ബെദോറി കീഴടക്കുക എന്ന അടുത്ത ലക്ഷ്യം മാറ്റിവച്ച് നേരേ ഹാജി പീർ ചുരത്തിലേക്കു പോകാനായിരുന്നു ബ്രിഗേഡിയർ ബക്ഷിയുടെ തീരുമാനം.

മേജർ രഞ്ജിത് സിങ് ദയാലിനെ ചുമതല ഏൽപ്പിച്ചുകൊണ്ട് ബ്രിഗേഡിയർ ബക്ഷി പറഞ്ഞു: ''ഹാജി പീർ പിടിച്ചെടുത്താൽ നിങ്ങളൊരു ഹീറോ ആയിരിക്കും, പക്ഷേ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ഏകപക്ഷീയമായ തീരുമാനമെടുത്തതിന് ഞാൻ അറസ്റ്റ് ചെയ്യപ്പെടും.''

മേജർ രഞ്ജിത് സിങ് ദയാൽ ഓഗസ്റ്റ് 27ന് രാത്രി മുഴുവൻ കനത്ത മഴയിൽ കാൽനടയായി സഞ്ചരിച്ച് തൊട്ടടുത്ത ദിവസം ചുരം പിടിച്ചെടുത്തു. ഓഗസ്റ്റ് 29ന് പാക്കിസ്ഥാൻ ഇതു തിരിച്ചുപിടിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

താഷ്കെന്‍റിലെ നഷ്ടം

ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയും പാക്കിസ്ഥാൻ പ്രസിഡന്‍റായിരുന്ന അയൂബ് ഖാനും.

1966 ജനുവരി 10ന് ഒപ്പുവച്ച താഷ്‌കന്‍റ് ഉടമ്പടിയിൽ, 1965 ഓഗസ്റ്റ് 5നു മുൻപ് നിലവിലുണ്ടായിരുന്ന സ്ഥാനങ്ങളിലേക്ക് ഇന്ത്യയും പാക്കിസ്ഥാനും സൈന്യത്തെ പിൻവലിക്കണമെന്നാണ് നിർദേശിച്ചിരുന്നത്. ധീരമായി പോരാടി നേടിയ ഹാജി പീർ ചുരം തിരികെ നൽകുന്നതും ഇതിൽ ഉൾപ്പെട്ടിരുന്നു.

പാക്കിസ്ഥാന്‍റെ 1,920 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് യുദ്ധത്തിൽ ഇന്ത്യ പിടിച്ചെടുത്തിരുന്നത്. സിയാൽകോട്ട്, ലാഹോർ, കശ്മീർ മേഖലകളുടെ ഫലഭൂയിഷ്ഠമായ ഭൂമിയും തന്ത്രപ്രധാനമായ ഹാജി പീർ ചുരവും ഇതിൽ ഉൾപ്പെട്ടു. പാക്കിസ്ഥാനാകാട്ടെ, ഇന്ത്യയുടെ 550 ചതുരശ്ര കിലോമീറ്റർ പ്രദേശമാണു പിടിച്ചെടുക്കാൻ സാധിച്ചിരുന്നത്. സിന്ധ് പ്രവിശ്യയ്ക്ക് എതിർവശത്തുള്ള മരുഭൂമിയായിരുന്നു ഇതിലേറെയും. തന്ത്രപ്രധാനമായ പ്രദേശങ്ങൾ ഉൾപ്പെടെ ഏകദേശം നാലിരട്ടി പാക്കിസ്ഥാൻ ഭൂഭാഗം പിടിച്ചെടുത്തിട്ടും, താഷ്‌കന്‍റ് കരാറിൽ ഇന്ത്യക്ക് ഒരു ഗുണവും ലഭിച്ചില്ല.

ഹാജി പീർ പാസ് പിടിച്ചെടുത്ത ഓപ്പറേഷനിലെ നേതൃപരമായ പങ്ക് പരിഗണിച്ച് രാജ്യം മഹാവീർ ചക്ര നൽകി ആദരിച്ച ലെഫ്റ്റനന്‍റ് ജനറൽ രഞ്ജിത് സിങ് ദയാൽ 2002ൽ ഒരു അഭിമുഖത്തിൽ പറഞ്ഞു, ''ഈ ചുരം ഇന്ത്യയ്ക്ക് കൃത്യമായും തന്ത്രപരമായ നേട്ടം നൽകുമായിരുന്നു... അത് തിരികെ നൽകിയത് തെറ്റായിരുന്നു... നമ്മുടെ ആളുകൾ ഭൂപടങ്ങൾ വായിക്കുന്നില്ല.''

താഷ്കെന്‍റ് കരാറിനെക്കുറിച്ച് ലെഫ്റ്റനന്‍റ് ജനറൽ ഡോ. ഡി.ബി. ഷെകത്കർ പറഞ്ഞു: ''തന്ത്രപരമായി വളരെ പ്രധാനപ്പെട്ട ഹാജി പിർ ചുരം പാക്കിസ്ഥാനു തിരികെ നൽകിയതിന്‍റെ കാരണങ്ങൾ എന്താണെന്ന് ഞങ്ങൾക്കറിയില്ല. ഇന്നു കശ്മീരിലേക്കുള്ള മുഴുവൻ നുഴഞ്ഞുകയറ്റവും ആ പ്രദേശത്തു കൂടിയാണുണ്ടാകുന്നത്. ഞങ്ങൾ പിടിച്ചെടുത്ത പോസ്റ്റ് ഞങ്ങൾ നിലനിർത്തിയിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നു.''

1965ലെ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിൽ ഇന്ത്യൻ സൈന്യം നടത്തിയ 'തന്ത്രപരമായ മുന്നേറ്റങ്ങളെ' ചർച്ചാ മേശയിൽ 'തന്ത്രപരമായ നേട്ടങ്ങളാക്കി' ഇന്ത്യൻ സർക്കാർ മാറ്റിയിരുന്നെങ്കിൽ, അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റത്തിന്‍റെ പ്രശ്നം പരിഹരിക്കപ്പെടുമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ജനുവരിയിൽ അഭിപ്രായപ്പെട്ടിരുന്നു.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്