മലനിരകളിലെ ഉരുക്കുപാത: കശ്മീരിന്‍റെ റെയ്ൽ വിപ്ലവം

 
Special Story

മലനിരകളിലെ ഉരുക്കുപാത: കശ്മീരിന്‍റെ റെയ്ൽ വിപ്ലവം

ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി റെയ്ൽ ശൃംഖലയിലൂടെ കശ്മീരിനെ ഏകീകരിക്കുക എന്ന ദൃഢനിശ്ചയമാണു സാക്ഷാത്കരിക്കപ്പെട്ടത്.

ജയ വർമ സിൻഹ

(റെയ്ൽവേ ബോർഡ് മുൻ സിഇഒ & ചെയർമാൻ)

ജൂൺ മാസത്തിലെ തെളിഞ്ഞ ദിനത്തിൽ, ജമന്തിപ്പൂക്കളും ദേശീയ പ്രൗഢിയും നിറഞ്ഞുനിന്ന വന്ദേ ഭാരത് എക്സ്പ്രസ്, ശ്രീ മാതാ വൈഷ്ണോ ദേവി കട്രയിൽ നിന്ന് ശ്രീനഗറിലേക്കുള്ള ആദ്യ യാത്ര ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക വീശി യാത്രയ്ക്ക് തുടക്കം കുറിച്ചു. അതിവേഗ ട്രെയ്നിന്‍റെ ഓട്ടം തുടങ്ങിയതിനും അപ്പുറമായിരുന്നു ആ നിമിഷം. ഉരുക്കിനാലും കാഴ്ചപ്പാടിനാലും വിട്ടുവീഴ്ചയില്ലാത്ത ദൃഢനിശ്ചയത്താലും രൂപംകൊണ്ട, നൂറ്റാണ്ടു പഴക്കമുള്ള സ്വപ്നത്തിന്‍റെ സാക്ഷാത്കാരമായിരുന്നു അത്.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി റെയ്ൽ ശൃംഖലയിലൂടെ കശ്മീരിനെ ഏകീകരിക്കുക എന്ന ദൃഢനിശ്ചയമാണു സാക്ഷാത്കരിക്കപ്പെട്ടത്. ട്രെയ്നിലെ യാത്രക്കാരുടെ സന്തോഷകരമായ മുഖങ്ങളിൽ അതു വ്യക്തമായിരുന്നു. അത്യാധുനിക യാത്രാനുഭവമുള്ള കശ്മീരിലേക്കുള്ള ട്രെയ്ൻ നമ്മുടെ എൻജിനീയർമാർ പാകിയ മികവുറ്റ അടിത്തറയിലാണു കുതിച്ചുപായുന്നത്. യാത്രാസമയം കുറച്ച്, അതിവേഗ വന്ദേ ഭാരത് ട്രെയ്നുകൾ ദിവസത്തിൽ രണ്ടു തവണയും, ആഴ്ചയിൽ ആറു തവണയും ഇരു ഭാഗത്തേക്കുമായി ഓടുന്നു.

താഴ്‌വരയിലെ പ്രാദേശിക സാമ്പത്തിക വികസനത്തിന് അവ വളരെയധികം പ്രോത്സാഹനം നൽകുന്നുവെന്നു മാത്രമല്ല, രാജ്യത്തുടനീളമുള്ള വിനോദസഞ്ചാരികൾക്ക് അനുഗ്രഹമായി മാറുകയും ചെയ്യുന്നു. ആറു മുതൽ ഏഴു മണിക്കൂർ വരെയുള്ള റോഡ് യാത്രയ്ക്കു പകരം മൂന്നു മണിക്കൂർ കൊണ്ട് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മനോഹരമായ യാത്ര, പർവതമേഖലയായ കശ്മീരിനെ എല്ലാ കാലാവസ്ഥയിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി യഥാർഥത്തിൽ ഒന്നിപ്പിക്കുകയാണ്.

പതിറ്റാണ്ടുകളായി, സംഘർഷത്തിന്‍റെയും ഒറ്റപ്പെടലിന്‍റെയും ദർപ്പണത്തിലൂടെയാണു കശ്മീരിന്‍റെ കഥ പറഞ്ഞിരുന്നത്. പാലങ്ങൾ, തുരങ്കങ്ങൾ, പർവതങ്ങളിലൂടെ ഇഴനെയ്യുന്ന റെയ്ൽപ്പാതകൾ എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങളുടെ ഭാഷയിൽ അതു മാറ്റിയെഴുതപ്പെടുന്നതു കാണുന്നത് സന്തോഷകരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രഭരണത്തിൽ 11 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ, പ്രത്യേക ട്രെയ്നുകളും ഈ കൂട്ടിയിണക്കൽ കണ്ണിയും കശ്മീരിലെ തദ്ദേശവാസികളുടെ ഭാഗധേയം മാറ്റി‌യെഴുതാൻ സജ്ജമാണ്.

172 വർഷത്തെ രാഷ്ട്രസേവന ചരിത്രത്തിൽ, ഇന്ത്യൻ റെയ്ൽവേ അഭിമാനപൂർവം നിരവധി സുപ്രധാന നാഴികക്കല്ലുകൾ പിന്നിട്ടിട്ടുണ്ട്. റെയ്ൽവേയിൽ സമ്പർക്കസൗകര്യവും ഗതാഗതവും ദൈനംദിന യാഥാർഥ്യമാക്കാൻ അർപ്പണബോധമുള്ള തലമുറകൾ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പ്രശസ്തമായ ഇന്ത്യൻ പരസ്യത്തിലെ വാചകം ഇങ്ങനെയാണ്: "ഇന്ത്യൻ റെയ്ൽവേ ട്രാക്കുകൾ നിർമിക്കുക മാത്രമല്ല ചെയ്യുന്നത്; ദേശീയ ഐക്യത്തിന്‍റെ ഘടനയും കെട്ടിപ്പടുക്കുന്നു'

ഒറ്റപ്പെടലിൽ നിന്ന് ഏകീകരണത്തിലേക്ക്

ചരിത്രപരമായി, കശ്മീരിന്‍റെ ഒറ്റപ്പെടൽ ആലങ്കാരികം മാത്രമായിരുന്നില്ല. അത് ഭൂമിശാസ്ത്രപരവും ശിക്ഷാർഹവുമായ യാഥാർഥ്യമായിരുന്നു. ഹിമാലയൻ മലനിരകളുടെ ഉയരങ്ങളിലുള്ള ഈ മേഖല, ദിവസങ്ങളോളം മഞ്ഞിൽ മൂടപ്പെട്ട് പുറംലോകവുമായി ബന്ധം വിച്ഛേദിക്കപ്പെടുക പതിവായിരുന്നു. ഈ പ്രദേശത്തേക്ക് എത്തിച്ചേരാവുന്ന ദൂരത്തിൽ മാത്രമല്ല, അനുഭവം എന്ന നിലയിലും കശ്മീർ ഏറെ അകലെയായിരുന്നു. റോഡുകൾ പലപ്പോഴും അപകടഭീഷണിയുള്ളതായിരുന്നു. സമ്പൂർണ റെയ്ൽ ഗതാഗതം എന്നതു വളരെക്കാലമായി വാഗ്ദാനം ചെയ്തിരുന്ന മരീചിക മാത്രമായിരുന്നു.

സങ്കീർണമായ ഭൗമരാഷ്ട്രീയ വെല്ലുവിളികളാൽ കുടുങ്ങിക്കിടന്ന കശ്മീർ റെയ്ൽപ്പാതയ്ക്കായുള്ള ബ്രിട്ടിഷ് കാലഘട്ടത്തിലെ നിർദേശം പതിറ്റാണ്ടുകളായി രേഖാചിത്രത്തിൽ മാത്രം നിലകൊണ്ടു. നിരവധി ചർച്ചകൾ, സാധ്യതാ പഠനങ്ങൾ, സാങ്കേതിക വിലയിരുത്തലുകൾ, ആഭ്യന്തര-അന്തർദേശീയ വിദഗ്ധരുമായുള്ള കൂടിയാലോചനകൾ എന്നിവയ്ക്കുശേഷം, 1994ൽ ഉധംപുർ-ശ്രീനഗർ-ബാരാമുള്ള റെയ്ൽപ്പാത (യുഎസ്ബിആർഎൽ) ഔദ്യോഗികമായി അനുവദിച്ചു. വടക്കൻ, തെക്കൻ ഭാഗങ്ങൾ ക്രമാനുഗതമായി പുരോഗമിക്കുകയും ദശാബ്ദത്തിനുള്ളിൽ ഫലപ്രദമായി പൂർത്തീകരിക്കുകയും ചെയ്തപ്പോൾ, കട്ര മുതൽ ബനിഹാൽ വരെയുള്ള മധ്യഭാഗം, എൻജിനീയറിങ്ങിന്‍റെയും സുരക്ഷയുടേതുമായ ഹിമാലയൻ വെല്ലുവിളി ഉയർത്തി.

വർഷങ്ങളോളം, ഈ റെയ്ൽപ്പാത, പർവതങ്ങളുടെ വിടവിലൂടെയുള്ള നീട്ടിയ കൈകൾ പോലെ, വിച്ഛേദിക്കപ്പെട്ട രണ്ടു ഭാഗങ്ങളായി നിലകൊണ്ടു. എന്നാൽ ആ വിടവ് പ്രതിനിധാനം ചെയ്തത്, നേരിട്ടുള്ള ആ കാഴ്ചയേക്കാൾ അതീതമായ ഒന്നിനെയായിരുന്നു. സർക്കാർ ദേശീയ മുൻഗണനയായി പ്രഖ്യാപിച്ചപ്പോഴാണ് USBRL പദ്ധതി പൂർത്തിയാക്കാനുള്ള അവസാന ശ്രമം ഉണ്ടായത്. ദൃഢനിശ്ചയവും അത്യാധുനിക സാങ്കേതികവിദ്യയും ഒരുമിച്ചു പ്രവർത്തിച്ചതോടെ, ഒടുവിൽ അക്ഷരാർത്ഥത്തിൽ, ഈ തുരങ്കത്തിന്‍റെ ഓരത്ത് വെളിച്ചം കണ്ടു. റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കൃത്യമായി പറഞ്ഞതുപോലെ, ഗതാഗതമാർഗം എന്നതിനപ്പുറം ഇത് രാഷ്ട്രനിർമാണ ശ്രമമാണ്.

ഉരുക്ക് ആകാശത്തെ വെല്ലുവിളിക്കുന്ന ഇടം

സ്വാതന്ത്ര്യാനന്തര കാലത്തെ ഇന്ത്യയുടെ സ്വപ്നതുല്യമായ റെയ്ൽ സംരംഭമാകും യുഎസ്ബിആർഎൽ പദ്ധതി. ഉധംപുരിനും ബാരാമുള്ളയ്ക്കും ഇടയിലെ 272 കിലോമീറ്റർ ദൂരം 40 തുരങ്കങ്ങളിലൂടെയും 900ലധികം പാലങ്ങളിലൂടെയും കടന്നുപോകുന്നു. എല്ലാത്തിനും മധ്യത്തായി‌ റെക്കോഡ് ഭേദിക്കുന്ന ചെനാബ് പാലമുണ്ട്, ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയ്ൽവേ പാലം. നദീതടത്തിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്. 260 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനെയും ഭൂകമ്പ മേഖല 5ന്‍റെ ഭൂചലനങ്ങളെയും നേരിടാൻ ഈ എൻജിനീയറിങ് അദ്ഭുതത്തിന് കഴിയും. അതിനടുത്തായി, കേബിളിൽ നിലകൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ റെയ്ൽവേ പാലമായ അഞ്ജി ഖഡ് ബ്രിഡ്ജ് സ്ഥിതിചെയ്യുന്നു. താഴ്‌വരയിലൂടെ നീളുന്ന ഈ പാലം, ഒരു പൈലോണിലാണ് നിലകൊള്ളുന്നത്. 96 കേബിളുകൾ ഇതിനു സഹായമേകുന്നു.

പീർ പഞ്ജാൽ ശ്രേണിയിലൂടെയുള്ള 11 കിലോമീറ്റർ നീളമുള്ള ടി-80 (ബനിഹാൽ - കാസിഗുണ്ഡ്) തുരങ്കം ഉൾപ്പെടെയുള്ള തുരങ്കങ്ങൾ, ഡൈനാമൈറ്റും മനുഷ്യരുടെ പരിശ്രമവും ഒന്നിച്ചുചേർത്ത് പാറകൾ തുരന്നാണ് കെട്ടിപ്പടുത്തത്. ഭൗതിക സർവെകൾ നടത്തിയതു കുതിരപ്പുറത്താണ്. ഡ്രോണുകളും ഉപഗ്രഹചിത്രീകരണവും ആകാശപിന്തുണയേകി. കഠിനമായ ശൈത്യകാലം, അപ്രതീക്ഷിത മണ്ണിടിച്ചിൽ, പാക്കിസ്ഥാൻ സഹായമുള്ള ഭീകരാക്രമണങ്ങളുടെ ഭീഷണി എന്നിവയ്ക്കിടയിലും തൊഴിലാളികൾ കഠിനാധ്വാനം ചെയ്തു.

ഇന്ന്, 190 കിലോമീറ്ററിലധികം തുരങ്കങ്ങളും ആയിരക്കണക്കിന് ടൺ ഉരുക്കും കടന്ന്, ആ പാത പൂർണതയിലെത്തിയിരിക്കുന്നു. കൃത്യതയുള്ള എൻജിനീയറിങ്ങും സവിശേഷ കാഴ്ചപ്പാടും സംയോജിപ്പിച്ച്, താഴ്‌വരയെ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളുമായി ആഴത്തിൽ പ്രതീകാത്മകമായ രീതിയിൽ കൂട്ടിയിണക്കുന്ന നേട്ടമായി ഇതു മാറി.

പ്രതീക്ഷയെന്ന ട്രെയ്ൻ

പല തരത്തിലും, വന്ദേ ഭാരത് എക്സ്പ്രസ് ട്രെയ്ൻ മാത്രമല്ല. ഒരു പ്രതീകമാണ്. അതു പുൽമേടുകളിലൂടെയും താഴ്‌വരകളിലൂടെയും നിശബ്ദമായി സഞ്ചരിക്കുന്നു. ശാരീരികവും മാനസികവുമായ ദൂരങ്ങൾക്കിടയിൽ പാലം പണിയുന്നു. കശ്മീർ ഇനി അകലെയല്ലെന്ന് പ്രഖ്യാപിക്കുന്നു!ശ്രീനഗറിനും കട്രയ്ക്കും ഇടയിലെ യാത്രാ സമയം ഏകദേശം ആറിൽ നിന്നു മൂന്നു മണിക്കൂറായി കുറയ്ക്കാൻ അതിനായി. മണ്ണിടിച്ചിൽ സാധ്യതയുള്ള ഹെയർപിൻ വളവുകളിലൂടെയും പ്രവചനാതീതമായ കാലാവസ്ഥയിലൂടെയും ഒരുകാലത്ത് ദുഷ്‌കരമായിരുന്ന റോഡ് യാത്ര, ഇപ്പോൾ വിശ്വസിക്കാൻ പോലുമാകാത്ത തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയുമുള്ള സുഗമ യാത്രയാണ്.

ഇതു നഗരങ്ങളെ മാത്രമല്ല, ജീവിതങ്ങളെയും കൂട്ടിയിണക്കുന്നു. വിദൂര ഗ്രാമങ്ങളിലെ കുട്ടികൾ ഇപ്പോൾ ജമ്മുവിലെയും ഡൽഹിയിലെയും സർവകലാശാലകളെക്കുറിച്ചാണു സംസാരിക്കുന്നത്. പ്രാദേശിക കരകൗശല വിദഗ്ധർ, ആപ്പിൾ കർഷകർ, പരവതാനി നെയ്ത്തുകാർ എന്നിവർ ഇപ്പോൾ തങ്ങളുടെ ഉത്പന്നങ്ങൾ താഴ്‌വരയ്ക്കപ്പുറമുള്ള വിപണികളിലേക്ക്, കൂടുതൽ വേഗത്തിൽ കൂടുതൽ പുതുമയോടെ കൂടുതൽ ദൂരത്തിൽ എത്തിച്ചേരുന്നതു കാണുന്നു.

"ഒരുകാലത്ത് ചെക്ക്‌പോസ്റ്റുകളുംവൈകുന്ന യാത്രകളും ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ട്രെയ്നിന്‍റെ ശബ്ദം കേൾക്കുന്നു. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങൾ എത്തുന്നതുവരെ നാം കാത്തിരിക്കേണ്ടതില്ല. ഞങ്ങൾ അതിനൊപ്പം നീങ്ങുകയാണ്.' - ശ്രീനഗറിലെ യുവവ്യാപാരി പറഞ്ഞു.

ഇപ്പോഴും വികസിക്കുന്ന

പുതിയ പ്രയാണം

കശ്മീരിന്‍റെ സങ്കീർണമായ പ്രശ്നങ്ങൾ ഒരു ട്രെയ്ൻ പരിഹരിക്കുമെന്ന് ഇതിനർത്ഥമില്ല. അടിസ്ഥാന സൗകര്യങ്ങൾക്ക് ചരിത്രം മായ്ക്കാനോ മുറിവുകൾ ഉടനടി ഉണക്കാനോ കഴിയില്ല. സുരക്ഷാ ആശങ്കകൾ ഇനിയും പരിഹരിക്കേണ്ടതുണ്ട്. പക്ഷേ ഇതു വാതായനങ്ങൾ തുറന്നിടും; പ്രതീകാത്മകമായി മാത്രമല്ല, അക്ഷരാർത്ഥത്തിലും. സാമ്പത്തികവും സാമൂഹികവും ആത്യന്തികമായി വൈകാരികവുമായ സംയോജനത്തിന് അടിത്തറയിടാനും ഇതിന് കഴിയും.

കോളനിവാഴ്ചക്കാലത്ത് രേഖാചിത്രങ്ങളിൽ സ്വപ്നമായി ആരംഭിച്ച ഒന്നാണിപ്പോൾ ഹിമാലയൻ നിരകളിൽ പറ്റിച്ചേർന്നുകിടക്കുന്ന ഉരുക്കു റെയ്ൽപ്പാതകളായി യാഥാർത്ഥ്യമായത്. കശ്മീരിലേക്കുള്ള റെയ്ൽ പാത, ദുഷ്കരമായ ഭൂപ്രകൃതിയോടും ഭീകരതയോടും കാലതാമസത്തോടും ഭയപ്പെടാൻ വിസമ്മതിച്ച ഒരു രാജ്യത്തിന്‍റെ കഥ തന്നെയാണ്. പർവതനിരകളിലെ നിഴലുകളിൽ നിന്നു സൂര്യപ്രകാശമുള്ള സ്റ്റേഷനുകളിലേക്ക്, പുതിയ പ്രയാണം ആരംഭിച്ചിരിക്കുകയാണ്!

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം