.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ട്രംപിൽ നിന്നു വാക്കുകളാൽ അഭൂതപൂർവമായ ആക്രമണങ്ങൾ നേരിട്ടെങ്കിലും, മോദി ക്ഷമാപണം നടത്താൻ തിടുക്കം കാട്ടിയില്ല; പകരം, തന്‍റെ രാഷ്‌ട്രത്തിന്‍റെ അന്തസ് ഉയർത്തിപ്പിടിച്ചു ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചു....
പ്രൊഫ. സാക്കി ശാലോം
കുറച്ചു മാസങ്ങളായി, അമെരിക്ക - ഇന്ത്യ ബന്ധം പരസ്പര വിശ്വാസവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രതിസന്ധിയിൽ കുടുങ്ങിയിരിക്കുകയാണ്. വ്യാപാര താരിഫ് നയം, റഷ്യയുമായുള്ള ഇന്ത്യയുടെ പ്രത്യേക ബന്ധം, പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ അതിർത്തി സംഘർഷങ്ങളോടുള്ള അമെരിക്കൻ ഭരണകൂടത്തിന്‍റെ സമീപനം എന്നിവ സംബന്ധിച്ച ആഴത്തിലുള്ള തർക്കമാണ് ഇതിന്‍റെ പശ്ചാത്തലം.
അമെരിക്കയിൽ നിന്നുള്ള ഇറക്കുമതിക്കു ന്യൂഡൽഹി ചുമത്തുന്ന ഉയർന്ന താരിഫുകളിലെ അതൃപ്തി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. അദ്ദേഹം പറഞ്ഞത് "ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്ന്'' എന്നാണ്. സ്വന്തം രാജ്യത്തേക്കുള്ള ഇറക്കുമതി താരിഫുകൾ ഏകദേശം 50 ശതമാനമായി ഉയർത്തിയാണ് അദ്ദേഹം അതിനോടു പ്രതികരിച്ചത്.
എന്നിരുന്നാലും, അതിനപ്പുറം മറ്റു പ്രശ്നങ്ങളുമുണ്ടായിരുന്നു. റഷ്യയുമായി അടുത്ത ബന്ധം പുലർത്തുകയും റഷ്യൻ അസംസ്കൃത എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവായി കണക്കാക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യ, ട്രംപിന്‍റെ വാക്കാലുള്ള കഠിനമായ ആക്രമണത്തിനു വിധേയമായി. റഷ്യയുടെയും ഇന്ത്യയുടെയും സമ്പദ്‌വ്യവസ്ഥകളെ "മൃത സമ്പദ് വ്യവസ്ഥകൾ'' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അവ "പരസ്പരം ഉന്മൂലനം ചെയ്യുന്നു'' എന്നും അവകാശപ്പെട്ടു. കൂടാതെ ഇന്ത്യയുടെ വ്യാപാരം യുക്രെയ്നിനെതിരായ മോസ്കോയുടെ യുദ്ധയന്ത്രത്തിന് ഇന്ധനം നൽകുന്നുവെന്നും ആരോപിച്ചു. "പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്നിൽ മൃതിയടഞ്ഞവരെ ശ്രദ്ധിക്കുന്നില്ല'' എന്നുപോലും ട്രംപ് പറഞ്ഞു. ആ പ്രസ്താവന വ്യക്തിപരമായ അധിക്ഷേപവും ഉയർന്നുവരുന്ന ശക്തിയായുള്ള ഇന്ത്യയുടെ സ്ഥാനത്തെ അപമാനിക്കുന്നതുമായിരുന്നു.
പാക്കിസ്ഥാനുമായുള്ള അതിർത്തി സംഘർഷങ്ങളിൽ നിഷ്പക്ഷ മധ്യസ്ഥനായി സ്വയം സ്ഥാപിക്കാൻ ട്രംപ് ശ്രമിച്ചു. അദ്ദേഹം കടുത്ത സമ്മർദം ചെലുത്തുകയും ഇരുവശത്തും ഉപരോധമേർപ്പെടുത്തുമെന്നു ഭീഷണി മുഴക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യയുടെ വെടിനിർത്തൽ പ്രഖ്യാപനവും വന്നു. പിന്നീട്, പാക്കിസ്ഥാൻ അദ്ദേഹത്തിന്‍റെ മധ്യസ്ഥതയെ പ്രശംസിച്ച്, അദ്ദേഹത്തിനു സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകാൻ നിർദേശിച്ചു. എന്നാൽ മറുവശത്ത്, ന്യൂഡൽഹി വാഷിങ്ടണിന്‍റെ പങ്കു കുറച്ചുകാണുകയാണുണ്ടായത്. ഇരു രാഷ്‌ട്രങ്ങളും തമ്മിലുള്ള വിശ്വാസക്കുറവ് ആഴത്തിൽ വ്യക്തമായ മറ്റൊരു സന്ദർഭമാണിത്.
മോദിയുടെ കടുത്ത പ്രതികരണം സാമ്പത്തിക- സൈനിക സംഘർഷത്തിൽ നിന്നു മാത്രമല്ല, വ്യക്തിപരവും ദേശീയവുമായ അന്തസ് വ്രണപ്പെട്ടുവെന്ന തോന്നലിൽ നിന്നു കൂടിയാണു പ്രധാനമായും ഉടലെടുത്തത്. പ്രസിഡന്‍റ് ട്രംപിൽ നിന്നുള്ള നാലു ഫോൺ വിളികളും അദ്ദേഹം നിരസിച്ചു. ഈ പശ്ചാത്തലത്തിൽ, ഇസ്രായേലിനു ചില സുപ്രധാന പാഠങ്ങൾ പഠിക്കാനാകും.
ഖാൻ യൂനിസ് സംഭവം
ഓഗസ്റ്റ് 25നു ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ ഇസ്രായേലി ഷെൽ പതിക്കുകയുണ്ടായി. മാധ്യമ പ്രവർത്തകർ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ, ഇസ്രായേലി ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) വക്താവും ചീഫ് ഓഫ് സ്റ്റാഫും പ്രധാനമന്ത്രിയും പ്രതികരിക്കാൻ മുന്നോട്ടുവന്നു. "നിരപരാധികളായ സാധാരണക്കാരെ'' ഉപദ്രവിച്ചതിന് ഐഡിഎഫ് വക്താവ് ഇംഗ്ലീഷിൽ ക്ഷമാപണം നടത്തി. അടിയന്തര അന്വേഷണം ഉണ്ടാകുമെന്ന് ഇസ്രായേൽ ചീഫ് ഓഫ് സ്റ്റാഫ് പ്രഖ്യാപിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ സംഭവത്തെ "വേദനാജനകം'' എന്നു വിശേഷിപ്പിച്ചു. സമഗ്രമായ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി.
ഈ മൂന്നു പ്രസ്താവനകളും അന്താരാഷ്‌ട്രതലത്തിൽ ഉയരുന്ന പൊതുജനാഭിപ്രായത്തെ ശാന്തമാക്കാനുള്ള ആഗ്രഹം മാത്രമായിരുന്നില്ല; സംഭവത്തിന്‍റെ അനന്തര ഫലങ്ങളെക്കുറിച്ചുള്ള ഗൗരവമായ ആശങ്കയും, ഒരുപക്ഷേ പരിഭ്രാന്തിയും, പ്രകടിപ്പിക്കുന്നതു കൂടിയായിരുന്നു. നേതാക്കൾ അവരുടെ പ്രവർത്തനങ്ങളിലൂടെ, നിരപരാധികളായ പൗരന്മാരുടെ ജീവഹാനിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായുള്ള സന്ദേശമാണു കൈമാറിയത്; അന്താരാഷ്‌ട്ര നിയമത്തിന്‍റെ കാര്യത്തിൽ അപകടകരമായ മാതൃക സൃഷ്ടിക്കുന്നതായി ആ സന്ദേശം.
പിന്നീടു നടന്ന സംഭവങ്ങൾ വെളിപ്പെടുത്തിയതു പോലെ, യാഥാർഥ്യം ഏറെ സങ്കീർണമായിരുന്നു; മരണമടഞ്ഞവരിൽ പലരും ഹമാസ് എന്ന തീവ്രവാദി സംഘത്തിന്‍റെ ഭാഗമായിരുന്നു. എന്നിരുന്നാലും, പൂർണമായ വിവരങ്ങൾക്കായി കാത്തിരിക്കുന്നതിനു പകരം, ഉത്തരവാദിത്വം സ്വീകരിക്കുന്നതായുള്ള സന്ദേശം ഇസ്രായേൽ പ്രചരിപ്പിച്ചു. അതു രാജ്യത്തിന്‍റെ നയതന്ത്രപരവും നിയമപരവുമായ നിലയെ ദുർബലപ്പെടുത്തുന്നതാണ്.
ഇന്ത്യയിൽ നിന്നുള്ള പാഠം
ഇവിടെയാണു നാം നരേന്ദ്ര മോദിയുടെ മാതൃകയിലേക്കു മടങ്ങേണ്ടത്. ട്രംപിൽ നിന്നു വാക്കുകളാൽ അഭൂതപൂർവമായ ആക്രമണങ്ങൾ നേരിട്ടെങ്കിലും, മോദി ക്ഷമാപണം നടത്താൻ തിടുക്കം കാട്ടിയില്ല; പകരം, തന്‍റെ രാഷ്‌ട്രത്തിന്‍റെ അന്തസ് ഉയർത്തിപ്പിടിച്ചു ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിന്‍റെ സമീപനം കടുപ്പമേറിയതായി തോന്നിയേക്കാം. പക്ഷേ, അതു നൽകുന്നതു വ്യക്തമായ സന്ദേശമാണ്. ഇന്ത്യ കീഴടങ്ങുന്നതോ താഴ്ന്ന നിലയിലുള്ളതോ ആയ രാഷ്‌ട്രമെന്ന നിലയിൽ തുടരാൻ ആഗ്രഹിക്കുന്നില്ല എന്ന സന്ദേശം.
നേരേ മറിച്ച്, ഖാൻ യൂനിസ് സംഭവത്തിൽ ഇസ്രായേൽ അമിതമായ സുതാര്യതയും ഉത്കണ്ഠയും പ്രകടിപ്പിക്കുന്ന പ്രവണതയാണു കാണിച്ചത്. ഇതു താത്കാലിക നാശനഷ്ടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സമീപനമായിരിക്കാം. എന്നാൽ, ആ നിലപാട് തന്ത്രപരമായ ദീർഘകാല താത്പര്യങ്ങൾക്കു കോട്ടമുണ്ടാക്കും.
ദുഷ്കരവും സങ്കീർണവുമായ സാഹചര്യങ്ങൾ നേരിടുമ്പോൾ പോലും ഒരു രാഷ്‌ട്രം അതിന്‍റെ അന്തസ് കാത്തുസൂക്ഷിക്കണം എന്നതാണ് ഇതിന്‍റെ സംക്ഷിപ്തമായ പാഠം. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ തിടുക്കം കാണിക്കുന്നതു ബലഹീനതയായി വ്യാഖ്യാനിക്കപ്പെടാം; എതിരാളികൾ അതു ചൂഷണം ചെയ്തേക്കാം. അത്തരം നിമിഷങ്ങളിൽ സൂക്ഷ്മമായി സംസാരിക്കുകയും സ്വന്തം സിദ്ധാന്തങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ഇന്ത്യയിൽ നിന്നു നമുക്കു മനസിലാകുന്നത്, രാഷ്‌ട്രത്തിന്‍റെ അന്തസ് ആഡംബരമല്ലെന്നും; മറിച്ച്, ദൂരവ്യാപക ഫലങ്ങൾ സൃഷ്ടിക്കുന്ന തന്ത്രപ്രധാനമായ ആസ്തിയാണെന്നുമാണ്. നിലനിൽപ്പും സുരക്ഷയും ഉറപ്പാക്കാൻ ഇസ്രായേൽ ആഗ്രഹിക്കുന്നുവെങ്കിൽ, ലോകത്തിനു മുന്നിൽ ഉറച്ച പ്രതിരോധ ശേഷി പ്രകടമാക്കണം. അന്താരാഷ്‌ട്ര സമ്മർദം ശക്തമാകുമ്പോൾ പോലും ക്ഷമാപണം വൈകിപ്പിക്കേണ്ടതുണ്ട് എന്നാണ് ഇതിന്‍റെ അർഥം.
(ഇസ്രായേലിലെ പ്രമുഖ പ്രതിരോധ നയ വിദഗ്ധനായ സാക്കി ശാലോം മിസ്ഗാവ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി ആൻഡ് സയണിസ്റ്റ് സ്ട്രാറ്റജിയിലെ സീനിയർ ഫെലോ ആണ്. "ദി ജറുസലേം പോസ്റ്റിൽ' എഴുതിയ ലേഖനത്തിന്‍റെ പ്രസക്ത ഭാഗങ്ങളാണിത്).